Image

ശബരിമല: ആത്മാഹൂതി ചെയ്തവരുടെ കുടുംബത്തിനു സഹായവുമായി അമേരിക്കന്‍ കര്‍മ്മസമിതി

Published on 30 December, 2018
ശബരിമല: ആത്മാഹൂതി ചെയ്തവരുടെ കുടുംബത്തിനു സഹായവുമായി  അമേരിക്കന്‍ കര്‍മ്മസമിതി
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് വൈര്യനിര്യാത രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരള സര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്‍ സ്വാമി, പന്തളത്തെ ശിവദാസന്‍ സ്വാമി, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സേവ് ശബരിമല യൂ എസ് എ.

ആചാര ലംഘനത്തിനെതിരെ നാമജപ ഘോഷയാത്രയുമായി പന്തളത്തു പതിനായിരങ്ങള്‍ തെരുവിലിറങ്ങിയ അതെദിവസം തന്നെ പ്രബുദ്ധമായ അമേരിക്കയിലെ പ്രവാസി സമൂഹവും സേവ് ശബരിമല യൂ എസ് എ എന്ന ഹൈന്ദവ കൂട്ടായ്മയുമായി രംഗത്തെത്തുകയുയുണ്ടായി.

സുപ്രിംകോടതി വിധിയെ നിയമപരമായി അതിജീവിക്കുവാനും കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാര്‍മ്മികമായി പിന്തുണക്കുവാനുമാണ് അമേരിക്കന്‍ ഹൈന്ദവ സമൂഹം പരിശ്രമിച്ചു വരുന്നത്. അതിനിടയില്‍ വിശ്വാസവുമായി ബന്ധപ്പെട്ടു ആത്മാഹുതി ചെയ്ത മൂന്ന് ഭക്തന്മാരുടെ കുടുംബാംഗങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കര്‍മ്മസമിതി തീരുമാനിക്കുകയുണ്ടായി.

രാഷ്ട്രീയത്തിനതീതമായി ശബരിമല ആചാരസംരക്ഷണത്തിനായി അടുത്തിടെ രൂപംകൊണ്ട അമൃതാനന്ദമയി ദേവിയുടെ രക്ഷാധികാര്യസ്ഥതയിലുള്ള ദേശിയ കര്‍മ്മസമിതിയുമായി സഹകരിച്ചു, അതിന്റെ സംഘാടക സെക്രട്ടറി എ.ആര്‍.മോഹനനുമായി അമേരിക്കന്‍ കൂട്ടായ്മയുടെ ശില്പികളിലൊരാളും, കെ.എച്.എന്‍.എ. മുന്‍പ്രസിഡന്റുമായ ഡോ.രാമദാസ് പിള്ള തിരുവനന്തപുരത്തു ജീവത്യാഗം ചെയ്ത വേണുഗോപാലന്‍ നായരുടെ മാതാവിനുള്ള ധനസഹായം അവരുടെ ഭാവനത്തിലെത്തി കൈമാറുകയുണ്ടായി. 

അടുത്ത ദിവസങ്ങളിലായി മറ്റു രണ്ടുപേരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്കും സഹായം നേരിട്ട് എത്തിക്കുമെന്ന് രാമദാസ് പിള്ള തുടര്‍ന്ന് അറിയിച്ചു.

ജാതിമത ഭേദമന്യേ അമേരിക്കയിലെ അയ്യപ്പ വിശ്വാസി സമൂഹത്തിന്റെ സഹായവും സഹകരണവും എല്ലാ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നതായി അമേരിക്കന്‍ കര്‍മ്മസമിതിക്കുവേണ്ടി മുഖ്യ കാര്യദര്‍ശി സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. 
ശബരിമല: ആത്മാഹൂതി ചെയ്തവരുടെ കുടുംബത്തിനു സഹായവുമായി  അമേരിക്കന്‍ കര്‍മ്മസമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക