Image

പശുവിനെ കടത്തിയെന്ന്‌ ആരോപിച്ച്‌ രണ്ട്‌ പേരെ മരത്തില്‍ കെട്ടിത്തൂക്കിയ കേസ്‌: എട്ട്‌ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം

Published on 22 December, 2018
പശുവിനെ കടത്തിയെന്ന്‌ ആരോപിച്ച്‌ രണ്ട്‌ പേരെ മരത്തില്‍ കെട്ടിത്തൂക്കിയ കേസ്‌: എട്ട്‌ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം


ഝാര്‍ഖണ്ഡിലെ ലെറ്റഹാര്‍ ജില്ലയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച്‌ 12 കാരനടക്കം രണ്ട്‌ പേരെ അടിച്ചു കൊന്ന്‌ മരത്തില്‍ കെട്ടിത്തൂക്കിയ കേസില്‍ എട്ട്‌ രക്ഷാ പ്രവര്‍ത്തകര്‍ക്ക്‌ ജില്ലാ കോടതി ജീവപര്യന്തം തടവ്‌ വിധിച്ചു. 2016 മാര്‍ച്ചിലാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌. പശുക്കച്ചവടം നടത്തിയിരുന്ന മസ്ലൂം അന്‍സാരി, ഇംതിയാസ്‌ ഖാന്‍ എന്നിവരെയാണ്‌ എട്ട്‌ പേരടങ്ങിയ സംഘം അടിച്ചുകൊന്ന്‌ മരത്തില്‍ കെട്ടിത്തൂക്കിയത്‌.

അരുണ്‍ സൗ, അവധേഷ്‌ സാഹു, മനോജ്‌ സൗ, മനോജ്‌ കുമാര്‍ സാഹു, മിത്‌ലേഷ്‌ പ്രസാദ്‌ സാഹു, പ്രമോദ്‌ സാഹു, വിശാല്‍ തിവാരി, സഹദേവ്‌ സോണി എന്നിവരെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തി തടവ്‌ ശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. ഗോ സംരക്ഷണ സേനയുടെ സജീവ പ്രവര്‍ത്തകരായിരുന്നു ഇവര്‍.

എട്ടോളം പോത്തുകളുമായി വെള്ളിയാഴ്‌ച രാവിലെ ചന്തയിലേക്ക്‌ പോകുകയായിരുന്ന അന്‍സാരിയെയും ഇംതിയാസിനെയും വഴിയില്‍ വെച്ച്‌ തടഞ്ഞ സംഘം കൈകള്‍ പിറകില്‍ കെട്ടിയ ശേഷം അടുത്തുള്ള മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു.

ഇവരുടെ വായും തുണികൊണ്ട്‌ കെട്ടിവച്ച നിലയിലായിരുന്നു. ദൃക്‌സാക്ഷി മൊഴിയെ തുടര്‍ന്ന്‌ ആദ്യം അറസ്റ്റ്‌ ചെയ്‌ത അഞ്ച്‌ പേരുടെ കുറ്റസമ്മത മൊഴിയിലാണ്‌ ഗോ സംരക്ഷണമെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്‌ വധശിക്ഷയെന്ന്‌ പ്രതികള്‍ പറഞ്ഞിരുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക