Image

പുരുഷാധിപത്യത്തിന്റെ മതിലുകള്‍ക്കപ്പുറം.! (ഡോ. ബെറ്റിമോള്‍ മാത്യു)

Published on 18 December, 2018
പുരുഷാധിപത്യത്തിന്റെ മതിലുകള്‍ക്കപ്പുറം.! (ഡോ. ബെറ്റിമോള്‍ മാത്യു)
പുതുവര്‍ഷത്തില്‍ ഉയരാന്‍ പോകുന്ന വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ പുനരാനയിക്കാനാണോ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കാനാണോ - ഇതു വരെ തീരുമാനമായിട്ടില്ല.
നവോത്ഥാന മൂല്യങ്ങളെക്കുറിച്ച്‌സ്ത്രീകള്‍ മാത്രം ബോധവതികളായാല്‍ മതിയോ..?
പുരുഷന്മാര്‍ എല്ലാം ആ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണോ...?? - ഒന്നും പറയാനില്ല..

കേരളത്തിന്റെ ഒറിജിനല്‍ നവോത്ഥാനത്തില്‍ സ്ത്രീകള്‍ പങ്കെടുത്തത് ആരെങ്കിലും വിളിച്ചിറക്കിയിട്ടാണോ?? - അല്ല, വിലക്കുകള്‍ ലംഘിച്ചുകൊണ്ട് അവര്‍ സ്വയം സമരങ്ങളില്‍ പങ്കുചേരുകയായിരുന്നു.!

ഒറിജിനല്‍ നവോത്ഥാനത്തിന്റെ ഊടിലും പാവിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ, പത്രമാധ്യമങ്ങളുടെ നടത്തിപ്പിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷമെങ്കിലും കേരളത്തില്‍ ന്യൂനപക്ഷമല്ലാത്ത ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളുടെ പങ്കാളിത്തം തുടിച്ചിരുന്നില്ലേ?? അവരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നവനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു വിശ്വാസ്യതയുണ്ടോ??

കന്യാസ്ത്രീകള്‍ നടത്തിയ സമരവും ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സമീപകാലത്തു പൗരോഹിത്യ മേധാവിത്വത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളും നവോത്ഥാനമല്ലേ..! അതിനോടു സര്‍ക്കാര്‍ പുലര്‍ത്തുന്ന ഉദാസീന ഭാവം ഇപ്പോളുയര്‍ത്തുന്ന മുദ്രാവാക്യത്തിനു നിരക്കുന്നതാണോ??

എം.എന്‍.വിജയന്റെയും
ടി.പി.ചന്ദ്രശേഖരന്റെ ശബ്ദം സി.പി.എം. ലെ നവോത്ഥാന ശ്രമം ആയിരുന്നില്ലേ..?

എല്ലാറ്റിലുമുപരി സര്‍ക്കാരിനെ വിശ്വസിച്ചു കെട്ടുനിറച്ചു ശബരിമലക്കു പുറപ്പെട്ട സ്ത്രീകള്‍ സ്വന്തം നാടുകളില്‍ വേട്ടയാടപ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാനാവാത്ത സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മതിലു കൊണ്ട് എന്തു സുരക്ഷയാണു വാഗ്ദാനം ചെയ്യുന്നത്???

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പാര്‍ട്ടിയംഗങ്ങളുള്‍പ്പെടെയുള്ളവര്‍ കുറ്റാരോപിതരാകുമ്പോള്‍ ആരോപിതരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നവര്‍ സ്ത്രീകളെ വെയിലത്തു നിര്‍ത്തി ലിംഗനീതിയുറപ്പിക്കാമെന്നു പറയുന്നതില്‍ എന്തു ധാര്‍മ്മികതയാണുള്ളത്.!?

അതെ ഇവിടെ ഉയരുന്ന മതില്‍ പുരുഷാധിപത്യത്തിന്റെ മതിലാണ്.

ഒരു കൂട്ടര്‍ സ്ത്രീകളോടു നാമം ജപിക്കാന്‍ കല്പിക്കുന്നു. !
വേറൊരു കൂട്ടര്‍ സ്ത്രീകളോടു മതിലു കെട്ടാനണിനിരക്കാന്‍ ആജ്ഞാപിക്കുന്നു.! ഇരുകൂട്ടരും സ്ത്രീകളെ ആജ്ഞാനുവര്‍ത്തികളായി മാത്രം കാണുന്നു.!

സ്ത്രീകള്‍ക്ക് നിര്‍ഭയം പൊതുവഴിയിലും പൊതു ഇടങ്ങളിലും സഞ്ചരിക്കാനും ഇടപഴകാനും സാധിക്കുക എന്നതാണ് ഇവിടെ സാധ്യമാകേണ്ട സ്ത്രീ മുന്നേറ്റം. മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും വിധേയത്വത്തിന്റെയും മതിലുകളെ ഭേദിക്കാനുള്ള കരുത്താണ് സ്ത്രീകള്‍ ആര്‍ജ്ജിക്കേണ്ടത്..! മതിലിലെ ഇഷ്ടികകള്‍ക്കോ മതില്‍ക്കെട്ടിനുള്ളിലെ വിഗ്രഹങ്ങള്‍ക്കോ ആര്‍ജ്ജിക്കാനാവാത്ത കരുത്ത്.!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക