Image

വിശ്വ സ്‌നേഹത്തിന്റെ തിരുപ്പിറവിയും കാരള്‍ ഗീതങ്ങളും

ശ്രീകുമാര്‍ Published on 24 December, 2018
വിശ്വ സ്‌നേഹത്തിന്റെ തിരുപ്പിറവിയും കാരള്‍ ഗീതങ്ങളും
ദൈവകുമാരന്‍ മറിയത്തിന്റെ ഉദരത്തില്‍ ഉരുവാകുമ്പോള്‍ അവള്‍ അവിടുത്തേയ്ക്ക് കാലുകളും കര്‍ണങ്ങളും കരങ്ങളും സഹനത്തിനാസ്പദമായ ശരീരവും നല്‍കുന്നു. റോസാപ്പൂവിന്റെ ദളങ്ങളില്‍ മഞ്ഞുതുള്ളി ഇടവിട്ടു വീഴുന്നു. ദളങ്ങള്‍ അവയെ വാരിപ്പുണരുന്നു. ശക്തി സംഭരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേയ്ക്കിറങ്ങി വന്നതായി പഴയ നിയമം വരച്ചുകാട്ടുന്ന ദൈവകുമാരനെ ദിവ്യസ്‌നേഹത്തിന്റെ റോസാപുഷ്പമായ മറിയം വാരിപ്പുണരുന്നു. സര്‍വശക്തനില്‍ നിന്ന് ശക്തി സ്വീകരിക്കുന്നു. അവസാനം വിശുദ്ധ കുര്‍ബാനയുടെ നിക്ഷേപച്ചെപ്പില്‍ നിന്നു ദിവ്യകാരുണ്യം എന്നതുപോലെ അവിടുന്നു ഭൂജാതനാകുന്നു. അവള്‍ ലോകത്തിലേയ്ക്ക് കടന്നു വന്ന അതിഥിയെ എന്നോണം, സര്‍വശക്തനായ അവിടുത്തെ കരങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മറിയത്തിന്റെ മനസ്സ് മൗനമായ ഭാഷയില്‍ ഇങ്ങനെ പറഞ്ഞിരിക്കാം...""ഇതാ ദൈവത്തിന്റെ കുഞ്ഞാട് ഇവന്‍ ഈ ലോകത്തിന്റെ പാപങ്ങളെല്ലാം സംവഹിക്കും...''എന്ന്.

അതേ, അശാന്തികളുടെ നടുവില്‍ ശാന്തിസന്ദേശവുമായി യേശുദേവന്റെ ജനനത്തിരുനാള്‍ ലോകമെമ്പാടും ഒരിക്കല്‍ക്കൂടി ആഘോഷിക്കുകയാണ്. ഭൂമിയിലെ മനുഷ്യരുടെ പാപങ്ങള്‍ തുടച്ചൊഴുക്കിക്കളയാന്‍ അവതരിച്ച യേശു സഹനം വഴി ആ മഹത്വത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്ത വേളയില്‍ ഈശോ തന്റെ ശരീരമാകുന്ന വസ്ത്രം ഉരിഞ്ഞു കളഞ്ഞില്ല. എല്ലാ മനുഷ്യര്‍ക്കും ഭാവിമഹത്വത്തിനു മാതൃകയാകേണ്ടത് അവിടുന്നു ധരിച്ച മനുഷ്യസ്വഭാവത്തിന്റെ ആധാരമായ ശരീരമാണത്. മനുഷ്യജീവിതപങ്കാളിത്തത്തിലൂടെ അവിടുന്നു ഈ മനുഷ്യസ്വഭാവം തന്നിലേയ്ക്ക് സാംശീകരിച്ചു. ഈശോയുടെ മനുഷ്യാവതാരവും സ്വര്‍ഗാരോഹണവും തമ്മില്‍ അഭേദ്യവും അതിഗഹനവുമായ ബന്ധമാണുള്ളത്. മനുഷ്യവതാരത്തില്‍ അവിടുന്നു മനുഷ്യസ്വഭാവം സ്വീകരിച്ചു. അത് പീഡാനുഭവത്തിനും മാനവകുലരക്ഷയ്ക്കും ഉപകരണമായി. മരണത്തോളം മിശിഹായെ എളിമപ്പെടുത്തിയ അതേ മനുഷ്യ സ്വഭാവം സ്വര്‍ഗാരോഹണത്തിലൂടെ മഹത്വത്തിലേയ്ക്ക് മിശിഹായെ പ്രവേശിപ്പിച്ചു.

ക്രിസ്മസ് ദൈവത്തിന്റെ മനുഷ്യാവതാര ദിനമാണ്. ഇത് ഒരു വര്‍ഗ്ഗത്തിനുവേണ്ടിയുള്ളതല്ല. ലോകത്തിനാകമാനമുള്ള ബലിയാണ്. ക്രിസ്തുമസ് സന്ദേശം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ക്രൈസ്തവര്‍ ചുറ്റുപാടുമുള്ള നാനാജാതി മതസ്ഥര്‍ക്കുവേണ്ടിയും യാഗമായി തീരേണ്ടതാണ്. ഓരോരുത്തരും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന ഒരു അവസ്ഥാവിശേഷം വരുമ്പോഴാണ് മാലാഖമാരുടെ, "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സമാധാനം' എന്ന സ്തുതിഗീതത്തിന് പ്രസക്തിയേറുന്നത്.

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ സുവിശേഷങ്ങള്‍ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണല്ലോ. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ് മിക്ക കഥകള്‍ക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്...കന്യകയായ മേരി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവര്‍ത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം സെന്‍സസില്‍ പേരുചേര്‍ക്കാന്‍ നസ്രത്തില്‍ നിന്നും ജോസഫ് പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൂട്ടി തന്റെ പൂര്‍വ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു പുല്‍ത്തൊട്ടിയില്‍ യേശുക്രിസ്തു പിറന്നു. ദാവീദ് രാജാവിന്റെ പിന്‍തലമുറയില്‍പ്പെട്ടവനാണ് ജോസഫ്. യൂദയാ രാജ്യത്തെ ബെത്‌ലഹേമില്‍ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു തെളിയിക്കാനാണ് സുവിശേഷകന്‍ ശ്രമിക്കുന്നത്.

ക്രിസ്മസ് ദൈവത്തിന്റെ മനുഷ്യാവതാരമാണ്. ഇത് ഒരു വര്‍ഗ്ഗത്തിനുവേണ്ടിയുള്ളതല്ല. ലോകത്തിനാകമാനമുള്ള ബലിയാണ. ക്രിസ്തുമസ്സ് സന്ദേശം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ക്രൈസ്തവര്‍ ചുറ്റുപാടുമുള്ള നാനാജാതി മതസ്ഥര്‍ക്കുവേണ്ടിയും യാഗമായി തീരേണ്ടതാണ്. ഓരോരുത്തരും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന ഒരു അവസ്ഥാവിശേഷം വരുമ്പോഴാണ് മാലാഖമാരുടെ, "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സമാധാനം' എന്ന പാട്ടിന് പ്രസക്തിയേറുന്നത്.

ക്രിസ്മസ്സ് ദിനത്തില്‍ ദൈവം മനുഷ്യാവതാരം ചെയ്ത് ലോകത്തിന് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ അര്‍ത്ഥം ശരിയായി അറിയേണ്ടതുണ്ട്. ദൈവം മനുഷ്യനായി സാധര്‍മ്മ്യപ്പെട്ടു എന്നല്ല, പിന്നെയോ സായൂജ്യപ്പെട്ടു എന്നത്രെ. ദൈവവും മനുഷ്യനുമായി ഒന്നായി, മനുഷ്യത്വത്തില്‍കൂടി ദൈവം പ്രത്യക്ഷപ്പെടുന്നു. മനുഷ്യന്‍ ഈശ്വരയികമായി, അവന്‍ ദൈവീകരിക്കപ്പെട്ടു. ക്രിസ്തുമസ്സ് സന്ദേശമുള്‍ക്കൊള്ളുന്നവര്‍ ഈ ദൈവീകരിക്കപ്പെടുന്ന പ്രക്രിയയ്ക്ക് വിധേയരായിത്തീരുന്നു. ദൈവം മനുഷ്യനോടു യോജിച്ചു. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലം ഇല്ലാതാക്കി. അവര്‍ സംയോജിക്കപ്പെട്ടു. മാലാഖമാരും മനുഷ്യരും തമ്മില്‍ വേര്‍പാടില്ല. വേര്‍പാടിന്റെ നടുച്ചുമര് തകര്‍ന്നുപോയി. അവര്‍ സംയോജിക്കപ്പെട്ടു. വിണ്ണും മണ്ണും തമ്മില്‍ അകലമില്ല. വിണ്ണും മണ്ണും വിണ്മയരും മണ്മയരും ഒന്നായി തീരുകയുണ്ടായി. ഭൂലോകത്തില്‍ സ്വര്‍ഗ്ഗം സ്ഥാപിക്കപ്പെട്ടു. മനുഷ്യര്‍ തമ്മില്‍ അകലമില്ലാതാകണം. പാവപ്പെട്ടവരും പണക്കാരനും തമ്മില്‍, ബുദ്ധിഹീനനും ബുദ്ധിമാനും തമ്മില്‍ ഉദ്യോഗസ്ഥരും അല്ലാത്തവരും തമ്മില്‍ ഒന്നായിത്തീരണം. എല്ലാവരും പരസ്പരം സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും തയ്യാറാവണം.

മനുഷ്യന്‍ ഭൂമിയില്‍നിന്നും ഉള്ളവനാണ്. അവന്‍ മണ്ണില്‍നിന്നുള്ളവനാണ്. മനുഷ്യന്‍ ദൈവീകരിക്കുന്നതോടൊപ്പം ഈ പ്രപഞ്ചത്തിനും വ്യത്യാസം ഉണ്ടായി. അതിനാല്‍ നമ്മുടെ ആത്മീയത ഈ വസ്തുവില്‍ പ്രത്യക്ഷപ്പെടുന്നത് ഈ പ്രപഞ്ചത്തില്‍ കൂടിയാണ്. യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തത് ദൈവരൂപത്തിലും സാദൃശ്യത്തിലും നിര്‍മ്മിക്കപ്പെട്ട മാനവജാതിയെ രക്ഷിപ്പാന്‍ മാത്രമല്ല. എന്നാലോ, ഈ പ്രപഞ്ചം തന്നെ, ദൈവീകരിക്കപ്പെട്ടു. ദൈവശക്തി ഉള്‍ക്കൊണ്ടുകൊണ്ട്, ആ ദൈവീക പ്രകാശം ജ്വലിപ്പിക്കുവാനാണ്. പ്രപഞ്ചത്തോടുള്ള വീക്ഷണത്തിനും വ്യത്യാസം ഉണ്ടായി. പ്രപഞ്ചത്തെ തന്നെ കാണുമ്പോള്‍ പരിതസ്ഥിതി മാറും. കാലാവസ്ഥ മാറും. പ്രപഞ്ചത്തില്‍ ഇന്നുയരുന്ന ജീവഹാനികരമായ എല്ലാ പ്രകടനങ്ങളും പ്രതിബന്ധങ്ങളൂം സൂര്യോദയത്തില്‍ മൂടല്‍മഞ്ഞുപോലെ ഒഴിഞ്ഞുമാറും. എല്ലാ ധൂമപടലങ്ങളും അസ്തമിച്ച് ഇല്ലായ്മയിലേക്ക് മാറും. ദൈവീകദ്യുതി ദ്യോതിപ്പിക്കുന്ന പ്രപഞ്ചമായി രൂപാന്തരപ്പെടും.

ദൈവീകമല്ലാത്ത ഒന്നും ലോകത്തില്‍ ഉണ്ടാകരുത്, ഉണ്ടാകുകയില്ല. എല്ലാ തിന്മയും മാറി ശാശ്വതമായ സമാധാനം ലോകത്തിനുണ്ടാകും. അവിഹിതമായ മദ്യപാനത്തില്‍നിന്നും ആഹൂതി നിര്‍മ്മിക്കുന്ന ദുഷ്പ്രണതകളില്‍ നിന്നും പരിചയങ്ങളില്‍ നിന്നും ലോകം ശുദ്ധീകരിക്കപ്പെട്ടു. മാനവജാതിയുടെ സംഹാരത്തിനുവേണ്ടി ഒരുക്കുന്ന കടുംകെടുതികള്‍ നിശ്ശേഷം മാറ്റി അവയെല്ലാം ജനസഞ്ചയത്തിന്റെ സഹായത്തിനും വളര്‍ച്ചക്കും ഉയര്‍ച്ചയ്ക്കുംവേണ്ടി സംഭരിക്കപ്പെടണം. എവിടെയും ശാന്തി സമാധാനം. അത് ഉള്‍ക്കൊള്ളുവാനുള്ള ഭാഗ്യം ജാതിമതഭേദമെന്യെ എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രപഞ്ചത്തിനും ആ ദിവ്യാനുഭൂതി സംജാതമാകട്ടെ.
***
വിവിധ സാംസ്കാരിക പാരമ്പര്യങ്ങളില്‍ ഊന്നിയ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് കാരള്‍ അവിഭാജ്യ ഘടകമാണ്. കാരളില്ലാത്ത ക്രിസ്മസ് ആഘോഷങ്ങളെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. 193 വര്‍ഷങ്ങള്‍ക്കുമുമ്പ് സാധാരണക്കാരനായ യുവ വൈദികന്‍ എഴുതി ഒരു സ്കൂള്‍ അധ്യാപകന്‍ ഈണം പകര്‍ന്നതാണ് "സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്' (മലയാളത്തില്‍ "ശാന്തരാത്രി'യെന്നു തുടങ്ങുന്നു) എന്ന ഗാനം. ഈ ഗാനത്തിന്റെ അവിചാരിത ഉത്പത്തിയും പ്രശസ്തിയും അത്ഭുതപ്പെടുത്തുന്നതാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കാരള്‍ പിറന്നുവീണത് യൂറോപ്പിലാണ്. "കരൊലെ' എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് പരിണാമം. ശൈത്യകാല സംക്രമാഘോഷത്തിന്റെ നൃത്തച്ചുവടുകള്‍ക്ക് ഹരംപകരാന്‍ നാടോടിഗാനങ്ങള്‍ പാടിയിരുന്നു. കാരള്‍ എന്നതിന് നൃത്തഗാനം എന്നര്‍ഥമേയുള്ളൂ വട്ടമിട്ട് നൃത്തം ചെയ്യുമ്പോള്‍ ആലപിക്കുന്ന പാട്ടെന്നര്‍ഥം. എല്ലാ ഋതുക്കളിലും ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഒപ്പം കരോളുമുണ്ടായിരുന്നു.

എന്നാല്‍, ക്രിസ്മതത്തിന്റെ ആഗമനത്തോടെ കാരളിനെ യേശുപ്പിറവിയുമായി ബന്ധപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നു. എ.ഡി. 129 ലാണ് ഇതിന് തുടക്കമായത്. അന്നത്തെ റോമന്‍ ബിഷപ്പ് പ്രത്യേകം ആവശ്യപ്പെട്ടതുപ്രകാരം "മാലാഖമാരുടെ സ്‌തോത്രം' എന്ന ഗാനം നിര്‍ബന്ധമായും ക്രിസ്മസ് രാത്രിയിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കായി പാടാന്‍ തുടങ്ങി. എ.ഡി. 760 ല്‍ മറ്റൊരു പ്രശസ്ത ക്രിസ്മസ് ഗാനം ഓര്‍ത്തഡോക്‌സ് സഭാ ശുശ്രൂഷകള്‍ക്കായി ജെറുസലം നിവാസിയായ കോമസ് എഴുതി. തുടര്‍ന്ന്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി പേര്‍ കാരളിനായി യേശുവിന്റെ ജനനത്തെ പ്രകീര്‍ത്തിച്ച് നൂറുകണക്കിന് ഗാനങ്ങള്‍ രചിച്ചു. എല്ലാം ലാറ്റിന്‍ ഭാഷയിലായിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തതിനാല്‍ പലര്‍ക്കും ഈ ഗാനങ്ങള്‍ ഇഷ്ടമല്ലാതായി. അസീസിയിലെ ഫ്രാന്‍സിസ് പുണ്യവാളനാണ് ഇന്നത്തെ രീതിയിലുള്ള ക്രിസ്മസ് കാരളിന്റെ ഉപജ്ഞാതാവ്.
***
നമ്മുടെ ബലഹീനതകളില്‍ നമ്മോടു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനാചാര്യനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മേപ്പോലെ തന്നെ പരീക്ഷിക്കപ്പെടുന്നവനാണ് അവന്‍. അതിനാല്‍ വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
(ഹെബ്രായര്‍ 4:16)

""ഹാപ്പി ക്രിസ്മസ്...''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക