Image

അഭിനയകലയുടെ ഒടിയനിസം; ലാലേട്ടനോടൊപ്പം അല്‍പനേരം.

ഷിബു ഗോപാലകൃഷ്ണന്‍ Published on 18 December, 2018
അഭിനയകലയുടെ ഒടിയനിസം; ലാലേട്ടനോടൊപ്പം അല്‍പനേരം.
ഷൂട്ടിംഗ് കഴിഞ്ഞു വന്നതേയുള്ളൂ ലാലേട്ടന്‍, നേരത്തെ പറഞ്ഞുറപ്പിച്ചതായതിനാല്‍ ഞങ്ങള്‍ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. പറഞ്ഞതിലും പത്തു മിനിട്ടു മുന്‍പേ ഫോട്ടോഷൂട്ടിന് തയ്യാറായി. പിറകില്‍ ചായയുമായി സുചി. ചായ കൈപ്പറ്റി ലാലേട്ടന്‍ സൂചിയെ നോക്കി കണ്ണിറുക്കി. സൂചിക്കു മാത്രം മനസിലാവുന്ന കുസൃതി ഒളിപ്പിച്ചുവച്ച ലാല്‍ച്ചിരി. മലയാളികളെ മുഴുവന്‍ പാട്ടിലാക്കിയ ഏട്ടന്‍ചിരി. ചോദ്യങ്ങള്‍ക്കായി ഞങ്ങള്‍ക്ക് മുന്നിലിരിക്കുമ്പോള്‍ ലാലേട്ടന്റെ മുഖത്ത് നിന്നും, ദേഹത്ത് നിന്നും, വിരല്‍ത്തുമ്പുകളില്‍ നിന്നും, രോമകൂപങ്ങളില്‍ നിന്നും, പോസിറ്റീവ് എനര്‍ജി പുറപ്പെടുന്നതായും, ഞങ്ങളെ വന്നു തൊടുന്നതായും ഞങ്ങള്‍ക്ക് തോന്നി. വിശാലമായ ആ സ്വീകരണമുറിയുടെ വിസ്മയനടുവില്‍ കാത്തുകാത്തിരുന്ന സഭാനാഥനെ പോലെ ലാലേട്ടന്‍ ഒരു കുട്ടിയുടെ കൗതുകത്തോടെ ഞങ്ങള്‍ക്കായി കാതോര്‍ത്തു.

1. ഹര്‍ത്താലും ഒടിയനും തമ്മിലായിരുന്നു ഒന്നാം ദിവസത്തെ ഏറ്റുമുട്ടല്‍, ഏട്ടന് എന്താണ് തോന്നിയത്, ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നോ?

(ചിരിക്കുന്നു) ഞാന്‍ പൊതുവെ ടെന്‍ഷന്‍ അടിക്കാറില്ല, എന്തോ അതിനു ശ്രമിക്കാറില്ല. നോക്കൂ, രണ്ടും സംഭവിക്കുകയാണ് അല്ലേ? നല്ല സിനിമകള്‍, അത് ചിലപ്പോള്‍ നമ്മള്‍ എത്ര ആഗ്രഹിച്ചാലും സംഭവിക്കണമെന്നില്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, അല്ലേ? ഒടിയനും അതിന്റേതായ സമയമുണ്ട്, ഹര്‍ത്താലും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സിനിമ പെട്ടെന്ന് സംഭവിക്കുകയല്ലല്ലോ. അതിനുപിന്നില്‍ ഒരുപാട് പേരുടെ, ഒരുപാടു നാളത്തെ പ്രയത്‌നമാണ് സിനിമ. എഴുത്തുകാരന്‍, നിര്‍മാതാവ്, നടീനടന്മാര്‍, അണിയറപ്രവര്‍ത്തകര്‍, അങ്ങനെ എത്രയോ പേരുടെ കൂടിച്ചേരലാണ് ഒരു സിനിമ. എന്നാല്‍ ഹര്‍ത്താല്‍ പെട്ടെന്ന് സംഭവിക്കുകയാണ്, അല്ലേ? നമ്മുടെ കൈയില്‍ അല്ലാത്ത ഏതോ ഒരു ശക്തിയുടെ തീരുമാനം എല്ലാത്തിനും പിന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം സംഭവിക്കട്ടെ, സംഭവിക്കുന്നതെല്ലാം നല്ലതിനാവട്ടെ. അങ്ങനെ ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ. അങ്ങനെ യാതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരാളാണ് ഞാന്‍, ഒടിയനും അങ്ങനെ തന്നെ, ഹര്‍ത്താലും അങ്ങനെ തന്നെ. പോസിറ്റീവായ കാര്യങ്ങളെ മാത്രം കൂടെ കൂട്ടുക. നിങ്ങളെ പോലെ ഞാനും ഹര്‍ത്താലിനെ ഒരു വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. നിങ്ങള്‍ക്കും എല്ലാത്തിനെയും വിസ്മയത്തോടെ നോക്കിക്കാണാന്‍ കഴിയട്ടെ, ഒടിയനും ഒരു വിസ്മയമാവട്ടെ, ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിക്കുന്നു, നിങ്ങളും പ്രാര്‍ത്ഥിക്കൂ.

2. ഒടിയനെക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകന്റെ തള്ളാണ് സിനിമയെക്കുറിച്ചുള്ള അമിത പ്രതീക്ഷകള്‍ നല്‍കിയതെന്നും, അതാണ് ആരാധകരെ നിരാശപ്പെടുത്തിയതെന്നും ഒരു അഭിപ്രായമുണ്ട്. ലാലേട്ടന്‍ എങ്ങനെ കാണുന്നു?

ഓരോ സിനിമയ്ക്കും ഓരോ വിധിയാണ്, അല്ലേ? അതുപോലെ ഓരോ സംവിധായകനും ഓരോ വിധിയുണ്ട്. അയാളുടെ തള്ളിനെക്കുറിച്ചു പറയേണ്ടത് അയാള്‍ തന്നെയാണ്. ഞാന്‍ അതിനെക്കുറിച്ചു തള്ളുന്നത് ശരിയല്ലല്ലോ, അല്ലേ?(ചിരിക്കുന്നു) എന്റെ തള്ളായിരിക്കില്ല നിങ്ങളുടെ തള്ള്. നിങ്ങളുടെ തള്ളായിരിക്കില്ല മറ്റൊരാളുടെ തള്ള്. തള്ളാത്തവന്‍ തള്ളുമ്പോള്‍ തള്ളുകൊണ്ട് ആറാട്ട്, എന്നോ മറ്റോ ഒരു ചൊല്ലില്ലേ? തള്ളാതിരിക്കാന്‍ എനിക്കാവതില്ലേ, അങ്ങനെയും ഒരു കവിതാശകലമോ, പാട്ടോ, അങ്ങനെ എന്തോ ഉണ്ട്. ഞാനും തള്ളാറുണ്ടായിരിക്കാം, അതും അറിയാതെ സംഭവിക്കുകയാണ്, അല്ലേ? അങ്ങനെ അറിയാതെ സംഭവിക്കുമ്പോള്‍ ഏത് തള്ളും മനോഹരമാവും, അങ്ങനെ അല്ലേ? ഞാന്‍ അറിഞ്ഞുകൊണ്ട് തള്ളാറില്ല, തള്ളുകളെല്ലാം നല്ലതിനാവട്ടെ, നിങ്ങളുടെ തള്ളും നല്ലതിനാവട്ടെ. ഒടിയന് കൂടുതല്‍ ഉന്തും തള്ളും ഉണ്ടാവട്ടെ. എല്ലാ തള്ളും ഈ ലോകത്തെ കൂടുതല്‍ സുന്ദരവും മനോഹരവും ആക്കട്ടെ.

3. പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവച്ചാല്‍ ഒടിയന്‍ ആസ്വാദിക്കാനാവുന്ന ഒരു സാധാരണ സിനിമയാണെന്നാണ് ഇപ്പോള്‍ കുറച്ചധികം പ്രേക്ഷകരുടെ വിലയിരുത്തല്‍..

ഒടിയന് അമിതഭാരം കുറയ്ക്കുക എന്നത് നിര്‍ബന്ധമായും വേണ്ടതാണ്. ഞാന്‍ അനുഭവിച്ചതാണ്. എന്നിട്ടാണ് അഭിനയിക്കാന്‍ പോലും സാധിച്ചത്. നിങ്ങളും ഭാരം കുറയ്ക്കൂ, നോക്കൂ, നല്ലതല്ലേ, ആവശ്യത്തിനുള്ള ഭാരം അത്രയേ വേണ്ടൂ. ആര്‍ക്കും ഒരു ഭാരമാവാതെ ഇരിക്കുക എന്നതൊരു ഭാഗ്യമാണ് അല്ലേ?

4. ഒടിയന്റെ ചിത്രീകരണ സമയത്തു ലാലേട്ടന്‍ നാലു കാലില്‍ ആയിരുന്നു എന്നും ആരോ തള്ളിയിരുന്നു, എന്താണ് ശരിക്കും സംഭവിച്ചത്?

ഒടിയന്‍ മാണിക്യന്‍ മൃഗങ്ങളുടെ നന്മയിലേക്ക് കൂടുവിട്ട് കൂടുമാറാന്‍ കഴിയുന്ന അപൂര്‍വ സിദ്ധിയുള്ള ഒരു കഥാപാത്രമാണ്. ഇരുട്ടിന്റെ കരിമ്പട മറവില്‍ കാളയാവാനും മാനാവാനും ആനയാവാനും ആനപിണ്ടമാവാനും കഴിയുന്ന മാണിക്യന്‍. സാധാരണ സ്റ്റാര്‍ട്ട്ആക്ഷന്‍കട്ട് കഴിഞ്ഞാല്‍ പിന്നെ കഥാപാത്രങ്ങള്‍ എന്റെ കൂടെ ഉണ്ടാകാറില്ല. സത്യേട്ടനൊക്കെ അതുകൊണ്ടു പലപ്പോഴും കട്ട് പറയാന്‍ മനപ്പൂര്‍വ്വം മറന്നു നിന്നിട്ടുണ്ട്. എന്നാലിവര്‍, ഈ നാല്‍ക്കാലി നന്മകള്‍ അതിനുശേഷവും ഇറങ്ങിപ്പോകാന്‍ വൈകി. ഷൂട്ടിങ് കഴിഞ്ഞ വൈകുന്നേരങ്ങളില്‍ അവരും കൂടെ ഉള്ളതുപോലെ, നാലു കാലുകള്‍ മുളയ്ക്കുന്നതുപോലെ, കരിമ്പന മുകളിലേക്ക് പറന്നു പൊങ്ങുന്നതുപോലെ, ആരൊക്കെയോ മുടിയഴിച്ചിട്ടാടുന്നതുപോലെ, ഉന്മാദത്തിന്റെ ചിറകുകള്‍ കൈവരുന്നതുപോലെ; ഞാനും തള്ളാന്‍ തുടങ്ങി അല്ലേ..? (ചിരിക്കുന്നു)

അടുത്ത ചോദ്യം പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല, ലാലേട്ടന്റെ സിനിമാ സഞ്ചാരങ്ങളിലെ അതിവിശ്വസ്തനായ തേരാളി ആന്റണി പെരുമ്പാവൂര്‍ അവിടേക്കു വന്നു ചെവിയില്‍ എന്തോ മന്ത്രിച്ചു. ആന്റണിയില്‍ നിന്നുകൂടി ഒരു പോസിറ്റീവ് എനര്‍ജി നിര്‍ഗമിക്കുന്നുണ്ടോ. വൈകിട്ട് ഒടിയന്റെ അന്‍പതാംദിന ആഘോഷങ്ങള്‍ ഉണ്ട്. അങ്ങോട്ടേക്ക് പോകാന്‍ സമയമായി, സംവിധായകന്റെ വിളി വന്നു, അന്‍പതിനായിരം പേര് പങ്കെടുക്കുന്ന ചടങ്ങാണത്രെ, ബിബിസിയുടെ ലൈവ് ടെലികാസ്റ്റും പോരാത്തതിന് എഫ്ബി ലൈവും. ഇനി പിന്നീടൊരിക്കല്‍ ആവാമെന്നു പറഞ്ഞു ആ നടനവിസ്മയം ഞങ്ങള്‍ക്ക് കൈതന്നു. എന്നിട്ടും ഞങ്ങളെ വിട്ടുപോകാതെ ആ പോസിറ്റീവ് എനര്‍ജി പിന്നെയും അവിടെ തന്നെ ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക