Image

പുതുവത്സരാഘോഷത്തിനിടയില്‍ (ഒരു തിരിഞ്ഞു നോട്ടം: വാസുദേവ് പുളിക്കല്‍)

Published on 28 December, 2018
പുതുവത്സരാഘോഷത്തിനിടയില്‍ (ഒരു തിരിഞ്ഞു നോട്ടം: വാസുദേവ് പുളിക്കല്‍)
കാലചക്രത്തിന്റെ കറക്കത്തില്‍ ഒരു വര്‍ഷം കൂടി പിന്നിലാക്കിക്കൊണ്ട് പുതുവത്സരം സമാഗതമാകുന്നു. പുതുവത്സരപ്പിറവി എല്ലാവര്‍ക്കും സന്തോഷകരമാണ്. പോയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്ന സമയം. ഭാവിയെപറ്റിയുള്ള പ്രതീക്ഷകളും സങ്കല്‍പങ്ങളുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ നമ്മേ പ്രേരിപ്പിക്കുന്നത്. ഈ പദ്ധതികളെല്ലാം തന്നെ ഭൗതിക നേട്ടങ്ങളെ ഉന്നം വെച്ചുകൊണ്ടായിരിക്കും. സുഖഭോഗ വസ്തുക്കള്‍ കരസ്ഥമാക്കാനുള്ള തൃഷ്ണ ജനിപ്പിക്കുന്ന ശിക്ഷണമാണ് വിദ്യാരംഭം മുതല്‍ നമുക്ക് ലഭിച്ചിട്ടുള്ളത്. കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണം നടക്കുന്നത് തന്നെ മത്സരങ്ങളുടെ മദ്ധ്യത്തിലൂടെയാണ്. ആ മത്സരത്തില്‍ ആത്മീയതക്ക് അത്രക്ക് സ്ഥാനമില്ല. ജീവിതം ലൗകിക സുഖം നല്‍കുന്ന വസ്തുക്കള്‍ സമാഹരിക്കാനുള്ള ഒരു സമരമാണ് എന്ന ധാരണ ജനിപ്പിക്കുന്ന പ്രേരകശക്തി ആത്മീയതയിലേക്കുള്ള വഴി തടയുന്നു. ഭൗതിക നേട്ടങ്ങളേക്കാള്‍ ആത്മീയ നേട്ടങ്ങള്‍ക്കാണ് പ്രാധാന്യവും ശാശ്വതീകത്വവും എന്നറിയുമ്പോഴെ ആത്മീയതയിലേക്ക് നാം തിരിയുകയുള്ളൂ. "യേ ഹി സംസ്പര്‍ശജാ ഭോഗോ ദുഃഖയോനയ ഏവതേ, ആദ്യന്തവന്തഃ കൗന്തേയ, നതേഷു രമതേ ബുധഃ'' (ഗീത 5-22). ഭൗതികസുഖങ്ങളില്‍ വിവേകി സന്തോഷിക്കുന്നില്ല. അവ ഉണ്ടായി നശിക്കുന്നതായതുകൊണ്ട് ദുഃഖത്തിന് കാരണമാകുന്നു. "നിഴലിന്‍ വഴി പൈതല്‍ പോലെ പോയുഴലാ ഭോഗമിരന്നു ഞാനിനി'' എന്ന ചിന്ത തികച്ചും അനിവാര്യമാണ്.

ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന ലോകം പണം കൊണ്ട് എന്തും സാധിക്കാമെന്ന ചിന്തയുടെ മായാവലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബില്‍ലാദന്റെ പിതാവിന്റെ 250 മില്യന്‍ ഡോളര്‍ അള്ളാക്കു വേണ്ടി ഭീകരപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മാറ്റിവെച്ചു. ബില്‍ലാദന്റെ യുഗം അയാളെ മുസ്ലിം ആചാര പ്രകാരം വെള്ളത്തില്‍ സംസ്ക്കരിച്ചത് കൊണ്ട് അവസാനിക്കുന്നില്ല. ബില്‍ലാദന് പിന്തുടര്‍ച്ചക്കാരുണ്ട്. മതങ്ങള്‍ പണം കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നു. നിരപരാധികള്‍ അതില്‍ കുടുങ്ങിപ്പോകുന്നു. മതഭ്രാന്തരായ തീവ്രവാദികള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്നു. പ്രസിഡന്റ് ട്രമ്പ് ഇക്കാര്യം വ്യക്തമായി മനസിലാക്കുന്നതുകൊണ്ടാണ് ടെററിസ്റ്റുകള്‍ എന്ന് മുഖമുദ്രയുള്ള മുസ്ലീംഗളെ അകറ്റിനിര്‍ത്തണമെന്ന് അദ്ദേഹം വാദിക്കുന്നത്. ഇക്കാരണത്താല്‍ അദ്ദേഹത്തെ പലരും ഒരു റേസിസ്റ്റായി മുദ്രകുത്തുന്നുണ്ടെലും അമേരിക്കന്‍ ജനതയുടെ സംരക്ഷണമാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത് എന്ന് ധരിക്കേണ്ടതാണ്. ശരീരത്തില്‍ ബോംബു വെച്ചു കെട്ടി അല്ലാഹു അക്ബര്‍ എന്ന് നിലവിളിച്ചുകൊണ്ടും ജീഹാദ് വിളിച്ചുകൊണ്ടും ജനക്കുട്ടത്തിന്റെ നടുവിലേക്ക് ചാടിവീണ് നിരപരാധികളെ കൊല്ലുന്നവരോട് സമാധാനപരമായ നയങ്ങളുമായി സമീപിച്ചിട്ട് പ്രയോജനമൊന്നില്ല. വെട്ടാന്‍ വരുന്ന പോത്തിനോട് മന്ത്രം ഓതേണ്ട ആവശ്യമില്ല എന്ന നയം തന്നെയാണ് അനുയോജ്യം എന്ന് പ്രസിഡന്റ് മനസ്സിലാക്കുന്നതായി കാണുന്നു. ട്രമ്പ് അമേരിക്കന്‍ ജനതയുടെ കാര്യത്തില്‍ തല്‍പരനാണ് എന്നതിന് ഉദാഹരണമാണ് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനും അമേരിക്കക്ക് ആവശ്യമില്ലാത്തവരുടെ കുടിയേറ്റത്തിലും വെല്‍ഫെയറിലും നിയന്ത്രണം കൊണ്ടുവരാനും ശ്രമിക്കുന്നത്. പ്രസിഡന്റിന്റെ കര്‍ക്കശമായ തീരുമാനങ്ങള്‍ അമേരിക്കന്‍ ജനതക്ക് ഭയമില്ലാതെ യഥേഷ്ടം സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് വിശ്വസിക്കാം.

ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുറന്ന കാറില്‍ എഴുന്നേറ്റു നിന്ന് കൈകൂപ്പി ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നു പോയത് ഓര്‍ക്കുന്നു. അന്ന് സുരക്ഷാസന്നാഹങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യത്തിന്റെ സുഖം ഇപ്പോള്‍ അനുഭവിക്കാന്‍ സാധിക്കുകയില്ല. ഇന്ന് പ്രധാന മന്ത്രി തുറന്ന കാറില്‍ സഞ്ചരിക്കണമെങ്കില്‍ ഇടത്തും വലത്തും പിന്നിലും മുന്നിലും ആകാശത്തും രക്ഷാസന്നാഹത്തിന്റെ പല പടലങ്ങള്‍ വേണ്ടി വരും. എങ്കിലും എല്ലാ പ്രതിബന്ധങ്ങളും ഭേദിച്ച് പ്രധാന മന്ത്രിയുടെ ശിരസ്സ് വെടി വെച്ച് തെറിപ്പിക്കാന്‍ തക്ക ശക്തിയും കുതന്ത്രവും മത ഭീകരന്മാര്‍ക്കുണ്ട്. മഹാത്മഗാന്ധി നേടിത്തന്ന രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ഈ ഭാവപ്പകര്‍ച്ചയുണ്ടാകാന്‍ ഒരു നൂറ്റാണ്ടു പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ ലൗകികതയില്‍ ആണ്ടു പോകുന്നത് കൊണ്ട് സഹജീവികളുടെ വികാരങ്ങള്‍ക്ക് വില കല്‍പിക്കാതെ സ്വാര്‍ത്ഥമതികളായിത്തീരുന്നു. മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ദൈവം ഒന്നേയുള്ളൂ എന്ന അറിവ് പകര്‍ന്നു കൊടുത്ത് അവരുടെ മനസ്സിലെ അന്ധകാരം ദുരീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ലകാര്യം. അറിവാണ് ജീവിതത്തെ പ്രകാശിപ്പിക്കുന്നത്. അറിവിന്റെ പരിമിതിയില്‍ ജീവിതം ശുഷ്ക്കമാകുന്നു. പ്രത്യക്ഷമായ അനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന സാധരണ അറിവ്, സാധരണ അറിവിലും ഉപരിയായ അറിവ് എന്നിങ്ങനെ അറിവ് പല വിധത്തിലുണ്ട്. അറിവിലുമേറിയ അറിവ് അതായത് പ്രപഞ്ചരഹസ്യത്തെ കുറിച്ചുള്ള അറിവു നേടണം. അങ്ങനെയുള്ള അറിവ് സമ്പാദിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വമാനവികതയുടെ അതുല്യ മന്ത്രം മാനവരാശിക്ക് ചൊല്ലിക്കൊടുത്ത ഗുരുക്കന്മാരുടെ അമൃതവാണികള്‍ക്ക് കാതോര്‍ക്കേണ്ടത്. യേശുദേവന്‍, മുഹമ്മദ് നബി, ഭഗവാന്‍ കൃഷ്ണന്‍ എന്നീ ലോകഗുരുക്കന്മാരുടെ കണ്ണികള്‍ ആധുനിക ലോകത്തിലേക്കും പടര്‍ന്നു കിടപ്പുണ്ട്. ആ പരമ്പരയില്‍ പെട്ടവര്‍ ലോക ഗുരുക്കന്മാര്‍ കേള്‍പ്പിച്ച ആദ്ധ്യാത്മികതയുടെ മാഹാത്മ്യം വാഴ്ത്തിപ്പാടിയിട്ടുണ്ട്. നമ്മള്‍ക്കത് സ്വീകരിക്കുകയേ വേണ്ടൂ. "ഞാന്‍'' എന്ന സത്യത്തിന്റേയും പ്രപഞ്ചത്തിന്റെ ഉല്‍പത്തിക്കും നിലനില്‍പിനും ആധാരമായ പരമ സത്യത്തിന്റേയും ഏകാത്മഭാവം അനുഭവിച്ചിട്ടുള്ളവരാണ് ഗുരുക്കന്മാര്‍ എന്നറിയുമ്പോഴാണ് അവര്‍ നമുക്ക് സ്വീകാര്യമാകുന്നതും അവരോടുള്ള ആരാധനയുടെ മാറ്റ് കൂടുന്നതും. തത്വമസി ( അതു നീയാണ്), അഹം ബ്രഹ്മസ്മി (ഞാന്‍ ബ്രഹ്മമാകുന്നു) എന്ന് തുടങ്ങിയ ഉപനിഷത് മന്ത്രങ്ങളിലേയും സ്വര്‍ഗ്ഗരാജ്യം നിന്റെ ഹൃദയത്തിലാണ് എന്ന യേശുദേവന്റെ വാക്കുകളിലേയും ആത്മീയ ഭാവവും പൊരുളും പൂര്‍ണ്ണമായും ഗ്രഹിച്ചു കഴിയുമ്പോള്‍ നമ്മള്‍ ആത്മീയതയില്‍ നീന്തിത്തുടിക്കുന്നതായി തോന്നും. ആ അനുഭൂതിയില്‍ നിന്ന് ഉളവാകുന്ന വിലമതിക്കാനാവത്ത നേട്ടങ്ങള്‍ നിരവധിയാണ്. പരസ്പരം സ്പര്‍ദ്ധയും വൈരാഗ്യവും സങ്കുചിതത്വവും ഉണ്ടാവുകയില്ല. ഒന്ന് മറ്റൊന്നിനേക്കാള്‍ മീതെയെന്നു ചിന്തിച്ചോ ഒരാള്‍ മറ്റൊരാളേക്കാള്‍ കേമനാണെന്ന് അഹങ്കരിച്ചോ മനസ്സില്‍ അസൂയ പെരുക്കുകയില്ല. "ചിത്താംബുജം ഷഡൈ്വരികള്‍ക്ക് വിളയാട്ടത്തിനാവുകയില്ല'' എന്ന് ചുരുക്കം. സത്യദര്‍ശനത്തില്‍ നിന്ന് അകന്നു പോകുന്ന മനുഷ്യന്‍ മാനുഷികമൂല്യങ്ങളില്‍ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനം ഭാരതീയദര്‍ശനങ്ങളില്‍ ലീനമായിക്കിടപ്പുണ്ട്. അത് ചികഞ്ഞെടുത്ത് വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്ന് മാത്രം.

നന്മകൊണ്ട് മനസ്സ് നിറഞ്ഞാഴുകുമ്പോള്‍ നമുക്ക് ജീവിതത്തില്‍ സുപ്രധാനമായ പലതും ചെയ്യാനും നേടാനും കഴിയും. ഭാരതീയ സംസ്ക്കാരത്തിന് ഒട്ടേറെ കളങ്കം ചാര്‍ത്തിയ ഹിന്ദു-മുസ്ലിം ലഹള സമയത്ത് ഹിന്ദുക്കളെ രക്ഷിച്ച മുസ്ലിംങ്ങളുണ്ട്, മുസ്ലിംങ്ങളെ രക്ഷിച്ച ഹിന്ദുക്കളുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്കത് ചെയ്യാന്‍ സാധിച്ചത്? ഹൃദയത്തില്‍ മന്ത്രിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലൂടെ അവര്‍ പരസ്പരം മനസ്സിലാക്കിയിരുന്നു. സ്വന്തം പ്രവൃത്തി മറ്റുള്ളവരെ ഉപദ്രവിക്കാനോ ഹനിക്കാനോ ഒരിക്കലും ലക്ഷ്യമാക്കരുതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ എന്തു തന്നെ ആയിരുന്നാലും കുഴപ്പമില്ല. അവ പ്രായോഗികമാക്കുമ്പോള്‍ സഹജീവികള്‍ക്കു കൂടി സുഖപ്രദമായിരിക്കത്തക്ക വിധത്തില്‍ ആയിരിക്കണമെന്നേ പറയുന്നുള്ളൂ. നമ്മള്‍ വിശ്വസിക്കുന്ന ആത്മീയ ഗുരുക്കന്മാരുടെ വാക്കുകള്‍ മാര്‍ഗ്ഗദര്‍ശനമായിക്കണ്ട് നമ്മുടെ പ്രവര്‍ത്തന പദ്ധതികള്‍ തക്കസമയത്ത് ആവിഷ്ക്കരിച്ച് നടപ്പാക്കി മുന്നോട്ട് പോയാല്‍ നമ്മുടെ ജീവിതം സന്തുഷ്ടവും ധന്യവുമാകും.

തക്കസമയത്തുള്ള പ്രവൃത്തികളുടെ കാര്യം പറയുമ്പോള്‍ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ ഒരു ഭാഗം ഓര്‍ക്കുന്നു. ദമയന്തിപരിണയത്തില്‍ പങ്കെടുത്തതിനു ശേഷം ഇന്ദ്രന്‍, അഗ്നി തുടങ്ങിയവര്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോകുന്ന വഴിക്ക് കലിയെ കണ്ടു. കലിയുടെ യാത്ര എങ്ങോട്ടാണെന്ന് ഇന്ദ്രാദികള്‍ ചോദിച്ചു. ഭൂമിയില്‍ ദമയന്തി എന്നൊരു സൗന്ദര്യധാമമുണ്ട്. അവളുടെ സ്വയംവരമാണ്. അവളെ ആനയിക്കുന്നതിനാണ് തന്റെ യാത്രയെന്നും സുന്ദരിയായ ദമയന്തിയെ കൊണ്ടുവരുന്നതിന് തനിക്ക് അനുഗ്രഹം തന്നാല്‍ ആ ഉപകാരത്തിന് പ്രത്യൂപകാരമായി എന്തു വേണമെങ്കിലും ചെയ്തു കൊള്ളാമെന്നും കലി പറഞ്ഞു. കലിക്ക് ഇന്ദ്രന്‍ നല്‍കിയ മറുപടി നോക്കൂ:
പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?
വെള്ളം മുഴുവന്‍ ഒഴുകിപ്പോയതിന് ശേഷം അണകെട്ടാനൂള്ള ശ്രമം എന്തിനാണ്? വെള്ളം തടഞ്ഞു നിര്‍ത്താനാണല്ലൊ അണ കെട്ടുന്നത്. വെള്ളം മുഴുവന്‍ ഒഴുകിപ്പോയതിനു ശേഷം സേതുബന്ധനത്തിന് മുതിരുന്നത് മൗഢ്യവും അപഹാസ്യവുമാണ്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ദമയന്തി പരിണയം കഴിഞ്ഞതിനു ശേഷം അതിന് ശ്രമിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം. സ്വയംവരത്തിന് തക്ക സമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതില്‍ ഉണ്ടായ നഷ്ടമോര്‍ത്ത് കലി ദുഃഖിതനായി, സ്വയം ശപിച്ച് നിരാശനായി മടങ്ങിപ്പോയി. ഈ സന്ദര്‍ഭം നമ്മുടെ ജീവിതവുമായി ചേര്‍ത്തുവെച്ച് ആലോചിച്ചാല്‍ നമ്മളില്‍ പലരും കലിയുടെ പിന്‍ഗാമികളാണെന്ന് കാണാന്‍ കഴിയും.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയേയും സഹമന്ത്രിമാരേയും ഉദാഹരണമായി ചൂണ്ടിക്കാട്ടാം എന്ന് ജനം. കേരളത്തിലേക്ക് നോക്കിയാല്‍ പ്രളയദുരന്തം ശബരിമലപ്രശ്‌നം തുടങ്ങി സഹാനുഭൂതിയും ഭീകരതയുടെ അസുന്തുഷ്ടിയും ഉളവാക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് മലയാളികള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളതായി കാണാം. ശബരിമല കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അമിതമായ താല്‍പര്യം കാണൂമ്പോള്‍ പ്രളയം കേരളത്തെ ദുരന്തത്തിലാഴ്ത്തിയ വസ്തുത അദ്ദേഹം മറന്നു എന്ന് ജനങ്ങള്‍
സംശയം പ്രകടിപ്പിക്കുന്നു. നിരവധി കുടുംബങ്ങള്‍ താമസ സൗകര്യമില്ലാത നിരാലമ്പരായി കഴിയുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിലല്ല ശബരിമല പ്രശ്‌നത്തിലും ദുരിതാശ്വാസ ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിലുമാണ്് മുഖ്യമന്ത്രി താല്‍പര്യം കാണിക്കുന്നത് എന്നാണ് ഒരുവിഭാഗം ജനങ്ങള്‍ ആരോപിക്കുന്നത്. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. വേണ്ടത്ര പണമില്ലാതെ ദുരിതാശ്വസപ്രര്‍വര്‍ത്തനങ്ങളും കേരളത്തിന്റെ പുനര്‍നിമ്മാണവും സാധ്യമാവുകയില്ല എന്നും കേന്ദസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചത്ര പണം ലഭിക്കുകയില്ലെന്നും മനസ്സിലാക്കുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മറ്റും പണം ശേഖരിക്കാന്‍ ശ്രമിക്കുന്നത് വിമര്‍ശന ബുദ്ധിയോടെ കാണേണ്ടതില്ല.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നവരുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവലില്‍ കേസില്‍ സുപ്രീം കോടതിയുടെ സഹാനുഭൂതി പിടിച്ചുപറ്റാനാണ് മുഖ്യമന്ത്രി സുപ്രീം കോടതിയോട്് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന് ചില മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. ശബരിമലയില്‍ എത്തിയ യുവതികളില്‍ ചുമ്പനസമരത്തിന്റെ മുന്‍നിരയില്‍ നിന്നവരും അര്‍ദ്ധനഗ്നരായി വന്ന കോള്‍ ഗേള്‍സുമുണ്ടായിരുന്നെന്നും അവരുടെ അര്‍ത്ഥനഗ്നത കണ്ട് ഉമിനീരിറക്കാനാണ് പോലീസുകാര്‍ അവര്‍ക്ക് അകമ്പടി സേവിച്ചത് എന്നും വിശ്വാസികള്‍ ആരോപിക്കുന്നു. ക്ഷേത്രാചാരങ്ങളെ മാനിക്കാതെയുള്ള സുപ്രീകോടതിയുടെ വിധിയില്‍ പൂര്‍ണ്ണതയില്ല, അതില്‍ അപാകതയുണ്ട് എന്നാണ് ഭക്തജനങ്ങളുടെ വാദം. ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യതക്ക് ഭക്തജനങ്ങള്‍ ഊന്നല്‍ കൊടുക്കുമ്പോഴാണ് ആചാരങ്ങള്‍ ലഘിക്കുമെന്ന വൃതമെടുത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതും ചില മന്ത്രിമാര്‍ ക്ഷേത്രാചരങ്ങളെ അധിക്ഷേപിക്കുന്നതും എന്ന് ഭക്തജനങ്ങള്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നു. മഹിഷീ മാരകാ അയ്യപ്പാ ഇനി പിണറായി മാരകനാകൂ അയ്യപ്പാ എന്ന് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തന്ത്രിയെ അധിക്ഷേപിച്ച മന്ത്രിക്ക് താനാരാണെന്ന് അറിയില്ലെങ്കില്‍ വെളിപ്പെടുത്തി തരാം എന്നു പറഞ്ഞ് പാര്‍ട്ടിക്കുവേണ്ടി വെട്ടും കുത്തും നടത്തിയതിന് പ്രതിഫലമെന്നോണം മന്ത്രിപദം കിട്ടിയ പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാത്ത "കൂതറ'' മന്ത്രി എന്നൊരു വിശേഷണം ഒരു സ്ത്രീ ചാര്‍ത്തിക്കൊടുത്തതു കേട്ടു. അന്ധമായ വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ജല്‍പ്പനങ്ങളാണിതൊക്കെയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. താന്‍ വന്നത് പ്രവാചകന്മാര്‍ തുടങ്ങിവെച്ചത് നിര്‍ത്തലാക്കാനല്ല പൂര്‍ത്തിയാക്കാനാണ് എന്ന് യേശുദേവന്‍ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതുപോലെ, പൂര്‍വികാരന്മാര്‍ തുടങ്ങിവെക്ല ആചാരാനുഷ്ഠനങ്ങള്‍ നശിപ്പിക്കലല്ല നിലനിര്‍ത്തലാണ് അഭികാമ്യം എന്നായിരിക്കാം അയ്യപ്പഭക്തന്മാര്‍ വിശ്വസിക്കുന്നത്.

ലോകാവസാനം വരെ ആചാരങ്ങള്‍ മാറ്റം വരാതെ നിലനില്‍ക്കണമെന്ന് ചിന്തിക്കാന്‍ മാത്രം അവര്‍ അധഃപതിച്ചു പോകുന്നത് മൗലികാവകാശത്തേയും നിയമവ്യവസ്ഥയേയും കുറിച്ച് അവര്‍ക്ക് വേണ്ടത്ര അറിവിക്ലാത്തതുകൊണ്ടാണ്. അയ്യപ്പഭക്തരായ യുവതികളാരും ശബരിമല പ്രവേശനത്തിനു വേണ്ടി കോടതിയെ സമീപച്ചിട്ടെല്ലെന്നും ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം, ശബരിമലക്കാര്യത്തില്‍ മുസ്ലിം പള്ളികളില്‍ സ്ര്തീകള്‍ക്ക് പ്രവേശനമില്ല എന്ന വസ്തുതയുടെ നേരെ കണ്ണടച്ചുകൊണ്ട് സുപ്രീം കോടതിയില്‍ കേസുകൊടുത്തത് സ്ഥാപിത താല്‍പര്യത്തോടു കൂടിയാണെന്നും ഭക്തജനങ്ങള്‍ വികാരപ്രകടനം നടത്തുന്നത് നാം കേള്‍ക്കുന്നു. ശബരിമല പ്രശ്‌നം ഉടലെടുത്തത് ഏതോ ഗൂഢാലോചനയുടെ പരിണിതഫലമാണെന്ന സംശയം മാധ്യമങ്ങളും ജനങ്ങളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഹിന്ദുത്വം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഹൈന്ദവര്‍ ശബരിമലപ്രശ്‌നത്തെ കാണുന്നതെന്നാണ് അവരുടെ നിലപാടില്‍ നിന്ന് മനസ്സിലാകുന്നത്. ഹിന്ദുക്കള്‍ക്ക് എതിര്‍ക്കാനുള്ള ശക്തിയില്ല, അവര്‍ക്ക് ഒത്തൊരുമയില്ല എന്നൊക്കെുള്ള ധാരണയിലാണത്രെ അയ്യപ്പന്റെ പുങ്കാവനം വെട്ടി നിരത്തി വിദേശശക്തിയുടെ പിന്തുണയോടെ ഈ ഗൂഢാലോചന രൂപം കൊണ്ടത് എന്ന വാര്‍ത്ത പരക്കുന്നുണ്ട്. ഒരു ശക്തിക്കും ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് ചരിത്രം തെളിയിക്കുന്നു എന്ന നിലപാടില്‍ ഹൈന്ദവ സമൂഹം ഉറച്ചു നില്‍ക്കുന്നു. യുവതികളോട് അയ്യപ്പസന്നിധാനത്തിലേക്ക് കേറിക്കോ കേറിക്കോ എന്ന് ആക്രോശിക്കുന്ന മുഖ്യമന്ത്രിക്ക് മാനസിക രോഗമാണെന്നും ചികത്സക്കായി അദ്ദേഹത്തെ ഏതെങ്കിലും മാനസിക ചികത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഭക്തരായ സ്ത്രീകള്‍ ആക്ഷേപിക്കുന്നു. ജനങ്ങള്‍ക്ക് ഇത്രയധികം നാണക്കേടുണ്ടാക്കിയതും ജനങ്ങളില്‍ നിന്ന് ഇത്രയധികം ചീത്തവിളി കേട്ടിട്ടുള്ളതുമായ ഒരു രാഷ്ട്രീയ നേതാവിനെ കാണൂത് ഇതാദ്യമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് മേധാവി സെന്‍ കുമാറിന്റെ മുമ്പില്‍ മുഖ്യമന്ത്രി നാണം കെട്ട് മുട്ടു മടക്കിയതു പോലെ കലി ബാധിച്ച മുഖ്യമന്ത്രി ശബരിമല വിഷയത്തിലും മുട്ടുകുത്തുമെന്നും ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസത്തിലാണ് ഭക്തജനങ്ങള്‍. എത്രയൊക്കെ അധിക്ഷേപിച്ചാലും മുഖ്യമന്തിക്ക് തന്റെ കടമ നിര്‍വ്വഹിക്കാതിരിക്കാന്‍ സാധിക്കുകയില്ലല്ലൊ എന്ന തിരിച്ചറിവ് അദ്ദേഹത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. തങ്ങളുടെ അവകാശമായി കണക്കാക്കി ഇന്നല്ലെങ്കില്‍ നാളെ യുവതികള്‍ മല ചവിട്ടും എന്ന് വാശി പിടിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഒരിക്കല്‍ ചിന്തിതമായ ഒന്നും തന്നെ വ്യക്തിമനസ്സില്‍ നിന്ന് ഒരിക്കലും നശിക്കുന്നില്ല. മനസ്സിന്റെ അഗാധതയിലേക്ക് തള്ളി മറ്റപ്പെടുന്നതേയുള്ളൂ. തോട്ടത്തിന്റെ മുലയിലേക്ക് ചെത്തിക്കൂട്ടിയ പാഴ്‌ച്ചെടി കാലവര്‍ഷം അനുകൂലമാകുമ്പോള്‍ പൊട്ടിത്തഴക്കുന്നതു പോലെ പതിനെട്ടാം പടി ചവിട്ടണമെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന യുവതികള്‍ അവസരത്തിനായി കാത്തിരിക്കും എന്നു വേണം കരുതാന്‍.

ശബരിമലപ്രശ്‌നത്തില്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി നവോത്ഥാനമെന്ന പുതിയ പദ്ധതിയുമായി രംഗത്തെത്തിയത് എന്ന് അയ്യപ്പവിശ്വാസികകളും പ്രതിപക്ഷവും ആരോപിക്കുന്നു. ഈ നവോഥാനം സ്ര്തീകള്‍ക്ക് നിഷേധിക്കപ്പെട്ട അവകശങ്ങള്‍ നേടിക്കൊടുക്കാനും അവരുടെ മേലുള്ള പുരുഷമേധാവിത്വം അവസാനിപ്പിക്കാനുമാണ്് എന്നാണ് മനസ്സിലാക്കേണ്ടത്. പുരുഷമേധാവിത്വമാണക്ലൊ ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. ശാരീരികമായി വ്യത്യാസം
ഉണ്ടെങ്കിലും ഭാര്യയും ഭര്‍ത്താവും ഒന്നാണെന്നാണ് ബൈബിള്‍ പറുയുന്നത്. നവോത്ഥാന നായകനായി മുഖ്യമന്ത്രി വനിതാമതിലിന് രൂപം കൊടുത്തപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുത്തിയ ആള്‍ നവോത്ഥാന പാരമ്പര്യമുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നവോത്ഥാനത്തിന്റെ അര്‍ത്ഥം അറിയാത്ത, നാവോത്ഥാനം എന്ന് വാക്ക് അക്ഷരത്തെറ്റു കൂടാതെ എഴുതാന്‍ പോലും അറിയാത്ത അവസരവാദിയാണെന്ന് ജനസംസാരം. സ്വന്തം പേര് തെറ്റു കൂടാതെ എഴുതാമോ എന്ന് സുകുമാര്‍ അഴിക്കോട് അദ്ദേഹത്തെ വെല്ലുവിളിച്ച ചരിത്രമുണ്ട്. വനിതാമതിലിനോട് സഹകരിക്കാത്ത യോഗാങ്ങളെ പിരിച്ചുവിടുമെന്ന് പറഞ്ഞതിന്റെ പ്രതികരണമായി യോഗം ജനറല്‍ സെക്രട്ടറിയുടെ തറവാട്ടു സ്വത്താണോ എന്ന ചോദ്യവുമായി നില്‍ക്കുന്നു നിഷ്പക്ഷമതികളായ അംഗങ്ങള്‍. ഏകാധിപതിയായി ശ്രീനാരായണ ധര്‍മ്മത്തിന് വിലകല്‍പ്പിക്കാതെ യോഗത്തെ സ്വാത്ഥപര്യത്തിനായി ഉപയോഗിക്കുന്നു എന്ന അംഗങ്ങളുടെ പരാതിക്ക് വ്യക്തമായ മറുപടി നല്‍കാനാകാതെ പരുങ്ങി നിന്നിട്ടുള്ള നേതക്കന്മാര്‍ ഗുരുവിന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഗുരുവിന് യോഗം വിട്ടു പോകേണ്ടി വന്നത്. വനിതാമതിലിനെ പറ്റി പല അഭിപ്രായങ്ങള്‍ പുറത്തു വരുന്നു. വനിതാമതില്‍ വര്‍ഗ്ഗീയത വര്‍ദ്ധിപ്പിക്കുമെന്ന് വി. എസ്., അടിത്തറയിക്ലാത്ത മതില്‍ അടിതെറ്റി വീഴുമെന്ന് പ്രതിപക്ഷം. എന്നാല്‍ മതേതരത്വത്തിന്റെ ഭാവപ്പകര്‍ച്ചയോടെ നിര്‍മ്മിക്കപ്പെടുന്ന നവോത്ഥാനത്തിന്റെ പ്രതീകമായ മതില്‍ ഉറപ്പുള്ളതായിരിക്കും.

ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും മറി കടക്കേണ്ടി വരുന്ന സാഹചര്യങ്ങളും എത്ര കഠിനമാണെങ്കിലും സഹജീവികളോടുള്ള സ്‌നേഹവും കാരുണ്യവും കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഉപദ്രവിക്ക ബന്ധിക്കകൊല്ലുകയെന്നവയൊന്നുമെ
ചെയ്യാത്ത ജന്തുപ്രിയനു ചേരും പരമമാം സുഖം.

എന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ സീമ കടന്ന് ജന്തുവര്‍ഗ്ഗത്തിലേക്ക് വ്യാപിക്ലു നില്‍ക്കുന്ന അഹിംസയില്‍ പൊതിഞ്ഞ ഈ സ്‌നേഹദര്‍ശനത്തെ ജീവിതത്തില്‍ പ്രായോഗികമാക്കുമ്പോള്‍ ഉണ്ടാകുന്ന ചിത്തശുദ്ധിയും വികാസവും മറ്റുള്ളവരുടെ മനസ്സിനെ കീറി മുറിക്കുന്ന വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും നമ്മേ പിന്തിരിപ്പിക്കാനും സ്‌നേഹരാഹിത്യത്തിന്റെ കാര്‍മുകിലുകള്‍ മനസ്സില്‍ നിന്ന് മാഞ്ഞു പോകാനും സഹായകമാകും. ജീവിതായോധനത്തില്‍ പരാജയപ്പെട്ട് അതിന്റെ ദുഃഖച്ചുടില്‍ എരിഞ്ഞു നില്‍ക്കുന്ന മനസ്സുകളെ വേദനിപ്പിച്ച് അതില്‍ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകള്‍ക്കും മുങ്ങി നിവര്‍ന്ന് സ്വയം ശുദ്ധീകരിക്കാനുള്ള ശീതള സരോവരം സൃഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അനുകമ്പയില്‍ ഉത്തേജിതനായിട്ടാണ് അണുജീവിയിലും സഹോദരപ്രണയം വേണമെന്നും തുരു പക്ഷി മൃഗങ്ങളോടും സ്‌നേഹരസം വേണമെന്നും മറ്റും കുമാരനാശാന്‍ പാടിയിട്ടുള്ളത്. ഈ പ്രചോദനമാണ് നാം ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടത്. ജീവിതം അനുകമ്പയില്‍ അധിഷ്ഠിതമാക്കുകയും സ്‌നേഹമയമാക്കുകയും വേണം.

ഇന്‍ഡ്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിക്കൊടുത്തപ്പോള്‍ ഗാന്ധിജി ഒരു രാമരാജ്യം സ്വപ്നം കണ്ടിരുന്നു. രാമരാജ്യമെന്നാല്‍ ഹിന്ദു രാജ്യമെന്ന് തെറ്റിദ്ധരിക്കരുത്. ആ തെറ്റിദ്ധാരണയുടെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ ഗാന്ധിജിയെ മനസ്സിലാക്കാത്ത ഇന്‍ഡ്യാക്കാരുടെ ലക്ഷണമാണ്. രാമനെന്ന ഭരണകര്‍ത്താവില്‍ ഗാന്ധിജി കണ്ടത് പ്രജകളുടെ താല്‍പര്യത്തിന് വിലകല്‍പ്പിക്കുന്ന ഉത്തമരാജാവിനെയാണ്. അശോകനെപ്പോലെയോ അക്ബറെപ്പോലെയോ ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒരു രാജാവല്ല രാമന്‍. കോടാനുകോടി ഭാരതീയ ഹൃദയങ്ങളില്‍ വേലിയേറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒരത്ഭുത പ്രഭാവമാണ്. പ്രജകളുടെ ജീവനും സ്വത്തും കാത്തു സൂക്ഷിച്ചിരുന്ന രാജാക്കന്മാരുണ്ടായിരുന്നു. എന്നാല്‍, രാജാക്കന്മാരുടെ സ്ഥാനത്ത് രാഷ്ട്രീയക്കാര്‍ വന്നപ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യാനും അവരുടെ പോക്കറ്റില്‍ കയ്യിടാനും തുടങ്ങി. അവര്‍ക്ക് രാമസങ്കല്‍പത്തിന്റെ അന്തസ്സാരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യം നഷ്ടമായി. രാഷ്ട്രങ്ങള്‍ യുദ്ധങ്ങളുടെ പിന്നാലെ പോയും ആയുധ വില്‍പന നടത്തിയും മറ്റുരാഷ്ട്രങ്ങളെ പരസ്പരം കലഹിപ്പിച്ചും ലോകത്തില്‍ അസന്തുഷ്ടി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഭൗതികനേട്ടങ്ങളില്‍ ഉന്നം വെക്ലുകൊണ്ടാണ്. അവിടെ ആദ്ധ്യാത്മികതയുടെ വെളിച്ചമില്ല. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് അനുകരണീയമാകട്ടെ, മാതൃകയാകട്ടെ.
ഏവര്‍ക്കും പുതുവത്സരാശംസകള്‍.
Join WhatsApp News
truth and justice 2018-12-29 14:28:38
I only know through the bible, God almighty going to end this world and reinstate a new kingdom where Jerusalem a capital which will soon happens when His beloved son jesus appear in Mid air for rapture to receive his own and the Antichrist begin his kingdom for seven years where nobody can make any transaction with his permission Zeal on forehead and on hand.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക