Image

കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ

Published on 17 December, 2018
കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ

കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ നിലപാടുതിരുത്തി സിബിഐ. അച്ഛന്‍ മകളെ പീഡിപ്പിച്ചതായി ശാസ്ത്രീയമായ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്ക് മുന്‍പ് മകളെ അച്ഛന്‍ പീഡിപ്പിച്ചതായുളള സിബിഐയുടെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയുളള തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐയുടെ നിലപാടുമാറ്റം.

അതേസമയം പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നതിന് 72 മണിക്കൂര്‍ മുന്‍പും പെണ്‍കുട്ടി പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സംഭവത്തില്‍ വിഐപി ഇടപെടല്‍ ഉണ്ടായതായുളള ആരോപണം തെളിയി്ക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ ആത്മഹത്യ കേസിലെ പ്രതിയായ ലതാ നായരുടെ പ്രേരണമൂലമാണെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവിയൂര്‍ കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സിബിഐ സംഘം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ 17നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. നേരത്തേ മൂന്ന് തവണയും സിബിഐ സംഘം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

2004 സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. കവിയൂരില്‍ വാടക വീട്ടില്‍ ഒരു കുടുംബത്തെ ഒന്നടങ്കം വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാ നായരായിരുന്നു കേസിലെ ഏക പ്രതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക