Image

ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഭ്രൂണഹത്യ നിയമവിരുദ്ധം: ഒഹിയോ സെനറ്റ് നിയമം പാസാക്കി.

Published on 15 December, 2018
ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഭ്രൂണഹത്യ നിയമവിരുദ്ധം: ഒഹിയോ സെനറ്റ് നിയമം പാസാക്കി.
ഒഹിയോ: അമ്മയുടെ ഉദരത്തിലെ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയാന്‍ സാധിക്കുന്ന നിമിഷം മുതല്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ സെനറ്റ് പാസാക്കി. പതിമൂന്നിനെതിരെ പതിനെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. കഴിഞ്ഞ മാസം മുപ്പത്തിയഞ്ചിനെതിരെ അന്‍പത്തിയെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്തിലെ ജനസഭയും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബില്ലിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ സെനറ്റ് ഏതാനും മാറ്റങ്ങള്‍ വരുത്തി. ഇനി ഒഹിയോ സംസ്ഥാനത്തിലെ ഗവര്‍ണര്‍ക്കു ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയോ ബില്ല് വിറ്റോ ചെയ്യുകയോ ചെയ്യാം.

അബ്‌ഡോമിനല്‍ അള്‍ട്രാസൗണ്ട് അടക്കമുള്ള ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചാണ് ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയുന്നത്. ഏഴാഴ്ച മുതലുള്ള ഭ്രൂണത്തിന്റെ ഹൃദയമിടിപ്പുകള്‍ ഈ രീതിയില്‍ കണ്ടെത്താനാകും. ഇത് പാലിക്കാതെ ഭ്രൂണഹത്യ ചെയ്യുന്ന ഡോക്ടര്‍മാരുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. നേരത്തെ ഇപ്രകാരമുള്ള ഒരു ബില്ല് ഗവര്‍ണര്‍ ജോണ്‍ കാസിക്ക് വിറ്റോ ചെയ്തിരുന്നു. എന്നാല്‍ ഒഹിയോ സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ഡിവൈന്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്.

അതിനാല്‍ പുതിയ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ സെനറ്റിനു വേണമെങ്കില്‍ ബില്ല് ഗവര്‍ണര്‍ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാം. ഇതിനുമുമ്പും ഗര്‍ഭഛിദ്ര വിരുദ്ധ ബില്ലുകള്‍ ഗവര്‍ണര്‍ ജോണ്‍ കാസിക്ക് വിറ്റോ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് അമേരിക്കയില്‍ ഏറ്റവും ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിയമം ഉള്ള സംസ്ഥാനമാണ് ഒഹിയോ. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച ഗര്‍ഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുത് എന്ന നിയമം സംസ്ഥാനം നേരത്തെ പാസാക്കിയിരുന്നു. ഇതിന് സമാനമായി 20 ആഴ്ചകള്‍ക്ക് ശേഷം ഭ്രൂണഹത്യ പാടില്ല എന്ന നിയമവും ഒഹിയോ സംസ്ഥാനത്തുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക