Image

പിതാവിന്റെ പീഡനത്തിന് ഇരയായി ചികിത്സയില്‍ കഴിഞ്ഞ പിഞ്ചുകുഞ്ഞ് മരിച്ചു

Published on 11 April, 2012
പിതാവിന്റെ പീഡനത്തിന് ഇരയായി ചികിത്സയില്‍ കഴിഞ്ഞ പിഞ്ചുകുഞ്ഞ് മരിച്ചു
ബാംഗളൂര്‍: പെണ്‍കുട്ടിയായതിന്റെ പേരില്‍ പിതാവിന്റെ ക്രൂരപീഡനത്തിന് ഇരയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മൂന്ന് മാസം പ്രായമുള്ള അഫ്രീന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ബാംഗളൂരിലെ വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രീന്‍ രാവിലെ 11 മണിയോടെയാണ് മരിച്ചത്. 10.40 ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായി. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടിക്ക് ആന്തരീക രക്തസ്രാവവും അപസ്മാരവും ഉണ്ടായിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കി. രാവിലെ അഫ്രീന്‍ അര്‍ധകോമാവസ്ഥയില്‍ എത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ രണ്ട് തവണ അപസ്മാരം ഉണ്ടായതായും ഇതാണ് കുട്ടിയുടെ നില വഷളാക്കിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലായിരുന്ന അഫ്രീന്‍ മിനുട്ടില്‍ 30 മുതല്‍ 40 വരെ തവണയായിരുന്നു ശ്വാസോച്ഛ്വാസം ചെയ്തിരുന്നത്. സാധാരണ നിലയില്‍ ഇത് 20 മുതല്‍ 25 വരെയാണ്. ഹൃദയസ്പന്ദന നിരക്കുയര്‍ന്നതും ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ വെല്ലുവിളിയായി.

നാല് ദിവസം മുന്‍പാണ് അഫ്രീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയായതിന്റെ പേരില്‍ പിതാവ് ഉമര്‍ ഫറൂഖിനുണ്ടായ ഇഷ്ടക്കേടാണ് അഫ്രീന്റെ മരണത്തിന് വഴിവെച്ചത്. അമ്മ വീട്ടില്‍ ഇല്ലാതിരുന്ന തക്കത്തിന് ഉമര്‍ അഫ്രീനെ ക്രൂരമായി മര്‍ദ്ദിക്കുകയും സിഗരറ്റ് വെച്ച് പൊള്ളിക്കുകയുമായിരുന്നു. കുട്ടിയുടെ തലയില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു. കഴുത്ത് സ്ഥാനം തെറ്റിയ നിലയിലുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഉമര്‍ ഫറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്ക് ഒരു പെണ്‍കുട്ടി വേണ്ടായിരുന്നെന്നും അതിനാലാണ് കുട്ടിയെ കൊല്ലാന്‍ നോക്കിയതെന്നും ഇയാള്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതവും നടത്തിയിരുന്നു. രേഷ്മ ഭാനുവാണ് അഫ്രീന്റെ അമ്മ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക