Image

ഭാര്യയെ കൊന്ന്‌ തന്തൂരി അടുപ്പിലിട്ട്‌ കത്തിച്ച കേസ്‌: പ്രതിയെ ഉടന്‍ വിട്ടയക്കണമെന്ന്‌ ഹൈക്കോടതി

Published on 21 December, 2018
ഭാര്യയെ  കൊന്ന്‌ തന്തൂരി അടുപ്പിലിട്ട്‌ കത്തിച്ച കേസ്‌: പ്രതിയെ ഉടന്‍ വിട്ടയക്കണമെന്ന്‌ ഹൈക്കോടതി

രാജ്യത്ത്‌ ഏറെ കോളിളക്കം സൃഷ്ടിച്ച 1995ലെ തന്തൂരി കൊലക്കേസിലെ മുഖ്യപ്രതിയും മുന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ സുശീല്‍ ശര്‍മ്മയെ ഉടന്‍ വിട്ടയക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന സുശീല്‍ ശര്‍മ്മയ്‌ക്ക്‌ മാനുഷിക പരിഗണന വെച്ചാണ്‌ ജയില്‍ മോചിപ്പിക്കാനായി കോടതി ഉത്തരവിട്ടത്‌.

കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിച്ച ഇയാള്‍ക്ക്‌ സുപ്രീം കോടതി അത്‌ ജീവപര്യന്തമായി ഇളവു ചെയ്‌തിരുന്നു. 56 കാരനായ സുശീല്‍ ശര്‍മ്മ തടവ്‌ കാലാവധി ഇതിനോടകം തന്നെ തീര്‍ത്തിട്ടുണ്ടെന്ന്‌ കാണിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവിട്ടത്‌. കൊലപാതകം നിഷ്‌ഠൂരമായ പ്രവര്‍ത്തിയാണെന്നും എന്നാല്‍ അതുകൊണ്ട്‌ അയാളുടെ മാനുഷിക അവകാശങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

ഒരാളെ ജയില്‍ അനിശ്ചിതമായി തടവിലിട്ടാല്‍ അതിന്‌ എവിടെ അതിര്‍ത്തി നിശ്ചയിക്കും. അങ്ങിനെയാണെങ്കില്‍ കൊലപാതക കേസുകളിലെ പ്രതികള്‍ക്ക്‌ ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങാന്‍ സാധിക്കുകയില്ലല്ലോ. കേസ്‌ പരിഗണിച്ച ബെഞ്ച്‌ നിരീക്ഷിച്ചു.

2003 നവംബര്‍ ഏഴിനാണ്‌ സുശീല്‍ ശര്‍മ്മയെ ശിക്ഷിക്കുന്നത്‌. 1995 ജൂലൈ 2നാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. ദല്‍ഹിയിലെ ഗോലെ മാര്‍ക്കറ്റിലുള്ള വീട്ടില്‍ വച്ച്‌ ശര്‍മ്മ ഭാര്യ നൈന സാഹിനിയെ കൊല ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക ആയിരുന്ന നൈനയ്‌ക്ക്‌ മറ്റൊരു നേതാവായ മത്‌ലൂബ്‌ കരിം എന്നയാളുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ്‌ ശര്‍മ്മയുടെ ആരോപണം.

നൈനയും കരീമും സഹപാഠികളുമായിരുന്നു. സംഭവദിവസം രാത്രി സുശീല്‍ ശര്‍മ്മ വീട്ടിലെത്തുമ്പോള്‍ നൈന ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. നൈന സംസാരം നിര്‍ത്തിയ ശേഷം ആ നമ്പറിലേക്ക്‌ ശര്‍മ്മ വീണ്ടും വിളിച്ചു. അത്‌ കരീമിന്റെ നമ്പര്‍ ആണെന്ന്‌ മനസിലാക്കിയ ശര്‍മ്മ തന്റെ തോക്കുപയോഗിച്ച്‌ നൈനയെ നിഷ്‌ഠൂരമായി വെടിവച്ചു കൊല്ലുകയായിരുന്നു.

പിന്നീട്‌ മൃതദേഹം പൊതിഞ്ഞുകെട്ടി ബാഗിയ റസ്‌റ്റോറന്റിന്റെ മാനേജരായ കേശവ്‌ എന്നയാളുടെ സഹായത്തോടെ തന്തൂരി അടുപ്പില്‍ വച്ച്‌ കത്തിക്കുകയായിരുന്നു. പൊലീസ്‌ നടത്തിയ പരിശോധനയില്‍ നൈനയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.

അടുത്ത ദിവസം ജയ്‌പൂരിലേക്ക്‌ മുങ്ങിയ ശര്‍മ്മ അവിടെ നിന്ന്‌ മുംബൈയിലേക്കും ചെന്നൈയിലേക്കും പോയി. ജൂലൈ 11ന്‌ ബംഗ്ലൂരില്‍ വച്ച്‌ കീഴടങ്ങുകയായിരുന്നു. 2003 നവംബര്‍ ഏഴിന്‌ വിചാരണക്കോടതി ശര്‍മ്മയ്‌ക്ക്‌ വധശിക്ഷ വിധിച്ചു. 2007 ഫെബ്രുവരി ഏഴിന്‌ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

പ്രതിക്ക്‌ മാനസാന്തരത്തിന്‌ സാധ്യതയുണ്ടെന്നും മുന്‍കാലങ്ങളില്‍ കുറ്റങ്ങളൊന്നും ഇയാള്‍ ചെയ്‌തിട്ടില്ലെന്നുമായിരുന്നു വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച ശേഷം സുപ്രീം കോടി ചീഫ്‌ ജസ്റ്റീസ്‌ പി സദാശിവം നിരീക്ഷിച്ചത്‌. ഇത്‌ സമൂഹത്തിനെതിരെ നടന്ന കുറ്റമല്ല മറിച്ച്‌ തന്റെ ഭാര്യയ്‌ക്ക്‌ മറ്റൊരാളുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ്‌ ശര്‍മ്മയെ ഇതിന്‌ പ്രേരിപ്പിച്ചതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത്‌ മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക