Image

ആത്മഹത്യ ചെയ്തയാളുടെ പേരില്‍ ബി.ജെ.പി നടത്തിയത് ക്രിയേറ്റീവ് ഹര്‍ത്താലെന്ന് പി.എസ് ശ്രീധരന്‍പിള്ള

Published on 16 December, 2018
ആത്മഹത്യ ചെയ്തയാളുടെ പേരില്‍ ബി.ജെ.പി നടത്തിയത് ക്രിയേറ്റീവ് ഹര്‍ത്താലെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ജീവിത നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ പേരില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയതിനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഹര്‍ത്താലുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ശ്രീധരന്‍പിള്ള രംഗത്ത് വന്നത്.

ആറ് ഹര്‍ത്താലുകള്‍ ബി.ജെ.പി നടത്തിതെന്ന് പറയുന്നു. ബി.ജെ.പിയുടെ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചത് രണ്ടെണ്ണം മാത്രമാണ്. താന്‍ സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷം പ്രഖ്യാപിച്ച രണ്ട് ഹര്‍ത്താലുകളും തെറ്റാണെന്ന അഭിപ്രായം ബി.ജെ.പിയുടെ ഒരു കമ്മറ്റിയിലും ഉയര്‍ന്നിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ബി.ജെ.പിക്കിടയില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. ആ ഹര്‍ത്താല്‍ പരാജയപ്പെട്ടത് കൊണ്ടാണ് കേരളം കണ്ട ഏറ്റവും അധികം ജനപിന്തുണയുള്ള ഹര്‍ത്താല്‍ നടന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയത് ക്രിയേറ്റീവ് ഹര്‍ത്താലായിരുന്നെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. 

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പേരിലാണ് വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ സമൂഹത്തോട് വെറുപ്പാണെന്നും ജീവിതം തുടരാന്‍ താല്‍പ്പര്യമില്ലെന്നുമാണ് ഇയാള്‍ മരണമൊഴി കൊടുത്തിരിക്കുന്നത്. മരണമൊഴിയില്‍ ശബരിമല വിഷയം പരാമര്‍ശമില്ല. 

രണ്ട് മാസത്തിനിടെ ശബരിമല വിഷയത്തില്‍ മാത്രം ബി.ജെ.പി പ്രഖ്യാപിച്ചതും പിന്തുണ കൊടുത്തതുമായ ആറ് ഹര്‍ത്താലുകളാണ് സംസ്ഥാനത്ത് നടന്നത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ ശബരിമല വിഷയത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് ബി.ജെ.പി അവകാശപ്പെടുന്ന വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നതും പാര്‍ട്ടിയെ വെട്ടിലാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക