Image

മാമാങ്കത്തില്‍ വീണ്ടും വഴിത്തിരിവ് ; യുവനടന് പിന്നാലെ സംവിധായകനും പുറത്ത്

Published on 26 December, 2018
മാമാങ്കത്തില്‍ വീണ്ടും വഴിത്തിരിവ് ; യുവനടന് പിന്നാലെ സംവിധായകനും പുറത്ത്
തിരുവനന്തപുരം : മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ അണിയറയിലെ സംഭവവികാസങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പരിശീലനമാരംഭിക്കുകയും ചെയ്ത യുവതാരം ധ്രുവ് എന്ന നടനെ പുറത്താക്കിയതിന് പിന്നാലെ സംവിധായകനെയും പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.
40 കോടി മുതല്‍ മുടക്കില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിനായി 1999 മുതല്‍ ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്‍മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്‌ക്രിപ്റ്റ് 2010ല്‍ രജിസ്റ്റര്‍ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിലാണ് മമ്മൂട്ടിയോട് കഥ പറയുന്നത്. ബാവൂട്ടിയുടെ നാമത്തില്‍ ചിത്രത്തിന് ശേഷം പൂര്‍ണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ 14 കോടി മുതല്‍ മുടക്കിലാണ് പൂര്‍ത്തിയായത്. അതൊഴിവാക്കി അടുത്ത വര്‍ഷം ആദ്യം മുതല്‍ സിനിമ വീണ്ടും ചിത്രീകരിച്ചു തുടങ്ങാനാണ് പുതിയ പദ്ധതി. ഇതിനിടയിലാണ് സംവിധായകനെയും ധ്രുവ് എന്ന യുവനടനെയും പുറത്താക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ തിരക്കഥ മാറില്ലെന്നും സൂചനയുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് സജീവ് പിള്ള മാറി മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ ചിത്രം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക