Image

രാഹുല്‍ 'പപ്പു'വില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമോ? (ദല്‍ഹികത്ത്- പി.വി.തോമസ്)

പി.വി.തോമസ് Published on 21 December, 2018
രാഹുല്‍ 'പപ്പു'വില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമോ? (ദല്‍ഹികത്ത്- പി.വി.തോമസ്)
രാജീവ് ഗാന്ധി 40 വയസില്‍ പ്രധാനമന്ത്രി ആയി(1984). മകന്‍ രാഹുല്‍ഗാന്ധി 48 വയസില്‍ പ്രധാനമന്ത്രി ആകുമോ(2019)?
ഈ ചോദ്യം വീണ്ടും ഉയര്‍ന്നു വരുവാനുള്ള കാരണം ഡിസംബര്‍ 16ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ നടത്തിയ ഒരു പ്രസ്താവന ആണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനും ആയി വാഴിക്കുവാന്‍ ഏറെക്കാലം ആയി കോണ്‍ഗ്രസുകാര്‍ കഠിനപ്രയത്‌നത്തില്‍ ആണ്. അത് സ്വാഭാവീകവും ആണ്. അവസാനം ഏതായാലും ഒരു വര്‍ഷം മുമ്പ് അദ്ദേഹം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി സ്ഥാനാരോഹിതന്‍ ആയി. ഭരണം അമ്മയില്‍ നിന്നും മകനിലേക്ക്. അതിന്റെ കൃത്യം ഒന്നാം വാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഹിന്ദി ഹൃദയ- പശു രാഷ്ട്രീയ സംസ്ഥാനങ്ങള്‍ ബി.ജെ.പി.യെ തോല്‍പിച്ചുകൊണ്ട് കീഴടക്കി-മദ്ധ്യപ്രദേശ് രാജസ്ഥാന്‍, ഛത്തീസ്ഘട്ട്- അതോടെ രാഹുല്‍ 'പപ്പു' എന്ന പരിഹാസപട്ടത്തില്‍ നിന്നും പ്രധാനമന്ത്രി  എന്ന മഹനീയ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥി ആയി ഉയര്‍ന്നു. ഇപ്രാവശ്യം പതിവുപോലെ കോണ്‍ഗ്രസുകാര്‍ അല്ല ഇതിനായുള്ള മുറവിളി ഉയര്‍ത്തിയത്. ആദ്യം സൂചിപ്പിച്ചതുപോലെ ഡിസംബറിലെ ആ രണ്ടാം ഞായറാഴ്ച ചെന്നെയില്‍ പരേതനായ ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ ഒരു പ്രതിമ അനാഛാദനം ചെയ്യപ്പെടവെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ സ്റ്റാലിന്‍(മകന്‍) ആണ് പെട്ടെന്നുള്ള ഈ നാടകീയമായ പ്രഖ്യാപനം നടത്തിയത്.  സദസില്‍ മുന്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയും യു.പി.എ.യുടെ ചെയര്‍പേര്‍സനും ആയ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉണ്ടായിരുന്നു. അതുപോലെ റ്റി.ഡി.പി. നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ആയ ചന്ദ്രബാബു നായ്ഡുവും കേരളമുഖ്യമന്ത്രി ആയ പിണറായി വിജയനും വേറെ ഒട്ടേറെ പ്രതിപക്ഷ നേതാക്കന്മാരും സന്നിഹിതന്‍ ആയിരുന്നു അവിടെ. സ്റ്റാലിന്റെ പൊടുന്നനെയുള്ള പ്രഖ്യാപനം സദസിനെ അത്ഭുതസ്തംബ്ദരാക്കി. ഒരു പക്ഷേ സോണിയയെയും രാഹുലിനെയും പോലും.

സ്റ്റാലിന്‍ രാഹുലിനെ ഇന്‍ഡ്യയുടെ അടുത്ത പ്രധാനമന്ത്രി ആയി നിര്‍ദ്ദേശിച്ചു. അദ്ദേഹം പറഞ്ഞു. 1980-ല്‍ കലൈഗ്നര്‍(കരുണാനിധി) പറഞ്ഞു നെഹ്‌റുവിന്റെ മകളെ(ഇന്ദിരഗാന്ധി) സ്വാഗതം. ഞങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരു ഗവണ്‍മെന്റ് പ്രദാനം ചെയ്യൂ. 2004-ല്‍ സ്വാഗതം പറഞ്ഞു ഇന്ദിരഗാന്ധിയുടെ മരുമകള്‍ അതായത് ഇന്‍ഡ്യയുടെ മകള്‍(സോണിയ ഗാന്ധി) ജയിക്കുവാന്‍ പോവുകയാണ്. 2018-ല്‍ ഈ സദസില്‍ വച്ച് ഞാന്‍ പ്രഖ്യാപിക്കുന്നു രാഹുല്‍ഗാന്ധി ഇന്‍ഡ്യയുടെ അടുത്ത പ്രധാനമന്ത്രി ആയി ദല്‍ഹിയില്‍ സ്ഥാനം ഏല്‍ക്കുമെന്ന്. കലൈഗ്നറുടെ മകന്‍ എന്ന നിലയില്‍ ഞാന്‍ ഈ തട്ടകത്തില്‍ നിന്നുകൊണ്ട് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിക്കുന്നു. ഞാന്‍ പറയുന്നു രാഹുല്‍ ആണ് ഇന്‍ഡ്യയുടെ അടുത്ത പ്രധാനമന്ത്രി. സ്വാഗതം രാഹുല്‍. രാഷ്ട്രത്തിന് നല്ല ഭരണം തരുക. നമ്മള്‍ ഒരു പുതിയ ഇന്‍ഡ്യ പടുത്തുയര്‍ത്തും. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു ഫാസിസ്റ്റും സാഡിസ്റ്റും ആയി ചിത്രീകരിച്ചു. പക്ഷേ ഈ സ്ഥാനമാറ്റങ്ങള്‍ അല്ല ഇവിടെ വിഷയം. രാഹുലിന്റെ പ്രധാനമന്ത്രിപദാവരോഹരണം ആണ്. ശരിയായിരിക്കാം 1980-ല്‍ കരണാനിധി പറഞ്ഞത് ശരിയായി വരുകയും ഇന്ദിരഗാന്ധി അധികാരത്തില്‍ തിരിച്ചു വരുകയും ചെയ്തു. 2004-ല്‍ സോണിയഗാന്ധിക്ക് വേണമെങ്കില്‍ പ്രധാനമന്ത്രി ആകുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ അവര്‍ ആസ്ഥാനം മന്‍മോഹന്‍സിംങ്ങിന് നല്‍കി. പക്ഷേ, 2018-ല്‍ കലൈഗ്നറുടെ മകന്‍ പറഞ്ഞതുപോലെ 2019-ല്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ആകുമോ? 1980-ല്‍ ഇന്ദിരഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയത് ജനതപാര്‍ട്ടി എന്ന കൂട്ടുകക്ഷി ഭരണത്തിന്റെ പരാജയത്തെയും പതനത്തെയും തുടര്‍ന്നാണ്. 2004ല്‍ വാജ്‌പേയ് യുടെ ആറ് വര്‍ ഗവണ്‍മെന്റിനെ(1998-2004) കോണ്‍ഗ്രസ് (യു.പി.എ.) തുരത്തിയത് തികച്ചും നാടകീയമായ സാഹചര്യത്തില്‍ ആണ്. അത് 2019-ല്‍ ആവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? എന്നാല്‍ തന്നെയും സ്റ്റാലിന്‍ പ്രഖ്യാപിച്ചതുപോലെ രാഹുല്‍ഗാന്ധി മോഡിയെ നീക്കം ചെയ്ത് പ്രധാനമന്ത്രി ആകുമോ?

മൂന്ന് സംസ്ഥാനങ്ങളിലെ രാഹുലിന്റെ വിജയം ആയിരിക്കാം സ്റ്റാലിനെ ഇതിന് പ്രേരിപ്പിച്ചത്. അതും അത്ര ശരിയായ വിലയിരുത്തല്‍ അല്ല. ഡിസംബര്‍ 10-ന് അതായത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് ദല്‍ഹിയില്‍ നടന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ-മഹാഗഡ്ബന്ധന്‍ എന്ന വിശാല മുന്നണി-യോഗത്തിലും ഇത് സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചത് ആണ്. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഒരു വീക്ഷണവും നിലപാടും ഉണ്ട് എന്നാണ്. പക്ഷേ ഇതിനെ മഹാബന്ധനിലെ മറ്റ് കക്ഷികള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ രാഹുലിനെ എതിര്‍ക്കുന്നുമില്ല. റ്റി.ഡി.പി.യും തൃണമൂല്‍ കോണ്‍ഗ്രസും ബഹുജന്‍ സമാജ്പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉള്‍ക്കൊണ്ടിട്ടില്ല. ഉത്തര്‍പ്രദേശിലെ പ്രധാനപ്രാദേശിക പാര്‍ട്ടികള്‍ ആയ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഈ മഹാഗഡ്ബന്ധനില്‍ ചേരുന്നുണ്ടോ എന്ന കാര്യം പോലും സംശയത്തില്‍ ആണ്. ഈ പാര്‍ട്ടികള്‍ ഒരു പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പോ അല്ലെങ്കില്‍ ശേഷമോ ഫലവും അവസരവും പോലെ വിശാല ഐക്യ മുന്നണിയില്‍ ചേര്‍ന്നേക്കാം. പക്ഷേ, അവര്‍ രാഹുലിനെ പ്രധാനമന്ത്രി ആയി അംഗീകരിക്കുമോ? കാരണം തൃണമൂല്‍ കോണ്‍ഗ്രസിലെ മമത ബാനര്‍ജിയും ബഹുജന്‍ സമാജ്പാര്‍ട്ടിയിലെ മായാവതിയും സമാജ്വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവും പ്രധാനമന്ത്രി സ്ഥാനമോഹികള്‍ ആണ്.

ഡി.എം.കെ. ഒഴിച്ച് എല്ലാ പ്രതിപക്ഷകക്ഷികളുടെയും നിലപാട് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പ്രധാനമന്ത്രിയെ തീരുമാനിക്കാം എന്നതാണ്. കോണ്‍ഗ്രസിനുപോലും ഉള്ളിന്റെ ഉള്ളില്‍ രാഹുലിനെ പ്രധാനമന്ത്രി ആയി കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും പുറത്ത് പറയുന്നത് പ്രധാനമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്നത് ആണ്. കോണ്‍ഗ്രസ് നേതാവ് ചിദംബരവും ഇതുതന്നെ പറഞ്ഞു. രാഹുലും ഇതുതന്നെയാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് പ്രധാനമന്ത്രി ആര് എന്നതല്ല 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രധാനവിഷയം. മറിച്ച് മോഡിയെ സ്ഥാനത്തില്‍ നിന്നും നീക്കുക എന്നത് ആണ്. അതില്‍ യുക്തിഭദ്രത ഉണ്ട്. മോഡിയെ നിഷ്‌ക്കാസിതന്‍ ആക്കുവാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നത് മറ്റൊരു വിഷയം. അതിലേക്കും വഴിയെ വരാം.

മൂന്നു സംസ്ഥാനങ്ങളിലെ വിജയം കൊട്ടിഘോഷിച്ചുകൊണ്ട് രാഹുലിനെ പ്രധാനമന്ത്രി ആയി വാഴിക്കണം എന്ന് സ്റ്റാലിന്‍ പരസ്യമായും കോണ്‍ഗ്രസ് രഹസ്യമായും ആഗ്രഹിക്കുന്നത് ശരിയല്ല. രാഹുലിന് ഏറെദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്ന ആ സ്വപ്‌നത്തില്‍ എത്തിച്ചേരുവാന്‍.

മൂന്ന് സംസ്ഥാനങ്ങളിലെ വിജയം ചെറുതായി കാണുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. അത് വലിയ വിജയം തന്നെ ആയിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത് ഒരു വന്‍ തിരിച്ചു വരവ് ആയിരുന്നു. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിനും അധികാരനഷ്ടത്തിനും ശേഷം കോണ്‍ഗ്രസിന് പരാജയത്തിന് പിറകെ പരാജയം ആയിരുന്നു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍. വലിയ സംസ്ഥാനങ്ങളില്‍ അത് പഞ്ചാബില്‍ മാത്രം ഒതുങ്ങി. പിന്നീട് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കുവാന്‍ തുടങ്ങി. അല്‍വാറും(പശുസംരക്ഷകഗുണ്ടാവിളയാട്ടസ്ഥലം) ഗോരഖ്പൂറും(യോഗി ആദിത്യനാഥിന്റെ തട്ടകം) ചില ഉദാഹരണങ്ങള്‍ മാത്രം? ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ച് പിടിക്കുവാന്‍ സാധിച്ചില്ലെങ്കിലും രാഹുല്‍ മോഡിയെ വിറപ്പിക്കുക തന്നെ ചെയ്തു. ബീഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യം അധികാരം പിടിച്ചു. പിന്നീട് നടന്നത് രാഷ്ട്രീയ അവസരവാദം. ബീഹാറില്‍ ഭൂരിപക്ഷം സീറ്റും 2014-ല്‍ ബി.ജെ.പി. ജയിച്ചത് ആണ് എന്ന് ഓര്‍ക്കണം. കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് സഖ്യം അധികാരം നേടി. ഇതിന്റെ പിന്നാലെ ആണ് മദ്ധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്ഘട്ടും. പക്ഷേ, മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷം നേടുവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. രണ്ടും ഒന്നും സീറ്റുകളുടെ കുറവുണ്ട്. മാത്രവും അല്ല മദ്ധ്യപ്രദേശില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതം കോണ്‍ഗ്രസിന്റേതിനേക്കാള്‍ 1.5 ശതമാനം കൂടുതല്‍ ആണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ബി.ജെ.പി.യുടേതിനേക്കാള്‍ വെറും 0.5 ശതമാനം മാത്രം കൂടുതല്‍ ഉള്ളൂ. ഇതെല്ലാം ലോകസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും.

എങ്കിലും വിജയം വിജയം തന്നെ ആണ്. പക്ഷേ, പ്രധാനമന്ത്രി ആകുവാന്‍ രാഹുലിന് ഒട്ടേറെ ദൂരം പോകേണ്ടി ഇരിക്കുന്നു. കോണ്‍ഗ്രസ് 100-150 സീറ്റുകളോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മറ്റ് പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ അധികാരത്തില്‍ തിരിച്ചുവരുവാന്‍ സാധിച്ചെന്നിരിക്കും. ഒരു പക്ഷെ, ഒരു പക്ഷെ എന്നു മാത്രമെ പറയുവാന്‍ സാധിക്കുകയുള്ളൂ രാഹുല്‍ പ്രധാനമന്ത്രിയും ആയേക്കാം. കാരണം മമതയും, മായാവതിയും, അഖിലേഷും, നായ്ഡുവും  ഒന്നും അത്ര പെട്ടെന്ന് വഴങ്ങി കൊടുക്കുകയില്ല. ഇനി കോണ്‍ഗ്രസ് എങ്ങനെ 2014-ലെ 44 സീറ്റുകളില്‍ നിന്നും മുമ്പോട്ടു പോകും? എവിടം വരെ പോകും? ഇതെല്ലാം നിര്‍ണ്ണായക ഘടകങ്ങള്‍ ആണ്. ബി.ജെ.പി.യെയും മോഡി- അമിത് ഷാ സഖ്യത്തെയും കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. 2014 ആവര്‍ത്തിക്കുവാന്‍ സാധിച്ചില്ലെങ്കിലും അവര്‍ ശക്തമായി രംഗത്തുണ്ട്. അതിനാല്‍ 2019 കോണ്‍ഗ്രസിനും രാഹുലിനും അത്ര എളുപ്പം അല്ല. ഒരു പക്ഷേ, 2014 ലേതു പോലെ തോറ്റ് മണ്ണ് കപ്പുകയില്ലെന്ന് മാത്രം. അതുകൊണ്ട് രാഹുലിനെ പ്രധാനമന്ത്രി ആയി വിഭാവന ചെയ്യുമ്പോള്‍ ഇതെല്ലാം മനസില്‍ കുറച്ചിടുന്നത് നന്ന്.

രാഹുല്‍ 'പപ്പു'വില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമോ? (ദല്‍ഹികത്ത്- പി.വി.തോമസ്)
Join WhatsApp News
truth and justice 2018-12-22 11:06:58
Please take a positive attitude.If they can override three mighty states of hindi speaking , they can certainly pick up rest of the mighty states only thing they have to watch the coalition greedy leaders wants  to be in higher position.Pappu have more knowledge than Appu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക