Image

റവ. ഡോ. ജയിംസ് ഗുരുദാസ് അച്ചനും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

Published on 29 December, 2018
റവ. ഡോ. ജയിംസ് ഗുരുദാസ് അച്ചനും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)
ജനുവരി 09, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പതിമൂന്നാമത് ടെലികോണ്‍ഫെറന്‍സ് നയിക്കുന്നത്, ജര്‍മനിയിലെ ബോഹും (Bochum) യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിസ്തുശാസ്ത്രത്തില്‍ (Christology) ഡോക്ടറേറ്റ് നേടിയിട്ടുള്ള പണ്ഡിതനായ റവ. ഡോ. ജയിംസ് ഗുരുദാസ് സി.എം.ഐ. അച്ചനാണ്. അദ്ദേഹം ഭോപ്പാല്‍ റീജണല്‍ സെമിനാരിയില്‍ ദീര്‍ഘകാലം ദൈവശാസ്ത്രാദ്ധ്യാപകനും ഡീന്‍ ഓഫ് സ്റ്റഡീസും ആയിരുന്നു. ഒറീസയിലെ സാമ്പല്‍പൂര്‍ സെമിനാരിയില്‍ 18 വര്‍ഷം അസോസിയേറ്റ് പ്രഫസറായും മറ്റ് പല സെമിനാരികളിലും വിസിറ്റിംഗ് പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്തിനടുത്ത് തെള്ളകം മതസൗഹാര്‍ദ്ദകേന്ദ്രമായ 'സ്‌നേഹവാണി' യുടെ സ്ഥാപക ഡയറക്ടറും അതേ പേരിലുള്ള ത്രൈമാസികയുടെ എഡിറ്ററുമായിരുന്നു, അദ്ദേഹം. അച്ചന്‍റെ 'മോചന കാഹളം' എന്ന കവിതാ സമാഹാരം കാവ്യഭംഗിയിലും അവതരണ ശൈലിയിലും ആശയ കൊഴുപ്പിലും വേറിട്ടുനില്‍ക്കുന്ന പ്രൗഢഗംഭീരമായ പുസ്തകമാണ്. ഇപ്പോള്‍ പുതുപ്പള്ളിയിലെ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്നു. പണ്ഡിതനും സെമിനാരി പ്രഫസറും കവിയും ചിന്തകനും നവോത്ഥാന നായകനും എഴുത്തുകാരനുമെല്ലാമായ ഗുരുദാസച്ചന്‍ അവതരിപ്പിക്കുന്ന വിഷയം: "യേശു എന്ന മനുഷ്യന്‍".

ശ്രീ ജോസഫ് കാലായില്‍ എഴുതി പ്രസിദ്ധീകരിച്ച 'ഫ്രാന്‍സിസ് മാര്‍പ്പാപ്പയും സീറോ മലബാര്‍ സഭയും' എന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഗുരുദാസച്ചനാണ്. അതിലെ ഒരു വാചകം ഇവിടെ ഉദ്ധരിക്കട്ടെ: "അഹങ്കാരികളും അധികാര പ്രമത്തരുമായ അച്ചന്മാര്‍ ഭരിക്കുന്ന പല ഇടവകയിലും ഓണം ഒന്നല്ല അഞ്ചാണ്. വന്നോണം, നിന്നോണം, തന്നോണം, കേട്ടോണം, പൊക്കോണം. ഇത്തരം ഓണങ്ങള്‍ ഉണ്ടു മനം നിറഞ്ഞവരുടെ മുമ്പില്‍ ഫ്രാന്‍സിസ് എന്നൊരു പാപ്പാ വിളമ്പുകയാണ് പലസ്തീനയിലെ യേശു വിളമ്പിയ പരിശുദ്ധ സ്‌നേഹസമൃദ്ധമായ ഓണം." സ്‌നേഹസമൃദ്ധമായ ആ ഓണം വിളമ്പിയ യേശുവിനെ പഠിക്കുകയും മനനം ചെയ്യുകയും അനുകരിക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഗുരുദാസച്ചനില്‍നിന്ന് യേശുവിനെപ്പറ്റി കേള്‍ക്കാന്‍ ധാരാളം കാര്യങ്ങള്‍ നമുക്ക് ഉണ്ടാകും.

കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ സൃഷ്ടിയായ ക്രിസ്തീയ സഭയുടെ ദുഃസ്ഥിതി എത്ര പരിതാപകരമാണെന്നു മനസ്സിലാക്കണമെങ്കില്‍ യേശുവിന്‍റെ മൂല പ്രബോധനങ്ങളിലേയ്ക്കും ആദിമസഭയിലേയ്ക്കും നാം തിരിച്ചു പോകേണ്ടിയിരിക്കുന്നു. എന്താണ് യേശു പഠിപ്പിച്ചത്? യഹൂദര്‍ക്ക് യേശു ഉപദേശിച്ച പുതുജീവിതക്രമത്തിന്‍റെ പശ്ചാത്തലവും അടിസ്ഥാനവുമെന്ത്? യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു? ആദിമ സഭ എങ്ങനെ ജീവിച്ചു? മനുഷ്യഹൃദയങ്ങളില്‍ യേശുവിനെ തിരിച്ചറിഞ്ഞ് പ്രതിഷ്ഠിക്കാന്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുകയാണ് വേണ്ടത്. ക്രൈസ്തവര്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി സ്ഥാപിച്ച സഭയിലെ അടിമകളല്ല. അവര്‍ യേശുവിന്‍റെ ശിഷ്യരാണ്. സഭയിലാണ് പൗരോഹിത്യ തേര്വാഴ്ച. എന്നാല്‍ ക്രിസ്ത്യാനികള്‍ ക്രിസ്തു കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിക്കണം. സഭാപഠനങ്ങളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന യേശുവിന്‍റെ സദ്വാര്‍ത്തയുടെ അതുല്യവൈശിഷ്ഠ്യം മനസ്സിലാക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.

യേശു ഒരു യഹൂദ മത പരിഷ്ക്കാരകനായിരുന്നു. യഹൂദ മത പരിഷ്ക്കാരം വഴി യേശു ഉദ്ദേശിച്ചത് ഈ ലോകത്തില്‍ "ദൈവാരാജ്യം" സ്ഥാപിക്കാമെന്നാണ്. രോഗശാന്തി നല്‍കുന്നവനും ഗുരുവും പ്രവാചകനുമായ യേശുവിന്‍റെ യഹൂദ മത പരിഷ്ക്കാരം യഹൂദ മത പുരോഹിത മേധാവിത്വത്തിന് പിടിച്ചില്ല. റോമന്‍ സാമ്രാജ്യത്വ അധികാരത്തെ കൂട്ടുപിടിച്ച് യേശുവിനെ അവര്‍ കുരിശില്‍ കയറ്റി. മനുഷനായ ആ യേശുവിനെ ലോകത്തിന്‍റെ പാപങ്ങള്‍ക്കായി കുരിശില്‍ മരിച്ചവനും മനുഷ്യവര്‍ഗത്തിന്‍റെ രക്ഷകനും ദൈവപുത്രനും ദൈവവും കര്‍ത്താവുമായി സഭ പ്രതിഷ്ഠിച്ചു. യേശുവിനെ സംബന്ധിച്ചുള്ള ചരിത്രമാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രമെങ്കിലും, വ്യക്തതയില്ലാത്ത ഒരു വ്യക്തിയായി യേശു ഇന്നും മനുഷ്യമനസുകളില്‍ കുടികൊള്ളുന്നു.

യേശുവിന്‍റെ സദ്വാര്‍ത്ത ലളിതവും സുന്ദരവുമായിരുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. മധുരമനോഹരമായ യേശുസന്ദേശത്തെ സ്വീകരിച്ച ശിഷ്യര്‍ കൂട്ടായ്മയിലൂടെ ആനന്ദം അനുഭവിച്ചു. ആദിമ സഭയുടെ ജീവിതരീതിതന്നെ കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാര്‍ത്ഥനയിലുമുള്ള പങ്കുചേരലായിരുന്നു. തന്‍കാര്യവ്യഗ്രത കൂടാതെ വിശ്വാസിസമൂഹം ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടുംകൂടെ ജീവിച്ചു. അവര്‍ ദേവാലയത്തില്‍ (സുനഗോഗില്‍) ഒരുമിച്ചുകൂടുകയും വീടുകള്‍തോറും അപ്പം മുറിക്കുകയും ചെയ്തിരുന്നു. എല്ലാവരും ഭക്ഷണത്തില്‍ പങ്കുപറ്റുകയും ചെയ്തിരുന്നു. യേശു പ്രസംഗിച്ച സുന്ദരസത്യങ്ങളെ വികലമാക്കി കോണ്‍സ്റ്റന്‍റൈനും കൂട്ടരും വിശ്വാസപ്രമാണങ്ങളും കാനോന്‍ നിയമങ്ങളും സൃഷ്ട്ടിച്ചു. അതോടെ യേശു പള്ളിയില്‍നിന്നും പടിയിറങ്ങി. ഇന്നത്തെ പുരോഹിതപ്രഭുക്കള്‍ക്ക് യേശുവിന്‍റെ സദ്വാര്‍ത്തയും ആദിമക്രൈസ്തവകൂട്ടായ്മയുടെ കാര്യവും ഓര്‍മയില്ല!

സഭാപ്രമാണികള്‍ ഇടതടവില്ലാതെ ആധിപത്യവും അധികാരവും പ്രയോഗിക്കുന്നു. എന്നാല്‍ ക്രൈസ്തവരുടെ ഇടയില്‍ അത് പാടില്ലായെന്ന് യേശു തറപ്പിച്ച് പറഞ്ഞിട്ടുള്ളതാണ് (മാര്‍ക്കോ. 10: 4245). അധികാരം സ്‌നേഹപ്രേരിതമായിരിക്കണം. മതനിയമങ്ങളെ മുറുകെപ്പിടിക്കുന്ന പ്രീശന്മാരായ വേദപണ്ഡിതര്‍ക്ക് അത് മനസ്സിലാവുകയില്ല. അതിന് യേശു എന്ന മനുഷ്യനെ പഠിക്കണം. അതിനുള്ള നല്ലൊരവസരം കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. ജനുവരി 09, 2019 ബുധനാഴ്ച്ച (Time 9 pm EST) നടക്കാന്‍ പോകുന്ന ടെലികോണ്‍ഫെറന്‍സിലേയ്ക്ക് നിങ്ങളെല്ലാവരെയും സ്‌നേഹാദരപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു. അതില്‍ സംബന്ധിക്കുവാനുള്ള നമ്പര്‍: 16054725785, ആക്‌സസ് കോഡ്: 959248#
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക