Image

രാശി നോക്കിയാണോ മതിലിന്റെ ആദ്യ കല്ല് ഉറപ്പിക്കുന്നത് ? (ഗംഗാ ദേവി)

Published on 21 December, 2018
രാശി നോക്കിയാണോ മതിലിന്റെ ആദ്യ കല്ല് ഉറപ്പിക്കുന്നത് ? (ഗംഗാ ദേവി)
പ്രളയ ദുരിത ദുരന്ത കഥകളും പൈസാ പിരിവും ചലഞ്ചും ഒരു വഴിയ്ക്കാക്കി ആര്‍ത്തവവും ശബരിമലയും തലയ്ക്ക് പിടിച്ചിരുന്ന നമ്മള്‍ പെട്ടെന്ന് മതിലുകളില്‍ പിടിച്ചു കയറി .
പ്രളയ ഭൂമിയിലൂടെ ഈ മതിലുകള്‍ പൊങ്ങുമ്പോള്‍ പണ്ട് പാടിയ പോലെ ഒരു പുതു യുഗ പിറവി ഇവിടെ ഇതാ , അതിന്റെ സന്തോഷത്തില്‍ ഞാന്‍ എന്ന സ്ത്രീക്ക് എന്തെല്ലാം മാറ്റങ്ങളാണാവോ വരാന്‍ പോകുന്നത് .
സന്തോഷം കൊണ്ട് നില്‍ക്കാനും വയ്യ , ഇരിക്കാനും വയ്യ .

എന്നാലും ഈ കോടികള്‍ എന്തിനാണാവോ , കേരളത്തിന്റെ തീരദേശം കുറെയെങ്കിലും കല്ലിട്ട് ഉറപ്പാക്കാന്‍ ഇത്രയും തുക വേണോ ആവോ ? ഓരോ ഓഖിയും കടാപ്പുറത്തിന്റെ ചങ്കിലല്ലേ പതിയുന്നത് .
നീല ഷീറ്റ് വലിച്ചുകെട്ടി വീടെന്ന സങ്കല്‍പത്തില്‍ കഴിയുന്ന എത്രയോ അമ്മമാര്‍ . ഇടിഞ്ഞു പൊളിഞ്ഞ ഉത്തരവും തൂണുകളുമുള്ള വീടുകളിലായി അനേകര്‍ . കോടികള്‍ അവരെ നോക്കി കണ്ണിറുക്കുന്നുണ്ടാവാം .

ഒന്നും വേണ്ട , പഞ്ചായത്ത് തോറും യാത്ര പോകുന്ന (ശബരിമല എന്ന് കൂട്ടിക്കോ ) സ്ത്രീകള്‍ക്കായി വൃത്തിയുള്ള ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഈ തുക വേണ്ടി വരുമോ ? കൂട്ടത്തില്‍ അവര്‍ക്കായി സുരക്ഷിതമായ വിശ്രമ മുറികളും ഒരു സ്വപ്നമാണ് .
അതും വേണ്ട , ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കായി സാനിറ്ററി പാഡുകള്‍ കുറഞ്ഞ വിലയില്‍ നല്‍കിക്കൂടെ ? ആ തുണി നനയും അതിന്റെ ബുദ്ധിമുട്ടുകളും ഇന്നും എത്രയോ സ്ത്രീകള്‍ സഹിക്കുന്നു . കുറഞ്ഞ ചിലവില്‍ ഇത് ലഭ്യമാക്കിയാല്‍ എത്ര നന്ന് .

എല്ലാ മാസവും പാഡു വാങ്ങാനായി ഓരോ വീട്ടിലും എത്ര തുക ചിലവാക്കേണ്ടി വരുന്നു . പെണ്‍കുട്ടികള്‍ ഉള്ള വീട്ടിലെ അമ്മമാര്‍ക്കറിയാം കുടുംബ ബജറ്റില്‍ ഇത് വിഴുങ്ങുന്ന സംഖ്യ . ഈ തുക ചെറുതായി കുറഞ്ഞാല്‍ എത്രയോ ആശ്വാസം .
അല്ലെങ്കില്‍ വേണ്ട വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടുന്ന അബലകള്‍ക്ക് താമസവും വൈദ്യസഹായവുമെത്തിക്കാന്‍ ഈ തുക ഉപയോഗിച്ചൂടെ ?
സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉത്സാഹിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യവും കരുത്തും പകരുന്ന പദ്ധതികള്‍ക്ക് ഈ തുക സഹായകമാവില്ലെ ?

പലതരത്തില്‍ രോഗപീഡകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാവാന്‍ ഇത് തുടക്കശ്രമമാക്കിക്കൂടെ ? കാന്‍സര്‍ വാര്‍ഡുകളിലെ കണ്ണീരൊലിക്കുന്ന മുഖങ്ങള്‍ക്ക് ഒരാശ്വാസം , അതേ പോലുള്ള രോഗക്കെടുതിയില്‍ എത്ര സ്ത്രീകള്‍ .
എന്റെ ഓരോ പൊട്ട ചിന്തകളേ . ഇതെല്ലാം ചെയ്താല്‍ എന്ത് നവോത്ഥാനം ?

നമ്മള്‍ ഉദ്ദേശിക്കുന്ന നവോത്ഥാനം ഇതൊന്നുമല്ല എന്നും പറഞ്ഞ് പലരും വരും . അതറിയാം .
നങ്ങേലി കവലക്ക് അടുത്തിരുന്ന് ഇതെഴുതുമ്പോഴും ഒന്നറിയാം ശബരിമലയിലോ മറ്റ് അമ്പലങ്ങളിലോ കയറി ഇറങ്ങിയാല്‍ തീരുന്നതല്ല ഞങ്ങളുടെ ഈ പ്രശ്‌നങ്ങളൊന്നും .
നന്മയും കരുണയും കൈമുതലായി ഒരു ഭരണം ഉണ്ടെങ്കിലേ ഈ 50 ന്റെ വിലയറിയൂ . ഈ ഒടി പ്രയോഗങ്ങളൊന്നും ഒരു നവോത്ഥാനവും ഇവിടെ വിളയിക്കില്ല .
മനുഷ്യനിലെ അധമ ചിന്തകളെ ബലപ്പെടുത്താനായി ഭരണകര്‍ത്താക്കള്‍ പാവം സ്ത്രീകളെ ബലിയാടാക്കി കെട്ടി ഉയര്‍ത്തുന്ന അടിത്തറയില്ലാത്ത മതില്‍ .
രാശി നോക്കിയാണോ മതിലിന്റെ ആദ്യ കല്ല് ഉറപ്പിക്കുന്നത് ?
Join WhatsApp News
Philip 2018-12-21 10:30:24
എന്തിനും ഏതിനും സ്ത്രീകൾ മറ ... മതിലിനും ... പള്ളി രക്ഷിക്കുവാനും സ്ത്രീകൾ മുൻപിൽ നിൽക്കുന്നത് കാണുന്നു ... പള്ളിക്കും  സ്വത്തിനും ഇടയൻ മാർക്കും വേണ്ടി ആത്മഹത്യാ ചെയ്‌യുവാവാനും ഇക്കൂട്ടർ റെഡി... ഇവർക്ക് എന്നാണു ബുദ്ധി ഉദിക്കുന്നത്... ?  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക