Image

വീണ്ടും ഒരു തിരുവാതിരക്കാലം (ഉഷ. എസ്)

Published on 21 December, 2018
വീണ്ടും ഒരു തിരുവാതിരക്കാലം (ഉഷ. എസ്)
മഞ്ഞു പെയ്യുന്ന ധനുമാസരാത്രി. പാല്‍നിലാവില്‍ കുളിച്ചു കിടക്കുന്ന ഞങ്ങളുടെ ഗ്രാമഭംഗി. തിരുവാതിര കളിയും പാതിരാപ്പൂചൂടലും എല്ലാം കഴിഞ്ഞ് ചൂട്ടുകറ്റ വീശി നടക്കുന്ന അമ്മൂമ്മയ്ക്ക് പുറകെ പൊട്ടിച്ചിരിയും കിന്നാരവുമായി പെണ്‍സംഘം. പരസ്പരം കാണാവുന്നത്ര വെളിച്ചം നിലാവിനുണ്ടെങ്കിലും ഇഴജന്തുക്കളെ അകറ്റാനെന്ന ഭാവേന അമ്മൂമ്മയ്ക്ക് ചൂട്ടുകറ്റ കൂടിയേ തീരൂ. എന്റെ ഓര്‍മ്മകളില്‍ തിരുവാതിര വിടരുന്നതിങ്ങനെ.

ഓണത്തിനെക്കാളും വിഷുവിനെക്കാളും എനിക്ക് തിരുവാതിരയായിരുന്നു ഏറെ ഇഷ്ടം. അത് സ്ത്രീകളുടെ മാത്രം ഉത്സവമായിരുന്നു. ഒരു ആഘോഷങ്ങളിലും നിലമറന്ന് സന്തോഷിക്കാത്ത അമ്മ പോലും ആഹ്ലാദവതിയാകുന്ന, പൊട്ടിച്ചിരിക്കുന്ന ദിവസം. പെണ്‍കൂട്ടിന് വല്ലാത്ത മനോഹരിതയുണ്ട്, മാസ്മരികതയുണ്ട്. തിരുവാതിര രാത്രിയിലെ സ്ത്രീകളുടെ മാത്രമായ ഒത്തുചേരലുകള്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെ, കൂട്ടുകെട്ടിന്റെ, പ്രണയത്തിന്റെ തീരാത്ത വര്‍ത്തമാനങ്ങളുടെ പൊട്ടിച്ചിരികളുടെ ശബ്ദകോലാഹലങ്ങളുടെ ഉത്സവമാണ്.
കുട്ടിക്കാലത്ത് തിരുവാതിര എത്തിയതറിയുന്നത് അമ്മൂമ്മയുടെ വെളുപ്പിനത്തെ തുടിച്ചുകുളിയോടെയാണ്. ധനുമാസത്തിലെ അശ്വതി മുതല്‍ അമ്മുമ്മ ഉച്ചത്തില്‍ പാട്ടൊക്കെ പാടി കൈ താളത്തില്‍ വെള്ളത്തില്‍ തട്ടി തുടികുളി നടത്തും. ഞാന്‍ ഹൈസ്ക്കൂളിലെത്തിയപ്പോഴേയ്ക്കും അമ്മയുടെ കളിയാക്കല്‍ കാരണമോ എന്തോ അറിയാതെ എങ്ങനെയോ അമ്മൂമ്മയുടെ തുടിച്ചുകുളി നിന്നു. മകയിരവും തിരുവാതിരയുമാണ് നോയമ്പ്. മകയിരം മക്കള്‍ക്ക് തിരുവാതിര ഭര്‍ത്താവിന്.

എന്റെ ഓര്‍മ്മ വിരിയുമ്പോഴേ തിരുവാതിര നോയമ്പുണ്ട്. ഭക്ഷണം കഴിക്കാന്‍ മടിച്ചിയായിരുന്ന ഞാന്‍ പട്ടിണിയിരുന്നാണ് തിരുവാതിര നോമ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അരിയാഹാരം കഴിക്കാന്‍ പാടില്ലാന്നേയുള്ളൂ. അമ്മൂമ്മ ചാമക്കഞ്ഞിയുടെ ആളാണ്. ചാമക്കഞ്ഞി കുടിക്കാത്തവര്‍ക്ക് ഗോതമ്പുകഞ്ഞി. പിന്നെ പ്രസിദ്ധമായ തിരുവാതിര പുഴുക്ക്. ഏത്തപ്പഴം പുഴുങ്ങിയതും ഉപ്പേരിയുമൊക്കെയായി കുശാല്‍.വന്‍പയര്‍,കാച്ചില്‍,ചേമ്പ്,ചേന,മധുരക്കിഴങ്ങ്,കപ്പ,ഏത്തക്കായ്, ചീവക്കിഴങ്ങ് ഇവയാണ് പുഴുക്കിന് വേണ്ടത്. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ക്ക് സ്ഥലഭേദമനുസരീച്ച് മാറ്റമുണ്ട്. വന്‍പയര്‍ വെളളത്തില്‍ കുതിര്‍ത്ത് വേവിയ്ക്കും. പിന്നെ വലിയ കലച്ചട്ടിയില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളും ഏത്തക്കായും അരിഞ്ഞതിട്ട് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പുമിട്ട് വേവിയ്ക്കും. വേവിച്ച വന്‍പയറുമിട്ട് ചെറുതായി ഒന്നുടച്ചിളക്കി തേങ്ങയും ജീരകവും ചേര്‍ത്തരച്ച് പച്ചമുളകു ചതച്ച കൂട്ടിട്ട് യോജിപ്പിച്ച് കറിവേപ്പിലയുമിട്ട് നന്നായി വെളിച്ചെണ്ണ തൂകും. ആഹാ എന്താ മണം! ആ മണത്തില്‍ രുചി നിറയും. തിരുവാതിരപ്പുഴുക്കു വയ്ക്കാന്‍ പണ്ടൊക്കെ വീടുകളില്‍ പ്രത്യേകം വലിയ കല്‍ച്ചട്ടികളുണ്ട്. അന്ന് ജീവിതം ചിട്ടപ്പെടുത്തുന്നതു തന്നെ ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും അനുസരിച്ചായിരുന്നല്ലോ.കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ചുട്ടെടുത്ത് പയറും എള്ളും കരിമ്പും തേനും നെയ്യുമൊക്കെ ചേര്‍ന്ന എട്ടങ്ങാടി നിവേദ്യത്തിന്റെ സ്വാദ്!

എന്റെ കുഞ്ഞോര്‍മ്മകളില്‍ ചില വീടുകളില്‍ നടന്ന തിരുവാതിര കളിയുടെ ചിത്രങ്ങളുണ്ട്. കല്യാണം കഴിഞ്ഞ ആദ്യ തിരുവാതിര പൂത്തിരുവാതിരയാണ്. പൂത്തിരുവാതിരയുളള വീടുകളിലാണ് തിരുവാതിരകളി നടത്തുന്നത്. എന്നാല്‍ ഞാന്‍ ഹൈസ്ക്കൂളിലെത്തിയപ്പോഴേയ്ക്കും എല്ലാ വര്‍ഷവും കുടുംബംവക മഠത്തിലായി(മാമ്പല മഠം) തിരുവാതിര കളി. കളിയറിയിച്ചുളള കുരവ മുഴങ്ങുന്നതോടെ സ്ത്രീകളും പെണ്‍കുട്ടികളും തെരക്കിട്ടിറങ്ങുകയായി. ഏതാണ്ട് എട്ടുമണിയോടെ പെണ്‍സംഘങ്ങള്‍ പലവഴികളിലായി അവിടെ സംഗമിക്കുകയായി. ചില വഴക്കാളിക്കുട്ടന്മാരല്ലാതെ തീര്‍ത്തും ആണ്‍വര്‍ഗ്ഗം ചിത്രത്തിലേ ഇല്ല. വിളക്കിനു ചുറ്റുമായി ഗണപതി സ്തുതിയോടെ കളി ആരംഭിക്കയായി. അന്ന് പ്രത്യേക വേഷവിതാനങ്ങളൊന്നുമില്ല. മുണ്ടും ബ്‌ളൗസ്സുമായിരിക്കും അമ്മമാരുടെ വേഷം. പിന്നെ ചേച്ചിമാര്‍ സാരിക്കാര്‍. കുട്ടികള്‍ പാവാടയും ബ്‌ളൗസ്സുമായിരിക്കും. ഒരു കാര്യം പറയാന്‍ മറന്നു. തിരുവാതിര രാവിലെ കളിച്ചു വന്ന് കുറിതൊടലുണ്ട്. ഇക്കുറി. ഇലയുടെ ഇട കീറി നെറ്റിയില്‍ വച്ച് ചന്ദനം തൊടും. മൂന്നുകുറിയാണ് ഭംഗിയില്‍ നെറ്റിയിലുണ്ടാവുക. കുറികളില്‍ സിന്ദൂരമോ ചാന്തോ തൊടും. വട്ടത്തില്‍ പാട്ടുപാടി കളിക്കുന്നവര്‍ക്കിടയില്‍ കളി അറിയാത്തവരും കുട്ടികളുമൊക്കെ ചൂവടു വച്ചു നീങ്ങും. അമ്മൂമ്മമാരുടെ തിരുവാതിരപ്പാട്ടങ്ങനെ നിലാവും മഞ്ഞും കടന്നു മുഴങ്ങും.

അര്‍ദ്ധരാത്രി കഴിഞ്ഞാണ് പാതിരാപ്പൂ ചൂണ്ടുന്നത്. നേരത്തെ അതിനു വേണ്ട മരക്കൊമ്പ് കൊണ്ടുവന്ന് നട്ടിരിക്കും.പാതിരാപ്പൂ ചൂടുന്നതിന് കൊടുവേലിയുടെ പൂവാണ് എടുക്കുന്നത്.
"ഒന്നാകും മതിലകത്ത് മതിലകത്ത് മതിലകത്ത്
പാല പൂത്തു പൂ വിരിഞ്ഞു
പൂ പറിക്കാന്‍ പോരുന്നുണ്ടോ പോരുന്നുണ്ടോ തോഴിമാരേ
ഞങ്ങളാരും പോരുന്നില്ലേ പോരുന്നില്ലേ............
ഇങ്ങനെ കൈകൊട്ടിപാടി ആര്‍പ്പും ബഹളവുമായി മരച്ചുവട്ടിലേയ്ക്ക്.
" ഒന്നാനാം കുന്നിന്മേല്‍
ഓരടി മണ്ണിന്മേല്‍
ഒന്നല്ലോ കന്യമാര്‍ പാല നട്ടു
പാലയ്ക്കില വന്നു പൂ വന്നു കാ വന്നു
പാലയ്ക്കു നീര്‍ കൊട് കാര്‍കുഴലി" എന്ന് പാടുമ്പോള്‍ കന്യ പെണ്ണ് നീര്‍ കൊടുക്കും. പിന്നെ മരത്തിനു ചുറ്റും ചുവടു വച്ച്...

"ഒന്നാകും ചെറുകൊട്ടാരക്കര താലിപെണ്ണെന്നോട് പൂവെരന്നു... "
കേറി സരസ്വതി പൂ പറിക്കാന്‍
ഒന്നെടുത്തമ്മ മുടിയിലും ചൂടി"

എന്നു പാടുമ്പോള്‍ മരക്കൊമ്പില്‍ നിന്ന് ഇലകളും ദശപുഷ്പവും ചൂടും. ആവേശം കൊണ്ടായിരിക്കും അമ്മുമ്മ മരത്തിന്റെ കമ്പും ഒടിച്ച് തലയില്‍ വയ്ക്കുമായിരുന്നു. അന്ന് വിധവകളുംഈ പെണ്ണുത്സവത്തില്‍ പങ്കാളികളായിരുന്നു. മുപ്പതു വയസ്സില്‍ വിധവയായ അമ്മൂമ്മയായിരുന്നു കുളിയും കുറിതൊടലും നോയമ്പും പാട്ടും കളിയുമൊക്കെയായി മുന്നില്‍.

പിന്നെ കണ്ണന്റെ നാട്ടില്‍നിന്ന് മാരാരിനാട്ടിലേയ്ക്ക്.എട്ടുദിവസങ്ങള്‍ നീണ്ടു നിക്കുന്ന ഭഗവാനേയും ദേവിയേയും ഒന്നിച്ചിരുത്തി ഉമാമഹേശ്വര പൂജ, ദിവസവുമുളള തിരുവാതിരക്കളി, മകയിരം കാവടി വരവ്, തിരുവാതിര ദിവസത്തെ ആയിരങ്ങളുടെ വിളക്കിടല്‍, എഴുന്നള്ളിപ്പ് അങ്ങനെ ആഘോഷമയം.ഇന്ന് ഞങ്ങളുടെ ഗ്രാമം മുഴുവന്‍ തിരുവാതിരക്കാരാണ്.

അമ്പലത്തിലും വേദികളിലും നിറയുന്ന ഈ തിരുവാതിരയെക്കാള്‍ എനിക്കിഷ്ടം എന്റെ പഴയ ആ തിരുവാതിരക്കാലമാണ്. ആ ഓര്‍മ്മകള്‍ക്ക് അമ്മമണമുണ്ട്., അമ്മൂമ്മമണമുണ്ട്. എനിക്ക് തിരുവാതിര പരമശിവന്റെ പിറന്നാള്‍ ദിനമോ പ്രണയദിനമോ ഒന്നുമല്ല. പെണ്ണുത്സവത്തിന്റെ മേളം. സ്വാതന്ത്ര്യത്തിന്റെ പൊട്ടിച്ചിരികളുടെ രാത്രി സ്വന്തമാക്കലിന്റെ ദിനം.

ഇന്നിപ്പോള്‍ ഈ തിരുവാതിരക്കാലത്ത് ജന്മനാടും ഭര്‍ത്തൃനാടും വിട്ടകലെ ഇവിടെ ശിവങ്കുന്നിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ ആതിര നിലാവു വിരിയുന്നു. മഞ്ഞില്‍ കുളിര്‍ന്ന് ആ നിലാവില്‍ ഞാന്‍ പൂക്കുന്നു. ഒഴുകി വരുന്ന കാറ്റ് തിരുവാതിരപ്പാട്ട് മൂളുന്നു.
Join WhatsApp News
P R Girish Nair 2018-12-22 02:27:00
തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്.  മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. വളരെ നന്നായി എഴുതിയിരിക്കുന്നു.  കുറച്ചു സമയത്തേക്കെങ്കിലും നമ്മുടെ  ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എഴുത്തുകാരിക്ക്  സാധിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക