Image

വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ല, ഹൈക്കോടതില്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കി

Published on 20 December, 2018
വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ല, ഹൈക്കോടതില്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കി

വനിതാ മതിലില്‍ നിലപാട് വീണ്ടും വ്യക്തമാക്കി സര്‍ക്കാര്‍. ആരെയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വനിതാ മതിലില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ ഒരു രീതിയിലും ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

വനിത മതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച്‌ കൊണ്ടുള്ള ഹര്‍ജികള്‍ക്ക് സത്യാവാങ്ങ് മൂലം നല്‍കുകയായിരുന്നു സര്‍ക്കാര്‍.

'വനിതാ മതിലില്‍ ഏതെങ്കിലും ജീവനക്കാരെ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ല.പങ്കെടുക്കാത്ത ആളുകള്‍ക്കെതിരേ യാതൊരു തരത്തിലുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുകയില്ല.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. വനിതാമതില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന പരിപാടിയുടെ ഭാഗമാണ്'. സാമ്ബത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പണം വിനിയോഗിക്കേണ്ടതുണ്ടെന്നും ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനു മുമ്ബാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.അതേസമയം ഈ അമ്ബത് കോടിയില്‍ നിന്നും വനിതാ മതിലിന് വേണ്ടി പണം വിനിയോഗിക്കുമെന്നത് സത്യവാങ്മൂലത്തില്‍ വ്യക്തമല്ല.

'സ്ത്രീ വിമോചനവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ലിംഗവിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം പല നയപ്രഖ്യാപന പ്രസംഗങ്ങളിലും സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഐഎഫ്‌എഫ്കെയും സംസ്ഥാന യുവജനോത്സവവും കേരളോത്സവും കൊച്ചി ബിനാലെയും പോലൊന്നാണ് വനിതാമതില്‍. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പരിപാടിയായി മാത്രം ഇതിനെ കണ്ടാല്‍ മതി. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം അഭ്യര്‍ഥിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഒരിക്കലും അവരെ നിര്‍ബന്ധിച്ചിട്ടില്ല', സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക