Image

ശബരിമല വികസനം: പ്രൊഫഷണല്‍ സമീപനം വേണം (ബൈജു സ്വാമി)

Published on 24 December, 2018
ശബരിമല വികസനം: പ്രൊഫഷണല്‍ സമീപനം വേണം (ബൈജു സ്വാമി)
ശബരിമല തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ തിരുപ്പതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏകദേശം 3 കോടിയോളം ആളുകള്‍ എത്തിച്ചേരുന്നുവെന്ന് പറയപ്പെടുന്ന ഈ കാനന ക്ഷേത്രം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മാലിന്യ പ്രശ്‌നങ്ങളും മൂലം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന സത്യം ആരും വിവാദങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കുന്നില്ല.

ഇതിന്റെ മൂല കാരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന ക്വാസി ഗവര്‍മെന്റല്‍ ബോഡിയുടെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഉള്ള പ്ലാനിംഗ് ഇല്ലായ്മ ആണെന്ന് നിസ്തര്‍ക്കം പറയാം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന സ്ഥാപനം തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ പരിപാലനത്തിന് വേണ്ടി പ്രവത്തിക്കുന്ന സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ഭരണ സമിതിയുടെ കീഴിലുള്ള ഒരു കോര്‍പറേഷന്‍ ആണെന്ന് പറയാം. അത് മൂലം രാഷ്ട്രീയ നിയന്ത്രിതവുമാണ്. ഇതെല്ലാം കൊണ്ട് അലംഭാവത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പൊതുമേഖല സ്ഥാപനം എന്നത് പോലെ പ്രവര്‍ത്തിക്കുന്നു.

ഫലത്തില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്ലാനിങ് ഒക്കെ പ്രയോറിറ്റി അല്ലെന്നാണ് മാറിമാറി വരുന്ന ഭരണ സമിതിയുടെ നിലപാട്. വിഭാവനം ചെയ്തതിലേറെ ഭക്ത ജന പ്രവാഹം മൂലം വീര്‍പ്പു മുട്ടുന്ന ശബരിമലയില്‍ അവിടത്തെ വരുമാനം തന്നെ മൂലധനം ആക്കി പരിസ്ഥിതി, വന സംരക്ഷണം എന്നിവയിലൂന്നിയുള്ള വികസന പ്രവര്‍ത്തനത്തിനുള്ള ഒരു രൂപ രേഖ ഇവിടെ സമര്‍പ്പിക്കുന്നു.

ഭരണ പരമായ സ്വയം നിര്‍ണയാവകാശം ശബരിമല ഉള്‍പ്പെടുന്ന എരുമേലി, പമ്പ, സന്നിധാനം എന്നിവയെ കൂട്ടി ചേര്‍ത്തുള്ള ഒരു SPV (special purpose vehicle ) ഉണ്ടാക്കി കൈമാറണം. ഇതിനെ നിയമപരമായി തന്നെ TDB യുടെ ഉപ സ്ഥാപനം ആയി നിലനിര്‍ത്താവുന്നതാണെങ്കിലും അഡ്മിനിസ്‌ട്രേഷന്‍ ചുമതലകള്‍, പ്ലാനിങ്, എക്‌സിക്യൂഷന്‍ എന്നിവ ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റിന് കീഴിലാവണം.

ഹിന്ദു സമൂഹത്തിലെ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഒരു ഗവേര്‍ണിംഗ് കൗണ്‍സിലിന് കീഴില്‍ ഗവര്‍മെന്റ് നിയമിക്കുന്ന സിവില്‍ സര്‍വീസ് പ്രതിനിധികളും പരിസ്ഥിതി, സെക്യൂരിറ്റി, നിയമം എന്നീ രംഗങ്ങളിലുള്ള വിദഗ്ധരും അടങ്ങുന്ന ഒരു ഓപറേഷനല്‍ ബോഡിക്കു എരുമേലി, പമ്പ, സന്നിധാനം എന്നിവ കൈമാറണം. ഇങ്ങനെ ഉള്ള ഫോക്കസ്ഡ് ആയ ഒരു ഭരണത്തിലൂടെ മാത്രമേ ശബരിമലയിലെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക് ദീര്‍ഘകാല പരിഹാരം കണ്ടെത്താനാവൂ.

ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം സന്നിധാനത്തിലെ തിരക്കും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അനിയന്ത്രിതമായ മാലിന്യ പ്രശ്‌നവുമാണ്.

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട സന്നിധാനമുള്‍പ്പെട്ട പ്രദേശം പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ മൂലം ഇനി കെട്ടിട നിര്‍മാണം ആശാസ്യമല്ല. ഇപ്പോള്‍ തന്നെ അനിയന്ത്രിതമായ മാലിന്യ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം സന്നിധാനത്തെ ഭക്തരെ അവിടെ അധികം തങ്ങാന്‍ അനുവദിക്കാതെ ആക്സസ് കണ്‍ട്രോള്‍ ഉണ്ടാക്കുക എന്നതാണ്. ഇതിന് ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാവണം.

ശബരിമലയുടെ കവാടമായ എരുമേലി,പമ്പ എന്നിടങ്ങളില്‍ നിന്നും ചെറു സംഘങ്ങള്‍ ആയി നിയന്ത്രിച് പമ്പ ഗണപതി കോവിലില്‍ എത്തിക്കുന്നതാണ് ആദ്യ പ്ലാനിങ്. തുടര്‍ന്ന് മെട്രോ റെയില്‍ മാതൃകയില്‍ tram, mono rail, mountain rail സന്നിധാനത്തേക്ക് കൊണ്ടു പോയി അവിടെ നിന്നും തിരിച്ചും പമ്പയിലെ തന്നെ outward ഗെയ്റ്റില്‍ എത്തിക്കാന്‍ crowd control അല്‍ഗോരിതത്തില്‍ ഈ circular train സര്‍വീസ് നടത്തണം. ഇവയിലൂടെ അല്ലാത്ത എല്ലാ ദര്‍ശനവും നിരോധിക്കണം.

അപ്പോള്‍ കാനന പാത മാലിന്യ മുക്തമാകും തിരക്കിനനുസരിച്ചു നിയന്ത്രണം, സെക്യൂരിറ്റി എന്നിവ എളുപ്പമാകും.

ഇതിന്റെ ചുമതല എരുമേലി മുതല്‍ ദര്‍ശനം കഴിഞ്ഞ് തിരിച് എരുമേലിയില്‍ തന്നെ ഭക്തരെ എത്തിക്കാന്‍ KSRTC - TDB സംയുക്ത സംരംഭം ഒരു കമ്പനി ഉണ്ടാക്കി മെട്രോ റെയില്‍ മാതൃകയില്‍ പ്രവര്‍ത്തിക്കണം. എല്ലാ ഫാസിലിറ്റിയും ഒറ്റ ടിക്കറ്റില്‍ യൂസര്‍ ഫീ മോഡലില്‍ സജ്ജമാക്കി പ്രവര്‍ത്തിക്കണം.

ഇതിന് വേണ്ടി എരുമേലിയിലെയും നിലക്കലെയും വലിയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറണം. അല്ലെങ്കില്‍ ദീര്‍ഘ കാല പാട്ടത്തില്‍ ഇവ കൈമാറി എരുമേലിയില്‍ ഒരു ടെര്‍മിനസ് സ്ഥാപിക്കണം.

ഈ ടെര്മിനസില്‍ ഡോര്മിറ്ററി,ഹോട്ടല്‍, ഹോസ്പിറ്റല്‍, ബാങ്കുകള്‍, ആശുപത്രി എന്നിവ കൂടാതെ അപ്പം, അരവണ നിര്‍മാണം, സന്നിധാനത്തേക്കാവശ്യമായ ഉത്പന്നങ്ങളുടെ സംഭരണം എന്നിവ നടത്തണം.

ഈ സൗകര്യങ്ങള്‍ എല്ലാം എയര്‍പോര്‍ട്ടില്‍ ഉള്ളത് പോലെ ഡിപ്പോസിറ്റ് പ്ലസ് revenue share മോഡലില്‍ സ്വകാര്യ സംരംഭകര്‍ക്ക് e tender മാതൃകയില്‍ നല്‍കണം.

അടിസ്ഥാന ആവശ്യമായ ജല ലഭ്യതക്കു വേണ്ടി പരമാവധി വലിപ്പത്തില്‍ ആഴത്തില്‍ rain water harvesting ഒരുക്കണം. കെട്ടിടങ്ങള്‍ ഗ്രീന്‍ റേറ്റിംഗ് ഉള്ള മാതൃകയില്‍ വേണം. ഊര്‍ജ ഉപയോഗം കഴിയുന്നത്രയും സോളാര്‍, waste water recycling, plastic ഉള്‍പ്പടെയുള്ള ഖര മാലിന്യം ആധുനിക രീതിയില്‍ സംസ്‌കരണം എന്നിവ ഉണ്ടാവണം. BPCL, IOC എന്നിവര്‍ക്കു ഇവിടെ സാമ്പത്തിക താല്പര്യം ഉള്ളതിനാല്‍ fuel station, storage എന്നിവ നിര്‍മിക്കാന്‍ 50 ഏക്കര്‍ lease deposit വാങ്ങി ദീര്‍ഘ കാല പാട്ടത്തിന് നല്‍കണം.

മേല്പറഞ്ഞ KSRTC- TDB സംയുക്ത സംരംഭത്തിന് ഇവിടെ പമ്പുകളും സര്‍വീസ് സ്റ്റേഷനുകളും spare parts ഔട്‌ലെറ്റുകളും തുടങ്ങാനുമാവും. കൂടാതെ KSRTC ക് അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കു സ്വകാര്യ മേഖലയുമായി കൈകോര്‍ത് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നീയിടങ്ങളിലേക്കു പ്രീമിയം ബസ്, ടാക്‌സി എന്നിവ യുബര്‍ മാതൃകയില്‍ തുടങ്ങാനാവും. ഇവയൊക്കെ ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് ഗുണം ചെയ്യും. തീര്‍ത്ഥാടനം സുഗമമാക്കും.

ഇവയ്ക്കെല്ലാം വേണ്ടത് മൂലധനം ആണല്ലോ? അത് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഉള്ളതും പലിശ ബാധ്യത ഇല്ലാത്തതും ആവണം. പട്ടേല്‍ പ്രതിമക്കു വേണ്ടി 3000 കോടി മുടക്കിയ കേന്ദ്ര സര്‍ക്കാര്‍ ഈ സംരഭത്തിന് അത്രയും തുക ദീര്‍ഘ കാല വായ്പ കുറഞ്ഞ പലിശ നിരക്കില്‍ കൊടുത്താല്‍ മതി. തീര്‍ച്ചയായും പട്ടേല്‍ പ്രതിമ കാണാന്‍ എത്തുന്നവരെക്കാളും എണ്ണത്തില്‍ കൂടുതല്‍ ശബരിമലയില്‍ എത്തുന്നുണ്ട്.

ഈ സൗകര്യങ്ങള്‍ എല്ലാം കൂടി 250 രൂപ യൂസേര്‍ഫീ ഒരു ഭക്തന് നിശ്ചയിച്ചാല്‍ ഇപ്പോളത്തെ ട്രാഫിക് നോക്കിയാല്‍ ഒരു വര്‍ഷം 750 കോടിയോളം വരുമാനം ഉണ്ടാവും. അങ്ങനെ ഉള്ള ഒരു പദ്ധതി ആന്വിറ്റി മോഡല്‍ ആയത് കൊണ്ട് പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ക്കും താല്പര്യം ഉണ്ടാവും. ഇങ്ങനെ ഉള്ള പദ്ധതിക് കോണ്‍സെഷന്‍ എഗ്രിമെന്റ് വഴി ഗ്രാന്റുകളും കൊടുക്കണം. പേ ബാക്ക് തുടങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കടം തിരിച്ചടക്കുകയോ ഓഹരി ആകുകയോ ചെയ്യാം. ഒരു പ്രാഥമിക അനുമാനത്തില്‍ തന്നെ 10 വര്‍ഷത്തിന് ശേഷം മറ്റു വരുമാനങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ലാഭം ഉണ്ടാക്കിത്തുടങ്ങും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങള്‍ ശബരിമല വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്നവ ആയതിനാലും മറ്റു ചിലവുകളും ഉള്ളതിനാല്‍ ഈ സംരഭം ശബരിമല കൈമാറുന്നത് മൂലം TDB കുണ്ടാകുന്ന നഷ്ടം കൃത്യമായി ഓഡിറ്റ് ചെയ്ത് അത്രയും തുക ലൈസന്‍സ് ഫീ മാതൃകയില്‍ കൈമാറാനും നിയമം ഉണ്ടാകണം.

ഇത് കൂടാതെ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനം, മറ്റ് സൗകര്യങ്ങള്‍ CAG ഓഡിറ്റിലൂടെ കണ്ടെത്തി ആസ്തി കൈമാറുന്ന മാതൃകയില്‍ വില്‍ക്കണം. ഇതിലൂടെ TDB ക് ഒരു വലിയ തുക ലഭിക്കും. അത് എന്‍ഡോവ്‌മെന്റ്, കേന്ദ്ര സര്‍ക്കാര്‍, RBI ബോണ്ടുകളില്‍ TDB ക് ഒരു കോര്‍പസ് കരുതല്‍ ധനമായി ഉണ്ടാവും.

ഈ സംരംഭത്തില്‍ പങ്കാളികള്‍ ആകാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ കോംപീറ്റന്‍സ് സ്‌ക്രീന്‍ ചെയ്ത് ഡിപ്പോസിറ്റ് പ്ലസ് revenue share മാതൃകയില്‍ bid ചെയ്യാന്‍ അവസരം കൊടുക്കണം. മാലിന്യ നിര്‍മാര്‍ജനം, വാട്ടര്‍ ട്രീറ്റ്‌മെന്റ്, ഹാര്‍വെസ്റ്റിംഗ് എന്നിവ സംസ്‌കരിക്കാനുള്ള പെര്‍ യൂണിറ്റ് കോസ്റ്റ് അടിസ്ഥാനത്തില്‍ ഗ്ലോബല്‍ ടെന്‍ഡറിലൂടെ റിവേഴ്സ് ഓക്ഷന്‍ മോഡലില്‍ കണ്ടെത്തണം. ഇവരില്‍ നിന്നും പെര്‍ഫോമന്‍സ് ഗ്യാരന്റി വാങ്ങണം.

സുരക്ഷ എന്നത് സുപ്രധാനമായ ഒരു കാര്യമാണെങ്കിലും ശബരിമലയില്‍ അത് കുറവാണ് എന്നതാണ് സത്യം. ഇങ്ങനെ എരുമേലി മുതല്‍ നേരത്തെ നിശ്ചയിച്ച മാതൃകയില്‍ ഗൈഡഡ് ടൂറില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും സുരക്ഷിതത്വം കൊടുക്കാന്‍ ഇതിനാവും. മാലിന്യ നിര്‍മാര്‍ജനം മുതല്‍ data സൂക്ഷിക്കല്‍ വരെയും ഇതിലൂടെ പ്രയോഗികമാകും.

ഇത് പ്രായോഗികമാവുമോ എന്ന് സംശയിക്കുന്നവര്‍ ഊട്ടിയിലെ mountain rail, തിരുപ്പതി എന്നിവ റഫറന്‍സ് ആക്കുക. കൊച്ചി മെട്രോക്ക് 7500 കോടിയാണ് ചിലവ്. അപ്പോള്‍ ശബരിമലയില്‍ mountain rail ആണെങ്കില്‍ അത്രയും ആവില്ല. കൂടാതെ cost benefit analysis, ദീര്‍ഘ കാലത്തേക്കുള്ള പരിസ്ഥിതി, സുരക്ഷ എന്നിവ കൂടി കണക്കിലെടുക്കണം. ഇപ്പോള്‍ തന്നെ പമ്പ ആക്ഷന്‍ പ്ലാന്‍ എന്ന രീതിയില്‍ വന്‍ തുക വ്യര്ഥമാക്കി. സന്നിധാനത്തെ എല്ലാ വര്‍ഷവും നടത്തുന്ന ചിലവുകള്‍ തന്നെ ലാഭമാകും.

ഞാന്‍ വിഭാവനം ചെയ്യുന്ന ഈ കണ്‍സപ്റ്റ് പേപ്പറില്‍ കുറെ കൂടി വിശാലമായ മറ്റ് ഘടകങ്ങള്‍ കൂടിയുണ്ടെങ്കിലും അവയൊക്കെ വിശദമായി പഠിച്ചു മൂലധന ചിലവ്, ആവര്‍ത്തന ചിലവ്, ഓപ്പറേഷനല്‍ സ്ട്രക്ച്ചര്‍ എന്നിവ കൂടി ഉള്‍പ്പെടുന്നത് മൂലം എഴുതുന്നില്ല.

അവസാനമായി ഈ പരിഷ്‌കാരങ്ങള്‍ക് എവിടെ നിന്നാവും എതിര്‍പ്പുണ്ടാവുക എന്ന് കൂടി പരാമര്‍ശിക്കട്ടെ.

ശബരിമല തീര്‍ത്ഥാടനം കൃത്യമായി പറഞ്ഞാല്‍ ഒരു ബില്യണ്‍ ഡോളര്‍ ബിസിനസ് ആണ്. അതില്‍ ധാരാളം ആളുകള്‍ക്കു പങ്കാളിത്തമുണ്ട്. ഇപ്പോള്‍ ഈ വ്യവസായത്തില്‍ അനര്‍ഹമായി ധനം സമ്പാദിക്കുന്ന അദൃശ്യ ലോബികളും ഗോപ്യമായി കരുക്കള്‍ നീക്കി കരാര്‍ നേടുന്ന മാഫിയകളും TDB യിലെ ശാക്തിക ചേരികളും ഇതിനെതിരെ കൈകോര്‍ക്കും. ഇപ്പോള്‍ 3 കോടി ഭകതര്‍ വരുന്നയിടത്തു 130 കോടിയുടെ വരുമാനമേയുള്ളൂ എന്ന വസ്തുത തന്നെ തെളിവ്.

ഇക്കൂട്ടരുടെ എതിര്‍പ്പിനെ മറികടന്നു പ്രൊഫെഷണല്‍ സമീപനത്തോടെ സമഗ്ര നിയമ നിര്മാണത്തിലൂടെ നടപ്പാക്കാനുള്ള ഇശ്ചാശക്തി ഉണ്ടാവണം. അത് കാലഘട്ടത്തിന്റെയും ഭക്തരുടെയും പരിസ്ഥിതി ഉള്‍പ്പടെയുള്ള കാര്യങ്ങളുടെയും ഉത്തമ താല്പര്യമാണ്.
Join WhatsApp News
ശരണം അയ്യപ്പ 2018-12-29 22:26:16
എന്റെ അഭിപ്രായം വികസനത്തിന്റെ ഭാഗമായി മല ഇടിച്ചു നിരപ്പാക്കണം വഴി സുഗമമാക്കണം . പുലി വലതും കാട്ടിൽ ഉണ്ടെങ്കിൽ അതിനെ പിടിച്ച് കാഴച്ച ബംഗാളവിൽ ആക്കണം . ഈ പതിനെട്ടാം പടിയുടെ എണ്ണം കുറച്ച് ,   ഒരെട്ടണ്ണം ആക്കണം  പണ്ടത്തെപ്പോലെ ചവുട്ടി കേറാൻ വയ്യ . പിന്നെ ഒരു കുംഭ ജ്യോതി കൂടി ചേർക്കണം .  ഇതൊക്കെയാണ് എന്റെ അഭിപ്രായം . മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക