Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 26: സാംസി കൊടുമണ്‍)

Published on 24 December, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 26: സാംസി കൊടുമണ്‍)
ജോസിന്റെ മനസ്സ് കലുഷിതമായിരുന്നു. ലാസ്റ്റ് ട്രിപ്പ്. മാര്‍ട്ടിന്‍വാന്‍ ബ്യൂറന്‍ ഹൈസ്കൂളില്‍ നിന്നുള്ള ട്രിപ്പാണ്. ലോങ്ങയലന്റ് റെയില്‍റോഡില്‍ അവസാനിക്കുന്നതുവരെയും ഉള്ളില്‍ ഒരു തരം എരിച്ചിലാണ്. രാവിലെ അവര്‍ ഓരോരുത്തരായി പാവത്താന്മാരെപ്പോലെ ബസ്സില്‍ കയറി പോകുന്നു. സ്കൂള്‍ വിടുമ്പോഴേക്കും വിരിഞ്ഞു വളര്‍ന്ന അങ്കക്കോഴികളെപ്പോല്‍ അവര്‍ പോര്‍വിളികളുമായി ഇറങ്ങുന്നു. യൗവ്വനത്തിന്റെ സ്‌ഫോടകാത്മകമായ വെടിമരുന്നുകളാണവര്‍. ആണും പെണ്ണും കെട്ടിപ്പുണര്‍ന്ന് അധരങ്ങള്‍ പാനം ചെയ്ത്, അവരുടെ ആത്മാവിനെ മുത്തുന്നു. അവര്‍ക്കാരേയും ഭയമില്ല. ദൈവത്തെ ശങ്കയും മനുഷ്യനെ ഭയവുമില്ലാത്ത ഒരു സമൂഹം. പെണ്‍കുട്ടികളിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരുവനെ ചൂണ്ട ി അവള്‍ പറയുന്നു “”ഹി ഈസ് മൈന്‍.” പിന്നെ അവന്‍ അവളുടേതാണ്. അവന് സ്വമേധയാ അവളെ വേണ്ടെ ന്നു പറയാം. എന്നാല്‍ മറ്റൊരു കൂട്ടുകാരി അവന്റെമേല്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ കലാപം ആരംഭിക്കുകയായി. ക്രമേണ അത് ആണ്‍കുട്ടികളിലേക്ക് പടരുന്നു. ചിലപ്പോള്‍ വലിയ മുറിവുകളും, ആശുപത്രിയും പോലീസും ഒക്കെയായി വളരും.

ബസ്സ്റ്റാന്റില്‍ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളാണ്. പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇന്നത്തേടം എന്റെ ഭവനത്തില്‍ എന്നെ എത്തിക്കേണമേ.... ഓരോരുത്തരായി കയറിവരും. ഫെയര്‍ബോക്‌സിനെ അവര്‍ കാണില്ല. ഗാന്ധി എന്ന കമന്റ്... ഉള്ളു നോവും. അജ്ഞതയുടെ ഈ മനുഷ്യരൂപത്തെ എന്തിനാല്‍ ശുദ്ധീകരിക്കും. പിന്നെ ഇന്ത്യന്‍ ആക്‌സിന്റിന്റെ മിമിക്‌സ് പരേഡാണ്. ഊളന്മാരുടെ കൂട്ടം ഇണയെ ചുംബിക്കുന്നതിന്റെ സീല്‍ക്കാരം. കൈകള്‍ അസ്ഥാനങ്ങളില്‍. സ്തനതാഡനത്തെക്കാള്‍, പെണ്‍കുട്ടികളുടെ പാന്റ്‌സിനുള്ളില്‍ കുടുങ്ങിയ ആണ്‍കൈ. പകരം പെണ്‍കയ്യ് ആണിന്റെ അടിവയറ്റില്‍ക്കൂടി മൃദുവായി ഇഴഞ്ഞ് അവന്റെ ആണത്വത്തെ താലോലിക്കുന്നു. ഇതൊക്കെ കാഴ്ചകളാണ്. ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നെറുകയിലെ കാഴ്ചകള്‍. നെറികെട്ട ഒരു ജനത. കാലിച്ചന്തയിലെ പോത്തുകള്‍ ഇതിലും സംസ്കാരത്തോട് പെരുമാറില്ലേ.... എന്നിട്ട് ലോകത്തിന്റെ നെറുകയില്‍ കയറി ഉത്‌ഘോഷിക്കുന്നു. തങ്ങളാണ് ഏറ്റവും മികച്ചവരെന്ന്. മറ്റുള്ളവര്‍ മൂന്നാം ലോകം. ഈ നഗരം അതിന്റെ നാശത്തിന്റെ വിത്തുകള്‍ പാകി കഴിഞ്ഞു. പണ്ട ് ഒരു നഗരത്തെ മൊത്തമായി യഹോവ കത്തിച്ചു. പാപം പെരുകി എന്ന് യഹോവ കണ്ട ു. ഇന്ന് പാപത്തിന്റെ നിര്‍വചനങ്ങള്‍ മാറിയിട്ടുണ്ട ാകാം.... എന്നാലും യഹോവ അടങ്ങി ഇരിക്കുമോ?... ചിലപ്പോള്‍ കണ്ട ില്ലെന്നു നടിച്ചാലോ...? വി ട്രസ്റ്റ് ഇന്‍ ഗോഡ് അവര്‍ വിശ്വാസം നാണയങ്ങളില്‍ കൊത്തി ദൈവത്തെ സ്വന്തം ചേരിയിലാക്കിയവരല്ലേ.... ക്ഷിപ്രപ്രസാദിയായ ദൈവം അവര്‍ക്ക് പകരം കോഴിയും, കാളയം യഥേഷ്ടം കൊടുത്ത് അനുഗ്രഹിച്ചില്ലേ. ഈ നിഗളികളുടെ കൂട്ടത്തില്‍ ഞാന്‍ എന്റെ സ്വത്വം എത്ര നാള്‍ കാക്കും. തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന മുദ്രാവാക്യത്തില്‍ ഞാന്‍ അണിചേരണമോ....? ഞാന്‍ പാകമാകുന്നതല്ലേയുള്ളൂ.....

പാകാമാകാത്ത മനസ്സ് ചിലപ്പോള്‍ അമിതമായി പ്രതികരിക്കും. അന്ന് അത്രമാത്രം ആത്മരോഷം കൊള്ളേണ്ട ആവശ്യം ഉണ്ട ായിരുന്നോ...? പതിനഞ്ചോ പതിനാറോ പൂര്‍ത്തിയാകാത്ത രണ്ട ു കുട്ടികള്‍. അവര്‍ ഏറ്റവും പുറകിലെ സീറ്റില്‍ ബാഹ്യകേളികളില്‍ രസിച്ചിരിക്കുന്നു. വ്യൂ മീറ്ററില്‍ അവരെ വിടാതെ അനുഗമിക്കുന്നുണ്ട ായിരുന്നു. ഒരു നല്ല രതിചിത്രം ആസ്വദിക്കുംപോലെ ഒളിഞ്ഞു നോട്ടത്തിലൂടെയുള്ള രസം മുഖം മൂടിയെ ഉടയ്ക്കില്ലല്ലോ... സന്ധ്യ മയങ്ങി വരുന്നു. പുറത്തു മെല്ലെ ഇരുള്‍ വ്യാപിച്ചു വരുന്നു. അവസാന സ്റ്റോപ്പെത്താന്‍ ഇനിയും പത്തു മിനിറ്റ്. ബസ്സില്‍ ആ കുട്ടികളും താനും മാത്രം അവശേഷിച്ചു. അടുത്ത സ്റ്റോപ്പുകളില്‍ ഇനി കയറാന്‍ ആരും ഉണ്ട ാകില്ല. ആണ്‍ പയ്യന്‍ മെല്ലെ മുന്നോട്ടു വന്ന് ചോദിച്ചു “”മി.ബസ് ഡ്രൈവര്‍... ഞങ്ങള്‍ പുറകില്‍... ബസ്സില്‍ മറ്റാരുമില്ല.’’ അവന്‍ പ്രതീക്ഷയോടെ ചോദിക്കുന്നു. ജീവിതത്തില്‍ ഇന്നുവരെ ചിന്തിച്ചിട്ടും പ്രതീക്ഷിച്ചിട്ടും ഇല്ലാത്ത ഒരു പുതിയ സാദ്ധ്യത.... സഞ്ചരിക്കുന്ന വേശ്യാലയം.... അവന്റെ മുഖത്തുനിന്നും വായിച്ചെടുക്കാവുന്നതാണ്. അവന്‍ മുമ്പും ഈ സാദ്ധ്യത ഉപയോഗിച്ചിട്ടുള്ളവനാണ്. ഡ്രൈവര്‍ക്കും ആ ഇളം ശരീരത്തിന്റെ ഒരു പങ്ക്.... പക്ഷേ തന്റെ കണ്ണിലെ തീ കണ്ട ് അവന്‍ അമ്പരന്നു. ഒന്നും ഉരിയാടാതെ അവന്‍ പുറകിലേക്കു നടന്നു. പ്രതീക്ഷയോടു കാത്തിരുന്ന ആ കാമുകിയുടെ ചെവിയില്‍ അവന്‍ എന്തോ പറഞ്ഞു. അവള്‍ ആണിന് മുഷ്ടിമദനത്തിന്റെ രസം പകര്‍ന്നു. അവര്‍ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ല. വേണമെങ്കില്‍ പോലീസിനെ വിളിക്കാം. പോലീസു വന്നാല്‍ വേണ്ട പോലെ പറയാന്‍ ഭാഷ ഒരു വലിയ വയ്യാവേലി തന്നെ. തൊണ്ട യിലെ പഴുപ്പു ഇറക്കുക തന്നെ. ഒന്നും അറിയാത്തപോലെ വണ്ട ി ഓടിച്ചു. ലാസ്റ്റ് സ്റ്റോപ്പില്‍ ആ കൊച്ചു സുന്ദരിയുടെ വായില്‍ നിന്നും “എഫ്’ കളുടെ ഒരു ഘോഷയാത്ര. ചിരിച്ചു. സങ്കടത്തിന്റെയും നിസ്സഹായതയുടെയും ചിരി. കടന്നുപോയ ഓരോ റീലുകളും റിവൈന്‍ഡു ചെയ്താല്‍ സത്യത്തിന്റെ പച്ചയായ എത്ര എത്ര മുഖങ്ങള്‍.

സ്റ്റോപ്പ് റിക്വസ്റ്റ് കേട്ട് കാലത്തിലേക്ക് വന്ന ജോസ് വണ്ട ി സ്റ്റോപ്പില്‍ നിര്‍ത്തി. ആരും ഇറങ്ങാനില്ല. ഇത് ഇവന്മാരുടെ കളിയാണ്. മെല്ലെ മണിയുടെ സ്വിച്ച് ഓഫ് ചെയ്തു. ഇനി മണി മുഴങ്ങില്ല. ഇറങ്ങേണ്ട വര്‍ മുന്നില്‍ വന്ന് പറയണം. വിജയിയെപ്പോലെ ചിരിച്ചു. നാലഞ്ചു സ്റ്റോപ്പുകള്‍.... പുറകില്‍ ഒരാരവം. തിരിഞ്ഞുനോക്കി. വിശ്വസിക്കാന്‍ കഴിയുന്നില്ല. അവര്‍ ബസ്സ് പൊളിക്കുകയാണ്. മുകളിലെ പാനലുകള്‍ താഴേക്ക് ഞാന്നു കിടക്കുന്നു. മണി മുഴക്കാനുള്ള ടേപ്പു പോലെയുള്ള ഇലക്ട്രിക് വയറിങ്ങ് ഒരു കോണില്‍ നിന്നും ഇളക്കിയിരിക്കുന്നു. പെണ്‍വര്‍ക്ഷം ഉത്സാഹികളായി മറുവര്‍ക്ഷത്തെ സഹായിക്കുന്നു. എന്താണു ചെയ്യേണ്ട ത്. കാലുകള്‍ വിറക്കുന്നു. ഒരുവിധം ബസ് സ്റ്റോപ്പില്‍ വണ്ട ി നിര്‍ത്തി. രണ്ട ു വാതിലുകളും മലര്‍ക്കെ തുറന്നിട്ടു. ബസ് റേഡിയോയില്‍ നിന്ന് കാണ്‍സോളിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. രണ്ട ു തലയ്ക്കലും പറയുന്നത് പരസ്പരം മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. ഭാഷ പറയേണ്ട രീതിയറിയില്ല. തുറന്നു വിട്ട വെള്ളം പോലെ പറയുന്നതൊന്നും അവര്‍ക്കു തിരിയുന്നതുമില്ല. എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി. പോലീസു വന്നപ്പോഴേക്കും അവിടെ ആരുമില്ല. എല്ലാം എങ്ങോട്ടൊക്കെയോ ഒലിച്ചുപോയി. ഡിസ്പാച്ചര്‍ റിപ്പോര്‍ട്ടെടുക്കാന്‍ വന്നപ്പോഴും ചോദിച്ചു, നിനക്ക് ആരെയെങ്കിലും തിരിച്ചറിയാമോ...? ഇല്ല. നല്ലത്... അണ്‍നോണ്‍.... നമ്മുടെ ജോലി കുറഞ്ഞു. സീയാംമ്പ്രിലോ റിപ്പോര്‍ട്ടെഴുതി. അജ്ഞാതര്‍ ബസു വാന്‍ഡലൈസു ചെയ്തു. ഡ്രൈവര്‍ നിസ്സഹായകന്‍. അതുകൊണ്ട ് മേല്‍ഘടകം കുറ്റമുക്തനാക്കി. എല്ലാത്തിനും ഡ്രൈവറാണുത്തരവാദി. അതാണു ടി.എ.യുടെ വഴി.

ഒരു ഫ്രീ കണ്‍ട്രിയുടെ ആത്മാവ് കണ്ട റിയുമ്പോള്‍..... നാം കരയും എന്തിനുവേണ്ട ിയുള്ള സ്വാതന്ത്രിയം.... “ആരില്‍ നിന്നോ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.... എവിടെയോ പ്രസവിച്ചു.... എങ്ങനെയോ ജീവിക്കുന്നു.’ ഇന്നത്തെ സങ്കീര്‍ത്തനക്കാരന്റെ വിലാപം ഇങ്ങനെ ആയിരിക്കും. എവിടെയും പ്രശ്‌നങ്ങളാണ്. ഒരു കാലത്ത് സോവിയറ്റു യൂണിയനില്‍ നിന്നു വരുന്ന സോവിയറ്റ് ലാന്റിലെ കളര്‍ ചിത്രങ്ങള്‍ കണ്ട ് അവിടം സ്വര്‍ക്ഷമാണെന്നു ധരിച്ച വിഡ്ഢികളെപ്പോലെ ഇവിടെയും എല്ലാം ഭദ്രമാണെന്നു കരുതുന്ന കുടിയേറ്റക്കാര്‍, പുറംതോടു പൊളിച്ച് അകത്തുകടന്ന് അവിടുത്തെ നീറ്റലും പുകച്ചിലും അറിയുമ്പോള്‍ പകച്ചു പോകുന്നു. ഓരോരുത്തരും ഒറ്റപ്പെട്ട ദ്വീപിലെ അന്തേവാസികളാണ്. സ്വയം പ്രതിരോധങ്ങള്‍ സൃഷ്ടിച്ച് സൂക്ഷിക്കുന്നവര്‍. സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്നവര്‍.

വൈറ്റ് എന്ന കറുത്തവന്‍ ഒരിക്കല്‍ പറഞ്ഞു “”ഞങ്ങള്‍ക്ക് ഈ വെളുത്ത പന്നികളില്‍ വിശ്വാസമില്ല. അവന്റെ മതമായ ക്രിസ്ത്യാനിറ്റിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ക്രിസ്തു അവരുടെ ദൈവമാണ്. ഞങ്ങളെ അവന്റെ കക്കൂസു കഴുകാനേ അവനു വേണ്ട ു. ഞങ്ങള്‍ മുസ്ലീം മതം സ്വീകരിച്ചു. ഈശോ നബി കറുത്തവന്റെ സുഹൃത്തായിരുന്നു.’’ അതൊരു പുതിയ അറിവായിരുന്നു. ഓരോ പുതിയ അറിവുകളും വെളിച്ചമായിരുന്നു. വെളിച്ചം ദുഃഖമായി ഉള്ളില്‍ ഖനീഭവിച്ചു. ഓരോ രാത്രിയിലും ഉറക്കം അയാള്‍ അറിയാതെ പോയി. ഉറങ്ങാത്ത രാത്രികളില്‍ എഴുതാത്ത കഥകള്‍ ഉണരുന്നു. കഥകള്‍ അക്ഷരങ്ങളെ കാത്തു കാത്ത് ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. നിരാശയുടെ അമ്ലജലം വീണ കഥകള്‍ അറ്റവും തലയും നഷ്ടപ്പെട്ട് പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു. കണ്ണും കാലും വെച്ച കഥകള്‍ അതിന്റെ ഗര്‍ഭത്തില്‍ എല്ലും തോലുമായി നിലവിളിക്കുന്നു. അനേക കഥകള്‍ മനസ്സില്‍ തന്നെ മരിച്ചു. ശവമടക്കിന് മനസ്സില്‍ സെമിത്തേരിയുണ്ട ാക്കി ആത്മാവിനെയെങ്കിലും മുക്തമാക്കാനുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി പഠിക്കേണ്ട ിയിരിക്കുന്നു.

ജോസ് കഥ മറന്നു. ഉള്ളില്‍ നിന്നും ചിറകടിച്ചുയരുന്ന പ്രചോദനങ്ങളെ നീണ്ട നിശ്വാസങ്ങളായി കാറ്റിനു കൊടുത്തു. ആരോടും ആത്മ നൊമ്പരങ്ങള്‍ പങ്കുവെച്ചില്ല. ആരും അവനെ മനസ്സിലാക്കിയില്ല. സിസിലിക്ക് അവളുടേതായ പരാതികള്‍. ജോലി അവളെ മാനസികമായും ശാരീരികമായും ബാധിച്ചിരിക്കുന്നു. അവള്‍ക്ക് അധികം ആരോടും ചങ്ങാത്തമില്ല. മനസ്സുകൊണ്ട ് അവള്‍ അവളുടെ ചുറ്റുപാടുകളുമായി കലഹത്തിലാണ്. എന്നാല്‍ നാട്ടില്‍ പോകാന്‍ അവള്‍ ഒട്ട് ഇഷ്ടപ്പെടുന്നുമില്ല. കൊതുകും ഈച്ചയും കരിയും, പൊടിയും, തുറിച്ചു നോട്ടക്കാരും അവളെ ശല്യം ചെയ്യുന്നു. ന്യൂനതകള്‍ ഏറെയാണ്. ജീവിതം സൈ്വര്യവും സ്വസ്ഥവും ആകില്ല. എപ്പോഴും ആരെങ്കിലും നമ്മുടെ സ്വകാര്യതകളില്‍ ഇടപെട്ടുകൊണ്ടേ ഇരിയ്ക്കും. കഴിഞ്ഞ തവണത്തെ നാട്ടില്‍ പോക്കോടുകൂടി മതിയായി. ഒന്നരവയസ്സുള്ള ഇളയവള്‍ കൈകുഞ്ഞ്. പത്തിലേക്കു കടക്കുന്ന ഡേവിഡ്. എയര്‍ ഇന്ത്യ എന്ന ആകാശക്കൊള്ളക്കാരോടൊപ്പമുള്ള യാത്ര.

ബോംബെ എന്ന നരകത്തില്‍ കൊണ്ട ിറക്കിയാല്‍ പിന്നെ അവരുടെ മട്ടും മാതിരിയും മാറും. ഭാഷ മാറും. അവരാണു നിങ്ങളുടെ അധികാരി. നിങ്ങള്‍ക്ക് സ്വത്വം ഇല്ല. കണക്ഷന്‍ ഫ്‌ളൈറ്റ് ക്യാന്‍സല്‍. ഇനി നീണ്ട കാത്തിരിപ്പ്. മുമ്പേ കാത്തിരിക്കുന്നവരുടെ നീണ്ട നിര. ഉത്തരവാദിത്തപ്പെട്ടവര്‍ അകത്തളങ്ങളില്‍ എവിടെയോ.... ആര്‍ക്കും ഉത്തരമില്ല. വന്നാല്‍ കയറ്റിവിടും. എപ്പോള്‍ വരും. ഹാ... അറിയില്ല. എപ്പോള്‍ വേണമെങ്കിലും പൈലറ്റന്മാരുടെ മിന്നല്‍ പണിമുടക്കു തുടങ്ങാം. ഒന്നിനും ഒരു വ്യവസ്ഥയില്ല. കരയുന്ന കുഞ്ഞിനെയും കൊണ്ട ് നന്നായി കഷ്ടപ്പെട്ടു. ഇടയ്ക്കിടക്ക് നന്മയുടെ ചില പൊട്ടുകള്‍... ആദ്യത്തെ ഫ്‌ളൈറ്റിന് കയറ്റിവിടുവാന്‍ ഒരുവനു ദയതോന്നി. നാട്ടിലും കാര്യങ്ങള്‍ അത്ര സുഖപ്രദമല്ലായിരുന്നു. തിരുവനന്തപുരത്തുനിന്നും ബന്ധുകളുടെ ആരംഭം അറിഞ്ഞു. ഏതോ ഒരു ചെറുപ്പട്ടണത്തിലെ ഒരു ചെറുനേതാവിന്റെ കൈയ്യിലിരുപ്പിന്റെ ദോഷംകൊണ്ട ് ആരോ എടുത്തു പെരുമാറി. അവസരം പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ ആള്‍ കേരളാ ബന്ദ്. മൊത്തം കേരളവും അനുഭവിച്ചേ മതിയാകൂ. മൊത്തത്തില്‍ അതൊരു നരകയാത്രയായി. തിരിച്ചുവരവില്‍ തിരുവനന്തപുരത്ത് കുടുങ്ങിയത് ഏഴു മണിക്കൂര്‍. കൊതുകുകടിയാല്‍ ദേഹമെല്ലാം നീരുവന്ന മോളെയും തോളിലിട്ട് അനുഭവിച്ച ദുരിതം.... പിന്നീട് എയര്‍ ഇന്ത്യ ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പായി. സമാന്തര എയര്‍ലൈനുകള്‍ ലാഭമുണ്ട ാക്കി. എയര്‍ ഇന്ത്യ സമരങ്ങളും അവകാശങ്ങളുമായി നഷ്ടത്തിലും, ഗവണ്‍മെന്റ് ഉടമസ്ഥനാണല്ലോ. അതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍.

എണ്ണമില്ലാത്ത സഹായ അഭ്യര്‍ത്ഥനകള്‍. നീ അമേരിക്കനാ. തന്നാല്‍ എന്താ.... സഖാവിന് സിംലയില്‍ പാര്‍ട്ടി പ്ലിനം. അയ്യായിരത്തില്‍ കുറഞ്ഞു വേണ്ട . ധനശേഖരാര്‍ത്ഥം നടത്തുന്ന നൃത്ത പരിപാടിക്ക് ടിക്കറ്റൊന്നിന് ഇരുപത്തയ്യായിരം. വി.വി.ഐ.പി.യില്‍ കുറഞ്ഞത് എങ്ങനാ തരുന്നത്. മറ്റൊരു വശത്ത് പള്ളി അതിന്റെ അവസാനിക്കാത്ത വിശപ്പുമായി വായും പിളര്‍ന്ന് നില്‍ക്കുന്നു. പുതിയ വലിയ പള്ളി. ആരാധനാ മൂര്‍ത്തി വളരുന്നു. ഇരിക്കാന്‍ പുതിയ സിംഹാസനം വേണം. ദേശത്തിന്റെ അഭിമാനമായി വലിയപള്ളി. രണ്ട ുലക്ഷം.... പിന്നെ പള്ളിപ്പെരുന്നാള്‍... മൊത്തം ഏറ്റെടുത്തു നടത്തിയാല്‍ തലമുറകള്‍ക്ക് ഐശ്വര്യം. പ്രലോഭനങ്ങളാണ്.

ആരോ പറഞ്ഞു കേട്ട കഥ. ചാക്കോ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നാട്ടില്‍ പോകും. ഗീവര്‍ക്ഷീസ് പുണ്യാളന്റെ പെരുനാളു നടത്താന്. ഭാര്യ ഓവര്‍ടൈം ചെയ്തുണ്ട ാക്കിയ ഏഴെണ്ണായിരം ഡോളര്‍. പള്ളിപ്പെരുന്നാളിന് മുന്നില്‍. നോട്ടീസില്‍ സ്‌പോണ്‍സറുടെ പേര് മുഴുപ്പില്‍. അപ്പുറത്ത് അപ്പനും അമ്മയും ആ പഴയവീട്ടില്‍ നാളെ എങ്ങനെയെന്ന് പരസ്പരം ചോദിക്കുന്നു. പ്രതീക്ഷയോടെ മക്കളെ വളര്‍ത്തിയതാണ്. അപ്പനും അയ്ക്കും കൊടുത്തില്ലെങ്കിലെന്താ...

ക്രെഡിറ്റു കാര്‍ഡില്‍ എടുത്ത ടിക്കറ്റും, സീറോ ഇന്‍ട്രസ്റ്റില്‍ എടുത്ത പോക്കറ്റു മണിയും... മോളെ അമ്മയെ കാണിക്കുക. സിസിലിയുടെ ആഗ്രഹപ്രകാരം അവളുടെ മാമോദീസ നടത്തുക, അതായിരുന്നു യാത്രാ ഉദ്ദേശ്യം. നാട് മാറിക്കൊണ്ടേ ഇരിക്കുന്നു. സത്യങ്ങള്‍ തിരിച്ചറിയുകയായിരുന്നു. മനസ്സ് അകല്‍ച്ചയുടെ പടവുകള്‍ പണിയാന്‍ തുടങ്ങിയിരുന്നു.

മനസ്സ് നിരന്തരം പുതക്കപ്പെട്ടുകൊണ്ട ിരിക്കുകയാണ്. ആകാശത്തിന്റെ നിറം മാതിരി. കാറ്റിന്റെ ഗതിമാതിരി, കടലിലെ തിര പോലെ മനസ്സ് നിരന്തരം മാറിക്കൊണ്ടേ യിരിക്കുന്നു. സ്ഥിരതയില്ലാത്ത മനസ്സ് രൂപാന്തരപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. അതായിരിക്കാം വളര്‍ച്ച. അഞ്ചുവര്‍ഷം കൊണ്ട ് തിരിച്ചു പോകാന്‍ വന്നവര്‍. വര്‍ഷം പന്ത്രണ്ട ായിരിക്കുന്നു. ഇനിയും കടങ്ങളാണ് സമ്പാദ്യം. തിരിച്ചു പോക്ക് ഒരു ആഗ്രഹമായി കിടക്കട്ടെ. ഇപ്പോള്‍ ഇവിടെ ഇന്നില്‍ ജീവിക്ക എന്ന വലിയ പ്രഹേളികയാണു മുന്നില്‍

മൂന്നാമത്തെ മോളും ജനിച്ചു. ആഗ്രഹിച്ചിട്ടാണോ.... ആണെന്നോ അല്ലെന്നോ പറയില്ല. രണ്ട ു ജീവിതങ്ങള്‍ സ്‌നേഹിക്കപ്പെടാതെ കുപ്പത്തൊട്ടിലേക്ക് വലിയച്ചെറിയപ്പെട്ട നാളുകളില്‍ സ്വയം പറഞ്ഞിരുന്നു. എനിക്ക് ആ രണ്ട ുപേരെയും ആരോഗ്യമുള്ളവരായി തിരികെ തരേണമേ.... ഇപ്പോള്‍ അവര്‍ വീണ്ട ും ജനിച്ചിരിക്കുകയാണ്. എനിക്കവരെ സ്‌നേഹിക്കണം. എന്റെ സ്വാര്‍ത്ഥതയും അതിമോഹങ്ങളും അവരെ ബാധിക്കാന്‍ പാടില്ല. ചെക്കപ്പിനു ചെന്നപ്പോള്‍ ഡോ. പുഷ്പാ ലാലാജി ചോദിച്ചു, ജോസേ നിനക്ക് ഉറപ്പായും ഇതുകൂടി വേണോ? സന്ദേഹങ്ങളില്ലായിരുന്നു. വേണം.. മൂന്നാമത്തെ ഓപ്പറേഷനാണ്. ഇപ്രാവശ്യം ഏറ്റവും അടിയില്‍ കുറുകെ ആകും കട്ടു ചെയ്യുക. കേട്ടിരുന്ന ഞങ്ങള്‍ രണ്ട ാള്‍ക്കും അതിന്റെ സാങ്കേതികത മനസ്സിലായില്ല. തലയാട്ടുകമാത്രം ചെയ്തു. പിന്നെ ഒന്നുകൂടി ഇനി നമുക്ക് ട്യൂബ് കെട്ടണം. അവര്‍ ചിരിച്ചു. അമ്പതുകള്‍ കഴിഞ്ഞ അവര്‍ക്ക് നല്ല ഐശ്വര്യം. എത്ര എത്ര പുതു ജന്മങ്ങള്‍ അവരുടെ കൈകളില്‍ക്കൂടി ഭൂമിയിലേക്കു വന്നു. അതായിരിക്കാം അവരുടെ മുഖശ്രീയുടെ രഹസ്യം. കുട്ടി പെണ്ണാണെന്നു നേരത്തെ അറിഞ്ഞിരുന്നു. അതുകൊണ്ട ് ഒരുക്കങ്ങള്‍ പ്രത്യേകമായി വേണ്ട ിയിരുന്നില്ല. മൂത്തവളുടെ സാധനങ്ങള്‍ കേടാകാതെ ഉണ്ട ായിരുന്നു. അവള്‍ക്ക് മാത്രമായി ഒരു പേരെങ്കിലും കണ്ടെ ത്തണം. ഡി യില്‍ തുടങ്ങുന്ന ഒരു പേരിനായി ചിന്തയിലായി. ഡയാന്‍.... വളരുമ്പോള്‍ അവള്‍ പറയുമായിരിക്കും. ഞാന്‍ ചേച്ചിയുടെ പഴയ വസ്ത്രങ്ങളിലും, കളിപ്പാട്ടങ്ങളിലും വളര്‍ന്നു. എനിക്ക് നിങ്ങള്‍ എന്തു തന്നു. സ്വന്തമായി ഒരു പേര്!

ഡേവിഡിന് പതിനഞ്ച്.... അവന്‍ ഹൈ സ്കൂളില്‍....കുസൃതികളും ഉഴപ്പുമായി അവന്‍ പഠിക്കുകയാണ്. അഞ്ചാം ക്ലാസ്സ് പാസ്സായപ്പോള്‍ പി.എസ്.നൂറ്റിയെട്ടില്‍ ഓണര്‍ സ്റ്റുഡന്റായി ചേര്‍ക്കാമെന്നു പറഞ്ഞതാണ്. പക്ഷേ ആ സ്കൂള്‍ ഒരു ബ്ലാക്ക് നേബര്‍ഹുഡില്‍ ആയിരുന്നു. അവിടെ പഠിക്കുന്നവര്‍ അവരുടെ പ്രാരാബ്ദങ്ങളുമായി വന്ന്, പ്രശ്‌നക്കാരായി മാറുന്നു. ചെറു സ്കൂളാണെങ്കിലും അവിടെ എന്നും അടിയും ബഹളവുമാണ്. പത്തു വയസ്സു മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ യാതൊരു സങ്കോചവുമില്ലാതെ പരസ്പരം, ചെയ്യുന്നതിന്റെ അര്‍ത്ഥമറിയാതെ ഓരോ കോപ്രായങ്ങള്‍ കാണിക്കുന്നു. ടി. വിയില്‍ കണ്ട തോ.... വീട്ടില്‍ കണ്ട തോ... അവര്‍ അനുകരിക്കുകയാണ്. നാളെകളില്‍ ഈ ലോകം അവരുടെ കയ്യിലാണ്. ഇന്നത്തെ ഇവരുടെ പ്രവൃത്തികള്‍ കണ്ട ാല്‍ നമുക്കുറപ്പിക്കാം. അടുത്ത അമ്പതു വര്‍ഷത്തേക്ക്. ഈ രാജ്യത്തിന്റെ ഭാവി ഭദ്രമാണെന്ന്.

ഡേവിഡിനെ പ്രൈവറ്റു സ്കൂളില്‍ ചേര്‍ത്തു. മാസം ഇരുനൂറ് ഡോളര്‍. അധിക ചെലവ്. ആവശ്യമായിരുന്നുവോ...? വേണം. അവന്‍ വഷളാകാന്‍ പാടില്ല. മക്കളുടെ ഭാവി.... നമ്മുടെ ഭാവിയിലേക്കുള്ള സമ്പാദ്യം... ഒന്നിനും ഒരു കുറവും പാടില്ല. കുട്ടിക്കാലത്തെ അരക്ഷിതാവസ്ഥ എന്റെ കുട്ടികളെ ബാധിക്കരുത്. അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം, വസ്ത്രം എല്ലാം കൊടുക്കണം. മൂന്നാമത്തെ എന്റെ കൊച്ചു ഡയാന്റെ വരവോട് മറ്റൊരു ആവശ്യം മുറവിളികൂട്ടുന്നു.

രണ്ട ു കിടപ്പുമുറികളുള്ള വീട് പര്യാപ്തമല്ലാതാകുന്നു. ഡേവിഡ് വളരുകയാണ്. അവനില്‍ കൗമാരത്തിന്റെ ആലസ്യങ്ങള്‍. മൂക്കിനു താഴെ കറുപ്പിന്റെ രൂപരേഖകള്‍. ഇനി അവന് സ്വകാര്യതകളുടെ കാലമാണ്. വടക്കേ പറമ്പില്‍ വളര്‍ന്നു പന്തലിച്ച പറങ്കിമാവിന്റെ കൊമ്പുകളില്‍ കയറിയിരുന്ന് യഥേഷ്ടം സ്വപ്നം കണ്ട ിരുന്ന ഒരു കാലം അവന്റെ ഡാഡിക്കുണ്ട ായിരുന്നു. ആദ്യമായി പുതിയ അറിവിലേക്കും അനുഭവങ്ങളിലേക്കും പോയത് ആ നാളുകളിലായിരുന്നല്ലോ. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ഒരു നട്ടുച്ചയ്ക്ക് പടര്‍ന്നു നില്‍ക്കുന്ന കപ്പയുടെ മറവില്‍ തൈ തെങ്ങിന്റെ താഴത്തെ ഓലമടല്‍ താഴേക്ക് വലിച്ച് അതില്‍ ഇങ്ങനെ ആകാശവും നോക്കി കിടക്കും. ഒരു ദിവസം സലിലയുടെ ശരീരഭാഗങ്ങള്‍ ഭാവനയിലേക്ക് കടന്നുവരുകയായിരുന്നു. ഒപ്പം കൈ തുടകള്‍ക്കിടയിലെ അസ്വസ്തതയില്‍ അറിയാതെ.... ഇപ്പോള്‍ ഡേവിഡിനും ആ പ്രായമാണ്. ഡെയ്‌സിയെ ഇനി അവനൊപ്പം കിടത്തുന്നത് ശരിയല്ല.

ഒരു വീട്! എല്ലാവര്‍ക്കും കിടന്നുറങ്ങാന്‍ ഓരോ മുറികള്‍. നാലു മുറികളുള്ള ഒരു വീട്. പിള്ളേര്‍ക്ക് ഓടിക്കളിക്കാന്‍ ഒരു ബാക്യാട്. നല്ല സ്കൂള്‍ ഡിസ്ട്രിക്റ്റ്. സ്വപ്നങ്ങളാണ്. സിസിലി ചിരിച്ചതേയുള്ളൂ. “”നമുക്കിപ്പോള്‍ അതിനൊക്കെയുള്ള പൈസയുണ്ടേ ാ?’’ അവള്‍ അത്രയേ ചോദിച്ചുള്ളൂ. അവളുടെ ഉള്ളിലെ ആനന്ദം അവളുടെ ചുണ്ട ുകളില്‍ പറഞ്ഞറിയിക്കുന്നു. അന്നവര്‍ ശരീരങ്ങളില്‍ മനസ്സും ചേര്‍ത്തു. വളരെ നാളുകള്‍ക്കുശേഷം അവള്‍ക്ക് രതിമൂര്‍ച്ചയുണ്ട ായി. അവര്‍ ചിരിച്ചു. പരാതികളിലും പരിഭവങ്ങളിലും ഉടക്കി ഒരു കടമയുടെ കീഴടങ്ങലായിരുന്നു പലപ്പോഴും. അവള്‍ക്ക് രതി പിടക്കോഴി ആണ്‍ കോഴിയുടെ ചവിട്ടിപ്പിടുത്തത്തില്‍ നിന്നും ഓടി രക്ഷപെടുന്നതുപോലെയായിരുന്നു. എല്ലാം കഴിഞ്ഞാല്‍ ഒരു നിമിഷംപോലും കളയാതെ കുളിമുറിയില്‍ കടന്ന് ദീര്‍ഘനേരം ഷവറിനടിയില്‍ എല്ലാ മാലിന്യങ്ങളെയും കഴുകും. ഇന്നവളുടെ വരിഞ്ഞു മുറുകിയ കൈകള്‍ അയയുന്നില്ല. അവള്‍ ചോദിക്കുകയാണ്:

“”എങ്ങനെ’’

“”ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’’ അയാള്‍ ഒരു തത്വം പറഞ്ഞു. അവള്‍ക്കു മനസ്സിലായോ എന്തോ. അവള്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലാണ്. എല്ലാ സ്ത്രീകള്‍ക്കും ഒരു സ്വപ്നമുണ്ട ്. സ്വന്തം വീടും സ്വന്തം അടുക്കളയും, മുറ്റവും അവിടെ ചാടിക്കളിക്കുന്ന കുട്ടികള്‍. വീടണയുന്ന ഭര്‍ത്താവ്. ഇന്ന് എല്ലാ സ്ത്രീകള്‍ക്കും വീടണയുന്ന ഭര്‍ത്താവ് എന്ന സ്വപ്നം ഉണ്ടേ ാ ആവോ. എന്തായാലും സിസിലക്കതുണ്ട ായിരുന്നു. അതായിരുന്നു കുടുംബത്തിന്റെ താക്കോല്‍. അപ്പാര്‍ട്ടുമെന്റ് ഒരു വീടായി കാണുന്നില്ല.

വീടെന്ന ചിന്തയ്ക്കു പിന്നില്‍ മറ്റൊന്നു കൂടി ഉണ്ട ായിരുന്നു. ഡേവിഡ് മാര്‍ട്ടിന്‍വാന്‍ ബൂറനിലെ ഓമനക്കുട്ടികളുമായി ചങ്ങാത്തം കൂടിയാല്‍... ഒന്നാം വര്‍ഷം തന്നെ അവന്‍ കണ്ണിലെ കരടായിരിക്കുന്നു. ഇത്രനാളും പ്രൈവറ്റു സ്കൂളില്‍ പഠിച്ചതുകൊണ്ട ് പ്രതിരോധം എങ്ങനെ എന്ന് അവനറിയില്ല. ജാന്‍സ്‌പോട്ടിന്റെ ഒരു സ്കൂള്‍ബാഗും കാല്‍കുലേറ്ററും ആരോ മോഷ്ടിച്ചിരിക്കുന്നു. തോല്പിക്കാന്‍ ത്രാണിയില്ലെങ്കില്‍ ഒപ്പം അണിചേരുക എന്ന ആപ്ത വാക്യത്തില്‍ അവന്‍ കുടുങ്ങി. പുതിയ കൂട്ടുകെട്ടുകള്‍...? അവന്റെ ഉള്ളില്‍ ഭയമുണ്ട ്. പുറത്ത് കാണക്കുന്നില്ലെന്നു മാത്രം. പറിച്ചു നടപ്പെട്ടവന്റെ വേര് ഉറയ്ക്കില്ലല്ലോ...

ഒരു വീട്! നാലു മുറികളുള്ള ഒരു വീട്.... ആവശ്യങ്ങളുടെ പട്ടികയില്‍ അതും പെടുത്തി. ന്യൂ ഹൈഡ് പാര്‍ക്ക്. വാങ്ങേണ്ട സ്ഥലം ഉറപ്പിച്ചു. എല്ലാ മലയാളികളും അവിടെയാണു വാങ്ങുന്നത്. ടാക്‌സ് അല്പം കൂടുതലാണ്. വീടിനും വിലക്കൂടുതലാ... എന്നാലും നല്ല സ്കൂള്‍. കള്ളന്മാരും കൊലപാതകികളും ഇല്ലാത്ത സ്ഥലം. ലോങ്ങ്ഗയലിന്റിന്റ തുടക്കം. അവിടെ മതി. ഇനി പണം.....

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക