Image

ഇന്ത്യന്‍ കോഫി ഹൗസ്: അറുപതും കടന്ന ജനകീയ രുചി സാമ്രാജ്യം

ശ്രീകുമാര്‍ Published on 20 December, 2018
ഇന്ത്യന്‍ കോഫി ഹൗസ്: അറുപതും കടന്ന ജനകീയ രുചി സാമ്രാജ്യം
മുന്‍വര്‍ഷങ്ങലിലെന്ന പോലെ സമ്മിശ്ര സംഭവ വികാസങ്ങളുമായി 2018 കലണ്ടര്‍ കണക്കില്‍ നിന്ന് മായുകയാണ്. പക്ഷേ, ഒരു കാര്യം നമ്മള്‍ മറന്നെന്ന് തോന്നുന്നു. മനപൂര്‍വമായിരിക്കില്ല. മലയാളികളുടെ നാവില്‍ ജനകീയ രുചിയുടെ കൈപ്പുണ്യം നിറച്ച ഇന്ത്യന്‍ കോഫി ഹൗസ് എന്ന സഹകരണ പ്രസ്ഥാനത്തിന്റെ അറുപതാം ജന്‍മ വര്‍ഷമാണ് 2018. എത്ര തിരക്കുള്ള യാത്രയിലാണെങ്കിലും ഇന്ത്യന്‍ കോഫി ഹൗസ് എന്ന സുപരിചിത ബോര്‍ഡ് കണ്ടാല്‍ നാം അവിടെ ചാടിക്കയറിയിരിക്കും. കാരണം മലയാളികളുടെ ജീവിതവുമായി അത്രയേറെ ഇഴുകിച്ചേര്‍ന്ന് കിടക്കുന്നതാണ് അതിന്റെ കലവറ. എന്നും ഒരേ ടേസ്റ്റ്, എവിടെച്ചെന്നാലും ഒരേ ടേസ്റ്റ്...ഇത് ഇന്ത്യന്‍ കോഫി ഹൗസിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന അത്യപൂര്‍വ പ്രത്യേകതയാണ്.

അല്‍പം ചരിത്രം...ഇന്ത്യയിലെ കോഫി ഹൗസുകളുടെ ചരിത്രം കൊല്‍ക്കത്തയില്‍ നിന്നും തുടങ്ങുന്നു. 1780ല്‍ കൊല്‍ക്കത്തയില്‍ ആദ്യത്തെ കോഫി ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892ല്‍ മദിരാശിയിലും മൂന്നാമത്തേത് 1909 ല്‍ ബാംഗ്ലൂരിലുമാണ് സ്ഥാപിതമായത്. 1940ല്‍ കാപ്പി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാര്‍ക്കറ്റ് എക്‌സ്പാന്‍ഷന്‍ ബോര്‍ഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942ല്‍ കോഫി ബോര്‍ഡ് ആയതോടെ കോഫി ഹൗസുകള്‍ തുടങ്ങി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. ആ രാജ്യത്തെ ദശകത്തില്‍ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകള്‍ നിലവില്‍ വന്നു.

എന്നാല്‍ 1957 ല്‍ കോഫി ബോര്‍ഡ് കോഫി ഹൗസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. അന്ന് ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളില്‍ ജോലി ചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958ല്‍ പിരിച്ചു വിട്ടു. ഇതിനെ ശക്തിയുക്തം എതിര്‍ത്ത കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലന്‍ (എ.കെ.ജി) അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രുവിന്റെ സഹായത്തോടെ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിച്ചു. ആദ്യ സംഘം ബാംഗ്ലൂരില്‍ നിലവില്‍ വന്നു. 1958 മാര്‍ച്ച് എട്ടിനാണ് തൃശൂരില്‍ കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫി ഹൗസ് നിലവില്‍ വന്നത്.

എ.കെ.ജി രൂപം നല്‍കിയ ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന്‍ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്നും ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖല നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെ ഇന്ത്യന്‍ കോഫി ഹൗസുകളുണ്ട്. കൂടാതെ കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യയിലെ വന്‍നഗരങ്ങളിലും ഇവര്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയിലാകെ നാനൂറോളം ഇന്ത്യന്‍ കോഫി ഹൗസുകളുണ്ട്. തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യന്‍ കോഫി ഹൗസിനുണ്ട്. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്‍ക്കുന്നു.

ഇന്ത്യന്‍ കോഫി ഹൗസുമായുള്ള മലയാളികളുടെ ആത്മ ബന്ധത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. സ്വന്തം വീട്ടിലേയ്ക്ക് ചെല്ലുന്ന സുഖമാണ് ഇന്ത്യന്‍ കോഫി ഹൗസിലേയ്ക്ക് നടന്ന് കയറുമ്പോള്‍ അനുഭവപ്പെടുക. അവിടുത്തെ ജോലിക്കാരോ...നമ്മുടെ സ്വന്തക്കാരെപ്പോലെ പെരുമാറുകയും ചെയ്യുന്നു. നെയ്യിന്റെയും മസാലയുടെയും കാപ്പിയുടെയുമൊക്കെ കൊതിപ്പിക്കുന്ന ഒരു അടുക്കള ഗന്ധമാണവിടെ. മസാലദോശയും നെയ്‌റോസ്റ്റും ഇത്ര രുചിയോടെ കിട്ടുന്ന ഹോട്ടലുകള്‍ വേറെയില്ല. തൊപ്പി വച്ച് രാജകീയ പ്രൗഢിയോടെ വരുന്ന വെയ്റ്റര്‍ വിനീതനായി ഓര്‍ഡര്‍ എടുത്ത് പോയിക്കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നു "ശ്...ശൂ...' എന്നൊരൊച്ചയാണ്. ഒപ്പം കൊതിപ്പിക്കുന്ന വെജിറ്റേറിയന്‍ മണവും. മസാലദോശയും നെയ്‌റോസ്റ്റും റെഡിയാവുന്ന ഒച്ചയും മണവുമാണത്. വായില്‍ എപ്പൊ വെള്ളമൂറിയെന്ന് ചോദിച്ചാ മതി.

ആവിപറക്കുന്ന ഉഴുന്നു വടയിലൊന്നമര്‍ത്തിയാല്‍ "കിരുകിരാ...' ശബ്ദം കേള്‍ക്കാം. അത്രയ്ക്ക് ക്രിസ്പിയാണത്. കൊതിയുള്ളതിനാല്‍ ചൂടൊന്നും നോക്കാതെ വായിലിടും. ഇടയ്ക്ക് കുരുമുളകില്‍ കടികിട്ടും...ഹോ...എന്തു രുചി. ചൂടുകാപ്പിയുടെ കാര്യം പറയേണ്ട. പിന്നെ കോള്‍ഡ് കോഫി, റോസ് മില്‍ക്ക്, ബദാം മില്‍ക്ക് അങ്ങനെയുള്ള വറൈറ്റികള്‍. അസലാണ് ഇന്ത്യന്‍ കോഫി ഹൗസിലെ നാരങ്ങാ വെള്ളം. നന്നായി നാരങ്ങാ പിഴിഞ്ഞ് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്തുള്ള നാരങ്ങാ വെള്ളം ഒരൊറ്റ ഗ്ലാസ് കുടിച്ചാല്‍ മതി, ക്ഷീണം പമ്പ കടക്കും, പിന്നെ വര്‍ധിത ഉന്‍മേഷമാണ്. ബീറ്റ് റൂട്ട് ഉള്ള മസാലദോശ, നെയ് റോസ്റ്റ്, കട്ട് ലെറ്റ് തുടങ്ങിയ സ്ഥിരം കോഫി ഹൗസ് വിഭവങ്ങള്‍ക്കൊപ്പം നല്ല ചോറും മീന്‍ കറിയും, വെടിക്കെട്ട് ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മലയാളികളുടെ ജനപ്രിയ ഭക്ഷണമായ പൊറോട്ടയും ബീഫും, മൊട്ടക്കറിയും ചിക്കന്‍ കറിയും വെജിറ്റബിള്‍ കുറുമയും ബജ്ജിയും സബ്ജിയും അടക്കം എല്ലാം കിട്ടുന്ന ഒരു സ്ഥലം. കാപ്പിപ്പൊടി, മില്‍മ ഉല്‍പ്പനങ്ങള്‍, പത്ര മാഗസിനുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി, വറുത്ത കശുവണ്ടി, പേട അങ്ങനെ ഒട്ടനവധി സാധനങ്ങള്‍ ഒരു കുടക്കീഴില്‍...അതാണ് ഇന്ത്യന്‍ കോഫി ഹൗസ്.

ഇന്ത്യന്‍ കോഫി ഹൗസ് ഇടത്തരം അല്ലെങ്കില്‍ കുറഞ്ഞ വരുമാനക്കാരന്റെയും തൊഴിലാളികളുടെയും പ്രിയ ഭോജനസ്ഥലമാണ്. ബുദ്ധിജീവികളും, കുടുംബങ്ങളും, എഴുത്തുകാരും, കോളേജ് പിള്ളേരും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം. യാത്രക്കിടക്ക് വിശ്വസിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലം എന്ന ഖ്യാതിയും കോഫി ഹൗസ് നേടി. വരേണ്യ ഭക്ഷണങ്ങളെ ജനകീയവല്കരിക്കുക എന്ന നയം വിജയം കാണുന്ന കാഴ്ചയാണ് നമ്മള്‍ ഇവിടെ കണ്ടത്. പലരും ആദ്യമായി വരേണ്യ ഭക്ഷണങ്ങള്‍ രുചിച്ചു നോക്കിയതും ഇവിടെ വെച്ചായിരുന്നു. ജനകീയ ആരോഗ്യത്തിനും വില കുറയ്ക്കാനും ഭരണകൂടത്തിനു ഇടപെടാന്‍ പറ്റുന്ന ഒരിടം കൂടി ആണ് കോഫി ഹൗസുകള്‍.

തൊഴിലാളികളുടെ സഹകരണ സംഘത്തെക്കൊണ്ട് കോഫി ഹൗസുകള്‍ ഏറ്റെടുപ്പിച്ച എ.കെ.ജിയുടെ വലിയ ചിത്രം എല്ലാ കോഫീ ഹൗസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചെറുത്തുനില്‍പ്പിന്റെ ജനകീയ മാതൃകകള്‍ എങ്ങനെ സൃഷ്ടിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് കോഫി ഹൗസുകള്‍. നല്ല ഭക്ഷണം, മികച്ച വൃത്തി, മിതമായ വില എന്നിവയാണ് കോഫി ഹൗസുകളുടെ മുഖമുദ്ര. തൊപ്പി വെച്ച വിളമ്പുകാര്‍ കുട്ടികള്‍ക്ക് എന്നും കൗതുകം. തൊഴിലാളികളുടെ സഹകരണ സംഘം തന്നെ നടത്തുന്നതിനാല്‍, തൊഴിലാളി-മുതലാളി വ്യത്യാസം ഇല്ലാത്ത ഒരു സമൂഹമായി കോഫി ഹൗസ് പ്രസ്ഥാനം നില നിന്‍ക്കുന്നു. ഉത്പാദനവും, വിപണനവും തൊഴിലാളികളുടെ സംഘങ്ങള്‍ ചെയ്താല്‍ ഉണ്ടാക്കാവുന്ന ഗുണങ്ങളും, മാറ്റങ്ങളും കാണിച്ചു തന്ന വിപ്ലവകരമായ മാതൃക ആണ് ഇന്ത്യന്‍ കോഫി ഹൗസ്. ഒരാള്‍ പോലും ബാല വേല ചെയ്യുന്നില്ല, മാന്യമായ വേതനം കൊടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇടക്കാലത്ത് ചില കോഫി ഹൗസുകള്‍ പൂട്ടുന്നത് നാം കണ്ടു. ചില സ്ഥലങ്ങളിലുള്ളവ വൃത്തിയില്‍ പിന്നോക്കം ആയി. അങ്ങനെ ജനകീയത പതുക്കെ കുറഞ്ഞു വന്നു. ചിലപ്പോഴെല്ലാം കെടുകാര്യസ്ഥത ആണ് നടക്കുന്നത് എന്ന ആക്ഷേപം പേറി. പുതിയ കോഫി ഹൗസുകള്‍ തുറക്കാതെ ആയി. ജനകീയമായ മലയാളി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങള്‍ കുറഞ്ഞപ്പോള്‍, വഴിയോരങ്ങളില്‍ തമിഴ് ചുവയുള്ള ഭക്ഷണശാലകള്‍ നിറഞ്ഞു. യാത്രകള്‍ ചെയ്യുന്ന മലയാളികള്‍ ഈ വിധം ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ വിലക്കു ഭക്ഷണം കഴിക്കേണ്ട സ്ഥിതിയായി. മലയാളിയുടെ സ്വന്തം ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഒരു സ്മരണ ആകുമോ എന്ന ഭീതിയും ഉളവായി. എന്നാല്‍ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി വീണ്ടും ഇന്ത്യന്‍ കോഫി ഹൗസുകള്‍ വീഴ്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് തുടങ്ങി. നല്ല രുചിയുള്ള വൃത്തിയുള്ള ഭക്ഷണം, മിതമായ വില, നല്ല പെരുമാറ്റം...എല്ലാം ഇപ്പോള്‍ കോഫി ഹൗസുകളില്‍ തിരികെ എത്തി. ഇന്ത്യന്‍ കോഫി ഹൗസുകളോളം മലയാളികളുടെ രുചി സംസ്കാരത്തെ ഉള്‍ക്കൊണ്ട സ്ഥലങ്ങള്‍ അത്യപൂര്‍വമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക