Image

മായാമോഹിനി നിരാശപ്പെടുത്തി!

Published on 11 April, 2012
മായാമോഹിനി നിരാശപ്പെടുത്തി!
ദിലീപ് പെണ്‍വേഷത്തിലെത്തിയ മായാമോഹിനിയ്ക്ക് തീയേറ്ററില്‍ പ്രതീക്ഷിച്ച തിളക്കം നേടാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഓര്‍ഡിനറിയും മാസ്‌റ്റേഴ്‌സും മത്സരിക്കുന്ന തീയേറ്ററുകളില്‍ അവധിക്കാല ചിത്രമായ മായാമോഹിനി എത്തിയപ്പോള്‍ ദിലീപിന്റെ ആരാധകരെപ്പോലെ സിനിമാ നിരൂപകരും ഏറെ പ്രതീക്ഷിച്ചിരുന്നു. ദിലീപ് അനശ്വരമാക്കിയ 'ചാന്ത്‌പൊട്ടിന്റെ ഓര്‍മ്മയില്‍ തീയേറ്ററുകളില്‍ എത്തിയവര്‍ക്ക് മുഖംതിരിച്ച് ഇറങ്ങേണ്ടിവന്നു എന്ന വിധത്തിലുള്ള ആരോപണവര്‍ഷമാണ് നിരൂപണം നടത്തുന്നവര്‍ ചൊരിയുന്നത്. ദിലീപിന്റെ ഫാന്‍സിഡ്രസ് വേഷത്തിന്റെ ചേഷ്ടകള്‍ ഹിജഡയെപ്പോലെ തോന്നിപ്പിക്കുമെന്നു വരെ ആരോപണമുണ്ട്. അര്‍ദ്ധനഗ്‌ന നര്‍ത്തകിമാരും ആഭാസകരമെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി ചേഷ്ടകളും അശ്ലീലച്ചുവയോടെയുള്ള ദ്വയാര്‍ത്ഥ സംഭാഷണ പ്രയോഗങ്ങളും നിറഞ്ഞു നില്‍ക്കുന്ന സിനിമ കൗമാരക്കാരായ മക്കളുമൊത്ത് കാണാന്‍ തുനിയുന്ന മാതാപിതാക്കള്‍ക്ക് അപാരമായ തൊലിക്കട്ടി വേണമെന്ന് വരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മായാമോഹിനി ഇറങ്ങി ഉടന്‍ തന്നെ കുടുംബപ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ പോയിരുന്ന് കാണാന്‍ പറ്റാത്ത ചിത്രം എന്ന പേരുദോഷം സമ്പാദിച്ചു കഴിഞ്ഞു. വിഷുവിന് മുന്‍പ് തന്നെ പടം തിയേറ്ററുകളില്‍ നിന്നും മാറ്റപ്പെടാമെന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ദിലീപിന്റെ പെണ്‍വേഷമാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണമെങ്കിലും ഇതിന്റെ അവതരണത്തിലെ പാളിച്ചകളാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. മായാമോഹിനിയ്ക്ക് ഹിജഡയുടെ മട്ട് തോന്നിപ്പിച്ചുവെന്ന് ആരോപണമുണ്ടെങ്കിലും അതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നത് സംവിധായകനായ ജോസ് തോമസിലാണ്. അല്പം കൂടി മികവ് പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ മോഹിനിയുടെ പ്രകടനത്തില്‍ സ്വാഭാവികത കൊണ്ടുവരാമായിരുന്നു. എന്നാല്‍ ദിലീപ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതിനെ ആരും അത്രയും കുറ്റം പറയുന്നില്ല. ലോങ് ഷോട്ടുകളില്‍ പെണ്‍ഭാവം വരുത്തുന്നതില്‍ താരം വിജയിച്ചിട്ടുമുണ്ട്.

സിബി ഉദയ്കൃഷ്ണയുടെ കഥയും തിരക്കഥയുമൊക്കെ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ തരംതാണ നാലാംകിട വിറ്റുകളും വിലകുറഞ്ഞ തമാശകളുമെല്ലാം സംവിധായകന്‍ ജോസ് തോമസിന്റെ പേര് കളഞ്ഞുവെന്നും നിരൂപകര്‍ പറഞ്ഞു കഴിഞ്ഞു. ബാബുരാജ് - ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ തമാശകള്‍ക്ക് വേണ്ടത്രെ കൈയ്യടി കിട്ടുന്നുമുണ്ട്. പോലീസ് കമ്മീഷണറുടെ കോമഡി റോളില്‍ വന്ന സ്ഫടികം ജോര്‍ജ് തമാശ ചെയ്തതും നന്നായിട്ടുണ്ട്.

ബാലകൃഷ്ണന്റെ (ബിജു മേനോന്‍) ഒളിച്ചോടിപ്പോയ ഭാര്യയ്ക്ക് (ലക്ഷ്മി റായ്) പകരമായി മായാമോഹിനിയെ (ദിലീപ്) കൊണ്ടുവരുന്നതും മോഹനകൃഷ്ണനെ കാമുകി കുടുക്കാന്‍ ശ്രമിക്കുന്നതും പിന്നീട് സത്യം തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്നതും മുതല്‍ ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നതു വരെയുള്ള സീനുകളെല്ലാം തന്നെ പല സിനിമകളിലും മുന്‍പ് ഉണ്ടായതിന്റെ ആവര്‍ത്തനമായി തോന്നും. അതുകൊണ്ട് തന്നെ സിബി കെ തോമസ് -ഉദയ്കൃഷ്ണയുടെ കഥയും തിരക്കഥയും ദിലീപിനോടും സംവിധായകനോടും മാത്രമല്ല സിനിമാ പ്രേക്ഷകരോടും കൂടി ചെയ്യുന്ന ക്രൂരതയാണെന്നാണ് വിലയിരുത്തല്‍.

മായാമോഹിനി നിരാശപ്പെടുത്തി!മായാമോഹിനി നിരാശപ്പെടുത്തി!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക