Image

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ സ്വന്തം "ഗഗന്‍യാന്‍'

ശ്രീകുമാര്‍ Published on 29 December, 2018
മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ സ്വന്തം "ഗഗന്‍യാന്‍'
മനുഷ്യന്റെ പ്രചോദന ശേഷിയെ ആഘോഷമാക്കാനും പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അന്വേഷിച്ചെത്താനും കണ്ടുപിടുത്തങ്ങളുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുവാനുമായി പ്രതിജ്ഞാബദ്ധമായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്ന ഐ.എസ്.ആര്‍.ഒ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നു ""ഇന്ത്യ 2022ല്‍ സ്വന്തം റോക്കറ്റില്‍ ബഹിരാകാശത്തേയ്ക്ക് ആളെ അയയ്ക്കും...'' എന്ന്. അതേ, ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയയ്ക്കാനുള്ള പതിനായിരം കോടി രൂപയുടെ "ഗഗന്‍യാന്‍' പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നു. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയയ്ക്കാന്‍ ശേഷി നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍.

ഇന്ത്യയുടെ ഏറ്റവും വലിപ്പമേറിയ ജി.എസ.്എല്‍.വി എം.കെ-3 റോക്കറ്റ് ഉപയോഗിച്ചായിരിക്കും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം വിക്ഷേപിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മൂന്ന് ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികള്‍ പറന്നുയരും. പദ്ധതിയുടെ ഭാഗമായ ആദ്യദൗത്യം 40 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് നീക്കം. 2022ല്‍ ദൗത്യം പൂര്‍ത്തിയാക്കുക എന്നത് ശ്രമകരമായ ജോലിയാണെന്നും എന്നാല്‍ ഐ.എസ്.ആര്‍.ഒ ഇത് പൂര്‍ത്തിയാക്കുമെന്നും ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. ആളുകളില്ലാത്ത രണ്ട് പേടകങ്ങളും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഒരു പേടകവുമാണ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുക. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ സഞ്ചാരികള്‍ ബഹിരാകാശത്ത് തുടരും. ഇന്ത്യയുടെ ബഹിരാകാശസഞ്ചാരികളെ "വ്യോംനോട്ട്‌സ്' എന്നായിരിക്കും വിളിക്കുക. "വ്യോം' എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം ആകാശം എന്നാണ്.

മനുഷ്യരെ വഹിച്ചു കൊണ്ട് ബഹിരാകാശസഞ്ചാരം നടത്താനുള്ള പേടകത്തിന്റെ നിര്‍മാണത്തിനായി ഐ.എസ്.ആര്‍.ഒ ഇതിനോടകം 173 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. പദ്ധതി ആദ്യമായി പരിഗണിക്കപ്പെട്ടത് 2008ലായിരുന്നു. 2007ല്‍ ഇന്ത്യ സ്വന്തമായി നിര്‍മിച്ച 500 കിലോഗ്രാം ഭാരമുള്ള പേടകം ബഹിരാകാശത്തേയ്ക്ക് അയയ്ക്കുകയും തിരിച്ച് സുരക്ഷിതമായി ഭൂമിയില്‍ ഇറക്കുകയും ചെയ്തിരുന്നു. ഗഗന്‍യാന്‍ പറഞ്ഞ സമയത്തു തന്നെ നടത്തുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായ കെ വിജയ് രാഘവന്‍ പറഞ്ഞു.

അതേസമയം ഇന്ത്യക്കാര്‍ ബഹിരാകാശ യാത്ര നടത്തുന്നത് പുതിയ സംഭവമല്ല. രാകേഷ് ശര്‍മ മുതല്‍ കല്‍പന ചൗള വരെ പലരും അത്തരത്തില്‍ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഒരു മനുഷ്യ ബഹിരാകാശ ദൗത്യം എന്നത് ഇതുവരെ സാധ്യമാകാത്ത ഒന്നാണ്. അത്തരം ഒരു ബഹിരാകാശ ദൗത്യത്തിന്റെ പരീക്ഷണം ആണ് ഇക്കൊല്ലം ജൂലൈ അഞ്ചാം തീയതി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നടത്തിയിരുന്നു. അത് വന്‍ വിജയവും ആയിരുന്നു. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ ആദ്യ പടിയാണ് അന്ന് വിജയിച്ചത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന "ക്യാപ്‌സൂളിന്റ' പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. രാവിലെ ഏഴ് മണിക്ക് ആയിരുന്നു പരീക്ഷണം. എന്നാല്‍ ജീവനുള്ള മനുഷ്യനെ ഉപയോഗിച്ചായിരുന്നില്ല ഈ പരീക്ഷണം എന്ന് മാത്രം. മനുഷ്യരൂപം സ്ഥാപിച്ച ക്യാപ്‌സൂള്‍ റോക്കറ്റ് എന്‍ജിനുമായി ഘടിപ്പിക്കുകയായിരുന്നു. പിന്നീട് നിശ്ചിത സമയത്തിന് ശേഷം ഈ ക്യാപ്‌സൂള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. പാരച്യൂട്ട് ഉപയോഗിച്ച് ക്യാപ്‌സൂള്‍ കടലില്‍ ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു.

ബഹിരാകാശ രംഗത്ത് വന്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. അതിന് ഹോമി ജഹാംഗീര്‍ ഭാഭയോടും വിക്രം സാരാഭായോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിന് അടിത്തറ പാകിയത് ഇവരായിരുന്നു. എന്നാല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ബാലികേറാ മലയായിരുന്നു. 1961ല്‍ യൂറി ഗഗാറിനെ റഷ്യ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുമ്പോള്‍ ഐ.എസ്.ആര്‍.ഒ സ്ഥാപിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ എഴുപതുകള്‍ക്ക് ശേഷം ബഹിരാകാശ രംഗത്ത് ഇന്ത്യയുണ്ടാക്കിയ മുന്നേറ്റം വലുതായിരുന്നു. ഇപ്പോഴിതാ, ഗഗന്‍യാനുമായി നാം ബഹിരാകാശത്തേയ്ക്ക് കുതാക്കാനൊരുങ്ങുന്നു.

ചന്ദ്രയാന്‍, മംഗള്‍യാന്‍ എന്നീ ബഹിരാകാശ ദൗത്യങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യക്ക് ഏറെ പ്രശംസ നേടിക്കൊടുത്തവ ആയിരുന്നു. എന്നാല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയാതിരുന്നത് ഈ മേഖലയില്‍ ഇന്ത്യയ്ക്ക് ഒരു തിരിച്ചടിയായിരുന്നു. അതാണ് ഇപ്പോള്‍ മറികടക്കാന്‍ പോകുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ദൗത്യത്തിന് മുന്നോടിയായി രണ്ട് ആളില്ലാ പരീക്ഷണ ദൗത്യങ്ങളും നടത്തും. ഇന്ത്യ ഇതുവരെ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാര്‍ ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. രാകേഷ് ശര്‍മ എന്ന വ്യോമ സേന ഉദ്യോഗസ്ഥന്‍ ആയിരുന്നു ആദ്യമായി ബഹിരാകാശത്തെത്തിയ ഇന്ത്യന്‍ ചരിത്ര പുരുഷന്‍. 1984ല്‍ റഷ്യന്‍ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്.

കല്‍പന ചൗള ആയിരുന്നു രണ്ടാമതായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കരി. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിതയും കല്‍പന തന്നെ. 1997ല്‍ അമേരിക്കയുടെ കൊളംബിയ എന്ന ബഹിരാകാശ പേടകത്തില്‍ ആയിരുന്നു കല്‍പനയുടെ ആദ്യ ബഹിരാകാശ യാത്ര. കൊളംബിയയുടെ രണ്ടാം ദൗത്യത്തിലും കല്‍പന ഉണ്ടായിരുന്നു. എന്നാല്‍ അത് അവസാനിച്ചത് വന്‍ ദുരന്തത്തിലും. 2003 ഫെബ്രുവരി ഒന്നിന് തിരിച്ചിറങ്ങുന്നതിനിടെ ആകാശത്തുവച്ച് കൊളംബിയ തകര്‍ന്നു. അതിലുണ്ടായിരുന്ന, കല്‍പന ചൗള അടക്കമുള്ള ആറ് ബഹിരാകാശ യാത്രികരും കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസാണ് ബഹിരാകാശത്ത് ഏറ്റവും അധികം ചെലവഴിച്ചിട്ടുള്ള വനിത. ഇനി ഗഗന്‍യാന്‍ പദ്ധതിയില്‍ ആരൊക്കെ ഉണ്ടാകും എന്നാണിപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.

ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയത് വിക്രം സാരാഭായെന്ന അതുല്യ പ്രതിഭയായിരുന്നു. പഠനത്തിനു ശേഷം 1960കളോടെ സാരഭായി ബഹിരാകാശ ഗവേഷണരംഗത്തേക്കു രംഗപ്രവേശം ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത് 1961നാണ്. അന്നാണ് സര്‍ക്കാര്‍ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോര്‍ജ വകുപ്പിനെ ചുമതലപ്പെടുത്തിയത്. 1962ല്‍ ഇതിന്റെ ഫലമായി ഇന്‍കോസ്പാര്‍ രൂപം കൊണ്ടു. 1963 നവംബര്‍ 21ന് തുമ്പയിലെ ഇന്‍കോസ്പാര്‍ കേന്ദ്രത്തില്‍ നിന്നും ആദ്യ റോക്കറ്റ് കൂതിച്ചുയര്‍ന്നു. പിന്നീട് തിരുവനന്തപുരം വിക്രം സാരാഭായിയുടെ കര്‍മ്മ മണ്ഡലമായി തീര്‍ന്നു. 1969ല്‍ ഇന്‍കോസ്പാര്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കി മാറ്റി. കൂടാതെ ഐ.എസ്.ആര്‍.ഒക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബഹിരാകാശവകുപ്പിന് കേന്ദ്രസര്‍ക്കര്‍ രൂപം നല്‍കൂകയും ഐ.എസ്.ആര്‍.ഒയെ ഈ കുടക്കീഴില്‍ കൊണ്ടു വരികയും ചെയ്തു. ഡോ. എ.പി.ജെ അബ്ദുള്‍ കലാം, യു.ആര്‍ റാവു, കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍ എന്നിവരെ ഇക്കാലത്താണ് വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിക്കുന്നത്. ഈ കൂട്ടായ്മ ഐ.എസ്.ആര്‍.ഒയെ ഉന്നതങ്ങളിലും, ഇന്ത്യയെ ബഹിരകാശ ഗവേഷണ ശക്തിയായും ഉയര്‍ത്തി.

ഐ.എസ്.ആര്‍.ഒയുടെ 2018ലെ അവസാന വിക്ഷേപണം ഡിസംബര്‍ 19നായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പുത്തന്‍ കരുത്തായ ജിസാറ്റ്-7 എന്ന വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് വിജയകരമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി എഫ്-11 റോക്കറ്റാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. സൈനിക ആശയ വിനിമയങ്ങള്‍ക്ക് വേണ്ടിയുള്ള ഉപഗ്രഹമാണിത്. ഇന്ത്യന്‍ സൈന്യത്തിന് കരുത്തുപകരുന്നതാണ് ഉപഗ്രഹ വിക്ഷേപണം. 2018ല്‍ ഐ.എസ്.ആര്‍.ഒ നടത്തിയ പതിനേഴാമത്തേതും അവസാനത്തതുമായിരുന്നു ഈ വിക്ഷേപണം. ഇന്ത്യയുടെ 35-ാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-7. വ്യോമസേനയ്ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്പെടുക. 2,250 കിലോഗ്രാം ഭാരമാണ് ജിസാറ്റ്-7 ന് ഉള്ളത്. എട്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി. പ്രവര്‍ത്തന പരിധി ഇന്ത്യ മാത്രമാണ്
Join WhatsApp News
റെയില്‍ പാളത്തില്‍ 2 ക്ക് 2018-12-30 05:30:10
റെയില്‍വേ പാളത്തില്‍ ൨ക്കു നടത്തും. വഴിയില്‍ കിടന്നുറങ്ങുന്ന ലക്ഷങ്ങള്‍, തെണ്ടുന്ന കുഞ്ഞുങ്ങള്‍, വയര്‍ നിറക്കാന്‍ ഉടുതുണി അഴിക്കുന്നു പെണ്ണുങ്ങള്‍
അതൊക്കെ അങ്ങനെ എന്നാലും ഗഗന്‍ മുന്നോട്ട് 
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക