Image

വനിതാമതില്‍ തീരുമാനിച്ചത് സി പി എം നേതൃത്വം; വി എസ് ഇപ്പോഴും സി പി എമ്മുകാരനാണെന്നാണ് വിശ്വാസം, വി.എസിനെ വെട്ടി കാനം

Published on 30 December, 2018
വനിതാമതില്‍ തീരുമാനിച്ചത് സി പി എം നേതൃത്വം; വി എസ് ഇപ്പോഴും സി പി എമ്മുകാരനാണെന്നാണ് വിശ്വാസം, വി.എസിനെ വെട്ടി കാനം

വനിതാ മതിലില്‍ വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. വനിതാമതില്‍ തീരുമാനിച്ചത് സി പി എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണ്. വി എസ് ഇപ്പോഴും സി പി എമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലില്‍ വി എസ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.


നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍.എസ്.എസ് തീരുമാനിക്കണം.മന്നത്തിന്റെ ശിഷ്യര്‍ നവോത്ഥാനത്തില്‍ നിന്ന് മാറി പോവുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.എസ് പോലുള്ള ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ലെന്ന് വി എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രം എന്നും സമൂഹത്തില്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് അവര്‍ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ലെന്നും വി എസ് വ്യക്തമാക്കിയിരുന്നു.

ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്ന് വി എസ് അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നു. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് പറഞ്ഞിരുന്നു. അതേസമയം വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സി പി എം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക