Image

സര്‍ക്കാര്‍ പണിയുന്ന വനിതാ മതിലും സിമന്റിടുന്ന വിവാദങ്ങളും

ശ്രീകുമാര്‍ Published on 18 December, 2018
സര്‍ക്കാര്‍ പണിയുന്ന വനിതാ മതിലും സിമന്റിടുന്ന വിവാദങ്ങളും
കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങള്‍, നവോത്ഥാന മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള സന്ദേശമുയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ സര്‍ക്കാരിനുതന്നെ പുലിവാലാകുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. വനിതാ മതിലിനെതിരെ പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. വനിതാ മതില്‍ പരിപാടിക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവുകള്‍ നിര്‍വ്വഹിക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം വിവാദമായിരിക്കുകയാണ്. എന്നാല്‍ ബജറ്റിന്റെ ഭാഗമായുള്ള തനത് ഫണ്ടില്‍ നിന്ന് വനിതാ മതിലിനായി പണം വക മാറ്റാന്‍ ആവില്ലെന്ന നിലപാടിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍. 

വ്യക്തമായ സര്‍ക്കാര്‍ ഉത്തരവില്ലാതെ തനത് ഫണ്ടില്‍ തൊട്ടാല്‍ ഭാവിയില്‍ അത് കുരുക്കായി മാറുമെന്നതാണ് കാരണം. ഇങ്ങനെ ചെലവഴിച്ചാല്‍ പിന്നീട് ആ പണം തങ്ങളുടെ ശമ്പളത്തില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സെക്രട്ടറിമാരുടെ ഭയം. ഈ സാഹചര്യത്തില്‍ വനിതാ മതിലിന്റെ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് സെക്രട്ടറിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. വനിതാ മതിലിനായി തനതു ഫണ്ടില്‍ നിന്ന് പണമെടുക്കേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. ഇതാകട്ടെ സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. കോടതി ഇടപെടുമെന്നതിനാല്‍ സര്‍ക്കാര്‍ വ്യക്തമായ ഉത്തരവിറക്കുന്നുമില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ മതിലിനെതിരെ ഹര്‍ജിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹൈക്കോടതിയിലെത്തിയതും വാര്‍ത്തയായി. വനിതാ മതിലിനായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും തുക വകയിരുത്താന്‍ ഒരുങ്ങുന്നതായും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ട തുക വനിതാമതിലുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിനിയോഗിക്കുന്നുണ്ടെങ്കില്‍ അതു തടയണമെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശം. പരിപാടിയുമായി ബന്ധപ്പെട്ട തുക കണ്ടെത്തുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും, വനിതാ മതിലിനായി പരസ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും അതിന്റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഫിറോസ് ഹര്‍ജിയക്കുറിച്ച് നല്‍കുന്ന വിശദീകരണം.

വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ആരേയും വനിതാ മതിലിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിക്കില്ല. ഇക്കാര്യം ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ കഴിയില്ല. വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ മതിലില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രചരണത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അപ്പോള്‍ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ചോദ്യം. ഇതിനിടെ സ്‌കൂള്‍ കുട്ടികളേയും കോളേജ് വിദ്യാര്‍ത്ഥനികളേയും നിര്‍ബന്ധ പൂര്‍വ്വം വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതിന് ശ്രമിച്ചാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനാണ് നീക്കം.

 ''വനിതാ മതില്‍ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകള്‍ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവും. സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. പൊലീസില്‍ 15 ശതമാനം വനിതാ നിയമനം നടത്താന്‍ ഉടന്‍ നടപടി സ്വീകരിക്കും. എക്‌സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകള്‍ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ട്. വനിതാ മതില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും...'' ഇതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പതിനാലാം നിയമസഭയുടെ പതിമുന്നാം സമ്മേളനത്തിലും വനിതാ മതില്‍ പ്രതിഷേധത്തിനിടയാക്കി. മതില്‍ വര്‍ഗീയ മതില്‍ ആണെന്ന മുസ്ലിം ലീഗ് അംഗം എം.കെ മുനീറിന്റെ പ്രസ്താവന തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സഭയില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്.  മുസ്ലീം ലീഗ് അംഗം പി.കെ ബഷീറും സി.പി.എമ്മിലെ വി ജോയിയുമാണ് സഭയില്‍ ഏറ്റുമുട്ടിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തേക്കു പോവുന്നതിനിടെയായിരുന്നു ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ലൈംഗികകാരോപണ വിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതില്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ വനിതാ മതിലിനെതിരെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് വ്യക്തമാക്കുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വനിതാ മതിലുമായി ബന്ധപ്പെട്ട തന്റെ എതിര്‍പ്പ് നേരത്തെ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് വി.എസ് തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ചിരിക്കുന്നത്. ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് വ്യക്തമാക്കി.

നടി മഞ്ജു വാര്യരുടെ നിലപാടും സര്‍ക്കാരിന് അലോസരമുണ്ടാക്കുന്നു. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിക്കുകയയും പിന്നീട് അതില്‍ നിന്നും പിന്മാറുകയും ചെയ്തിരിക്കുകയാണ് മഞ്ജു വാര്യര്‍. വനിത മതിലിനു പിന്തുണ കൊടുക്കുക വഴി ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതിനു പിന്നാലെയാണ് വനിത മതിലിന് രാഷ്ട്രീയ നിറം ഉണ്ടെന്ന പ്രസ്താവനയിലൂടെ താന്‍ ആ പരിപാടിയില്‍ നിന്നും പിന്മാറുകയാണെന്ന് മഞ്ജു അറിയിച്ചത്. ''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്ന് പറഞ്ഞാണ് വനിത മതിലിന് പിന്തുണ അറിയിച്ച് താരം രംഗത്ത് എത്തിയത്. ''സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്...'' എന്ന് വ്യക്തമാക്കി മഞ്ജു പിന്തുണ പിന്‍വലിക്കുകയും ചെയ്തു. വനിതാ മതിലെന്ന പരിപാടി സര്‍ക്കാര്‍ തീരുമാനിച്ചത് മഞ്ജു വാര്യരെ ആശ്രയിച്ചല്ലായെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. വനിതാ മതിലില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയാലും പരിപാടിക്ക് ഒന്നും സംഭവിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) വനിതാ മതിലിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കണമെന്നും വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ലെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്ന് ആരോപിക്കുന്ന കെ.സി.ബി.സി സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടല്ല നവോത്ഥാന മൂല്യം ഉയര്‍ത്തേണ്ടതെന്നും പറയുന്നു.  കേരളത്തിലെ നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സംഘടനയോ സമുദായമോ അവകാശപ്പെടുന്നതു ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍  വ്യക്തമാക്കുന്നു.

വനിതാ മതിലിനെ വിമര്‍ശിച്ച് കൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തിയതിന് പിറകെയായിരുന്നു കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പു്. വനിതാ മതില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും ആരെയും അംഗീകരിക്കുന്നില്ലെന്നും ആരോപിച്ചു. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

 ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും പറഞ്ഞ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതനെ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നു. മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തതില്‍ 'ലൗ ജിഹാദ്' ആരോപിക്കപ്പെട്ട വിവാദ കേസിലെ നായികയാണ് ഹാദിയ. ഇത്തരത്തില്‍ സ്ത്രീ വിരുദ്ധവും, വര്‍ഗീയവുമായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന ഒരാളെയാണോ വനിതാ മതിലിന്റെ മുഖ്യ ചുമതലക്കാരനാക്കിയത് എന്ന് സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുയരുന്നുണ്ട്. അതേസമയം ഹാദിയയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വെച്ചാണ് അശോകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തേ താന്‍ കമ്മ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയുമാണെന്നുമായിരുന്നു അശോകന്‍ വ്യക്തമാക്കിയത്. അതേസമയം ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് വ്യക്തമാക്കി കൊണ്ടാണ് അശോകന്‍ ബി.ജെ.പിയിലേക്ക് പോയിരിക്കുന്നത്. 

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിയുള്ള വനിതാ മതിലിനെ എതിര്‍ത്ത് മാറിനില്‍ക്കുന്നവര്‍ ചരിത്രത്താളുകളില്‍ വിഡ്ഢികളെന്ന് രേഖപ്പെടുത്തപ്പെടുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ വ്യതിയാനങ്ങള്‍ വളര്‍ന്നതോടെ നവോത്ഥാന മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു. ഇപ്പോള്‍ പുതിയ ആശയവുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അതിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറഞ്ഞതില്‍ ഒരു മാറ്റവുമില്ലെന്നും താന്‍ കുലുങ്ങില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്നും ഇത് തന്റെ മകന്‍ തുഷാറായാലും നടപടി ഉറപ്പാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

വനിതാ മതിലിന് എതിരായി ഉയരുന്ന ആക്ഷേപങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ.പി.എം.എസ് (കേരള പുലയ മഹാ സഭ) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാ മതിലിന് വഴിയൊരുങ്ങിയതെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നു. വനിതാ മതിലില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളേയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപം പദവിക്ക് യോജിച്ചതെല്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നു. വനിതാ മതിലില്‍ അഞ്ച് ലക്ഷം സ്ത്രീകളെ അണിനിരത്താന്‍ കെ.പി.എം.എസ് തീരുമാനിച്ചതായും അദ്ദേഹം അറിയിക്കുന്നു.

വനിത മതിലിന് ആളുകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി പരീക്ഷ നേരത്തെയാക്കാനൊരുങ്ങി എം.ജി സര്‍വകലാശാല. ഒന്നാം തിയതി നടക്കേണ്ട ബി.എ, ബി.എസ്.സി, ബി.കോം പരീക്ഷകളാണ് 31ലേക്ക് മാറ്റിയത്. അതേസമയം വനിത മതിലില്‍ പരമാവധി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് പരീക്ഷകള്‍ മാറ്റിയതെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി. മാത്രമല്ല പരീക്ഷകള്‍ മുന്നോട്ടുള്ള തിയതികളിലേക്ക് മാറ്റി വയ്ക്കുന്ന പതിവ് മാറ്റി, പിന്നോട്ടുള്ള തിയതിയിലേക്ക് മാറ്റിയതും അപൂര്‍വതയായി. അതേസമയം സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴി സ്ത്രീകളായ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും വനിത മതിലില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. വനിതാ മതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാനാണ് ശബരിമല കര്‍മ്മ സമിതിയുടെ പ്ലാന്‍. ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മ്മ സമിതി അറിയിച്ചു. ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിച്ചേര്‍ത്താണ് അയ്യപ്പജ്യോതി തെളിയിക്കുക.

സര്‍ക്കാര്‍ പണിയുന്ന വനിതാ മതിലും സിമന്റിടുന്ന വിവാദങ്ങളുംസര്‍ക്കാര്‍ പണിയുന്ന വനിതാ മതിലും സിമന്റിടുന്ന വിവാദങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക