Image

നിന്നുതിരിയാനിടമില്ലാത്ത വിമാന ടോയ്‌ലറ്റുകള്‍ (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 22 December, 2018
നിന്നുതിരിയാനിടമില്ലാത്ത വിമാന ടോയ്‌ലറ്റുകള്‍ (ജോര്‍ജ് തുമ്പയില്‍)
ഇക്കഴിഞ്ഞയിടെ യുണൈറ്റഡ് എയര്‍ലൈന്‍സിലും അമേരിക്കന്‍ എയര്‍ലൈന്‍സിലും യാത്ര ചെയ്യാനിടയായതാണ് ഈ കുറിപ്പിനാധാരം. പരമാവധി യാത്രക്കാര്‍ക്ക് ഇടമൊരുക്കി ലാഭം കൊയ്യുക എന്ന ലക്ഷ്യത്തിലേക്ക് എയര്‍ലൈനുകള്‍ നീങ്ങുമ്പോള്‍ യാത്രക്കാര്‍ക്കാണ് ദുരിതം. ഭസ്‌പേസ് സേവിംഗ് ഗെയിമി'ലൂടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ എയര്‍ ലൈനുകള്‍ തീരുമാനിച്ചിരിക്കെ അമേരിക്കയിലെ വിമാനയാത്ര എന്നത് ഇന്ന് ഇഞ്ചുകളുടെ ഗെയിം ആയിരിക്കുന്നു എന്നു പറയണം. 

സീറ്റുകള്‍ ചെറുതാക്കിയും ലെഗ് റൂം പരമാവധി ഞെരുക്കിയെടുത്തും സ്‌പേസ് സേവിംഗില്‍ എയര്‍ലൈനുകള്‍ പരസ്പരം മല്‍സരിക്കുമ്പോള്‍, ഒരു സുഹൃത്ത് തമാശയായി പറഞ്ഞതാണെങ്കിലും കിം കര്‍ദേഷിയാന്റെ അരക്കെട്ടിന്റെയത്ര പോലുമില്ലാത്ത ഇടുങ്ങിയ ബാത്‌റൂമുകളില്‍ നേരേചൊവ്വേ നില്‍ക്കാന്‍ പോലുമാകാതെ യാത്രക്കാര്‍ ഞെരുങ്ങുകയാണ്, കൃശഗാത്രനായ ലേഖകന്‍ ഞെരുങ്ങിയതാണ്. 

കൂട്ട് യാത്രക്കാരന്‍ അഞ്ച് അടി എട്ട് ഇഞ്ചുള്ള ഓതറക്കാരന്‍ തോമസ് ജോണിന് ചെറിയ മനുഷ്യരുടെ ലോകത്ത് എത്തിപ്പെട്ട ഗളിവറുടേത് പോലൊരു ഫീലിംഗ് മുമ്പൊരിക്കലും തോന്നിയിരുന്നില്ല, കഴിഞ്ഞ ദിവസം ഡാളസില്‍ നിന്ന് ന്യൂ വാര്‍ക്കിലേക്കുള്ള ഫ്‌ളൈറ്റിലെ ബാത്‌റൂമില്‍ കയറും വരെ. തനിക്കെന്തു പറ്റി, വാതിലിലൂടെ കയറാനാകാത്ത വിധം പെട്ടന്ന് വണ്ണം കൂടി പോയോ എന്ന് ഞെങ്ങി ഞെരുങ്ങി അകത്തുകയറി ചെരിഞ്ഞും കുനിഞ്ഞുനിന്നും പ്രയാസപ്പെട്ട് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹം ചിന്തിച്ചു. ഷോള്‍ഡറും തലയും ഭിത്തിയില്‍ ഇടിക്കാതിരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
അമേരിക്കന്‍, ഡല്‍റ്റാ, യുണൈറ്റഡ് എയര്‍ലൈനുകളുടെ പുതിയ പ്ലെയിനുകളിലെ ബാത്‌റൂമുകള്‍ക്ക് 24 ഇഞ്ച് മാത്രമാണ് വിസ്തൃതി. ബാത്‌റൂമുകള്‍ ഇത്തരത്തില്‍ ഇടം കുറച്ച് സജ്ജീകരിക്കുന്നതിലൂടെ ആറ് യാത്രക്കാര്‍ക്ക് കൂടി യാത്രയ്ക്ക് ഇടം ലഭിക്കുന്നു എന്ന് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു. 

അടുത്തിടെ ഫ്‌ളോറിഡയിലേക്കുള്ള ഫ്‌ളൈറ്റിലെ ബാത്‌റൂമില്‍ കയറിയ കോട്ടയംകാരന്‍ രാജു പറയുന്നു അല്‍പം കൂടി വണ്ണവും നീളവും ഉണ്ടായിരുന്നെങ്കില്‍ താന്‍ പെട്ടുപോയേനെ എന്ന്. 

പ്‌ളെയിനുകളിലെ പേഴ്‌സണല്‍ സ്‌പേസ് കുറയ്ക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇതാദ്യമൊന്നുമല്ല. പതിനെട്ട് ഇഞ്ച് വിസ്താരമുണ്ടായിരുന്ന സീറ്റുകളുടെ വലിപ്പം ഇന്ന് ഒന്നരഇഞ്ചോളം കുറഞ്ഞു. സീറ്റ് നിരകള്‍ക്കിടയിലെ അകലം 35 ഇഞ്ച് എന്നതില്‍ നിന്ന് 31 ആയി. ചില എയര്‍ലൈനുകളില്‍ ഈ അകലം 28 ഇഞ്ച് മാത്രമാണ്. 
ചെറുതെങ്കിലും പുള്‍ഡൗണ്‍ ചേഞ്ചിംഗ് ടേബിളുകളടക്കം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട് ബാത്‌റൂമുകളില്‍. എന്നാല്‍ കരയുന്ന കുഞ്ഞിനെ കൈയിലേന്തിയ മുതിര്‍ന്ന ഒരു വ്യക്തിയും ഡയപ്പര്‍ ബാഗുമടക്കം ഇത്തിരിപ്പോന്ന ഈ ഇടത്ത് എങ്ങനെ നില്‍ക്കുമെന്നും ഡയപ്പര്‍ മാറ്റുമെന്നും അറിയില്ലന്നു പറയുന്നു നാഷണല്‍ കണ്‍സ്യുമേഴ്‌സ് ലീഗിലെ ജോണ്‍ ബ്രയാള്‍ട്ട്.

രാജ്യത്തിന്റെ എയര്‍സ്‌പേസിന് ഇത്ര ഫ്‌ളൈറ്റുകളേ ഒരു ദിവസം അനുവദിക്കാനാവൂ എന്നിരിക്കെ അനുവദിക്കപ്പെട്ട ഫ്‌ളൈറ്റുകളില്‍ പരമാവധി ആളെ കയറ്റി ലാഭമുണ്ടാക്കാനാണ് എയര്‍ലൈനുകളുടെ ശ്രമം. അവിടെയും ഇവിടെയുമായി കുറച്ച് ഇഞ്ചുകള്‍ ലാഭിക്കാനായാല്‍ അത് വലിയ ലാഭത്തിലേക്ക് വഴിതെളിയും. അമേരിക്കന്‍ എയര്‍ലൈനിലടക്കം പുതുതായി ചേര്‍ക്കപ്പെടുന്ന ഓരോ സീറ്റും വര്‍ഷത്തില്‍ 400,000 ഡോളര്‍ അഡീഷണലായി നേടികൊടുക്കുമെന്ന് പറയുന്നു ട്രോണോസ് കണ്‍സല്‍ട്ടിംഗ് മാനേജിംഗ് ഓഫിസര്‍ ഗാരി വെയ്‌സല്‍. 

പ്ലെയിനിന്റെ ബാത്‌റൂമില്‍ മുമ്പൊക്കെ മേക്ക് അപ് ചെയ്യാന്‍ പോലുമുള്ളത്ര സ്ഥലമുണ്ടായിരുന്നു എന്നു പറയുന്നു കോട്ടയത്തുനിന്നും വര്‍ഷങ്ങളായി ഇവിടെ സെറ്റിലായ ജയിംസ് ജോര്‍ജ്. 

അഡ്വാന്‍സ്ഡ് സ്‌പേസ് വെല്‍ ലവേറ്ററീസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ആറ് യാത്രക്കാര്‍ക്ക് അധികമായി ഇടം ലഭിക്കുമെന്ന് പറയുന്നു, ബോയിംഗ് 737നുവേണ്ടി ബാത്‌റൂമുകള്‍ നിര്‍മിച്ച് നല്‍കുന്ന റോക് വെല്‍ കോളിന്‍സ് കമ്പനിയുടെ വെബ് സൈറ്റ്. 
സ്‌പേസ് കുറക്കാന്‍ എയര്‍ലൈനുകള്‍ മല്‍സരിക്കുമ്പോള്‍ ശരാശരി അമേരിക്കന്‍ പൗരന്റെ ഭാരം 196 പൗണ്ടായി വര്‍ധിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഡിസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററുകളുടെ കണക്കുകള്‍ ഇത് അടിവരയിട്ടു പറയുന്നു. ഇതേപോലെ തന്നെ അമേരിക്കന്‍ വനിതകളുടെ ശരാശരി ഭാരം മുമ്പുണ്ടായിരുന്ന 147 പൗണ്ടിനെ അപേക്ഷിച്ച് 166 പൗണ്ടായും വര്‍ധിച്ചിരിക്കുന്നു. 
79 മില്യണോളം അമേരിക്കക്കാരും അതായത് ജനസംഖ്യയുടെ 35 ശതമാനം പേരും പൊണ്ണത്തടിയന്‍മാരായി മാറിക്കൊണ്ടിരിക്കുന്നു എന്നുകൂടി അറിയുക. 
അപ്പോള്‍ അതാണ് കാര്യം. പ്രശ്‌നം ടോയ്‌ലറ്റിന്റേതല്ല, അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റേതാണ്, ഞാന്‍ സുല്ലിടുന്നു.

നിന്നുതിരിയാനിടമില്ലാത്ത വിമാന ടോയ്‌ലറ്റുകള്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Jack Daniel 2018-12-22 18:02:48
വീട്ടീന്ന് വയറൊക്കെ നാന്നായി ഇളക്കീട്ട് പ്ലെയിനിൽ കേറിയാൽ മതി . ചിലവന്മാർ പ്ലെയിനിൽ കേറിയാൽ ഉടനെ തുടങ്ങും വെള്ളം അടി - ഫ്രീ അല്ലെ .എന്നിട്ട് പോയി ടോയിലറ്റിൽ ഇരിക്കും . അപ്പോൾ അൽപ്പം വിസ്താരം  കൂടി കൂട്ടിയാലത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ . അതിനകത്തവൻ കിടന്ന് വേണ്ടിവന്നാൽ അവൻ ഉറങ്ങും . ഇവനോക്കെ കേറിയാൽ ഉടനെ പുറത്തു ചാടാത്തതക്ക രീതിയിൽ അത് ഒന്ന് കൂടി ചെറുതാക്കണം 



CID Moosa 2018-12-22 19:21:14
എന്തൊക്കെ പരിപാടികളാണ് ഓരോ അവന്മാർക്ക് പ്ലെയിനിൽ കയറിയാൽ . ഒരുത്തൻ പുകവലിച്ചതു കാരണം പ്ലെയ്ൻ മൂന്ന് മണിക്കൂർ വൈകി . ഒരു ഇന്ത്യക്കാരൻ അടുത്തിരുന്നു ഉറങ്ങിക്കൊണ്ടിരുന്ന സ്ത്രീയുടെ പാന്റ്സ് അഴിച്ച് കയ്യിട്ട് അവളുടെ ഗുഹ്യ ഭാഗത്ത് കയ്യിട്ടത്തിന് ഒൻപത് വർഷം തടവ് .അമേരിക്കയിൽ ആയിരുന്നെങ്കിൽ അവനിപ്പോൾ പ്രസിഡണ്ടാകാമായിരുന്നു . ഇപ്പോൾ ചേട്ടൻ പറയുന്നു കക്കൂസ് വലുതാക്കണമെന്ന്  . എന്നാൽ പിന്നെ പറയേം വേണ്ട ഉറങ്ങിക്കൊണ്ടിരിക്കുന്ന പെണ്ണിനെ പൊക്കി എടുത്തു കക്കൂസിൽ പോകും . കക്കൂസ് ഇപ്പോള്തഴത്തെപ്പോലെ ഇരുന്നാൽ മതി. 

പറക്കും തളിക എയർ ലൈൻസ് 2018-12-23 00:05:22
ഇപ്പോൾ ടോയ്ലറ്റ് വലുതാക്കാൻ പറയും . പിന്നെ പറയും ഇരിക്കുന്ന സീറ്റ് കിടക്കാൻ തക്കവണ്ണം നിവർത്താൻ പറയും . അങ്ങനെ പല ആഗ്രഹങ്ങളും തോന്നും എന്നാൽ സാറേ ഞങ്ങൾ ഇത് കാശുണ്ടാക്കാൻ വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത് .  എല്ലാം സൗകര്യങ്ങളും ഞങ്ങൾ കുറച്ചു കൊണ്ടുവന്ന് ശ്വാസം മുട്ടിക്കും. അങ്ങനെ ശ്വാസം മുട്ടിക്കുമ്പോൾ നിങ്ങൾ ഫസ്റ്റ് ക്ലാസ്സിന് ബുക്ക് ചെയ്യും .  ഫസ്റ്റ് ക്ലാസ്സിൽ എല്ലാം ഉണ്ട് . കട്ടിലേന്ന് ഇറങ്ങുകയും വേണ്ട കയ്യ് കഴുകയും വേണ്ട. ഒന്നും രണ്ടും അവിടിരുന്നു കൊണ്ട് സാധിക്കാം .  അതാണ് ഞങ്ങളുട ബിസിനസ്സ് ടാക്ടിക്ക്സ് .  നിങ്ങളെ സുഖിപ്പിക്കാനല്ല ഇതിന് ഇറങ്ങി തിരിച്ചത്.  ഞങ്ങളുടെ അടുത്ത ഇമ്പ്രോവെമെന്റ്,ഇക്കോണമി ക്ലാസ്കാർക്ക് ഓരോ പ്ലാസ്റ്റിക്ക് കൂട് കൊടുക്കും . ടോയ്‌ലെറ്റ് എടുത്ത് മാറ്റി അവിടെ ഒരു സീറ്റ് ഇടാൻ പോകയാണ് . അതുകൊണ്ട് അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഒന്നാം ക്ലാസിൽ സഞ്ചരിക്കുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക