Image

മൃണാള്‍സെന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം: നവയുഗം

Published on 31 December, 2018
മൃണാള്‍സെന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം: നവയുഗം
 ദമ്മാം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ധേഹത്തിന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചുവെന്ന് നവയുഗം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം, ഇന്ത്യയിലെ സമാന്തര സിനിമയുടെ ജനിതകം തന്നെ മാറ്റി മറിച്ച  മൃണാള്‍സെന്‍, ഇന്ത്യന്‍ സിനിമയെ ലോകനിലവാരത്തില്‍ എത്തിച്ചു. എന്നും പുരോഗമനആശയങ്ങളെ പിന്തുണച്ച അദ്ദേഹത്തിന്റെ സിനിമകള്‍,  കൊല്‍ക്കത്തയിലെ മധ്യവര്‍ഗ സമൂഹത്തിന്റെ ജീവിതങ്ങളും ജീവിത പോരാട്ടങ്ങളും വരച്ചു കാട്ടിയ സെല്ലുലോയിഡിലെ കവിതകളായിരുന്നു. ലോകത്ത് മാറ്റത്തിന്റെ കാറ്റിന് നാന്ദിയായ പുതിയ തത്വചിന്തകളും ചിന്താധാരകളും വിപ്ലവധാരകളുമെല്ലാം സെന്നിന്റെ ചിത്രങ്ങളില്‍ കടന്നുവന്നു. ചെലവു കുറഞ്ഞ, നിലവാരമുള്ള ചിത്രങ്ങളിലൂടെയാണ് സെന്‍ ഇന്ത്യന്‍ സിനിമയില്‍ നവതരംഗത്തിന് തിരികൊളുത്തിയത്.  നാലു തവണ മികച്ച ചിത്രങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ്, മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങള്‍ എന്നിവ നേടി. മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും നേടി. 

 രാത്ത് ബോരെ, നീല ആകാശര്‍ നീചേ, ഭദവന്‍ ശോമേ, ഭുവന്‍ ഷോമെ, കോറസ്, മൃഗയ, അകലെര്‍ സന്ദാനെ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍ 

സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനില്‍ (ഇപ്റ്റ) അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. 'ഓള്‍വെയ്‌സ് ബീയിങ് ബോണ്‍ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയ മൃണാള്‍സെന്നിനെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. 

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രസ്‌നേഹികളുടെയും, കുടുംബാംഗങ്ങളുടെയും,  ഭാരതീയരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി നവയുഗംകേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മൃണാള്‍സെന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക