Image

മതിലുകള്‍ക്കുള്ളില്‍പ്പെട്ടുപോയവര്‍ (ചെറുകഥ: ജെയിംസ് കുരീക്കാട്ടില്‍)

Published on 30 December, 2018
മതിലുകള്‍ക്കുള്ളില്‍പ്പെട്ടുപോയവര്‍ (ചെറുകഥ: ജെയിംസ് കുരീക്കാട്ടില്‍)
ഇന്ന് എന്തായാലും വിജയേട്ടനോട് ചോദിക്കണം. ശ്രീലക്ഷ്മി മനസ്സിലുറപ്പിച്ചു. ചോദിക്കാന്‍ പറ്റിയ സമയം ഇപ്പോഴാണ്. വിജയന്‍ എഴുന്നേറ്റ് പത്രം വായന തുടങ്ങിയതേയുള്ളൂ. ചായക്ക് വേണ്ടി അക്ഷമയോടെ ഇടക്ക് ഇടക്ക് അടുക്കള ഭാഗത്തേക്ക് നോക്കുന്നുണ്ട്.
'വിജയേട്ടാ, ചായ കപ്പ് നീട്ടികൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു, ഞാന്‍ നാളെ എന്റെ വീട് വരെ ഒന്ന് പൊയ്‌ക്കോട്ടേ? അമ്മ കുളിമുറിയില്‍ വീണ് കൊലൊടിഞ്ഞ കാര്യം അറിയിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞില്ലേ. ഇനിയുമൊന്ന് ചെന്ന് കണ്ടില്ലെങ്കില്‍ അമ്മ എന്ത് വിചാരിക്കും'.
' നീ എന്ത് വിവരക്കേടാ ഈ പറയുന്നത് ശ്രീലക്ഷ്മി? നാളെയല്ലേ നമ്മള്‍ വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഈ മഹാ സംഭവത്തില്‍ പങ്കാളിയാകുന്നതിന് പകരം അമ്മയെ കാണാന്‍ പോകാനോ? അമ്മയെ കാണാന്‍ അടുത്ത ആഴ്ച്ച വേണേലും പൊയ്ക്കൂടേ? ലോകം ഉറ്റ് നോക്കുന്ന ഈ മഹാ സംഭവം ഞങ്ങള്‍ സംഘടിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടിയാ? നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വേണ്ടിയല്ലേ? ലിംഗ നീതി നടപ്പില്‍ വരുത്താനും സ്ത്രീ പുരുഷ സമത്വം സമൂഹത്തില്‍ സംജാതമാക്കാനും വേണ്ടിയല്ലേ? നിനക്കെങ്ങനെ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയും?
എന്റെ വിജയേട്ടാ, നിങ്ങള്‍ ആണുങ്ങളിങ്ങനെ കുറെ പെണ്ണുങ്ങളെ ആട്ടി തെളിച്ചു കൊണ്ടുവന്നു ഒരു ദിവസം വഴിയരുകില്‍ കുറച്ചു നേരം കൈ കോര്‍ത്ത് പിടിച്ചു നിര്‍ത്തിയാല്‍ നടപ്പില്‍ വരുന്നതാണോ സ്ത്രീ പുരുഷ സമത്വം? അതിനിട്ടിരിക്കുന്ന പേര് നോക്കൂ. വനിതാ മതില്‍. ഇത് എവിടുന്ന് കിട്ടി ഈ ആശയം? പഴയ മനുഷ്യ ചങ്ങല പോലെ, വല്ല സ്ത്രീ പുരുഷ സമത്വ ചങ്ങലയെന്നോ മറ്റോ ആയിരുന്നെങ്കില്‍ ആ പേരിനെങ്കിലും ഒരു അര്‍ത്ഥമുണ്ടാകുമായിരുന്നു. മതിലുകള്‍ നിര്‍മ്മിക്കുന്നത് അതിരുകള്‍ നിര്ണയിക്കാനല്ലേ? അത് നമ്മുടെ സഹജീവികളുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുകയല്ലെയൊള്ളു. മതില്‍ തീര്‍ക്കുന്നത് ഒരു പ്രതിബന്ധമല്ലേ? അത് മനുഷ്യനെ ഒറ്റപെടുത്തുകയല്ലേ ഒള്ളൂ. നമ്മള്‍ നമ്മിലേക്ക് ചുരുങ്ങാന്‍ കാരണമാകുകയല്ലേയുള്ളൂ. ഇത്തരം ഉപരിപ്ലവമായ പ്രഹസനം കൊണ്ട് കുറെ പണവും മനുഷ്യാദ്ധ്വാനവും ചിലവഴിക്കാമെന്നല്ലാതെ ഇത് കൊണ്ട് എന്ത് ഗുണമാണ് ഈ നാട്ടിലെ പെണ്ണുങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാകാന്‍ പോകുന്നത്.
നീ എന്തിനാണിങ്ങനെ വനിതാ മതില്‍ എന്ന പേരിനെ അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് വിമര്‍ശിക്കുന്നത്? വിജയന് ദേഷ്യം വന്നു തുടങ്ങി. അങ്ങനെയെങ്കില്‍ നിന്റെ പേര് ശ്രീ ലക്ഷ്മിയെന്നല്ലേ? എന്നിട്ട് ലക്ഷ്മിയും ശ്രീയും ഒന്നും സ്വഭാവത്തില്‍ കാണുന്നില്ലല്ലോ? ദേഷ്യം വന്നാല്‍ പ്രകോപനപരമായി സംസാരിക്കുന്നത് വിജയന്‍റെ ശീലമാണ്. ഈ മതില്‍ നിര്‍മ്മാണത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നതിലാണ് കാര്യം. ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന മത ഭ്രാന്തിനും, വര്‍ഗീയതക്കും, എതിരെയാണ് ഈ മതില്‍ നിര്‍മ്മിക്കുന്നത്. അനാചാരങ്ങളെ തിരികെ കൊണ്ടുവരാനും നമ്മള്‍ ആര്‍ജ്ജിച്ച നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരെയാണ് ഈ മതില്‍ പണിയുന്നത്. എല്ലാറ്റിലുമുപരി സ്ത്രീ പുരുഷ സമത്വവും, ലിംഗ നീതിയും നടപ്പില്‍ വരുത്താനുള്ള ആശയ പ്രചാരണമാണ് ഈ പ്രതീകാത്മക മതില്‍ കൊണ്ട് ലക്ഷ്യം വക്കുന്നത്.
വിജയേട്ടന്‍ കുറെ നേരമായല്ലോ, സ്ത്രീ പുരുഷ സമത്വം, ലിംഗ നീതിയെന്നൊക്കെയുള്ള വലിയ വാക്കുകള്‍ തട്ടി വിടുന്നു. ഈ സമത്വ ബോധം ആദ്യം ഉണ്ടാവേണ്ടത് നമ്മുടെ ഒക്കെ മനസ്സിലാണ് വിജയേട്ടാ. അത് പ്രാവര്‍ത്തികമാക്കി തുടങ്ങേണ്ടത് തെരുവിലല്ല, നമ്മുടെ വീടുകളില്‍ നിന്നാണ്. ഈ സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് നല്ല ബോധമുള്ള, ഇത് സമൂഹത്തില്‍ നടപ്പില്‍ വരണമെന്ന് ആഗ്രഹിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യുന്ന നിങ്ങളില്‍ തന്നെ എത്രപേര്‍ അവരവരുടെ വീടുകളില്‍ ഈ സമത്വ ബോധം പ്രകടിപ്പിക്കുന്നുണ്ട്. എനിക്ക് തോന്നിയിട്ടുള്ളത് ലോകത്തിലെ ഏറ്റവും വലിയ മെയ്ല്‍ ഷോവനിസ്റ്റുകള്‍ നിങ്ങള്‍ മലയാളി പുരുഷൂസ് ആണെന്നാണ്. കല്യാണം കഴിയുന്ന അന്നുമുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നിങ്ങളെ ഇങ്ങനെ ഏട്ടാ, ഇക്കാ, ഇച്ചായ എന്നൊക്കെ വേണം വിളിക്കാന്‍. നിങ്ങളോ, കൂടുതലും 'നീ' എന്നും 'എടി' എന്നൊക്കെയാവും വിളിക്കുന്നത്. ഇങ്ങനെ അഭിസംബോധന ചെയ്യുന്നിടത്തുപോലും പരസ്പര ബഹുമാനം പുലര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇതൊരു ചെറിയ ഉദാഹരണം പറഞ്ഞെന്നെ ഉള്ളൂ. ഇനി ഇവിടെ ഒരു സാദാരണ മലയാളി കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ഓഫീസ് ജോലിക്ക് പോകുന്നവരാണെന്ന് കരുതികൊള്ളൂ. തിരിച്ചു വീട്ടിലെത്തിയാല്‍, ആരാണ് വീട്ടിലെ കുക്കിങ്ങും, ക്ലീനിനിങ്ങും, കുട്ടികളുടെ കാര്യങ്ങളുമടക്കം ഒട്ടുമിക്ക പണികളും ചെയ്യുന്നത്? ഇന്ന് മിക്കവാറും വീടുകളിലും തുണി അലക്കാന്‍ വാഷിങ് മെഷീന്‍ ഉണ്ട്. തുണി എല്ലാം വാരി അതിലിട്ട്, ഇത്തിരി വാഷിംഗ് പൗഡറും ഇട്ട് ആ ഓണ്‍ ബട്ടണില്‍ ഒന്ന് അമര്‍ത്തുകയേ വേണ്ടു. എന്നാലും സ്വന്തം അണ്ടര്‍വെയര്‍ എങ്കിലും അലക്കാന്‍ അതില്‍ കൊണ്ട് ഇടുന്ന എത്ര ഭര്‍ത്താക്കന്മാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍? വിജയിനിട്ട് ഒരു കുത്ത് കൊടുക്കാന്‍ വേണ്ടി കൂടിയായിരുന്നു ശ്രീ ലക്ഷ്മി അത് എടുത്ത് പറഞ്ഞത്. വിജയന് ജോലിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഒക്കെ കഴിഞ്ഞിട്ട് വീട്ട് കാര്യങ്ങളില്‍ ഭാര്യയെ സഹായിക്കാന്‍ ഒന്നും സമയം കിട്ടാറില്ല. ശ്രീ ലക്ഷ്മി തുടര്‍ന്നു. വിജയേട്ടാ, നിങ്ങളുടെ അമേരിക്കയിലുള്ള കൂട്ടുകാരന്‍ ചാക്കോച്ചന്‍ കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോള്‍ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? അവിടെ ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍, ണവീല്‌ലൃ ൃലമരവല െവീാല ലമൃഹ്യ ംശഹഹ രീീസ വേല റശിിലൃ എന്നുള്ളത് അവിടുത്തെ അലിഖിത നിയമമാണെന്ന്. അത് ഒരു നേരം ഒരാളാണ് കുക്ക് ചെയ്യുന്നതെങ്കില്‍ അടുത്ത നേരം മറ്റേ ആളായിരിക്കുമെന്നത്. അങ്ങനെ ജീവിക്കുന്നതിലാണ് വിജയേട്ടാ, സ്ത്രീ പുരുഷ സമത്വം ഉള്ളത്.
വിജയന്‍ എന്ത് മറുപടി പറയണമെന്ന് അറിയാതെ ആദ്യമൊന്ന് പരുങ്ങി. എങ്കിലും ഭാര്യയുടെ മുമ്പില്‍ തോറ്റ് കൊടുക്കാന്‍ അയാളുടെ ഉള്ളിലെ ദുരഭിമാനം അനുവദിച്ചില്ല. എടി, നീയൊന്നും പങ്കെടുത്തില്ലെങ്കിലും ഞങ്ങള്‍ ഈ വനിതാ മതില്‍ വിജയിപ്പിക്കും. കുറഞ്ഞ പക്ഷം അമ്പത് ലക്ഷം പെണ്ണുങ്ങളെയെങ്കിലും ഞങ്ങള്‍ പങ്കെടുപ്പിച്ചു ഇത് വിജയിപ്പിക്കും. പിന്നെ നീ എന്നെ എന്തെല്ലാം പറഞ്ഞാലും, എന്റെ പ്രസ്ഥാനത്തെ അധിക്ഷേപിച്ചു സംസാരിച്ചാല്‍ എനിക്ക് സഹിക്കില്ല കേട്ടോ. ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ നാട്ടില്‍ സാമൂഹ്യ പരിഷ്കരണത്തിന്റെ വിത്ത് പാകിയ പ്രസ്ഥാനമാണ്. ജന്മി കുടിയാന്‍ സമ്പ്രദായങ്ങള്‍ പോലുള്ള മനുഷ്യത്വ രഹിതമായ വ്യവസ്ഥിതികള്‍ അവസാനിപ്പിച്ച പ്രസ്ഥാനമാണ്. എന്റെ ചങ്കിലെ തീയാണ് ആ പ്രസ്ഥാനം. അത് മറക്കണ്ട.
വിജയേട്ടാ, ഞാന്‍ ഒരു പ്രസ്ഥാനത്തെയും അധിഷേപിച്ചതല്ല. ഒരു കൂട്ടര്‍ പറയുന്നു, ഞങ്ങളാണ് ഇവിടെ സാമൂഹ്യ പരിഷ്കരണവും നവോത്ഥാനവും ഒക്കെ കൊണ്ടുവന്നതെന്ന്. മറ്റൊരു കൂട്ടര്‍ പറയുന്നു, ഞങ്ങളാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതെന്നും, ഈ രാജ്യത്തെ മതേതര ജനാതിപത്യ രാജ്യമായി നിലനിര്‍ത്തിയതെന്നുമൊക്കെ. എല്ലാം ശരിയാണ്. ഈ നാടിന്റെ പുരോഗതിക്കായി നിങ്ങളെല്ലാം നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നു. പക്ഷെ ഇന്നത്തെ സാമൂഹ്യ അവസ്ഥയില്‍, സ്ത്രീ പുരുഷ സമത്വത്തിനും സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കുമെതിരെ നിങ്ങള്‍ എന്ത് നിലപാട് എടുക്കുന്നു എന്നുള്ളതാണ് പ്രധാനം. അതാണ് ഇന്നിന്റെ ആവശ്യം. ഇപ്പോള്‍ തന്നെ നോക്കൂ, സ്ത്രീകള്‍ക്ക് നേരെ എത്രയോ മനുഷ്യത്വ ഹീനമായ " മുത്തലാക്ക് " പോലൊരു കാടന്‍ മത നിയമത്തിനെതിരെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരുമ്പോള്‍, അതിനെ എതിര്‍ത്ത് ഇറങ്ങി പോകുക.... ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് കയറാന്‍ അവകാശമുണ്ടെന്ന് ഈ രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞിട്ടും, അതിന് തയാറായി വരുന്ന സ്ത്രീകളെ സന്നിധാനം വരെ എത്തിച്ചിട്ട് തിരിച്ചിറക്കുക. ഇതല്ലേ, ഇപ്പോള്‍ നടക്കുന്ന കലാപരിപാടി. കാലത്തിനനുസരിച്ച് കൂടുതല്‍ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതിന് പകരം നാല് വോട്ടിന് വേണ്ടി നടത്തുന്ന ഈ കള്ളക്കളികളും, കണ്ണില്‍ പൊടിയിടാന്‍ ഉയര്‍ത്തുന്ന ഈ കാപട്യത്തിന്റെ മതിലുമാണ് ഒരു പ്രഹസനമെന്ന് ഞാന്‍ പറഞ്ഞത്. പിന്നെ ഈ വനിതാ മതില്‍ വിജയിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നെനിക്കറിയാം. കുറച്ച് ആളുകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഈ നാടിനെ ഒരു ദിവസം മുഴുവന്‍ സ്തംഭിപ്പിക്കാന്‍ കഴിയുമെങ്കിലാണോ ഇത്രയും ആളും അര്‍ത്ഥവും, സംഘടനാ ശേഷിയും ഒക്കെ ഉള്ള നിങ്ങള്‍ക്ക് അമ്പത് ലക്ഷം പെണ്ണുങ്ങളെ ആട്ടിത്തെളിച്ചു തെരുവില്‍ കൊണ്ടെ നിര്‍ത്താന്‍ സാധിക്കാത്തത്. പക്ഷെ ഏത് മതിലാണെങ്കിലും ഈ മതിലുകള്‍ കൊണ്ടൊക്കെ നിങ്ങള്‍ ആണുങ്ങള്‍ക്കേ ഗുണമുള്ളൂ..... ചേര്‍ന്ന് നിന്ന് മുണ്ട് പൊക്കി മൂത്രമൊഴിക്കാം..... അത്ര തന്നെ.
ശ്രീ ലക്ഷ്മിയുടെ അവസാനത്തെ പരിഹാസം കൂടി കേട്ടപ്പോള്‍, വിജയന്‍ ദേഷ്യം സഹിക്കാനാവാതെ പൊട്ടിത്തെറിച്ചു. നീ ഇപ്പോള്‍ സംസാരിക്കുന്നത് ചില ഫെമിനിച്ചികളെ പോലെയാണ്. എന്റെ വീട്ടില്‍ ഞാന്‍ ഒരു ഫെമിനിച്ചിയെ വച്ച് പൊറുപ്പിക്കില്ല. അതോര്‍ത്തോണം. ഞാന്‍ ചില സ്വാതന്ത്ര്യം ഒക്കെ തരുന്നു എന്ന് കരുതി, ശ്രീ ലക്ഷ്മി, നീ പരിധി വിട്ട് സംസാരിക്കരുത്...
അതെ വിജയേട്ടാ, കാര്യം പറയുമ്പോള്‍ ഞങ്ങളൊക്ക ഫെമിനിച്ചികളാകും. സ്ത്രീ പുരുഷ സമത്വവുമൊക്കെ അങ്ങാടിയിലും സോഷ്യല്‍ മീഡിയയിലും ഒക്കെ വാതോരാതെ സംസാരിക്കുന്നവര്‍ക്കൊക്കെ അവരുടെ വീടുകളില്‍ വേണ്ടത് കുലസ്ത്രീകളെ തന്നെയാണ്. വിജയേട്ടന്‍ ദേഷ്യപ്പെടണ്ട. ഞാന്‍ വരാം. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മതിലാകാം.
പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അവള്‍ ഒരു വലിയ മതിലായി ആകാശം മുട്ടെ ഉയര്‍ന്നു. അയാള്‍ക്ക് ചുറ്റും ഇരുട്ട് നിറഞ്ഞു. അവളുടെ മിഴിയനക്കങ്ങള്‍ അയാളുടെ മേല്‍ ഇടിമിന്നലായി പതിച്ചു. അവളുടെ ശ്വാസ നിശ്വാസങ്ങളില്‍ അയാള്‍ ഒരു അപ്പൂപ്പന്‍ താടിപോലെ ഉലഞ്ഞു. നിലയുറപ്പിക്കാന്‍ അപ്പോള്‍ അയാള്‍ അവളുടെ സാരി തുമ്പില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക