Image

ജനീവയിലെ സുനാമി (മുരളി തുമ്മാരുകുടി)

Published on 24 December, 2018
ജനീവയിലെ സുനാമി (മുരളി തുമ്മാരുകുടി)
കാര്യം എല്ലാ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാനാകും എന്നൊക്കെ ഞാൻ പറയാറുണ്ട്. പക്ഷെ ചിലതൊക്കെ അത്ര പ്രായോഗികം അല്ല. ഉദാഹരണത്തിന് വഴിയിൽ നടന്നുപോകുമ്പോൾ തലയിൽ ഒരു ഉൽക്ക വന്നു വീണു മരിക്കാനുള്ള സാധ്യത, അതെത്ര ചെറുതാണെങ്കിലും, ഉണ്ട്. അതൊഴിവാക്കാൻ മണ്ണിനടിയിൽ വല്ല മാളത്തിലും കഴിയുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ലല്ലോ.

ഇന്നലെ ഇന്തോനേഷ്യയിൽ ഉണ്ടായ സുനാമി അത്തരത്തിൽ ഒന്നാണ്. സാധാരണ ഭൂമി കുലുക്കത്തിൽ നിന്നുമാണ് സുനാമി ഉണ്ടാകുന്നത്. ഭൂമി കുലുങ്ങുമ്പോൾ തന്നെ ലോകത്ത് പലയിടത്തും ഉള്ള സെൻസറുകൾ അത് കണ്ടുപിടിക്കും. ഭൂമികുലുക്കം നടന്ന സ്ഥലം, അതിന്റെ ശക്തി, എത്ര ആഴത്തിലാണ് ഭൂമികുലുക്കം ഉണ്ടായത് എന്നതൊക്കെ വച്ച് ഒരു സുനാമി ഉണ്ടാകുമോ എന്ന് പ്രവചിക്കാം.

പക്ഷെ ഇത്തവണ ഇൻഡോനേഷ്യൻ ദ്വീപായ സുമാട്രയിലും ജാവയിലും സുനാമി ഉണ്ടായി. ശാന്ത സമുദ്രത്തിൽ ഉള്ള അനാക് ക്രാക്കറ്റോവ് എന്ന അഗ്നിപർവതം വീണ്ടും സജീവമായപ്പോൾ അഗ്നിപർവതം ഉണ്ടായ ദ്വീപിന്റെ ഒരു ഭാഗം കടലിലേക്ക് ഇടിഞ്ഞുവീണ് വെള്ളത്തിൽ വൻതോതിൽ ഓളമുണ്ടായതാണ് മറ്റു ദ്വീപുകളിൽ സുനാമിയായി ആഞ്ഞടിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവം ആണിത്. അഗ്നിപർവതം ഉണ്ടായത് കൊണ്ട് ദ്വീപ് ഇടിഞ്ഞു വീഴണം എന്നില്ല, ദ്വീപ് ഇടിഞ്ഞാലും സുനാമി ഉണ്ടാകണം എന്നില്ല. പക്ഷെ ഇവിടെ ഇത് രണ്ടും ഒരുമിച്ചു വന്നു. നാട്ടുകാർക്ക് ഒരു മുന്നറിയിപ്പും കിട്ടാതെ സുനാമി വന്നു. ബീച്ചിൽ വലിയൊരു ഗാനമേള നടക്കുകയായിരുന്നു, സ്റ്റേജിലേക്കും സദസ്സിലേക്കും വെള്ളം തള്ളിക്കയറി അനവധി ആളുകൾ മരിച്ചു. അവസാന കണക്കനുസരിച്ച് നാനൂറോളം ആയി. ഇൻഡോനേഷ്യ ദുരന്തങ്ങൾ നേരിട്ട് പരിചയം ഉള്ള രാജ്യമാണ്, അതുകൊണ്ട് ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല. എന്നാലും പോകാൻ തയ്യാറെടുത്ത് തന്നെ ഇരിക്കുന്നു.

മണ്ണിടിഞ്ഞുള്ള സുനാമികൾ അപൂർവ്വമാണെങ്കിലും ലോകത്ത് മറ്റിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ജനീവ തടാകത്തിലേക്ക് ആൽപ്സിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ആയിരത്തി അഞ്ഞൂറ് വർഷം മുൻപ് ഇവിടെ തടാകത്തിൽ വലിയ ഒരു സുനാമി ഉണ്ടായി. മണ്ണിടിഞ്ഞു വീണ് അരമണിക്കൂറിനകം ഇരുപത്തി ആറ് അടി ഉയരത്തിൽ വെള്ളം പൊങ്ങി എന്നും പഴയ നഗരത്തിന്റെ മതിലിനു മുകളിലൂടെ കോട്ടയ്ക്കകത്ത് പ്രവേശിച്ച് അനവധി ആളുകളെ കൊന്നു എന്നുമാണ് ചരിത്രം. എ ഡി അഞ്ഞൂറ്റി അറുപത്തി മുന്നിലാണ് സംഭവം.

ഇരുപത്തി ആറ് അടി എന്നാൽ രണ്ടു നിലയിലും മീതെ ഉയരം ആണ്. ജനീവ തടാകത്തിന്റെ ചുറ്റും ഇപ്പോൾ അനവധി കെട്ടിടങ്ങൾ ഉണ്ട്. വാസ്തവത്തിൽ പേരുകേട്ട സ്വിസ് ബാങ്കുകളുടെ ഒക്കെ ആസ്ഥാനം ഈ തടാകത്തിന്റെ ചുറ്റുമാണ്,പോരാത്തതിന് ചക്രവർത്തിമാരും രാജകുടുംബങ്ങളും ഒക്കെ താമസിച്ചിരുന്നതും ഇപ്പോൾ ലോകത്തിലെ അതി സമ്പന്നർ ഒക്കെ വന്നു താമസിക്കുന്നതും ആയ പേരുകേട്ട ഹോട്ടലുകൾ ഒക്കെ ഇവിടെ പണ്ട് സുനാമി ബാധിച്ച പ്രദേശത്ത് ഉണ്ട്. ചാർളി ചാപ്ലിൻ തൊട്ട് റിച്ചാർഡ് ബർട്ടൻ വരെ ഉള്ളവർ ഈ തടാകത്തിന്റെ തീരത്താണ് ജീവിച്ചിരുന്നത്. മൈക്കൽ ഷുമാക്കർ ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഭൂമികുലുക്കം കൊണ്ടുള്ള സുനാമി ആയിരുന്നു എങ്കിൽ അത് വീണ്ടും വരുമെന്നും ഏതാണ്ട് എന്ന് വരുമെന്നും ശാസ്ത്രത്തിന് പ്രവചിക്കാമായിരുന്നു. അതുകൊണ്ടു തന്നെ തടാകത്തിന്റെ തീരത്ത് കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിൽ നിയന്ത്രണങ്ങൾ വക്കാമായിരുന്നു. പക്ഷെ ഇനിയൊരു കാലത് ആൽപ്സ് വീണ്ടും ഒരു സുനാമി ഒക്കെ ഉണ്ടാക്കാനുള്ള വലിപ്പത്തിൽ ഇടിഞ്ഞു വീഴുമോ എന്നത് പ്രവചിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ തൽക്കാലം ജനീവയിൽ സുനാമി പേടി ഇല്ല. ശതകോടീശ്വരന്മാർക്ക് മാത്രം വാങ്ങാൻ പറ്റുന്നത്ര വിലയേറിയതായി തുടരുന്നു ജനീവ തടാകത്തിന്റെ തീരത്തുള്ള ബംഗ്ലാവുകൾ.

സുനാമി ഉണ്ടാകുമോ എന്നുറപ്പില്ലാത്തതിനാലും ഇപ്പോഴും കോടി അങ്ങോട്ട് ശതം കടക്കാത്തതിനാലും ഞാൻ ജനീവ തടാകത്തിന്റെ തീരത്തെ ബംഗ്ലാവ് ഇനിയും വാങ്ങിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക