Image

പരാതിക്കാരിയേയും സാക്ഷികളെയും നേരിടാന്‍ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തര്‍ കുറവിലങ്ങാട്ട് മഠത്തിലേക്ക്

Published on 19 December, 2018
പരാതിക്കാരിയേയും സാക്ഷികളെയും നേരിടാന്‍ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തര്‍ കുറവിലങ്ങാട്ട് മഠത്തിലേക്ക്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീകളും അവരെ പിന്തുണയ്ക്കുന്ന സാക്ഷികളായ കന്യാസ്ത്രീകളും താമസിക്കുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ കുറവിലങ്ങാടുള്ള മഠത്തില്‍ അപ്രതീക്ഷിത ഭരണമാറ്റം. ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തരും കടുത്ത അനുകൂലികളുമായ മൂന്നു പേരാണ് പുതുതായി കുറവിലങ്ങാട് വന്നിരിക്കുന്നത്. ഇവിടെ മദര്‍ ആയിരുന്ന സി.സോഫി പഞ്ചാബിലേക്ക് സ്ഥലംമാറിപ്പോയി. പകരം മദര്‍ ആയി ആരെയാണ് നിയമിച്ചിരിക്കുന്നതെന്ന്  മദര്‍ ജനറാല്‍ സി.റെജീന മറ്റ് അന്തേവാസികളെ അറിയിച്ചിട്ടുമില്ല. ഔദ്യോഗികമായ അധികാരകൈമാറ്റം മഠത്തില്‍ നടന്നിട്ടില്ലെന്നും വിവരമുണ്ട്.

അമൃത്സറിനു സമീപമുള്ള വ്യാസ് സെക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്ന സി.ജ്യോതിസ്, മിഷണറീസ് ഓഫ് ജീസസ് നോവിസ് മിസ്ട്രസ് ആയ സി.ലിസ്യൂ തെരേസ്, പഞ്ചാബിയും ആസ്പിരന്റ് മിസ്ട്രസുമായ സി.അനിത എന്നിവരാണ് പുതുതായി കുറവിലങ്ങാട് എത്തിയിരിക്കുന്നത്. സഭയില്‍ ചേരുന്ന പുതിയ കന്യാസ്ത്രീകളെ നൊവിഷ്യേറ്റ് കാലയളവില്‍ ആത്മീയമായി ഒരുക്കുന്ന ചുമതലയുളളയാളാണ് നോവിസ് മിസ്ട്രസ്. മഠത്തില്‍ ചേരുന്നവരെ ആദ്യനാളുകളില്‍ പരിശീലിപ്പിക്കുന്ന ചുമതലയാണ് ആസ്പിരന്റ് മിസ്ട്രസിനുള്ളത്. ചുമതലകളില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ പോലും മാറിനില്‍ക്കാന്‍ കഴിയാത്ത പദവിയിരിക്കുന്നവരാണ് ഇവര്‍. ഒമ്പത് മാസം മുന്‍പാണ് സി.ജ്യോതിസ് വ്യാസിലെ മദര്‍ സുപ്പീരിയര്‍ ആയി ചുമതലയേറ്റത്.

രണ്ടു മാസം മുന്‍പ് പഞ്ചാബില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ സി.അനീറ്റ് , സി.സ്‌റ്റെല്ല എന്നിവര്‍ കുറവിലങ്ങാട് എത്തിയിരുന്നു. ഇവരില്‍ സി.സ്‌റ്റെല്ല ഈ മാസം ആദ്യം ജലന്ധറിലേക്ക് തിരിച്ചുപോയി. സി.അനീറ്റ് ഇപ്പോഴും ഇവിടെയുണ്ട്. ഇവര്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ വഹിച്ചിരുന്ന പ്രിന്‍സിപ്പല്‍ പോസ്റ്റ് മറ്റൊരു കന്യാസ്ത്രീക്ക് കൈമാറിയ ശേഷമാണ് ഇവിടേക്ക് വന്നതെന്നും പറയപ്പെടുന്നു. സി.അനീറ്റും പഞ്ചാബിയായ സി.അനിതയും  ബിഷപ്പ് ഫ്രാങ്കോയ്ക്ക് നീതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കന്യാസ്ത്രീകളുടെ സംഘത്തിലുള്ളവരാണ്. 

സഭയിലെ പൊതുവായ സ്ഥലംമാറ്റം ജൂണിലാണ് സാധാരണയായി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്നിരുന്നു. എന്നാല്‍ കുറവിലങ്ങാട്ടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇവിടേക്ക് മാത്രമായി അടിയന്തരമായി സ്ഥലംമാറ്റം കൊണ്ടുവന്നിരിക്കുന്നതെന്ന് പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക