Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 12 മണിക്കൂര്‍ ആരാധന

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 29 December, 2018
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 12 മണിക്കൂര്‍ ആരാധന
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ 12 മണിക്കൂര്‍ ആരാധന, ഡിസംബര്‍ 30 ഞായറാഴ്ച രാവിലെ 8.00 മണിയോടെ ആരംഭിക്കും.

ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വത്തില്‍ ആരംഭിക്കുന്ന ഈ ആരാധനയില്‍ യുവതിയുവാക്കള്‍ക്കും, ദമ്പതിമാര്‍ക്കും കുടുംബങ്ങള്‍ക്കുവേണ്ടിയും, സന്യസ്തര്‍ക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഷിക്കാഗോ ക്‌നാനായ കത്തോലിക്ക വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. പോള്‍ ചാലിശ്ശേരി തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങള്‍, മിനിസ്ട്രികള്‍, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നല്ക്കുന്നത്. ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകള്‍, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച വൈകുന്നേരം 6.00 മണിക്കുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തേതുടര്‍ന്ന്, ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും, ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത് എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള ദിവ്യബലിയോടെ സമാപനവും നടക്കും. ഇടവക പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, ദൈവ വചനം ശ്രവിച്ചു ധ്യാനിച്ച് ദൈവസന്നിധിയില്‍ സ്വര്‍ഗീയാനുഭൂതിയില്‍ ലയിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നുവെന്ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറര്‍ സണ്ണി മുത്തോലത്ത്, പി. ആര്‍. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക