Image

മനിതികള്‍ തിരിച്ചോടിയപ്പോള്‍ ഒളിച്ചോടിയത് ഇന്ത്യന്‍ ജനാധിപത്യമാണ്

കലാകൃഷ്ണന്‍ Published on 23 December, 2018
മനിതികള്‍ തിരിച്ചോടിയപ്പോള്‍ ഒളിച്ചോടിയത് ഇന്ത്യന്‍ ജനാധിപത്യമാണ്
വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം. പക്ഷെ ഒരു സ്വത്രന്ത്ര്യ രാജ്യത്ത് ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസവും. ഒരുപാട് വിശ്വാസങ്ങളെ വലിച്ചെറിഞ്ഞും മറികടന്നുമാണ് ഇന്ത്യന്‍ സമൂഹം ഇതുവരെയും മുമ്പോട്ടു പോയത്. ഇനിയും മുമ്പോട്ടു പോകാന്‍ പോകുന്നതും. അത് ഭാവിയാണ്. ഭാവിയില്‍ തെറ്റായ വിശ്വാസങ്ങള്‍ തിരുത്തപ്പെടുക തന്നെ ചെയ്യും. 
ഇനി വര്‍ത്തമാനകാലത്തിലേക്ക് വരാം. ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മനിതി സംഘം തീവ്രവിശ്വാസ സംരക്ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചോടുകയുണ്ടായി. അവര്‍ തിരിച്ചോടിയപ്പോള്‍ ഒളിച്ചോടേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടിയാണ്. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ മനുസ്മൃതിക്ക് മുമ്പില്‍ ഭരണഘടനയും ബ്രഹ്മണിക്കല്‍ സാംസ്കാരിക ആധിപത്യത്തിന് മുമ്പില്‍ ജനാധിപത്യവും ശബരിമലയില്‍ തോല്‍ക്കുകയായിരുന്നു. 
ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണം, അസമത്വം പാടില്ല എന്ന് രാജ്യത്തെ പരമോന്നത നീതി പീഠം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ മുന്‍നിര്‍ത്തി വിധി പറഞ്ഞപ്പോള്‍ മുതല്‍ അതാണ് ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ രാജ്യത്തെ നിയമം. ആ നിയമമാണ് മനുസ്മൃതിക്ക് മുമ്പില്‍ തോല്‍ക്കുന്നത്.
 യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന് വിധി പറയുന്നതിന് മുമ്പ് എന്തുകൊണ്ട് ശബരിമലയില്‍ സ്ത്രീകളെ പ്രത്യേകമായി അകറ്റിനിര്‍ത്തണം എന്നത് വേണ്ടുവിധം സുപ്രീം കോടതി പരിശോധിച്ചതാണ്. ശബരിമലയിലെ വിശ്വാസി സമൂഹം കര്‍ണാടകയിലെ ലിംഗായത്തുകളെപ്പോലെയൊന്നും ഒരു പ്രത്യേക ആചാരസമൂഹമല്ല എന്നതിനാല്‍ ശബരിമല ഒരു പൊതുക്ഷേത്രമെന്നതിനാല്‍ സ്ത്രീകള്‍ക്കുള്ള വിവേചനം തീര്‍ച്ചയായും കാലഹരണപ്പെടേണ്ടതാണ് എന്ന ബോധ്യത്താല്‍ സുപ്രീം കോടതി വിധി ഉണ്ടായി എന്നാണ് മനസിലാക്കേണ്ടത്. 
എന്നാല്‍ വിധിക്കെതിരെ നില്‍ക്കുന്നവര്‍ പ്രധാനമായും ആരാണ്. 
1 ശബരിമലയിലെ തന്ത്രി കുടുംബം
2 തന്ത്രികുടുംബത്തിലെ പ്രധാനികള്‍ അംഗീകരിക്കുന്നില്ല എങ്കിലും തന്ത്രികുടുംബത്തിന്‍റെ ബ്രാന്‍ഡിംഗില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍
3 പന്തളം രാജ കുടുംബം
4 ബിജെപി. 
5 കോണ്‍ഗ്രസ് 
6 ശബരിമലയിലെ വിശ്വാസങ്ങള്‍ തുടര്‍ന്നു വരുന്ന അനേകായിരം സാധാരണ വിശ്വാസികള്‍. 
ഇതില്‍ ആറാമത്തെ വിഭാഗമെന്നത് എല്ലാകാലത്തുമുള്ള ദൈവവിശ്വാസി സമൂഹമാണ്. നിരവധി ആചാരങ്ങളെയും അനാചാരങ്ങളെയും പലവിധ വിശ്വാസങ്ങളുടെ പേരില്‍ പലകാലത്തും ആചരിച്ചു പോന്നവര്‍. എന്നാല്‍ പലകാലത്തുമായി ഇവര്‍ തിരുത്തപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തു പോരുന്നു എന്നത് ചരിത്രം. അങ്ങനെയാണ് സമസ്ത ജാതികള്‍ക്കും ക്ഷേത്രപ്രവേശനം തന്നെ കേരളത്തില്‍ സാധ്യമായത്. 
എന്നാല്‍ അതിന് മുകളില്‍ പറഞ്ഞവര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ബിജെപിക്ക് ഹിന്ദു ധ്രൂവീകരണത്തിന്‍റെ രാഷ്ട്രീയം. അതുവഴി കേരളത്തില്‍ ഒരിടം നേടാനുള്ള അവസരം തേടല്‍. കോണ്‍ഗ്രസിന് നിലനില്‍പ്പിന്‍റെ രാഷ്ട്രീയം. 
തന്ത്രി കുടുംബത്തിന് ഒരു ആചാരം ലംഘിക്കപ്പെട്ടാല്‍ അത് പിന്നെ തുടര്‍ച്ചയാകുമോ എന്ന ഭയം. അവസാനം കാനനക്ഷേത്രമായ ശബരിമല അതിന്‍റെ യഥാര്‍ഥ അവകാശികളായ മലയരയര്‍ക്ക് വിട്ടു കൊടുക്കേണ്ടി വരുമോ എന്ന ഭയം. രാഹുല്‍ ഈശ്വറിനും മേല്‍പ്പറഞ്ഞതും വയറ്റിപ്പിഴപ്പും കൂടെ ചേര്‍ന്ന അസ്ഥിത്വ പ്രതിസന്ധി. ബ്രാഹ്മണിക്കല്‍ പ്രാട്രിയാര്‍ക്കി ചോദ്യം ചെയ്യപ്പെടുന്നതിന്‍റെ രോഷം. 
പന്തളം രാജകുടുംബത്തിന് ബ്രാഹ്മണ്യം ചോദ്യം ചെയ്യപ്പെടുന്നതിന്‍റെ ആത്മരോഷം. 
മനിതി സംഘം ശബരിമലയിലേക്ക് വന്നപ്പോള്‍ പന്തളം രാജകുടുംബത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ തന്ത്രിയെ വിളിച്ചു പറഞ്ഞുവത്രേ, ആചാര ലംഘനം നടന്നാല്‍ നടയടച്ച് താക്കോല്‍ രാജകുടുംബത്തില്‍ ഏല്‍പ്പിക്കണമെന്ന്. എന്തൊരു ബ്രാഹ്മണിക്കല്‍ അഹന്തയാണത്. ആ ബ്രാഹ്മണ്യത്തിന്‍റെ കൈയ്യൂക്കിലാണ് യുവതികളെയും പോലീസിനെയും ആട്ടിപ്പായിക്കാന്‍ ഹിന്ദുത്വ പ്രതിഷേധക്കാര്‍ക്ക് ഇന്ധനം ലഭിക്കുന്നത്. 
ഇന്ത്യന്‍ ഭരണഘടനയ്ക്കും മുകളിലാണ് സത്യത്തില്‍ ബ്രാഹ്മണ്യത്തിന്‍റെ അധീശത്വം ഇപ്പോഴുമുള്ളത് എന്നതിന് ശബരിമല സാക്ഷ്യമാകുകയാണ്. അല്ലെങ്കില്‍ സുപ്രീം കോടതി വിധി പറഞ്ഞിട്ടും ഒരു ബ്രാഹ്മണന്‍റെ ആഹ്വാനം കൊണ്ട് ആയിരങ്ങള്‍ തെരുവില്‍ ദൈവത്തിന് വേണ്ടി പോരാടന്‍ എങ്ങനെ ഇറങ്ങി വരുന്നു. ഭരണകുടവും പോലീസും അവര്‍ക്ക് മുമ്പില്‍ എങ്ങനെ പകച്ചു നില്‍ക്കുന്നു. അതെ, ബ്രാഹ്മണ്യം നടത്തുന്ന ഫാസിസമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വേര്  അറുക്കുന്നത്. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്‍റെ മതില്‍ കെട്ടി ബ്രാഹ്മണ്യ ഫാസിസത്തെ ചെറുക്കേണ്ടത് കാലത്തിന്‍റെ അനിവാര്യതയാകുന്നു
Join WhatsApp News
Sudhir Panikkaveetil 2018-12-23 16:34:42
ശ്രീ അയ്യപ്പന് ഒന്നും ചെയ്യാൻ സാധിക്കില്ലേ?
അങ്ങേർക്ക് വേണ്ടിയല്ലേ ഒരു വിഭാഗം കലഹം 
കൂട്ടുന്നതും ഒരു കൂട്ടം വേണ്ടാന്നു പറഞ്ഞിട്ടും 
നാണമില്ലാതെ അങ്ങേരെ കാണാൻ പോകുന്നതും.
ശ്രീ അയ്യപ്പൻ ദൈവമാണെങ്കിൽ എന്തെങ്കിലുമൊക്കെ 
ചെയ്യണ്ടെ . ഇതിപ്പോൾ ഗുണ്ടകളുടെ 
അഴിഞ്ഞാട്ടമാണല്ലോ? അവർ ജയിക്കുന്നു.
 അപ്പോൾ ആർക്ക് ശക്തി.
കലി കാല വൈഭവം.!!
എൽദോ ബേസിൽ 2018-12-23 18:01:34
ശ്രി സുധീറിരോട് യോജിക്കുന്നു. കണ്ണ് തുറക്കാത്ത ദൈവങ്ങളെ കരയാനറിയാത്ത ചിരിക്കാനറിയാത്ത ...., എന്ന് പാടിയത് എത്രയോ ശരി. ശബരിമലയിൽ അങ്ങിനെ ഇങ്ങു കോതമംഗലത്തു വിളിച്ചാൽ വിളിച്ചാൽ വിളി കേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മഹാ പരിശുദ്ധൻ ഞങ്ങളുടെ സാക്ഷാൽ ബസേലിയോസ് ബാവായുടെ ഖബറിനെ ചൊല്ലിയാണ് മണ്ണെണ്ണയും തീപ്പെട്ടിയും ആയി ഞങ്ങളുടെ പെണ്ണുങ്ങൾ ഇറങ്ങിയിരിക്കുന്നത്. മണ്ണെണ്ണ ഒഴിച്ച് കത്തി എഴുപതു ശതമാനം പൊള്ളലേറ്റു വാഴ ഇലയിൽ കിടക്കുമ്പോഴും മുകളിൽ നിന്നും ചാടി ചാവാതെ നടുവൊടിഞ്ഞ കിടക്കുമ്പോഴും ഒന്ന് സമാധാനിക്കാം ബാവക്കു വേണ്ടിയാണല്ലോ അത് ചെയ്തത് എന്ന് . അങ്ങിനെ കുഞ്ഞാടുകൾ കിടക്കുമ്പോൾ രണ്ടു കോടിയുടെ ആഡംബരക്കാരിൽ ആത്മീയ പിതാക്കൻമാർ ഒരു പക്ഷെ അവരോടൊപ്പം സെൽഫി എടുക്കാനെത്തും എന്നിട്ടു പ്രാർത്ഥിക്കും എൽദോ ബാവയുടെ കരുണകൊണ്ടു ഇത്രയും അല്ലെ പറ്റിയുള്ളൂ. ബാവായുടെ അനുഗ്രഹം തുടർന്നും നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങൾ അപേക്ഷിക്കുന്നു ആമേൻ      
pichum peyum 2018-12-24 09:02:22
Kurachu pottanmar sabarimalayil pekkuthu kanikkunnu. Ethu kandu lokam chirikkunnu!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക