Image

നാടോടിത്തത്തിന്റെയും നാട്ടുവഴിയുടെയും 'ഒടിവിദ്യ'

രഘുനാഥന്‍ പറളി Published on 18 December, 2018
നാടോടിത്തത്തിന്റെയും നാട്ടുവഴിയുടെയും 'ഒടിവിദ്യ'
പരസ്യരംഗത്തുളള ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒടിയന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം രാവിലെ മുതല്‍ തന്നെ വന്നുകൊണ്ടിരുന്ന നെഗറ്റീവ് കമന്റ്‌സിന്റെ പശ്ചാത്തലത്തിലാണ്, വൈകുന്നേരം സിനിമ കാണാന്‍ എത്തിയത്. അമിതമായ ഹൈപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും നടുവില്‍ തകര്‍ന്നു പോയ ഒരു ചിത്രത്തിന്റെ ആ തകര്‍ച്ച എങ്ങനെയെന്നും എത്രമാത്രമെന്നും അറിയാനുളള ഒരു ജിജ്ഞാസ കൂടി അതില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ കാഴ്ചാനുഭവം, എന്റെ ആ മുന്‍ധാരണ ആകെ തിരുത്തുകയാണ് ഉണ്ടായത് എന്ന് തുറന്ന് പറയട്ടെ. നിരവധി പരിമിതികള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും, ഒരിക്കലും ഒരു കൊമേഴ്‌സ്യല്‍ എന്‍റര്‍ട്ടെയ്‌നര്‍ എന്ന നിലയില്‍ 'ഒടിയന്‍' ഒരു ഭീമാബദ്ധമാകുന്നില്ലെന്നു മാത്രമല്ല, ഒരു നാടോടിക്കഥയുടെ ഭാവമുളള ചിത്രത്തിന് അതിന്റേതായ മനോഹാരിത കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നു പറയേണ്ടി വരുന്നു. അഥവാ അങ്ങനെയൊരു അനുഭവതലം നിലനിര്‍ത്താന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍! ശ്രീകുമാര്‍ മോനോന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയാന്‍ ഒട്ടും സന്ദേഹമില്ല.

പാലക്കാടന്‍ ഗ്രാമമായ തേങ്കുറിശ്ശിയുടെ പശ്ചാത്തലത്തില്‍, ചരിത്രവും മിത്തും സംസ്കാരവും ഇഴചേര്‍ന്ന് രൂപപ്പെടുന്ന ഒരു സങ്കല്പവും അനുഭവവുമത്രേ ഒടിയന്‍. പ്രധാനമായും ഫ്യൂ!ഡല്‍ പശ്ചാത്തലമുളള സവര്‍ണര്‍ക്കും ഭൂവുടമകള്‍ക്കും ജന്മികള്‍ക്കുംവേണ്ടി കൃഷിയുടെ കാവല്‍ മുതല്‍ പലവിധ 'ക്വട്ടേഷന്‍' ജോലികള്‍ വരെ ചെയ്തുവന്ന, ജാതീയമായി അന്ന് താഴെക്കിടയിലായി കണക്കാക്കപ്പെട്ടവരായിരുന്നു ഒടിവിദ്യ ചെയ്തിരുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാണിക്യന്‍ എന്ന അധകൃതനും പുറംപണിക്കാരനായ ഒരു കഥാപാത്രത്തെ, ആ അവസ്ഥയെ ആ അര്‍ത്ഥത്തിലും രീതിയിലും താരാരാധകര്‍ക്ക് എത്ര ഉള്‍ക്കൊള്ളാനാകുമെന്ന സംശയവും ഇവിടെയുണ്ട്.

കാരണം ഒടിവിദ്യയില്‍ എത്ര കേമനാകുമ്പോഴും അയാള്‍, സാമൂഹികമായി ഉയരത്തിലല്ല എന്നത് വിസ്മരിക്കാനാകില്ല. ജീവിതത്തില്‍ വിജയങ്ങളൊന്നും കൈവരിക്കാതെ മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന കഥാപാത്രം കൂടിയാണ്, പലപ്പോഴും നിസ്സഹായനായിപ്പോകുന്ന മാണിക്യന്‍. വലിയ നായര്‍ തറവാട്ടിലെ ബാല്യകാല സുഹൃത്തുകൂടിയായ പ്രഭയ്ക്ക് (മഞ്ജുവാര്യര്‍) മാണിക്യനോടും അയാള്‍ക്ക് തിരിച്ചും ഉളള, ഗൂഢവും ഗുപ്തവുമായസാക്ഷാത്കരിക്കാനാകത്ത പ്രണയം മാത്രമാണ്, മാണിക്യന്റെ വീരപരിവേഷത്തെ കുറച്ചെങ്കിലും ദീപ്തമാക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതാകട്ടെ, ഇടയ്ക്കു അവര്‍ക്കിടയില്‍ ഒരു! കലമാനായി തുള്ളിക്കളിക്കുന്നത്, ഒടിവിദ്യയുടെ ഒരു സര്‍ഗാത്മകരൂപകമായാണ് സിനിമയില്‍ ചാരുതയോടെ നിലനില്‍ക്കുന്നത്. അല്പസമയത്തേക്കാണെങ്കിലും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചാ ഘട്ടത്തിലെ ഒരു സന്ദര്‍ഭം ചിത്രം അതീവ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്ന പ്രതീതിയുണ്ടാകുന്നത്, ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നി.

കരിമന്‍ നായര്‍ (പ്രകാശ് രാജ്) ഒടിവിദ്യയുടെ മറവില്‍ നടത്തുന്ന രണ്ടു ഹീനഹത്യകള്‍, പക്ഷേ ഈ നായിക തന്നെ, മാണിക്യനില്‍ ആരോപിക്കുന്നത് ചിത്രത്തിന്റെ സ്ക്രിപ്റ്റിനെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്ന് പറയട്ടെ. ആര്‍ക്കോവേണ്ടി അവര്‍ എന്തോ പറയുന്നതു പോലെ മാത്രമേ അത് പ്രേക്ഷകനിലെത്തുന്നുള്ളൂ. മഞ്ജുവാര്യര്‍ ഈ ഘട്ടമൊഴിച്ച് മറ്റ് സന്ദര്‍ഭങ്ങളിലെല്ലാം തന്റെ സാന്നിധ്യം തന്മയത്വമുളളതാക്കിയിട്ടുണ്ട് എന്നു പറയാം. ഇരുട്ട്, കായികാഭ്യാസം, വേഗത, മൃഗചലനങ്ങളോടുളള സാത്മീകരണം, സൂക്ഷ്മമായ മേക്കപ്പ് എന്നിവയെല്ലാം ഒരു മായാജാലത്തിലെന്നവണ്ണം സമന്വയിക്കുന്ന ഒരു !'മിനിഡ്രാമ' കൂടിയാകണം ഒടിവിദ്യ. മുമ്പ്, പി കണ്ണന്‍കുട്ടി 'ഒടിയന്‍' എന്ന പേരില്‍ എഴുതിയിട്ടുളള ഒരു നോവല്‍ മാത്രമാണ്, നാട്ടുചരിത്രവും ഐതിഹ്യവും കൈകോര്‍ക്കുന്ന ഈ മിത്തിക്കല്‍ അനുഭവത്തെ, ശ്രദ്ധേയമായി അടയാളപ്പെടുത്തിയിട്ടുളളത് എന്ന് അനുബന്ധമായി ഓര്‍ക്കട്ടെ. ഏറെക്കുറെ വിശ്വസനീയമായിത്തന്നെ മോഹന്‍ലാല്‍ എന്ന നടന്‍ ഒടിയനായ മാണിക്യനെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. !

ആദ്യം സൂചിപ്പിച്ചതുപോല ഒരു നാടോടിക്കഥയുടെ ഭാവം ആദ്യന്തം പുലര്‍ത്തുന്ന ഈ ചിത്രത്തിന് അതിന് ഇണങ്ങിയ ഫ്രെയിമുകളും ഗാനങ്ങളും സാധ്യമായിട്ടുണ്ട് എന്നാണ് കാഴ്ചാനുഭവം. ഷാജികുമാറിന്റെ സിനിമാട്ടോഗ്രാഫി ഇവിടെ എടുത്തുപറയേണ്ടതു തന്നെയാണ്. പീറ്റര്‍ ഹെയ്ന്‍ നേതൃത്വം നല്‍കിയിട്ടുളള സംഘട്ടന രംഗങ്ങളും നിലവാരം പുലര്‍ത്തുന്നവ തന്നെയാണ്അവസാന രംഗത്തെ ചെറു അവ്യക്തതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍. സിദ്ദിഖ്, നരേന്‍, കൈലാഷ്, നന്ദു, ഇന്നസെന്റ് , ശ്രീജയ എന്നിവരുടെ വേഷങ്ങള്‍ക്ക് സ്വാഭാവികതയുണ്ട്. ജയചന്ദ്രന്റെ സംഗീതവും സി എസ് സാമിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ഇണങ്ങി നില്‍ക്കുന്നു.

ചിത്രത്തില്‍ ഉടനീളം സന്നിഹിതമായകുന്ന ഇരുട്ടും വെളിച്ചവും, ഒരു മോറല്‍ കഥയിലെ നന്മയും തിന്മയും എന്നതുപോലെ നമ്മളിലേക്ക് കടന്നുവരുന്നത് ചിത്രത്തിന്റെ നാടോടിത്തം കൊണ്ടുകൂടിയാകണം. ഒരു എന്റെര്‍ട്ടെയ്‌നര്‍ എന്ന നിലയില്‍ ഈ ചിത്രത്തിന് ഇത്രയൊക്കെ സാധിച്ചിട്ടുളളതില്‍, ആദ്യം പരാമര്‍ശിച്ചിട്ടുളള യുക്തിഭംഗം ഒഴിച്ചാല്‍, ഹരികൃഷ്ണന്‍ രചിച്ചിട്ടുളള തിരക്കഥ കൂടി പ്രധാന കാരണമാണെന്നു കാണാം. എത്ര പരിമിതികള്‍ പറയുമ്പോഴും ഒടിയന്‍ ഒടിയാതെ നില്‍ക്കുക (ബോക്‌സ് ഓഫീസ് വിജയം എന്റെ പരിഗണനാ വിഷയമല്ല) അതിന്റെ ഈ നാടോടിത്തത്തിലായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല തന്നെ. ഓര്‍മയുടെയും ഐതിഹ്യത്തിന്റെയും ഇരുണ്ട നാട്ടുവഴികളില്‍ നിന്നു കേള്‍ക്കുന്ന പൂതപ്പാട്ടുപോലെ, ഈ ഒടിയന്‍ ദൃശ്യവും നമ്മളില്‍ മിന്നിമറയുന്നു.
നാടോടിത്തത്തിന്റെയും നാട്ടുവഴിയുടെയും 'ഒടിവിദ്യ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക