Image

ഷൂമിയുടെ ദുരന്തത്തിന് അഞ്ചു വയസ്

Published on 30 December, 2018
ഷൂമിയുടെ ദുരന്തത്തിന് അഞ്ചു വയസ്
 

ബര്‍ലിന്‍: മൈക്കല്‍ ഷൂമാക്കര്‍(49) എന്ന ഫോര്‍മുല വണ്‍ ഇതിഹാസത്തെ മൃതപ്രായനാക്കിയ സ്‌കീയിംഗ് അപകടത്തിന് അഞ്ചുവയസ്. അദ്ദേഹം പഴയ സ്ഥിതിയിലേക്കു തിരിച്ചു വരുമെന്ന പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ് ആരാധകരിപ്പോള്‍.

മാസങ്ങള്‍ ദീര്‍ഘിച്ച കോമയില്‍നിന്ന് ഉണര്‍ന്നെങ്കിലും വീട്ടില്‍ തന്നെ സജ്ജീകരിച്ച സന്നാഹങ്ങളില്‍ പ്രത്യേക ചികിത്സയില്‍ തുടരുകയാണ് ഷൂമി. തലച്ചോറിനേറ്റ ക്ഷതം അദ്ദേഹത്തിനു സ്ഥലകാലബോധങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിമറിച്ചിരിക്കുന്നു.

ഇതിനിടെ, പലവട്ടം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അവയെല്ലാം പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വക്താക്കളുടെയോ വിശദീകരണങ്ങളില്‍ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. 

2013 ഡിസംബര്‍ 29 നായിരുന്നു ഷൂമിയെ തകര്‍ത്ത അപകടം.ആല്‍പ്‌സ് പര്‍വത നിരകളിലെ റിസോര്‍ട്ട് മേഖലയായ മെറിബെല്‍ സ്‌കീയിംഗ് ഏരിയയിലാണ് സ്‌കീയിംഗിനിടെ വീണാണ് ഫോര്‍മുല വണ്‍ ഇതിഹാസ കാറോട്ടക്കാരന്‍ എന്ന മൈക്കല്‍ ഷൂമാക്കറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അമിത രക്തസ്രാവംമൂലം ഷൂമിക്ക് സുബോധം നഷ്ടമാവുകയും തുടര്‍ന്ന് അദ്ദേഹത്തെ കൃത്രിമമായി കോമയില്‍ ആക്കുകയുമായിരുന്നു. നാല്‍പ്പത്തിയഞ്ചാം പിറന്നാളിനു തൊട്ടുമുന്‍പാണ് അപകടം സംഭവിച്ചത്.

ഫോര്‍മുല റേസ് ട്രാക്കിലെ ഏക ഛത്രാധിപതിയായിരിക്കുന്‌പോഴാണ് മൈക്കല്‍ ഷുമാക്കര്‍ ആദ്യം വേഗത്തിന്റെ ലോകത്തോടു വിട പറഞ്ഞത്. നാല്‍പ്പതു പിന്നിട്ട ശേഷമുള്ള തിരിച്ചുവരവില്‍ ഷൂമിക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു, ആരാധകര്‍ക്കും. പ്രതീക്ഷകളൊന്നും സഫലീകരിക്കാനാകാത്ത നിരാശയുമായി ഷൂമി വീണ്ടും സീസണിന്റെ അവസാനം വിട പറഞ്ഞിരുന്നു. ഇപ്പോഴിതാ തിരിച്ചുവരാനാവത്ത വിധത്തില്‍ രോഗശയ്യയിലും.

ഏഴു തവണ ലോക ചാന്പ്യനായ ഷൂമാക്കര്‍ക്കു പകരക്കാരനായി ആരുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല. 

1969 ജനുവരി മൂന്നിന് ജര്‍മനിയിലെ ഹ്യൂര്‍ത്തില്‍ ജനിച്ച ഷൂമാഹറുടെ ഫോര്‍മുല വണ്‍(എഫ് 1 ) അരങ്ങേറ്റം 1991 ല്‍ ജോര്‍ദാന്‍ ടീമിനു വേണ്ടി ബെല്‍ജിയത്തിലായിരുന്നു. 1992ല്‍ ബെനറ്റനു വേണ്ടി ചാന്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടി. 1994 ല്‍ ആദ്യമായി ബെനറ്റനു വേണ്ടി ടൈറ്റില്‍ സ്വന്തമാക്കി. 1995 ല്‍ രണ്ടാം ടൈറ്റില്‍. 1996ല്‍ ഫെരാരിക്കൊപ്പം, 2000 ത്തില്‍ അവര്‍ക്കു വേണ്ടി ഒരിക്കല്‍ക്കൂടി ആദ്യത്തെ ടൈറ്റില്‍. 

2001 മുതല്‍ 2004 വരെ തുടര്‍ച്ചയായി ലോക ചാന്പ്യന്‍. 2006ല്‍ ചൈനയില്‍ അവസാനത്തെ വിജയത്തിനു ശേഷം റിട്ടയര്‍മെന്റ്. പിന്നീട് 2010ലാണ് മെഴ്‌സിഡസിനു വേണ്ടി ഷൂമിയുടെ തിരിച്ചുവരവ്. 

ഇനിയും ഏറ്റവും മികച്ച െ്രെഡവര്‍മാരുമായി മത്സരിക്കാന്‍ ബാല്യം ശേഷിക്കുന്നു, എങ്കിലും വിട പറയാന്‍ സമയമായെന്നു മനസു പറയുന്നു ഷൂമാക്കര്‍ വിടവാങ്ങലിനു മുന്പ് പറഞ്ഞിരുന്നു. 19 സീസണുകളിലായി 91 റേസുകള്‍ ജയിച്ചിട്ടുണ്ട്. 1996 ല്‍ അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നതോടെയാണ് ഫെരാരിയുടെ തലവിധി തന്നെ മാറുന്നതും. ഫോര്‍മുല വണ്‍ എന്ന കാറോട്ടമല്‍സരത്തിലെ ഫെറാറി ഇതിഹാസമായി മാറിയ ഷൂമിയുടെ ആരാധകര്‍ വിടവാങ്ങല്‍ പ്രഖ്യാപനം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ട്രാക്കിലെ ആവേശം ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക