Image

ഹൈക്കോടതി വിധി വന്നതോടെ ജീവിതം ദുരിതത്തിലായി കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍

Published on 17 December, 2018
ഹൈക്കോടതി വിധി വന്നതോടെ ജീവിതം ദുരിതത്തിലായി കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍

എംപാനല്‍ ജീവനക്കാരെ പുറത്താക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നതോടെ കൊച്ചിയില്‍ മാത്രം നൂറിലേറെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ജീവിതമാണ് ദുരിതത്തിലായത്.

എറണാകുളം കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ 138 താല്‍ക്കാലിക ജീവനക്കാരെ ഇന്നുമുതല്‍ ഡ്യൂട്ടിയില്‍ നിന്നും പിരിച്ചുവിട്ടു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
വര്‍ഷങ്ങളോളമായി എംപാനല്‍ ജീവനക്കാരായി തുടരുന്ന നിരവധി പേരാണ് എറണാകുളം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ഉള്ളത്.

ഹൈക്കോടതിവിധി നടപ്പായതോടെ 138 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. 50 വയസ്സിനുമുകളില്‍ പ്രായമുള്ളവരും ജോലി നഷ്ടമായവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് ഇനി മറ്റൊരു ജോലി കണ്ടെത്തുക എന്നതും ശ്രമകരമാണ്.

താല്‍ക്കാലിക ജീവനക്കാരില്‍ പലരും ഡബിള്‍ ഡ്യൂട്ടി എടുക്കുന്നവരാണ്. ഇവരെ പിരിച്ചുവിട്ടതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യവും പൊതുഗതാഗത മേഖലയില്‍ ഉണ്ടാകും.

നിലവില്‍ 120 പേര്‍ മാത്രമാണ് എറണാകുളം ഡിപ്പോയില്‍ സ്ഥിര നിയമനം ലഭിച്ച ജീവനക്കാര്‍. ആലപ്പുഴയില്‍ നിന്നും ലോങ്മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ ജീവനക്കാരുടെ പരിഗണനയിലുണ്ടെങ്കിലും നിയമപരമായി സുപ്രീം കോടതിയെ സമീപിക്കാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്. സര്‍വീസിലെ അവസാനദിവസം കണ്ണീരോടെയാണ് സിംഗിള്‍ ബെല്ലടിച്ച്‌ ഇവര്‍ വിടവാങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക