Image

ഇടതുമുന്നണി വിപുലീകരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് (ശ്രീകുമാര്‍)

Published on 26 December, 2018
 ഇടതുമുന്നണി വിപുലീകരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് (ശ്രീകുമാര്‍)
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് കളമൊരുക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചു. നാല് പാര്‍ട്ടികളെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ മുന്നണി യോഗത്തിലെടുത്ത തീരുമാനം കണ്‍വീനര്‍ എ വിജയരാഘവനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. 

എം.പി വീരേന്ദ്ര കുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പിളര്‍ന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, എ.പി അബ്ദുള്‍ വഹാബ് പ്രസിഡന്റായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) എന്നീ പാര്‍ട്ടികള്‍ക്കാണ് ഇടതുമുന്നണിയിലേയ്ക്ക് വഴിയൊരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. മുന്നണിയില്‍ എടുക്കണമെന്ന് നാല് പാര്‍ട്ടികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമതീരുമാനം വന്നിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 2009ല്‍ വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി എല്‍.ഡി.എഫ് വിട്ടത്. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗം എല്‍.ഡി.എഫില്‍ തന്നെ നിന്നു. വീരേന്ദ്ര കുമാര്‍ വിഭാഗം സോഷ്യലിസ്റ്റ് ജനതാദള്‍ ആയി മാറുകയും യു.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡില്‍ ലയിക്കുകയും ചെയ്തു. എന്നാല്‍ ജെ.ഡി.യു ബിഹാറില്‍ ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. തുടര്‍ന്ന് ജെ.ഡി.യു വിട്ട് ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ശരദ് യാദവിന്റെ കൂടെ പോവുകായിരുന്നു വീരേന്ദ്രകുമാറും കൂട്ടരും. നിലവില്‍ ലോക് താന്ത്രിക് ജനതാദളിന്റെ കേരള ഘടകമാണ് ഇവര്‍. വീരേന്ദ്രകുമാറിന്റെയും കൂട്ടരുടെയും സാന്നിദ്ധ്യം വടകര, കോഴിക്കോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് കരുത്ത് പകരുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വീരേന്ദ്ര കുമാറിന് എല്‍.ഡി.എഫ് നേരത്ത രാജ്യസഭ സീറ്റ് നല്‍കിയിരുന്നു.

ഐ.എന്‍.എല്ലിന്റെ 24 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമുണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂടി മുന്നണിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എന്‍.എല്ലിനെ മുന്നണിയില്‍ എടുത്തത്. നേരത്തെ എല്‍.ഡി.എഫുമായി വളരെയേറെ സഹകരിച്ചിരുന്ന പാര്‍ട്ടിയാണിത്. ഐ.എന്‍.എല്‍ ബന്ധം എല്‍.ഡി.എഫിന് മലബാറിലെ ചില മണ്ഡലങ്ങളില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 25 വര്‍ഷമായി പുറത്തു നിന്നുള്ള പിന്തുണയാണ് ഇടതു മുന്നണിക്ക് ഐ.എന്‍.എല്‍ നല്‍കുന്നത്. ഐ.എന്‍.എല്‍ ഏറെക്കാലമായി ഇടതുമുന്നണി പ്രവേശനം ആവശ്യപ്പെടുന്നുണ്ട്. സാമുദായിക കക്ഷി എന്ന പ്രതിച്ഛായയുണ്ടായിരുന്നതിനാല്‍, മുസ്ലീം ലീഗ് വീട്ട് പുറത്തുപോന്ന ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുത്തിരുന്നില്ല. 90കള്‍ മുതല്‍ എല്‍.ഡി.എഫുമായി സഹകരിക്കുന്നുണ്ടെങ്കിലും 2006ല്‍ ആദ്യമായി നിയമസഭ സീറ്റ് അവര്‍ക്ക് നല്‍കിയെങ്കിലും ഇപ്പോളാണ് അവര്‍ക്ക് മുന്നണി പ്രവേശനം സാധ്യമായത്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ മുന്നണിയിലേക്കുള്ള വരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ശബരിമല വിഷയം കത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍. ഇക്കാര്യത്തില്‍ ഇടതു മുന്നണിക്കും സര്‍ക്കാരിനുമെതിരെ എന്‍.എസ്.എസ് കടുത്ത നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഭൂരിപക്ഷ സമുദായക്കാരനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് വിശ്വാസികളെ കൂടുതലായി ഇടതു മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നു. എന്‍.സി.പിയുമായുള്ള ലയന ചര്‍ച്ച പാതിവഴി നില്‍ക്കെയാണ് ബാലകൃഷ്ണ പിള്ളയെയും മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പിയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ലയന ചര്‍ച്ചയ്ക്കിടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം വന്നത്. ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് ആക്ഷേപമുണ്ടാവുകയും ചെയ്തു. ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥിയായ കെ.ബി ഗണേഷ് കുമാര്‍ എല്‍.ഡി.എഫ് പിന്തുണയിലാണ് 2016ല്‍ പത്തനാപുരത്ത് നിന്ന് വിജയിച്ചത്.

ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെ.എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) വിട്ടാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. കെ.എം മാണി വിഭാഗവുമായി ഇടഞ്ഞ് 2016ല്‍ കളം മാറിയ ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫുമായി സഹകരിക്കുന്നുണ്ടെങ്കിലും മറ്റ് കേരള കോണ്‍ഗ്രസുകളുമായി ലയിച്ചു വരാനാണ് സി.പി.എം അവരുടെ മുന്നണി പ്രവേശനത്തിന് ഉപാധി വച്ചത്. അതിലും തീരുമാനം ആകും മുമ്പ് അവരെയും മുന്നണിയില്‍ എടുത്തു. ഈ തീരുമാനം വോട്ടായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.

ഒരേ സമയം എന്‍.എസ്.എസ് വഴി ഭൂരിപക്ഷ സമുദായത്തെയും ഐ.എന്‍.എല്‍ മുഖേന ന്യൂനപക്ഷ സമുദായത്തെയും കൂടെ കൂട്ടാമെന്ന കണക്കു കൂട്ടലാണ് ഇടതുമുന്നണിക്കുള്ളത്. ഇപ്പോള്‍ മുന്നണിയിലെടുത്ത നാല് ചെറുപാര്‍ട്ടികളില്‍ കേരള കോണ്‍ഗ്രസ് (ബി)ക്ക് മാത്രമാണ് എം.എല്‍.എ ഉള്ളത്-കെ.ബി ഗണേഷ് കുമാര്‍. ഇപ്പോള്‍ മന്ത്രി സ്ഥാനത്തിനു വേണ്ടി ആവശ്യം ഉന്നയിക്കുന്നില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പറയുന്നുണ്ടെങ്കിലും വരും നാളുകളില്‍ അത്തരം രാഷ്ട്രീയ നീക്കങ്ങളിലേക്ക് കേരള കോണ്‍ഗ്രസ് (ബി) പോയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അതേ സമയം മുന്നണി പ്രവേശനത്തിന് കത്തു കൊടുത്ത ആദിവാദി സി.കെ ജാനുവിന്റെ പാര്‍ട്ടിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ജാനുവുമായി തത്ക്കാലം സഹകരിച്ചു മുന്നോട്ടു പോകുവാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം.

മന്ത്രിയാകാനല്ല, ഇടതുമുന്നണിയില്‍ ചേരുന്നതെന്നും നാലു കക്ഷികള്‍ ചേര്‍ന്നാല്‍ 47 ശതമാനം വോട്ടാകുമെന്നും ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വന്‍വിജയത്തിന് കാരണമാകുമെന്നും ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. ''മന്ത്രി സ്ഥാനത്തിനു വേണ്ടി ശ്രമിക്കുന്നില്ല. അതൊക്കെ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാകും. മന്ത്രിയാകാന്‍ വേണ്ടിയല്ല ഇടതു മുന്നണിയില്‍ ചേരാന്‍ ആഗ്രഹിച്ചത്. ആ ആഗ്രഹം ഇപ്പോഴുമില്ല. മുന്നണിയിലെടുത്തത് നല്ല തീരുമാനമാണ്. ഘടകകക്ഷികളുമായി ബന്ധം ശക്തമാക്കും. ഞങ്ങളുടെ നിലപാട് ഇനി എല്‍.ഡി.എഫിന്റെ നിലപാടാണ്...'' ബാലകൃഷ്ണ പിള്ള പറഞ്ഞു.

ആശയപരമായി യോജിച്ചു പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ചു വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും സീറ്റിനു വേണ്ടിയോ, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ ആയിരുന്നില്ല എല്‍.ഡി.എഫുമായുണ്ടായിരുന്ന ബന്ധമെന്നും എ.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. '' ഇടതു മുന്നണിയില്‍ എടുത്തെന്നു കേട്ടപ്പോള്‍ സ്ഥാനമാനങ്ങളെ കുറിച്ചല്ല ചിന്തിച്ചത്. എന്നാല്‍ ആശയപരമായി കൂടുതല്‍ യോജിച്ചു പോകാന്‍ പറ്റുന്ന ഒരു സംവിധാനത്തിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷമുണ്ട്. നിരവധി വര്‍ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ഇടതുമുന്നണിയുടെ കണ്‍വീനറായിരുന്ന ആളാണ് ഞാന്‍. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് അടിയന്തിരാവസ്ഥയെ നേരിട്ടത്. അന്ന് മുതലുള്ള ബന്ധമാണിത്...'' വീരേന്ദ്രകുമാറിന്റെ പ്രതികരണമിങ്ങനെ.

മുന്നണി പ്രവേശനത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ഇടതുപക്ഷ രാഷ്ട്രീയത്തില്‍ 25 വര്‍ഷം ഉറച്ചു നിന്നതിന്റെ അംഗീകാരമാണിതെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് വ്യക്തമാക്കി. '' ഇടതുപക്ഷ പ്രസ്ഥനത്തോടൊപ്പം സജീവമായി നിലകൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണ് ഐ.എന്‍.എല്‍ കാല്‍ നൂറ്റാണ്ട് പ്രായത്തിലേക്ക് പ്രവേശിക്കുന്ന ഈ പാര്‍ട്ടിക്ക് ഏറെ സന്തോഷിക്കാനുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ട ബാധ്യതയും ചരിത്ര ദൗത്യവും ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ കൂടി അര്‍പ്പിതമാണ്. തീര്‍ച്ചയായും ഞങ്ങള്‍ ആ ദൗത്യം നിര്‍വഹിക്കും...'' അബ്ദുള്‍ വഹാബ് വ്യക്തമാക്കി.

ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലെടുത്തത് പാര്‍ട്ടിക്ക് കിട്ടിയ അംഗീകാരമായി കാണുന്നു വെന്നും മാണി വിഭാഗത്തിലെ അസംതൃപ്തര്‍ ഇതോടെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമെന്നും മുന്‍ എം.എല്‍.എ ആന്റണി രാജു പറഞ്ഞു. ''ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ഈ തീരുമാനം വളരെ സഹായകരമാകും. മാത്രമല്ല, ഇടതു മുന്നണിയുടെ ശക്തിയും അടിത്തറയും ജനപിന്തുണയും ഇതോടെ കൂടുതല്‍ വര്‍ദ്ധിക്കുകയാണ്. കേരള കോണ്‍ഗ്രസ് മേഖലയില്‍ ഇനി ഇടതു മുന്നണിയുടെ അടിത്തറ കൂടുതല്‍ വിപുലമാകും. മാണി ഗ്രൂപ്പിലെ അസംതൃപ്തരായ നേതാക്കളും പ്രവര്‍ത്തകരും ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് വരാന്‍ നിര്‍ബന്ധിതരാകും...'' ആന്റണി രാജു പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദിവാസി നേതാവ് സി.കെ ജാനു ഇടതു മുന്നണിയിലേയ്ക്ക് എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെ (ജെ.ആര്‍.എസ്) മുന്നണിയിലെടുത്തില്ല. മുന്നണിയിലെടുക്കണം എന്ന് ആവശ്യപ്പെട്ട് ജാനു കത്ത് നല്‍കിയിരുന്ന കാര്യം എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജാനുവിന്റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുമോ എന്ന കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കിയില്ല. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം നല്‍കുന്നതിനുള്ള സുപ്രീം കോടതി വിധിയെ ശക്തമായി അനുകൂലിച്ചും ബിജെപി, സംഘപരിവാര്‍ പ്രചാരണങ്ങളെ എതിര്‍ത്തും രംഗത്ത് വന്ന സി.കെ ജാനു ഇടതുപക്ഷത്തോട് അടുത്തിരുന്നു. ശബരിമല ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും തേനഭിഷേകം അടക്കം ആദിവാസികള്‍ നടത്തിവന്നിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്നും ജാനു ആവശ്യപ്പെട്ടിരുന്നു. സി.പി.ഐയുമായി ജാനു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ജാനു സി.പി.ഐയില്‍ ചേരുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു.

ഇടതുമുന്നണി പ്രവേശനത്തിനായി നിരവധി ചെറു പാര്‍ട്ടികള്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ ആര്‍.എസ്.പി ലെനിനിസ്റ്റ്, ജെ.എസ്.എസിലേയും സി.എം.പിയിലേയും വിഭാഗങ്ങള്‍, ആര്‍.എസ്.പി ലെഫ്റ്റ്, ഫോര്‍വേഡ് ബ്ലോക്ക്, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി തുടങ്ങിയവയും എല്‍.ഡി.എഫില്‍ ചേരാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇവരെ തല്‍ക്കാലം മുന്നണിയിലെടുക്കേണ്ടതില്ല എന്നാണ് തീരുമാനം. ഇടത് സ്വതന്ത്ര എം.എല്‍.എ പി.ടി.എ റഹീമിന്റെ പാര്‍ട്ടി മുന്നണിയിലെ ഘടകകക്ഷിയല്ലെന്നും എന്നാല്‍ റഹീം പാര്‍ലമെന്ററി ബോഡ് അംഗമാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. 
 ഇടതുമുന്നണി വിപുലീകരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് (ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക