Image

എക്‌സറേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍നിന്ന്‌ കിട്ടിയത്‌ 4 കോടി രൂപയുടെ കൊക്കെയിന്‍

Published on 15 December, 2018
എക്‌സറേ പരിശോധനയില്‍  യുവതിയുടെ വയറ്റില്‍നിന്ന്‌ കിട്ടിയത്‌ 4 കോടി രൂപയുടെ കൊക്കെയിന്‍
ദില്ലി: ദില്ലി വിമാനത്താവളത്തില്‍നിന്ന്‌ വയറ്റിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കൊളംബിയന്‍ കൊക്കെയിന്‍ പിടിച്ചെടുത്തു.

74 ക്യാപ്‌സൂളുകളിലായി 900 ഗ്രാം കൊളംബിയന്‍ കൊക്കെയിനാണ്‌ സാവോ പോളോയില്‍ നിന്നും ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കല്‍നിന്ന്‌ നാര്‍ക്കോട്ടിക്‌ നിയന്ത്രണ ബ്യൂറോ പിടിച്ചെടുത്തത്‌. വയറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ്‌ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്‌.

വിപണിയില്‍ ലഭിക്കുന്നതില്‍വച്ച്‌ ഏറ്റവും വിലയേറിയ ലഹരിമരുന്നില്‍ ഉള്‍പ്പെടുന്നതാണ്‌ പിടിച്ചെടുത്തവ. നാല്‌ കോടി രൂപയാണ്‌ പിടിച്ചെടുത്ത കൊക്കെയിനിന്റെ മൂല്യം കണക്കാക്കപ്പെടുന്നത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ യുവതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട്‌ നൈജീരിയക്കാരേയും നാര്‍ക്കോട്ടിക്‌ നിയന്ത്രണ ബ്യൂറോ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. അറസ്റ്റിലായ യുവതി ജമൈക്കന്‍ പൗരയാണ്‌ .

ദില്ലിയിലെ ക്രിസ്‌മസ്‌പുതുവത്സര പാര്‍ട്ടികള്‍ ലക്ഷ്യമിട്ടാണ്‌ ലഹരിമരുന്നുകള്‍ എത്തിച്ചതെന്നാണ്‌ പൊലീസ്‌ വിലയിരുത്തല്‍. ഡിസംബര്‍ ആറിന്‌ എത്യോപ്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ജമൈക്കന്‍ പൗരയായ യുവതി അഡിസ്‌ അബാബ വഴി ദില്ലിയിലെത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നാര്‍ക്കോട്ടിക്‌ വിഭാഗം ഇവര്‍ക്കായി വലവിരിച്ചതെന്ന്‌ നാര്‍ക്കോട്ടിക്‌ നിയന്ത്രണ ബ്യൂറോ സോണല്‍ ഡയറകടര്‍ മാധവ്‌ സിങ്‌ വ്യക്തമാക്കി.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുകയും സംശയാസ്‌പദമായി കണ്ടെത്തിയ യുവതിയെ പിടികൂടുകയുമായിരുന്നു.

എന്നാല്‍ പരിശോധയ്‌ക്ക്‌ വിധേയയാക്കിയ യുവതിയില്‍നിന്ന്‌ ഒന്നും നാര്‍ക്കോട്ടിക്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ യുവതിയെ ദില്ലിയിലെ സഫ്‌ദര്‍ജഗ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന്‌ നടത്തിയ എക്‌സറേ പരിശോധനയിലാണ്‌ വയറ്റിനുള്ളില്‍ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക