Image

കാണാതായെന്ന പ്രചാരണം തെറ്റ്; ജീവന് ഭീഷണിയുള്ളതിനാല്‍ മാറി നില്‍ക്കുകയാണെന്ന് കനകദുര്‍ഗ

Published on 29 December, 2018
കാണാതായെന്ന പ്രചാരണം തെറ്റ്; ജീവന് ഭീഷണിയുള്ളതിനാല്‍ മാറി നില്‍ക്കുകയാണെന്ന് കനകദുര്‍ഗ

ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. 24 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ കനകദുര്‍ഗ വിശദീകരണവുമായി എത്തിയത്. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നില്‍ക്കുന്നതെന്ന് കനകദുര്‍ഗ വ്യക്തമാക്കി.

കനകദുര്‍ഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കനക ദുര്‍ഗയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസിലാണ് പരാതി നല്‍കിയിരുന്നത്.

" ഞാനും ബിന്ദുവും സുരക്ഷിതമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉള്ളത്. പോലീസ് കസ്റ്റഡിയില്‍ അല്ല. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. അതുപോലെ ജീവന് ഭീഷണിയുള്ളതുകൊണ്ട് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാന്‍ സാധ്യമല്ലാത്തതിനാല്‍ കുറച്ച്‌ നാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നതാണ്. അതുവരെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കും''. സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുന്നതെന്നും കനകദുര്‍ഗ പറയുന്നു.

കഴിഞ്ഞ 24നാണ് കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദര്‍ശനത്തിനെത്തിയത്. പോലീസ് സംരക്ഷണയില്‍ ഇവര്‍ സന്നിധാനത്തിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ വരെയെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

തന്റെ അറിവോടെയല്ല കനകദുര്‍ഗ ശബരിമലയിലേക്ക് പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുള്ളി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ യോഗത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്, മാധ്യമങ്ങളിലൂടെയാണ് ശബരിമലയിലെത്തിയ വിവരം അറിഞ്ഞതെന്നാണ് കുടുംബം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക