Image

കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു

Published on 18 December, 2018
കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട  സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു

ന്യൂഡല്‍ഹി: കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന്‌ പിന്നാലെജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. സിഖ്‌ വിരുദ്ധ കലാപക്കേസില്‍ കോടതി ജീവപര്യന്തം തടവ്‌ വിധിച്ചതിന്‌ ശേഷമാണ്‌ രാജി.

1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ്‌ വിരുദ്ധ കലാപക്കേസിലാണ്‌ ഡല്‍ഹി ഹൈക്കോടതി കോണ്‍ഗ്രസ്‌ നേതാവ്‌ സജ്ജന്‍ കുമാറിന്‌ ജീവപര്യന്തം വിധിച്ചത്‌. കലാപമുണ്ടാക്കിയതിലടക്കം സജ്ജന്‍ കുമാറിന്‌ പങ്കുണ്ടെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

ജസ്റ്റിസ്‌ എസ്‌. മുരളിധര്‍, ജസ്റ്റിസ്‌ വിനോദ്‌ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിധി പറഞ്ഞത്‌. ക്രിമിനല്‍ ഗൂഢാലോചന നടത്തുക, ശത്രുത പ്രോത്സാഹിപ്പിക്കുക, മതസൗഹാര്‍ദ്ദത്തിനെതിരായി പ്രവര്‍ത്തിക്കുക എന്നീ ആരോപണങ്ങളാണ്‌ സജ്ജന്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്‌. സജ്ജന്‍ കുമാറിന്‌ 31നകം കോടതിയില്‍ ഹാജരാകണം.

'1947ലെ വിഭജനകാലത്ത്‌ നിരവധി പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. 37 വര്‍ഷത്തിനുശേഷം ഡല്‍ഹി സമാനമായ ദുരന്തം നേരിട്ടു. ആരോപണ വിധേയനായ ആള്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട്‌ വിചാരണയില്‍ നിന്ന്‌ രക്ഷപ്പെട്ടു. എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടായാലും സത്യം ജയിച്ചേ മതിയാവൂവെന്ന്‌ ഇരകള്‍ക്ക്‌ ഉറപ്പു നല്‍കേണ്ടത്‌ പ്രധാനമാണ്‌', കോടതി അഭിപ്രായപ്പെട്ടിരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്‌ പിന്നാലെ നടന്ന 1984ലെ സിഖ്‌ വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്‌ത്‌ നല്‌കിയ അപ്പീലുകളിലാണ്‌ ഡല്‍ഹി ഹെക്കോടതി വിധി പറഞ്ഞത്‌. വിചാരണ കോടതി വിധിക്കെതിരെ സി.ബി.ഐയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമാണ്‌ അപ്പീല്‍ നല്‍കിയത്‌.

ഡല്‍ഹി കന്‍റോണ്‍മെന്‍റ്‌ മേഖലയിലെ രാജ്‌ നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തിയ കേസില്‍ 2013ലാണ്‌ സജ്ജന്‍കുമാറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്‌. അതേസമയം കേസില്‍ മറ്റു അഞ്ച്‌ പ്രതികള്‍ക്ക്‌ കോടതി ശിക്ഷ വിധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക