Image

ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ നിന്നും കെ എം മാണി കോട്ടയത്ത്‌ നിന്നും ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ സൂചന

Published on 19 December, 2018
ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ നിന്നും കെ എം മാണി കോട്ടയത്ത്‌ നിന്നും ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ സൂചന
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ സാധ്യത.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ ട്വന്റി ഫോര്‍ ന്യൂസിന്‌ നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയം ഏറ്റെടുക്കില്ല. അവിടെ കേരള കോണ്‍ഗ്രസ്‌ എമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെ ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ലോക്‌സഭ സീറ്റില്‍ നിന്നും കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണി മത്സരിക്കാന്‍ സാധ്യതയുണ്ട്‌. നേരത്തെ കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ്‌ എം നേതാവുമായ ജോസ്‌ കെ മാണി ഇവിടെ നിന്ന്‌ ജയിച്ചിരുന്നു.

രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ജോസ്‌ കെ മാണി കോട്ടയം എംപി സ്ഥാനം രാജിവച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ നിലനിര്‍ത്തുകയെന്നത്‌ കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അഭിമാന പ്രശ്‌നമാണ്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും പരമാവധി സീറ്റ്‌ വിജയിക്കുന്നതിന്‌ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്ത്‌ ഇറക്കാനാണ്‌ യുഡിഎഫ്‌ ആലോചിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക