Image

ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ (ഭാഗം-4: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 29 December, 2018
ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ (ഭാഗം-4: ജോണ്‍ വേറ്റം)
ഡാര്‍ജിലിംഗില്‍ അധിവസിക്കുന്ന ക്രൈസ്തവരെ, ആങ്‌ഗ്ലോ ഇന്‍ഡ്യന്‍ ക്രിസ്ത്യാനി, ഇന്‍ഡ്യന്‍ ക്രിസ്ത്യാനി, ഗിരിവര്‍ഗ്ഗ ക്രിസ്ത്യാനി, പട്ടികജാതി ക്രിസ്ത്യാനി, ബ്രിട്ടീഷ് ക്രിസ്ത്യാനി, യൂറോപ്യന്‍ ക്രിസ്ത്യാനി എന്നിങ്ങനെ വേര്‍തിരിച്ചുകാണാം. ക്രിസ്തീയ മുന്നേറ്റത്തിനെതിരെ വിമതവിഭാഗങ്ങളുടെ ഉപദ്രവം ഏറെക്കാലം തുടര്‍ച്ചയായിരുന്നു. എങ്കിലും, ആ പ്രതിരോധം ക്രമേണ നാമമാത്രമായി. സാമാന്യജനങ്ങള്‍ക്ക് വിദ്യാഭ്യാസവും, നല്ല സംസ്‌ക്കാരവും ഉണ്ടായതാണ് അതിന്റെ മുഖ്യകാരണം. ക്രിസ്തീയ ജീവതത്തിന്റെ കാതലായ സ്‌നേഹവും നിസ്വാര്‍ത്ഥവും സഹായകവുമായ സമീപനവും, സകലരേയും സഹോദരങ്ങളായി കാണുന്നതും ജനങ്ങളെ ആകര്‍ഷിച്ചതാണ് മറ്റൊരു ഹേതു. മിഷണറിമാരുടെ ത്യാഗപൂര്‍ണ്ണമായ സേവനം എത്തിച്ചേര്‍ന്നില്ലായിരുന്നുവെങ്കില്‍, ഇന്നത്തെ പുരോഗതി ഡാര്‍ജിലിംഗില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് വിശ്വസിക്കാം. ഗവണ്‍മെന്റില്‍ നി്ന്നും ഡാര്‍ജിലിംഗിന് ലഭിച്ച സഹായങ്ങള്‍ പരിമിതമാണ്. വിദേശീയരായ മിഷ്ണറിമാരുടെ വിയര്‍പ്പിലും വേദനയിലും വിളഞ്ഞ നേട്ടങ്ങളും അവരിലൂടെ ഒഴുകിയെത്തിയ വിദേശധനവും, ഡാര്‍ജിലിംഗിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. അവിടുത്തെ സങ്കര ജനതയെ സംരക്ഷിക്കുകയും ചെയ്തു!

ആത്മീയ അനുഭൂതി പകര്‍ന്ന്, ആളുകളെ മാനസാന്തരപ്പെടുത്തുന്നതില്‍ പ്രൊട്ടസ്റ്റന്റ് സഭ കൂടുതല്‍ വിജയിച്ചു. ക്രിസ്തീയ ജീവിതമുറകള്‍ പകര്‍ന്നുകൊടുക്കുന്നതിലും, പ്രചരണവേലയിലും അവര്‍ മുന്നേറി. 1870-ല്‍ ആരംഭിച്ച അവരുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ സഭകളുടെ ഏകോപനം ഇല്ലായിരുന്നു. ഓരോ സഭാവിഭാഗങ്ങളും അവരവരുടെ താല്‍പര്യങ്ങള്‍ അനുസരിച്ചുസേവനം ചെയ്തു. എന്നാല്‍ 1924-ല്‍ ഇതിന് മാറ്റം വന്നു. 'പ്രെസ്ബിറ്റീരിയന്‍' സഭ മറ്റ് ചില സ്വതന്ത്രസഭാവിഭാഗങ്ങളും ചേര്‍ന്നു യു.സി.എന്‍.ഐ.(united Church of North India  ) എന്ന പേരില്‍ ഒരു നവീകൃതസഭ രൂപീകരിച്ചു. ബഹുമുഖമായ പുരോഗതിക്ക് അത് സഹായിച്ചു. യു.സി.എന്‍.എ.യുടെ പ്രവര്‍ത്തനമണ്ഡലത്തില്‍, ചികിത്സാലയങ്ങളും വിദ്യാലയങ്ങളും തുറക്കപ്പെട്ടു. 1950-വരെ, ഡാര്‍ജിലിംഗിലെ പ്രൈമറി സ്‌ക്കൂളിലധികവും പ്രവര്‍ത്തിച്ചത് പ്രസ്തുത സഭയുടെ നിയന്ത്രണത്തിലായിരുന്നു. പ്രൊട്ടെസ്റ്റന്റു വിഭാഗത്തില്‍പ്പെട്ട 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' എന്ന മതസംഘടനയാണ് സേവനരംഗത്ത് വിജയിച്ച മറ്റൊരു സഭ. ആതുരശുശ്രൂഷയിലും, വിദ്യാഭ്യാസരംഗത്തുമായിരുന്നു പ്രസ്തുത സഭയുടെ ശ്രദ്ധ. അംഗസംഖ്യയുടെയും സാമ്പത്തിക ഭദ്രതയുടെയും കുറവ് മൂലം, സാമൂഹ്യരംഗത്ത് വളരാന്‍ കഴിയാത്ത ചില സഭകളും ഡാര്‍ജിലിംഗില്‍ ഉണ്ടായിരുന്നു. പ്രൊട്ടെസ്റ്റന്റുസഭകളിലെ വിശ്വാസികളിലധികവും പാവങ്ങളും സാമാന്യജനങ്ങളുമായിരുന്നു. ഇതരസഭകളുമായി ഇണങ്ങിച്ചേര്‍ന്നും, സ്‌നേഹവലയം സൃഷ്ടിച്ചും പുതിയ സഭകളും മുന്നേറുന്നു.

1848- മുതല്‍ ഡാര്‍ജിലിംഗില്‍ കത്തോലിക്കാസഭയുടേതായി പ്രവര്‍ത്തിച്ചത്. 'ക്യപ്പൂച്ചിന്‍' സഭയിലെ അംഗങ്ങളായിരുന്നു. 1935-ല്‍ 'അഗസ്റ്റീനിയന്‍ സഭ' അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതോടുകൂടി, കത്തോലിക്കാസഭ ത്വരിതപുരോഗതി പ്രാപിച്ചു. 1951-ല്‍, ഒരു പ്രീഫിക്‌സര്‍ അപ്പൊസ്തലിക്ക് എന്ന നിലയില്‍ അവിടം അംഗീകരിക്കപ്പെട്ടു. അതുവരെ, ഡാര്‍ജിലിംഗ്, കൊല്‍ക്കത്ത രൂപതയുടെ അധികാരപരിധിക്കുള്ളിലായിരുന്നു. തുടര്‍ന്നുണ്ടായ, അഭിമാനകരമായ പുരോഗതി കണ്ടു സന്തോഷിച്ച മാര്‍പ്പാപ്പ, 1962 നവംബര്‍ മാസം 25-ാം തീയതി, ഡാര്‍ജിലിംഗിനെ ഒരു രൂപതയാക്കി. 'എറിക്ക് ബെന്‍ജമിന്‍'(Rt.Rev.Mgr.E.Benjamin)എന്ന നീപ്പാളി പുരോഹിതനെ അവിടുത്തെ ബിഷപ്പായി നിയമിക്കുകയും ചെയ്തു. നീപ്പാളി ജനതയിലെ ആദ്യത്തെ കത്തോലിക്കാപുരോഹിതനും, ബിഷപ്പും, ഇദ്ദേഹമാണെന്ന കാര്യം സ്മരണീയമാണ്. ഡാര്‍ജിലിംഗ്, കര്‍സിയോങ്ഗ്, കലിംപാങ്ഗ്, സിലിഗുരി എന്നീ സബ് ഡിവിഷനുകളും സിക്കിം മുഴുവനും പ്രസ്തുത രൂപതയില്‍ ഉള്‍പ്പെട്ടിരുന്നു.

കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ആകര്‍ഷകമായിരുന്നു! ഓരോ ഗ്രാമങ്ങളിലും അവരുടെ നിയുക്തരായ ഉപദേശിമാര്‍ പ്രവര്‍ത്തിച്ചു. വീടുകള്‍ സന്ദര്‍ശിച്ചു വേദോപദേശം നല്‍കുകയും സഹായം എത്തിച്ചുകൊടുക്കുകയും ചെയ്യുക, കുട്ടികളെ പഠിപ്പിക്കുക, പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കുക എന്നിവ അവരുടെ ജോലിയില്‍പ്പെട്ടവയായിരുന്നു. നല്ല സേവനസന്നദ്ധതയും കര്‍ത്തവ്യബോധവും അവര്‍ക്കുണ്ടായിരുന്നു. നിഷ്പക്ഷവും ധാര്‍മ്മികവുമായ സേവനങ്ങള്‍ക്ക് അവര്‍ സ്വയം സജ്ജീകരിച്ചു. അജ്ഞതയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും ജനങ്ങളെ ആര്‍ദ്രതയോടെ മാറ്റി സുരക്ഷിതരാക്കുവാന്‍, പുരോഹിതന്മാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ മഹനീയമായിരുന്നു. പാവങ്ങള്‍ക്ക്, അവരുടെ പാവനസ്‌നേഹം കൂടുതലായി ലഭിച്ചു. മനുഷ്യവര്‍ഗ്ഗത്തിനു പൊതുവായും, ഏതൊരു മൃഗത്തിനും സ്വീകരിക്കാവുന്ന സമത്വവും സാഹോദര്യവും, സ്‌നേഹവും ഏത് ഉറവില്‍നിന്നും കിട്ടുമെന്ന് അവര്‍ യുവജനങ്ങളെ ജാഗ്രതയോടെ പഠിപ്പിച്ചു. അതുകൊണ്ട്, അനേകം യുവാക്കള്‍ സ്വമതവിശ്വാസങ്ങളെ വെടിഞ്ഞ്, കത്തോലിക്കാസഭയുടെ സെമിനാരികളില്‍ പ്രവേശിച്ചു. ഡാര്‍ജിലിംഗില്‍ കാണപ്പെടുന്ന മഹത്തായ മാനവസംസ്‌ക്കാരത്തിന്റെ സംവിധാനം, ക്രിസ്ത്യന്‍ മിഷ്ണറിമാരുടേതായിരുന്നുവെന്ന് സംശയം കൂടാതെ സമ്മതിക്കാം. ആ മനോഹരഭൂമിയിലെ ജനതകളുടെ പുരോഗതിക്കു സഹായിച്ചതും, മാര്‍ഗ്ഗദര്‍ശനം നല്‍കിയതും, അവിടെ പകര്‍ന്ന വിദ്യയുടെ വെളിച്ചമായിരുന്നുവെന്ന് വിശ്വസിക്കാം. വിദ്യാഭ്യാസം എന്ന നന്മവിതക്കുവാന്‍ ആദ്യം അവിടെ എത്തിയത് 'സ്‌കോട്ട്‌ലന്‍ഡ് മിഷന്‍' ലെ മിഷണറിമാരായിരുന്നു. ആ സ്വരാജ്യഭൂമിയില്‍ ബ്രിട്ടീഷ്‌കാര്‍ പ്രവേശിച്ച ഘട്ടത്തില്‍, അവിടുത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം അജ്ഞാതവിഷയമായിരുന്നു. അഭ്യസ്തവിദ്യരും പണക്കാരും, വിദ്യാലയങ്ങളുടെ അഭാവത്തില്‍, തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവരവരുടെ സ്വന്തഭവനങ്ങളില്‍ സ്വകാര്യവിദ്യാഭ്യാസം നല്‍കുമായിരുന്നു.

വിദ്യാലയത്തിന്റെ ആവശ്യവും ഉദ്ദേശ്യവും, ഫലവും എന്തെന്നറിയാത്തവര്‍ക്ക് വിദ്യയുടെ വെളിച്ചം നല്‍കിയ മി്ഷ്ണറിമാരില്‍ സ്മരണീയനാണ് ബാപ്റ്റിസ്റ്റ് സഭാംഗമായിരുന്ന റവ.ഫാ. ഡബ്ല്യൂ.സ്റ്റാര്‍ട്ട്. 1950-ല്‍, അദ്ദേഹം കലിംപാങ്ഗില്‍ ആദ്യവിദ്യാലയം സ്ഥാപിച്ചു. അപ്പോഴും, സ്‌ക്കൂളില്‍ കുട്ടികളെ ചേര്‍ക്കുവാന്‍ മാതാപിതാക്കള്‍ ഭയന്നു. വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തെ ഇ്ഷ്ടപ്പെടാതെ ഒളിച്ചോടുമായിരുന്നു. വിദ്യാലയങ്ങളുടെ അനുശാസനം പരമ്പരാഗത ആചാരങ്ങളെ ഛേദിക്കുമെന്ന ചിന്തയും ജനങ്ങളിലുണ്ടായി. വിദ്യാഭ്യാസപരിപാടികളെ അടിച്ചുതകര്‍ക്കാനും അവര്‍ ശ്രമിച്ചു. എന്നിട്ടും, കഷ്ടതകളിലൂടെ ഫാ.സ്റ്റാര്‍ട്ട് മുന്നോട്ട് പോയി. ക്രമേണ, അദ്ദേഹത്തെ സഹായിക്കുവാന്‍ അനവധി മിഷ്ണറിമാര്‍ ്അവിടെയെത്തി. 1961-ല്‍, 'വില്യംമാക്ക് ഫെര്‍ലെയന്‍' എന്ന പുരോഹിതന്റെ ആഗമനത്തോടെ, പാര്‍പ്പിട സൗകര്യങ്ങളും ദേശീയ ഭാഷാരീതി അവലംബിച്ചുകൊണ്ടുമുള്ള വിദ്യാലയങ്ങള്‍ പ്രവര്‍ത്തനത്തില്‍ വന്നു. ഈ രീതി, സ്വദേശികളായ അദ്ധ്യേതാക്കളെ അദ്ധ്യാപകരാക്കുന്നതിനും സഹായിച്ചു. എന്നിട്ടും, ഹിന്ദിപ്പുസ്തകങ്ങളുടെ അഭാവം അദ്ധ്യാപനത്തെ ബാധിച്ചു. എന്നിട്ടും, ഹിന്ദിപ്പുസ്തകങ്ങളുടെ അഭാവം അദ്ധ്യാപനത്തെ ബാധിച്ചു. അതുകൊണ്ട്, ഫാ.വില്യം മാക്ക് ഫെര്‍ലെയന്‍, സഹായത്തിന് സര്‍ക്കാരിനെ സമീപിച്ചു. നിരാശാജനകമായിരുന്നു ഫലം. പിന്നീട്, 'ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്റ്' പ്രേഷിതവേലക്കുവേണ്ടിവന്നു. അതോടെ, വിദ്യാഭ്യാസരംഗം പൂര്‍വ്വാധികം മെച്ചപ്പെട്ടു.

തുടരും....)


ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ (ഭാഗം-4: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക