Image

ഹര്‍ത്താലില്ലാത്ത കേരളം (മുരളി തുമ്മാരുകുടി)

Published on 23 December, 2018
ഹര്‍ത്താലില്ലാത്ത കേരളം (മുരളി തുമ്മാരുകുടി)
ഹര്‍ത്താലിനെതിരെ വാഹനങ്ങളുടെ ലൈറ്റ് തെളിക്കുന്ന ഒരു സമരം നാളെ കേരളത്തില്‍ നടക്കുകയാണ്. നല്ല കാര്യം. നട്ടുച്ചക്ക് ലൈറ്റ് തെളിച്ചാലെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ശ്രദ്ധിക്കുമോ എന്ന് നോക്കാം.

ആര്‍ക്കും എപ്പോഴും എവിടെയും എടുത്തു പ്രയോഗിക്കാവുന്ന ഒരു പരിപാടിയായി ഹര്‍ത്താല്‍ മാറിക്കഴിഞ്ഞു. കേരളം അപ്പാടേയും കുറച്ചു പ്രദേശത്തും ഒക്കെയായി എണ്‍പത്തേഴ് ഹര്‍ത്താല്‍ ഈ വര്‍ഷം ഉണ്ടായി എന്ന് എവിടെയോ വായിച്ചു. ആഴ്ചയില്‍ ഒന്നില്‍ കൂടുതലായി ഇത്. നിപ്പയും [പ്രളയവും ഒക്കെ കാരണം ബിസിനസ്സ് ഒക്കെ ഡൌണ്‍ ആയിരിക്കുന്ന സമയം ആണിത്, ആളുകളുടെ തൊഴില്‍ ഏറെ നഷ്ടപ്പെട്ട സമയവും. എന്നാലും ഏത് നിസ്സാര കാര്യത്തിനും സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു.

ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അതെന്തിനാണൊ പ്രഖ്യാപിച്ചത് ആ വിഷയത്തില്‍ പിന്നെ ആര്‍ക്കും ശ്രദ്ധയില്ല.ഹര്‍ത്താല്‍ നടത്തി ഇവിടെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടും ഇല്ല. ഹര്‍ത്താല്‍ ദിവസം പരമാവധി ആളുകളുടെ ജീവിതം സ്തംഭിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ ഓടിയില്ലെങ്കില്‍, കടകള്‍ അടച്ചു കിടന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഓടിയില്ലെങ്കില്‍ ഹര്‍ത്താല്‍ 'ലക്ഷ്യം കണ്ടു' എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടു തന്നെ ബസിന് കല്ലെറിഞ്ഞും കടകള്‍ നിര്‍ബന്ധമായും അടപ്പിച്ചും ആശുപത്രിയില്‍ പോകുന്നവരുടെ പോലും വണ്ടിയുടെ കാറ്റഴിച്ചുവിട്ടും സമരം വിജയപ്പിക്കാന്‍ നോക്കുന്നു. ഇതെന്ത് ജനാധിപത്യം ആണ് ?

ഈ സ്ഥിതി മാറിയേ പറ്റൂ. നമ്മുടെ ജീവിതത്തെ നിര്‍ബന്ധമായി സ്തംഭിപ്പിപ്പിക്കുന്ന ഒരു സമരവും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല, അംഗീകരിക്കേണ്ടതും അല്ല. പക്ഷെ സമരകാരണങ്ങളോടുള്ള അനുഭവം അല്ല സമരത്തിനെതിരെ എന്തെങ്കിലും ചെയ്താല്‍ ഉണ്ടാകുന്ന ആപത്തുകളും നഷ്ടവും ഓര്‍ത്തിട്ടാണ് ആളുകള്‍ അന്ന് സ്വന്തം തൊഴില്‍ മുടക്കുന്നത്.

എത്ര വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാകുന്നതെന്ന് നമ്മള്‍ ചിന്തിക്കുന്നില്ല. നമ്മുടെ ടൂറിസം ഇപ്പോള്‍ തന്നെ ശ്രീലങ്കയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, എന്നും എവിടെയും ഹര്‍ത്താല്‍ പൊട്ടിപ്പുറപ്പെടാന്‍ പറ്റുന്ന നാട്ടിലേക്ക് ആരാണ് ടൂറിസ്റ്റ് ആയി വരാന്‍ പോകുന്നത് ?, ഹര്‍ത്താലുകളില്‍ പെട്ട് ചീഞ്ഞുപോകുന്ന പച്ചക്കറിക്ക് ആരാണ് ഉത്തരം പറയുന്നത്, ഹര്‍ത്താല്‍ ദിവസം പണിയെടുക്കാന്‍ പറ്റാത്ത ദിവസക്കൂലിക്കാരന് ആരാണ് നഷ്ട പരിഹാരം നല്‍കുന്നത് ? സ്ഥിരം ഹര്‍ത്താല്‍ വരുന്ന തുറമുഖത്തു നിന്നും കപ്പലുകള്‍ അടുത്ത രാജ്യത്തേക്കും സംസ്ഥാനത്തിലേക്കും ഒക്കെ പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ ?. സ്വന്തം നാട്ടിലേക്ക് തിരിച്ചു വരികയോ എന്തെങ്കിലും പ്രസ്ഥാനങ്ങള്‍ നടത്തണം എന്നൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ആഴ്ചയില്‍ ഒരു ഹര്‍ത്താല്‍ ഉണ്ടാകുമെന്നും അന്ന് പണി നടത്തിയാല്‍ തല്ലുകൊള്ളുമെന്നും ഹര്‍ത്താലിന് സ്വന്തം പ്രസ്ഥാനം തല്ലിപ്പൊളിക്കപ്പെട്ടാല്‍ അതിന് ആരും ഉത്തരം പറയില്ലെന്നും അതുകൊണ്ടു തന്നെ നാട്ടിലേക്ക് തിരിച്ചു പോകേണ്ട എന്ന് ചിന്തിക്കുന്ന എത്രയോ ആളുകളെ ഞാന്‍ അറിയും.

ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ജനാധിപത്യത്തില്‍ ശരിക്കും വിശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവര്‍ക്ക് അവരുടെ ദൈനം ദിന കാര്യങ്ങളും ആയി മുന്നോട്ടു പോകാനുള്ള അവകാശം.

നാളെ കേരളത്തിലെ എല്ലാ വാഹനങ്ങളുടെയും ലൈറ്റ് തെളിഞ്ഞിരിക്കട്ടെ, അത് ആളുകള്‍ ശ്രദ്ധിക്കട്ടെ. രണ്ടായിരത്തി പതിനെട്ട് ഹര്‍ത്താലുകളുടെ അവസാന വര്‍ഷം ആകട്ടെ.

ഹര്‍ത്താല്‍ വിരുദ്ധ പ്രതിഷേധത്തിന് എല്ലാ പിന്തുണയും
ഹര്‍ത്താലില്ലാത്ത കേരളം (മുരളി തുമ്മാരുകുടി)
Join WhatsApp News
George 2018-12-23 18:12:49
എത്ര നല്ല നടക്കാത്ത സ്വപ്നം. ജനീവയിൽ ഇരുന്നു യു എൻ എന്ന കുത്തക മുതലാളിക്ക് വേണ്ടി കൂലിക്കു എഴുതുന്ന മുരളി തുമ്മാരുകുടി മൂർദാബാദ്. 
Firing back 2018-12-23 19:42:34
എല്ലാത്തിനും ജോർജിന് കുറ്റം കണ്ടുപിടിക്കാനല്ലാതെ വേറെ എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ഇല്ലെങ്കിൽ ഉള്ളവർ എഴുതട്ടെ . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക