Image

ഇന്ന് കെവിന്‍റെ പിറന്നനാള്‍; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയുടെ ഇരയുടെ ഓര്‍മ്മയില്‍ വിതുമ്പി നാട്ടുകാര്‍

Published on 29 December, 2018
ഇന്ന് കെവിന്‍റെ പിറന്നനാള്‍; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയുടെ ഇരയുടെ ഓര്‍മ്മയില്‍ വിതുമ്പി നാട്ടുകാര്‍
കോട്ടയത്ത് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ കെവിന്‍റെ കല്ലറയ്ക്കരികെ ഇന്ന് ഒരുപാട് കണ്ണീര് വീണിട്ടുണ്ടാകും. ഉറ്റവരെയും സ്നേഹിതരെയും കണ്ണീരിലാഴ്ത്തി വിട്ടുപിരിഞ്ഞ കെവിന് ഇന്ന് 24ാം പിറന്നനാളാണ്. ജീവിതത്തില്‍ പ്രണയിച്ചവളുടെ കൈപിടിച്ച് എവിടെയോ എത്തിച്ചേരേണ്ട ചെറുപ്പക്കാരന്‍. അവനെ പ്രണയിനിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊന്നുകളഞ്ഞു. കൊല്ലുവാന്‍ കാരണം കെവിന്‍റെ ജാതിയായിരുന്നു. ദളിത് ക്രൈസ്തവനായ കെവിന് തങ്ങളുടെ മകളെ നല്‍കില്ലെന്ന് സവര്‍ണ്ണ ക്രൈസ്തവരായ പ്രണയിനിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. അതിന് അവര്‍ അവന് വിധിച്ചത് മരണ ശിക്ഷ. 
ഇതിനിടയില്‍ ജീവിതം നിലച്ചത് പോലെ ഒരു പെണ്‍കുട്ടിയുണ്ട്. അവളാണ് നീനു. കെവിന്‍ ജീവനു തുല്യം സ്നേഹിച്ചവള്‍. അവള്‍ ഇന്നും കെവിന്‍റെ പെണ്ണായി കെവിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുന്നു. മകനുവേണ്ടി നീനുവിനെ കെവിന്‍റെ വീട്ടുകാര്‍ സ്നേഹിക്കുന്നു. 
കെവിന്‍ കൊല്ലപ്പെട്ടിട്ട് ഏഴ് മാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മേയ് മാസം 28നായിരുന്നു നീനുവിന്‍റെ അച്ഛനും സഹോദരനും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് കൊലപ്പെടുത്തിയത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊല കൂടിയാകുന്നു കെവിന്‍റെ കൊലപാതകം. സാക്ഷരമലയാളി എന്ന അഹങ്കാരത്തിന് ഏറ്റ മുറിവാണ് കെവിന്‍റെ കൊലപാതകം. 
ഒരു പെണ്‍കുട്ടിക്കും തന്‍റെ അനുഭവം ഉണ്ടാവരുതേ എന്നാണ് ഇന്ന് നീനുവിന്‍റെ പ്രാര്‍ഥന. തന്നെ ജീവിതത്തിലേക്ക് ചേര്‍ത്ത് പിടിച്ചു നിര്‍ത്തുന്നത് കെവിന്‍റെ മാതാപിതാക്കളുടെ സ്നേഹമാണെന്ന് നീന പറയുന്നു. തന്‍റെ ജീവിതം തല്ലിക്കെടുത്തിയ സ്വന്തം മാതാപിതാക്കളോടും സഹോദരനോടും അവളുടെ മനസിലെന്തെന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ ജീവിതത്തോട് പോരാടി തന്നെയാണ് അവളിന്ന് ജീവിക്കുന്നത്. 
ചിലര്‍ എന്നെയും കെവിനെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ തോറ്റുപോവില്ല. തോറ്റാല്‍ കെവിന്‍ ചേട്ടന്‍റെ ആത്മാവ് വേദനിക്കും. എനിക്ക് പൊരുതി തന്നെ ജീവിക്കണം. എന്‍റെ കെവിന് വേണ്ടി.... നീനു പറയുന്നു. 
കുട്ടികള്‍ക്ക് ട്യൂഷന്‍ പഠിപ്പിച്ച് നീനു ഇന്ന് സ്വന്തം വരുമാനം കണ്ടെത്തിയാണ് പഠിക്കുന്നത്. എല്ലാ ദുഖങ്ങള്‍ക്ക് നടുവിലും പഠനം നന്നായി തന്നെ മുമ്പോട്ടു കൊണ്ടു പോകുന്നു. സ്കോളര്‍ഷിപ്പ് നേടാന്‍ കഴിഞ്ഞു നീനുവിന്. ഇപ്പോള്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി. 
അതെ അവള്‍ പൊരുതി മുമ്പോട്ടു പോകുകയാണ്. പ്രണയമെന്നത് സത്യവും അനശ്വരവുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു തന്നെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക