Image

ഭൂമിയുടെ അപേക്ഷ (കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)

സോയ നായര്‍, ഫിലാഡല്‍ഫിയ Published on 20 December, 2018
ഭൂമിയുടെ അപേക്ഷ (കവിത:  സോയ നായര്‍,  ഫിലാഡല്‍ഫിയ)
സമാധാനത്തിന്റെ കാഴ്ചകള്‍ കണ്ട

കണ്ണുകളിലേക്ക് ഹിംസയുടെ

വെടിയുണ്ടകള്‍ ചീറി വരുന്നു..

നഗരങ്ങള്‍ക്ക് മുഖചിത്രമായ് 

മനുഷ്യര്‍

മാലിന്യക്കൂമ്പാരങ്ങളാല്‍  

കുന്നുകള്‍ തീര്‍ക്കുന്നൂ.

രുചി നോക്കാന്‍ പറഞ്ഞെന്റെ 

 ഗര്‍ഭപാത്രത്തിലുരുവായ മക്കള്‍ 

നാവില്‍ വര്‍ഗ്ഗീയവിഷമൊഴിക്കുന്നു..

 കടക്കെണി മൂലം  എഴുതേണ്ടി വന്ന 

അനേകം ആത്മഹത്യാകുറിപ്പുകളിലെ  നിലവിളികള്‍ കര്‍ണ്ണപുടങ്ങളെ

സ്തംഭിപ്പിക്കുന്നു..

എന്റെ നഗ്‌നത മറച്ച 

പച്ചപ്പാവാട വെട്ടിനുറുക്കി 

തണലിനായ്

ആകാശത്തിലേക്ക് ഏണികള്‍ പണിയുന്നൂ..

അമ്മിഞ്ഞപ്പാലൂട്ടിയ നെഞ്ചിലെ 

അര്‍ബുദത്തിന്റെ  വിണ്ടല്‍പ്പാടുകള്‍

ദാഹജലത്തിനായ് കേഴുന്നൂ..

പ്രത്യുല്‍പ്പാദനാവയവങ്ങളില്‍ 

കാമാര്‍ത്തി തീര്‍ത്ത് കടന്ന് പോകും വെറിയന്മാരായ മക്കളേ

ഈവിധങ്ങളില്‍ ഇഞ്ചിഞ്ചായ് കൊല്ലാതെ എന്റെ ജീവന്‍ എനിക്ക് തിരിച്ചുതരൂ..

ഈവിധം ഭൂമിയമ്മ കരഞ്ഞു നിലവിളിക്കുന്നത് 

അന്നാരും  ചെവിക്കൊണ്ടില്ല.

ആ  അമ്മനോവിന്റെ ചൂടേറ്റ്

പുഴ തലതല്ലി കണ്ണീര്‍ പൊഴിച്ചൂ

മരങ്ങളും വായുവും താണ്ഡവന്യത്തം ചവിട്ടീ

ആകാശം കാര്‍മ്മേഘങ്ങളാല്‍ മതിലുകള്‍ തീര്‍ത്തു

പ്രളയത്തിന്റെ പ്രവാഹവഴികളില്‍ 

ജാതിയും മതവും പണവും ദരിദ്രതയും

ഒന്നായൊഴുകീ..

മനുഷ്വത്വത്തിന്റെ കുറേയധികം കൈകള്‍ക്കുള്ളില്‍

അതിജീവനത്തിന്റെ പാതയൊരുങ്ങീ

പ്രക്യതിയുടെയീ വിക്യതിയില്‍

മാനുഷരെല്ലാരും ഒന്നു ചേര്‍ന്നൂ.. 



സോയ നായര്‍,

ഫിലാഡല്‍ഫിയ

ഭൂമിയുടെ അപേക്ഷ (കവിത:  സോയ നായര്‍,  ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക