Image

പാസായ മുത്തലാഖ് ബില്ലും കുഞ്ഞാലിക്കുട്ടിയുടെ തിക്കുംതിരക്കും

ശ്രീകുമാര്‍ Published on 29 December, 2018
പാസായ മുത്തലാഖ് ബില്ലും കുഞ്ഞാലിക്കുട്ടിയുടെ തിക്കുംതിരക്കും
മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം പുരുഷന്‍ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോകസഭ പാസാക്കിയിരിക്കുന്നു. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസായത്. കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ നിലപാടെടുത്തായിരുന്നു വാക്കൗട്ട്. ഡിസംബര്‍ 27ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കിയാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്.

എന്നാല്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും ലോക്‌സഭാംഗവുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ഹാജരാകാതിരുന്നത് വിവാദമായി. ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിട്ടുണ്ട്. ചര്‍ച്ചയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലീഗ് നേതൃത്വം അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. മുത്തലാഖ് ബില്‍ പാസാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നില്ല.

മുത്തലാഖ് വിവാദത്തില്‍ മുസ്ലീം ലീഗില്‍ ലോക്‌സഭാംഗം പി.കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്നുവെന്നാണ് മനസിലാക്കുന്നത്. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. ഒരു വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ സല്‍കാരത്തില്‍ പങ്കെടുക്കുകയായിരുന്നു ആ സമയം കുഞ്ഞാലിക്കുട്ടി എന്നാണ് ആരോപണം. വിഷയത്തില്‍ പാര്‍ട്ടി അണികളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനം ആണ് കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ചില നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ പരസ്യമായി സംരക്ഷിച്ച് രംഗത്ത് വരുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് എന്തുകൊണ്ട് വിട്ടുനിന്നു എന്ന കാര്യത്തിലാണ് വിശദീകരണം ചോദിച്ചിട്ടുള്ളത്. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആയിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിച്ച് ലോക്‌സഭയില്‍ എത്തിയത്. എം.എല്‍.എ സ്ഥാനം രാജിവച്ചായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. ദേശീയ തലത്തില്‍ പാര്‍ട്ടി ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി പാര്‍ലമെന്റിലേക്ക് അയച്ചത്.

മുസ്ലീം സമുദായം ഏറെ ആശങ്കയോടെ കാണുന്ന മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യവും അതുകൊണ്ട് തന്നെ ശ്രദ്ധേയവും ആയിരുന്നു. അതും ഒരു വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ സത്കാരത്തിന് വേണ്ടി ഇത്രയും പ്രധാനപ്പെട്ട ഒരു ചര്‍ച്ചയില്‍ നിന്ന് മാറി നിന്നു എന്നത് ഏറെ ഗൗരവത്തോടെയാണ് മുസ്ലീം ലീഗ് അണികള്‍ കാണുന്നത്. മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധ വോട്ട് ചെയ്യുക എന്നത് താനും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ചേര്‍ന്ന് എടുത്ത തീരുമാനം ആണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പാര്‍ട്ടിപരമായും വിദേശയാത്ര പരമായും ചില അത്യാവശ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആണ് താന്‍ പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

മുത്തലാഖ് നിരോധന ബില്ലിന് പിന്നാലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരാകാം എന്ന സ്ഥിതി കൂടി അവസാനിപ്പിക്കണം എന്നാണ് സ്ത്രീകളുടെ ആവശ്യം. മുത്തലാഖ് നിരോധിക്കപ്പെടുന്നതോടെ പുതിയൊരു തുടക്കമാകും എന്ന് കരുതുന്നവരാണ് ബഹുഭാര്യാത്വം കൂടി അവസാനിപ്പിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത്. മുത്തലാഖിനെതിരെ കോടതിയെ സമീപിച്ച അഭിഭാഷക ഫറാ ഫയീസും രിസ്വാനയും റസിയയും പറയുന്നത് മുത്തലാഖിനെക്കാള്‍ കഷ്ടമാണ് മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം എന്നാണ്. മുത്വലാഖ് നിരോധിക്കാനുള്ള കേന്ദ്രനീക്കത്തില്‍ ആശ്വാസം പ്രകടിപ്പിച്ച ഇവര്‍ പറയുന്നത് പുതിയൊരു തുടക്കമായെങ്കിലും ഈ മാറ്റത്തെ കാണാം എന്നാണ്.

മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യം പുതിയ കാര്യമൊന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന്‍ ഇത്തരമൊരു ശുപാര്‍ശ വെച്ചിരുന്നു. എന്നാല്‍ അന്ന് കമ്മീഷന്‍ സമര്‍പ്പിച്ച കരട് നിയമത്തിലുള്ള ഭൂരിഭാഗം നിര്‍ദ്ദേശങ്ങളെയും മതസംഘടനകള്‍ ഒരേസ്വരത്തില്‍ എതിര്‍ക്കുകയായിരുന്നു. പുരുഷന് രണ്ടാമത് വിവാഹം ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയുടെ സമ്മതപത്രം വേണമെന്നായിരുന്നു ഇതിലെ ഒരു നിര്‍ദേശം. രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം തേടുകയെന്നത് തീര്‍ത്തും ഇസ്ലാമികമായ കാര്യമാണെന്നാണ് സ്ത്രീ സംഘടനകളുടെ അഭിപ്രായം.

ഇബ്രാഹിം നബി ആദ്യ ഭാര്യയില്‍ നിന്നും സമ്മതം വാങ്ങിയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന ഉദാഹരണമാണ് ഇവര്‍ക്ക് കാട്ടാനുള്ളത്. ഖുറാനിലും ഈ നിര്‍ദേശമാണത്രെ ഉള്ളത്. നിക്കാഹ് ഹലാല എന്ന സ്ത്രീവിരുദ്ധ നിയമത്തിനെതിരെയും സ്ത്രീ സംഘടനകള്‍ മുന്നോട്ട് വരുന്നുണ്ട്. വിവാഹമോചനം നേടിയ ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കുന്നിനെക്കുറിച്ചുള്ള ശരിയത്ത് നിയമമാണിത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ആ ബന്ധം വേര്‍പ്പെടുത്തിയാല്‍ മാത്രമേ പുനര്‍വിവാഹം സാധ്യമാകൂ എന്ന സ്ത്രീവിരുദ്ധ നിയമമാണിത്. മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ നിയമവശങ്ങള്‍ പരിഗണിക്കുകയാണ് കോടതി. ലിംഗസമത്വം, മതേതരത്വം എന്നിവയ്ക്ക് വിരുദ്ധമാണ് നിക്കാഹ് ഹലാലയിലും ബഹുഭാര്യത്വത്തിലും മുത്തലാഖിലും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ വിവാഹമോചനങ്ങള്‍ കൂടാതിരിക്കാനുള്ളതാണ് നിക്കാഹ് ഹലാല പോലുള്ള നിയമങ്ങള്‍ എന്ന് ഇതിനെ അനുകൂലിക്കുന്നവരും പറയുന്നു.

മുത്തലാഖ് ബില്ലിന്റെ കൂടെ തന്നെ ബഹുഭാര്യാത്വവും നിരോധിക്കേണ്ടതായിരുന്നു എന്നാണ് ബഹുഭാര്യാത്വത്തിന്റെ ഇരയായ 33കാരി റിസ്വാനയ്ക്ക് പറയാനുള്ളത്. പുരുഷന്മാര്‍ക്ക് നാല് വിവാഹം വരെ അനുവദിക്കുന്ന തരത്തിലാണ് നിലവിലെ നിയമം. മുത്തലാഖ് മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ല. ഇസ്ലാമിലെ ബഹുഭാര്യാത്വവും നിരോധിക്കേണ്ടതുണ്ട്- റിസ്വാന പറയുന്നു. 24കാരിയായ റസിയയെ ഭര്‍ത്താവ് ഫോണില്‍ക്കൂടി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്നതില്‍ അസ്വസ്ഥനായത് കൊണ്ടാണത്രെ ഇത്. തന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് ഈ നിയമമെന്ന് റസിയ പ്രത്യാശിക്കുന്നു. പതിനാറാം വയസ്സില്‍ വിവാഹിതയായതാണ് റസിയ.

ഇസ്‌ലാമില്‍ വിവാഹമോചനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് തലാഖ്. ഇസ്‌ലാമിക നിയപ്രകാരം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്യണമെങ്കില്‍ തലാഖിന്റെ മൂന്നു ഘട്ടങ്ങള്‍ കഴിയണം. ഇതിനെയാണ് മുതലാഖ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ അത്രമേല്‍ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ആദ്യം മാനസികമായുള്ള അകല്‍ച്ചയും പിന്നീടത് ശാരീരികമായുള്ള അകല്‍ച്ചയും, ഇടയ്ക്കു ഒന്നിച്ചു ചേരാനുള്ള കുടുംബങ്ങള്‍ ഇടപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളും തുടങ്ങി അതി സങ്കീര്‍ണ്ണമായ ഒട്ടനവധി കടമ്പകള്‍ പിന്നിട്ടാണ് സത്യത്തില്‍ വിവാഹ മോചനം എന്ന കര്‍മം ഇസ്‌ലാം അനുവദിക്കുന്നുള്ളൂ.

കാലക്രമേണ മനുഷ്യര്‍ അവനവന്റെ സൗകര്യ പൂര്‍ണ്ണമായൊരു തലത്തിലേക്ക് ഈ നിയമങ്ങളെ കൊണ്ടെത്തിക്കുകയും തല്‍ഫലമായി മുത്തലാഖ് പോലെയുള്ള തീര്‍ത്തും സ്ത്രീവിരുദ്ധവും അവിവേകവുമായ പല നിയമങ്ങളും ഇസ്‌ലാമില്‍ കടന്നു കൂടുകയും ചെയ്തു. അതിന്റെ ഫലമാണ് പുതുരീതികളായ വാട്‌സാപ്പ് തലാഖുകളും വെള്ള പേപ്പറില്‍ രേഖപ്പെടുത്തുന്ന ചില തലാഖുകളുമൊക്കെ. തീര്‍ത്തും ഇസ്‌ലാം വിരുദ്ധവും സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആചാരങ്ങള്‍ക്കെതിരെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പൊതു അഭിപ്രായം.

വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോണ്‍ കോളിലൂടെയോ അല്ലെങ്കില്‍ ഒരു പേപ്പര്‍ തുണ്ടിലൂടെയോ മൊഴി ചൊല്ലി അതിനെ മുതലാഖ് എന്നൊരു ഓമനപ്പേരും നല്‍കി ആധികാരികതയുണ്ടാക്കാന്‍ ശ്രമിക്കുന്നിടത്താണ് ഒരു കാടന്‍ നിയമം നടപ്പിലാക്കപ്പെടുന്നത്. ഇവിടെ ഇരകള്‍ക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്‌ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം തലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും നിലവില്‍ സര്‍വ സാധാരണമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക