Image

സുരേഷ് ഗോപിയുടെ പ്രാക്ക് (പി. ടി. പൗലോസ്)

Published on 29 December, 2018
സുരേഷ് ഗോപിയുടെ പ്രാക്ക് (പി. ടി. പൗലോസ്)
''മുഖ്യമന്ത്രിയും സംഘവും ചുടലയില്‍ ഒടുങ്ങട്ടെ !'' തിരുവനന്തപുരത്തെ ബി. ജെ. പി. സമരപ്പന്തലില്‍ വച്ച് സുരേഷ് ഗോപി എന്ന ജനസേവകന്റെ ഒടുക്കത്തെ പ്രാക്ക്. കാക്ക പ്രാകിയാല്‍ പോത്തിന് പറ്റുമോ എന്ന പഴഞ്ചൊല്ലവിടെ നില്‍ക്കട്ടെ. ചുടലപ്പറമ്പില്‍ ഒടുങ്ങേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ ഇദ്ദേഹമാരാ കാലന്റെ കണക്കെടുപ്പുകാരനോ ? എസ് . എഫ്. ഐ. ല്‍ തുടങ്ങി കരുണാകരന്റെ ഇഷ്ടക്കാരനായി ചുറ്റിപറ്റി നിന്ന് അച്യുതാനന്ദന്റെ മലമ്പുഴ തെരഞ്ഞെടുപ്പ് പ്രചരണവും കഴിഞ് സോണിയ ഗാന്ധിയുടെ ഭവനത്തിലൂടെ കയറി ഇറങ്ങി കാവി കൂടാരത്തിലെത്തിയ അവസരവാദ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളിലൊന്നാണ് ഇദ്ദേഹം. 

മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും ചെയ്തികളോട് ഈ ലേഖകന് യോജിപ്പോ വിയോജിപ്പോ ഇല്ല. അവരെ ചുടലയിലൊടുക്കുവാനുളള അധികാരം ഷാജി കൈലാസിന്റെ സിനിമയിലൂടെ രഞ്ജി പണിക്കരുടെ ഡയലോഗുകള്‍ കാണാതെ പഠിച്ചു പറഞ്ഞ ഒരു സിനിമാക്കാരന് എങ്ങനെ കിട്ടി ?  ഭരണഘടനയുടെ പ്രത്യേക ആനുകൂല്യത്താല്‍ അനുവദിച്ചു കിട്ടിയ രാജ്യസഭാ ഇരിപ്പിടത്തിന് ചുടലപ്പറമ്പിലേക്ക് പ്രാകി അയക്കാനുള്ള പാങ്ങുണ്ടോ, ആവോ ? അങ്ങോട്ട് ആര്, എപ്പോള്‍ പോകുമെന്നാര്‍ക്കറിയാം. ഹരിശ്ചന്ദ്രന്‍ സിനിമയില്‍ തിരുനൈനാര്‍ കുറിച്ചി മാധവന്‍ നായര്‍ എഴുതി കമുകറ പുരുഷോത്തമന്‍ പാടി തിക്കുറുശ്ശിയാശാന്‍ അഭിനയിച്ച ആത്മവിദ്യാലയമേ എന്ന ഗാനത്തിന്റെ ചിലവരികള്‍ ഇദ്ദേഹം ഓര്‍ക്കുന്നത് നന്നായിരിക്കും

''ഇല്ലാ ജാതികള്‍ ഭേദ വിചാരം
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ ചിത നടുവില്‍''

അതുകൊണ്ട് ശപിക്കരുത്. കറുത്തുണങ്ങി കവിളൊട്ടിയ പുലയനും
മാതാവിന്റെ ബന്തിങ്ങയിട്ട നസ്രാണിയും നെറ്റിയില്‍ നിസ്കാര തഴമ്പുള്ള മുസല്‍മാനും പൂണൂലിട്ട ബ്രാഹ്മണനും 'ചെവിയില്‍
പൂട'യുള്ള നായരും അവസാനം പോകുന്നത് അവിടേക്കാണ്. കാരണം മരണം ഒരു ദാര്‍ശിനിക സത്യമാണ്.

ഈ ലേഖകന്‍ താങ്കളെ ആദ്യവും അവസാനവും ആയി നേരില്‍ കണ്ട ഒരു ദിവസം. 1995 ന്റെ രണ്ടാം പകുതിയിലാണെന്നാണ് ഓര്‍മ്മ. എറണാകുളത്ത് മുന്‍മന്ത്രി എം. പി. ഗംഗാധരന്റെ പുത്രന്റെ വസതിയില്‍ വച്ച്, അവിടത്തെ ഒരു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്. ഒരു സുഹൃത്തിനോടൊപ്പം അവിടെ എത്തിയപ്പോള്‍ നിങ്ങള്‍ എല്ലാവരും അവിടുണ്ട്. സിനിമയില്‍ കാലുറപ്പിക്കുന്ന താങ്കള്‍ക്ക് ചുറ്റും കുറെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍. 

 അന്ന് താങ്കളുടെ അനുജന്‍ സുഭാഷിനോട് ഈ ലേഖകന് കൂടുതല്‍ സംസാരിക്കാന്‍ അവസരമുണ്ടായി. സംഭാഷണമധ്യേ ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മയും കടന്നുവന്നു. താങ്കളുടെ ആദ്യത്തെ കണ്മണി ലക്ഷ്മിമോള്‍ അവസാനമായി കണ്ണടച്ച ആ കാറപകടം. ആ കഥ കേട്ടപ്പോള്‍ ഈ ലേഖകന്റെ ഉള്ളും വല്ലാതെ പിടഞ്ഞു. 

ഹൈന്ദവമതം ഒരു ദര്‍ശനസംഹിതയാണ്. ആ തത്വശാസ്ത്രത്തിന്റെ വലിപ്പമാണ് ഭാരതത്തെ വേറിട്ട് നിര്‍ത്തുന്നത്. സഹിഷ്ണതയിലും സാഹോദര്യത്തിലും അധിഷ്ടിതമായ മര്യാദ ഈ പുണ്യഭൂമിയുടെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളും ഇവിടെ സമ്മേളിക്കപ്പെട്ടു. എല്ലാ സംസ്കാരങ്ങളുടെയും സംഗമഭൂമിയായി. വൈവിധ്യങ്ങള്‍ വ്യവസ്ഥകളില്ലാതെ അംഗീകരിക്കപ്പെട്ടു. വിവിധ മതസ്ഥരുടെ ദേവാലയങ്ങള്‍ പണിയാന്‍ അവസരങ്ങള്‍ നല്‍കിയ ഇവിടത്തെ തനതായ സംസ്കാരത്തിന്‍റെ അവകാശികളായ ഹൈന്ദവരെ മതം മാറ്റുന്നത് സാംസ്കാരിക ചൂഷണം തന്നെ. 

എന്നാല്‍ കാലഘട്ടങ്ങളുടെ സംഭാവനയായി ഇവിടെ പുതിയ മനുഷ്യദൈവങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അവര്‍ നിലനില്പിനുവേണ്ടി പുത്തന്‍ തത്വശാസ്ത്രങ്ങള്‍ മെനഞ്ഞു. ആ രോഗാണുക്കള്‍ ഹിന്ദുമതത്തിലേക്കും കടന്നു. അങ്ങനെ ഹൈന്ദവസംസ്കാരത്തിനും മതത്തിനും പുഴുക്കുത്തേറ്റു. 

അപ്പോള്‍ ഇതുപോലുള്ള വിഷവചനങ്ങള്‍ വിളിച്ചുകൂവും. പശുവിറച്ചി തിന്നുന്നവന്റെ കുലം നശിപ്പിക്കും. ആദ്യം കാണുന്ന അന്യമതസ്ഥനെ അരിഞ്ഞു വീഴ്ത്താന്‍ അരിവാളെടുക്കും. ആള്‍ദൈവങ്ങളുടെ വേണ്ടാത്തിടത്തു വണങ്ങുവാന്‍ ഓടിയെത്തും.  തെരുവില്‍ ഉറഞ്ഞുതുള്ളും .

താങ്കള്‍ പുകഴ്ത്തുന്ന പൂണൂല്‍ ബ്രാഹ്മണ്യത്തെ താങ്ങുന്ന മനുസ്മൃതി കത്തിച്ച ചാരം 1927 ഡിസംബര്‍ 27 ന് മഹാരാഷ്ട്രയിലെ ചവദാര്‍ കുളത്തില്‍ അലിഞ്ഞുചേര്‍ന്നു. പകരം നമുക്ക് കിട്ടിയ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന , മുഴുവന്‍ ജനങ്ങള്‍ക്കും തുല്യ നീതി നല്‍കിക്കൊണ്ട്. അത് കത്തിക്കാന്‍ ശ്രമിക്കുന്ന ഒരുത്തനും മാപ്പില്ല.
Join WhatsApp News
Sudhir Panikkaveetil 2018-12-29 22:26:07
പ്രിയ ശ്രീ പൗലോസ് സാർ വളരെ നല്ല ലേഖനം. 
ഇപ്പോൾ നിലവിലുള്ള മാനദണ്ഡമനുസരിച്ച് 
മുഖ്യമന്ത്രീ അവർണ്ണ  സമുദായക്കാരനും 
ചലച്ചിത്ര നടൻ സവര്ണനുമാണ്. അതുകൊണ്ട് 
സവര്ണനും അങ്ങനെ പറയാൻ അവകാശമുണ്ടല്ലോ.
അതല്ലേ കേരളത്തിൽ നടക്കുന്നത്. സംഗതികൾ 
ലജ്ജാകരമാണ്. പക്ഷെ ജനം ഇപ്പോഴും 
ചാതുര്വര്ണ്ണത്തിൽ കെട്ടപ്പെട്ടിരിക്കുന്നു. ആരാണീ
ഉയര്ന്ന ജാതിയും താഴ്ന്ന ജാതിയും 
ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. 
ദൈവം ഉണ്ടാക്കിയിയെന്നാണല്ലോ കഥ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക