Image

പ്രവാസികളുടെ സമ്പാദ്യവും, കഴിവുകളും പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ വരാത്തത് എന്തുകൊണ്ട് ? (ജോയ് ഇട്ടന്‍)

Published on 27 December, 2018
പ്രവാസികളുടെ സമ്പാദ്യവും, കഴിവുകളും  പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ വരാത്തത് എന്തുകൊണ്ട് ? (ജോയ് ഇട്ടന്‍)
വര്‍ഷങ്ങളായി കേരളത്തിലും അമേരിക്കയിലും സംഘടനാ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ .എന്തെല്ലാം പ്രശ്‌നങ്ങളിലൂടെയാണ് അവരുടെ ജീവിതം കടന്നു പോകുന്നത് .വയസാം കാലത്തു നാട്ടിലൊന്നു സെറ്റില്‍ ചെയ്യാന്‍ അല്പം ഭൂമി വാങ്ങി ഇട്ടാല്‍ തിരിച്ചു ചെല്ലുമ്പോള്‍ ആഡ് കിടന്നിടത്ത് പൂട പോലും ഇല്ലാത്ത അവസ്ഥ .

കഴിഞ്ഞ ദിവസം ഭാരതത്തിലേക്കൊഴുകുന്ന പ്രവാസി പണത്തിന്റെ കണക്കു വായിച്ചു . 6900 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ പ്രവാസി പണം.ഇതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലേക്കാണ് എത്തിയത് .94,175 കോടി.മൊത്തം പ്രവാസി പണത്തിന്റെ 26.9 ശതമാനവും വരുന്നത് യു എ ഇയില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് 22.9 ശതമാനവും ലഭിക്കുന്നു.

കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളവും കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ വരുമാനത്തിന്റെ ഏഴ് മടങ്ങാണ് പ്രവാസികളില്‍ നിന്നെത്തുന്ന പണം .കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മുന്നേറ്റത്തില്‍ വളരെ വലിയ പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളതെന്നു ഈ കണക്കുകള്‍ വ്യക്തമാക്കുന്നു .മലയാളികളുടെ ഗള്‍ഫ് ,അമേരിക്കന്‍ കുടിയേറ്റം കേരള സമ്പദ്ഘടനയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചറിയണമെങ്കില്‍ ഈ കുടിയേറ്റത്തിനു മുമ്പുള്ള കേരളത്തിന്റെ സമ്പദ്ഘടനയും നിലവിലെ സമ്പദ്ഘടനയും തുലനം ചെയ്താല്‍ മതി. പ്രവാസികളുടെ പണമാണ് ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. എന്ന് കൃത്യമായി പറയാം.

പക്ഷെ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം നന്നായി വരുന്നുവെങ്കിലും കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പ്രത്യക്ഷമായ പങ്കാളിത്തം കുറവായി കാണുന്നു എന്നൊരു പഠനവും വന്നിരിക്കുന്നു . രാജ്യത്തിന്റെ വളര്‍ച്ചക്കായുള്ള സംഭാവനകളില്‍ മറ്റു പല രാജ്യങ്ങളിലെ പ്രവാസികളെക്കാള്‍ പിന്നിലാണ് ഇന്ത്യക്കാര്‍ എന്ന് വിലയിരുത്തുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ ആണ് രസം . വേണ്ടത്ര സുരക്ഷിതമല്ലാത്തതും പ്രവാസികളുടെ കഴിവുകളെയും സമ്പാദ്യത്തെയും വികസന മേഖലകളിലേക്ക് ആകര്‍ഷിക്കാനുതകുന്ന തരത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതാണ് ഇതിനു കാരണം .കേന്ദ്ര ഗവണ്മെന്റും കേരളം സര്‍ക്കാരും പ്രവാസി നിക്ഷേപത്തിനായി എന്തെല്ലാം പ്രൊജെക്ടുകള്‍ ആണ് കൊണ്ട് വരുന്നത്.പക്ഷെ ഒന്നും ഫലവത്തായില്ല .ആകുന്നുമില്ല .

പ്രവാസികള്‍ക്ക് ഉന്നമനത്തിനായി കേന്ദ്രഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് മുതല്‍ , വിദേശ രാജ്യങ്ങളിലും നടത്തുന്ന പ്രവാസി കണ്‍വെന്‍ഷനുകള്‍ വരെ ഒട്ടേറെ വേദികളുണ്ട് പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. ഇതിലൊക്കെയും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും പ്രവാസികളുടെ പ്രശ്നങ്ങളുമൊക്കെ ചര്‍ച്ചയാകുകയും പ്രവാസികളുടെ ക്ഷേമത്തിനും മടങ്ങിയത്തുന്നവരുടെ പുനരധിവാസത്തിനുമായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. പക്ഷേ നേതാക്കള്‍ പ്രധാനമന്ത്രിയും,പ്രവാസി മന്ത്രിയും,ഉദ്യോഗസ്ഥന്മാരുമൊക്കെ പരിപാടികള്‍ കഴിയുമ്പോളേക്കും ഇതെല്ലാം മറക്കുകയാണ് പതിവ് .

ഈയിടെ നടന്ന കേരള ലോകസഭാ സമ്മേളനത്തില്‍, നിശ്ചിത തുകക്കുള്ള നിക്ഷേപം പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കുന്നവര്‍ക്ക്, പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുമ്പോള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ യോഗ്യതക്കനുസരിച്ച് തൊഴില്‍ നല്‍കുമെന്ന് നമ്മുടെ കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്തായോ എന്തോ . വ്യക്തമായ ആസൂത്രണത്തോടെ യുക്തിപൂര്‍വം വിനിയോഗിക്കാനായാല്‍ കേരളത്തിന് വലിയൊരു മുതല്‍ക്കൂട്ടാക്കാവുന്നതാണ് .

പ്രവാസികളുടെ പണവും കഴിവും.മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വദേശത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫലപ്രദമായ സംവിധാനങ്ങളുമില്ല. ഇതു മൂലം ഇടനിലക്കാരും സ്വാര്‍ഥതാത്പര്യക്കാരും അവരെ ചൂഷണം ചെയ്യുകയാണ്. കേരളത്തിലെ ബാങ്ക് നിക്ഷേപത്തില്‍ കൂടിയ പങ്കും പ്രവാസികളുടേതാണ്. 1,54,253 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക് . ഈ പണം വെച്ചുകൊണ്ടാണ് ബാങ്കുകള്‍ നാട്ടില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക്‌നി വായ്പകള്‍ ഷേധിക്കുന്നു എന്നതാണ് സത്യം.

പ്രവാസികളുടെ കഴിവുകളെയും സമ്പാദ്യത്തെയും വികസന മേഖലകളിലേക്ക് ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ ഉണ്ടാകണം .അതിനായി നോര്‍ക്ക ,ലോക കേരളസഭ ,പ്രവാസി വകുപ്പ് തുടങ്ങിയവയൊക്കെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സംവിധാനം ഉണ്ടാകണം .പ്രവാസി സംഘടനകള്‍ ഇത്തരം കാര്യങ്ങളില്‍ ഇനിയുള്ള നാളുകളില്‍ പ്രവാസികളുടെ മുന്നോട്ടുള്ള വളര്‍ച്ച ചോദ്യ ചിഹ്നമാകും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക