Image

മതില്‍ വിജയിക്കും, സി.പി.എം. വിജയിക്കില്ല: ജാതി തുടരണം: കെ.പി ശശികലടീച്ചറുമായി ഒരു അഭിമുഖം (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

(ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ) Published on 31 December, 2018
മതില്‍ വിജയിക്കും, സി.പി.എം. വിജയിക്കില്ല: ജാതി തുടരണം:  കെ.പി  ശശികലടീച്ചറുമായി ഒരു അഭിമുഖം (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ആത്മീയവും, സാമൂഹികവുമായ ഹിന്ദുക്കളുടെ താല്പര്യങ്ങളില്‍ നിന്നും ഏകദേശം പത്തു വര്ഷങ്ങള്‍ക്കു മുമ്പ് മുംബൈയിലെ കല്യാണില്‍ രൂപം പ്രാപിച്ച സംഘടനയാണ് ഹിന്ദു ഐക്യവേദി. ജാതിഭേദമന്യേ ആയിരക്കണക്കിനാളുകള്‍ ഇന്നതിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. കേരളത്തിന്റെ തനതായ പൈതൃകത്തിന്റെ മൂല്യം കൈവിട്ടു പോകാതെ ഓരോ ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയും കൊണ്ടാടുന്നതിനാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. കേരളത്തിന് പുറത്ത് ആയിരകണക്കിന് സ്ത്രീകള്‍ ആറ്റുകാല്‍ പൊങ്കാല നാളില്‍ പൊങ്കാലയിടാന്‍ അവസരമൊരുക്കുന്ന ആദ്യത്തെ സംഘടന എന്ന ഒരു പൊന്‍തൂവല്‍ കൂടി കല്യാണ്‍ ഹിന്ദു ഐക്യവേദിയ്ക്കുണ്ട്.

കേരളത്തിന്റെ മണ്ണില്‍ നിശ്ചലമായി പോയോ എന്ന് സംശയിയ്ക്കുന്ന തിരുവാതിരകളി ചുവടുകള്‍ ഹിന്ദു ഐക്യദേവി സംഘടിപ്പിച്ച തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി ഇവിടെ അരങ്ങേറിയ വേദിയില്‍ മുഖ്യഅതിഥിയായി വന്നെത്തിയ ഹിന്ദു ഐക്യവേദിയുടെ കേരള പ്രസിഡന്റായ ശ്രീമതി കെ.പി ശശികലടീച്ചറെ കണ്ടുമുട്ടിയപ്പോള്‍ ടീച്ചറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ചിലഭാഗങ്ങള്‍ ഞാന്‍ വായനക്കാര്‍ക്കായി ചുരുക്കിയെഴുതുന്നു.

• ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ച് എന്താണ് ടീച്ചറിന് പറയാനുള്ളത്?

ഹിന്ദുക്കളില്‍ ഐക്യം കുറവാണെന്നു ഒരിയ്ക്കലും പറയാന്‍ കഴിയുകയില്ല. അവരില്‍ ഏകരൂപതയാണ് കുറവ്. ഇസ്ളാമിക, ക്രൈസ്തവ വിഭാഗത്തില്‍ ഏകരൂപതയുണ്ട്. അവരുടെ ആചാരങ്ങള്‍ വിശ്വാസങ്ങള്‍, ആചാര സമയം എന്നിവ ഒരേ പോലെയാണ്. ഒരേ സ്‌കൂളിലെ കുട്ടികള്‍ ഒരേ പോലുള്ള യൂണിഫോഫോം ധരിയ്ക്കുന്നു. എന്നാല്‍ അവരുടെ മാനസികാവസ്ഥ ഒന്നായിരിയ്ക്കണമെന്നില്ല. അതൊരു പക്ഷേ ആ സ്‌കൂളിന്റെ നിബന്ധനകള്‍ക്കനുസരിച്ച് ധരിയ്ക്കുന്നതാകാം. ദേശങ്ങള്‍ക്കനുസരിച്ചും, ജാതികള്‍ക്കനുസരിച്ചും ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ പലതാണ്. ജാതിവ്യവസ്ഥകള്‍ പ്രശ്നമായിരുന്ന കാലഘട്ടത്തിലും ഒരേ അമ്പലത്തില്‍ പോകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതേ സമയം കേരളത്തിലെ സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ക്രൈസ്തവ സഭകള്‍ തമ്മില്‍ വഴക്കും, ശവങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതുമൊക്കെയായ ഒരു സ്ഥിതിവിശേഷമാണ്. മുസ്ലിം സമുദായത്തില്‍ ഒരു കൂട്ടരുടെ പള്ളിയില്‍ മറ്റൊരു വിഭാഗക്കാര്‍ പോകില്ല. എന്നാല്‍ ഹൈന്ദവരില്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ല. രാഷ്ട്രീയ രംഗത്ത് ഹൈന്ദവര്‍ ഒന്നായി ചിന്തിയ്ക്കുന്നില്ല എന്നത് ശരിയാണ്. രാഷ്ട്രീയവും മതവും രണ്ടാണെന്നുള്ള കാഴ്ചപ്പാട് കൊണ്ട് ഹിന്ദുക്കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നില്ല എന്നുമാത്രം

• ഹിന്ദുത്വത്തെക്കുറിച്ച് സാധാരണ ജനങ്ങളെ മനസ്സിലാക്കുക എന്ന പ്രയാസമേറിയ ഉദ്യമത്തില്‍ ഹിന്ദു ഐക്യവേദിയുടെ പങ്കെന്ത്?

ഹിന്ദുത്വത്തെകുറിച്ച് ഹിന്ദുക്കളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമായി മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇതിനെ കേപ്പ് (CAP) എന്നാണു പറയുന്നത്. അതില്‍ ഒന്നാമതായി സഹകരണം (co-operation
) അതായത് ജാതികള്‍ തമ്മിലുള്ള കൂട്ടായ്മ, ആദ്യാത്മിക കൂട്ടായ്മ ക്ഷേത്രഭരണങ്ങളിലെ വിവേചനം ഇല്ലാതാക്കുന്ന കൂട്ടായ്മ എന്നിവ പ്രധാനമാണ്. മറ്റൊന്നാണ് വിപ്ലവം (agitation) എല്ലാ ഹിന്ദു നിയമങ്ങള്‍ക്കും വേണ്ടി നിയമപരമായോ, ജനകീയമായോ പോരാടുക. മറ്റൊന്ന് പ്രചാരണം (propaganda) ഒരു പ്രശ്നവും രഹസ്യമായി പരിഹരിയ്ക്കില്ല. ഹിന്ദുത്വത്തിന്റെ നിയമങ്ങള്‍ എന്താണെന്ന് പ്രചാരണം നടത്തും. നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരമാവധി പ്രചാരണം നടത്തും.

• ഏതു വേദികളിലും പ്രസംഗിയ്ക്കുമ്പോള്‍ ടീച്ചര്‍ മറ്റു മതങ്ങള്‍ക്കെതിരായി പ്രസംഗിയ്ക്കുന്നു എന്ന പൊതുവായ പറച്ചിലില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ട്?

എനിയ്ക്കതറിയാന്‍ വയ്യ. എന്റെ ഒരു സംഭാഷണ ശൈലി, ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ദോഷവശങ്ങളെകുറിച്ച് ഞാന്‍ പറയും എന്നിട്ടു മാത്രമേ അതിന്റെ നല്ല വശങ്ങളെക്കുറിച്ച് പറയാറുള്ളൂ. ഉദാഹരണമായി ശബരിമലയിലെ യുവതിപ്രവേശനത്തെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യം ഞാന്‍ പറയും എന്തുകൊണ്ട് യുവതികള്‍ക്ക് മറ്റു ക്ഷേത്രങ്ങളില്‍ പ്രവേശിയ്ക്കാമെങ്കില്‍ ശബരിമലയില്‍ ആയിക്കൂടാ?, എന്നിട്ടു മാത്രമേ എന്തുകൊണ്ടായിക്കൂടാ എന്നതിനുള്ള വിശദീകരണം ഞാന്‍ നല്കൂ. അപ്പോള്‍ ആ പ്രസംഗത്തിന്റെ ആദ്യ ഭാഗം മാത്രം എടുത്താല്‍ ശശികല ടീച്ചര്‍ ശബരിമല യുവതിപ്രവേശനത്തെ അനുകൂലിയ്ക്കുന്നു എന്നാക്കാം. അപ്പോള്‍ എന്റെ പ്രസംഗത്തിന്റെ ഓരോ ഭാഗവും ഓരോരുത്തര്‍ക്കും ആവശ്യപ്രകാരം മുറിച്ചെടുക്കുമ്പോഴാണ് ഇത്തരം അപവാദങ്ങള്‍ ഉണ്ടാകുന്നത്. എന്റെ പ്രസംഗം മുഴുവനായി കേട്ട ഒരാളും അതിനെ കുറ്റപ്പെടുത്തിയിട്ടില്ല അതിന്റെ വ്യക്തമായ ഒരു അനുഭവം എനിയ്ക്കുണ്ടായിട്ടുണ്ട്. അതായത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ തിരുപ്പതി ദേവസ്വത്തെക്കുറിച്ച് നടത്തിയ ഒരു പ്രസംഗത്തിന്റെ, അതിന്റെ യഥാര്‍ത്ഥ സി.ഡി കൈവശമിരിയ്ക്കേ, അതിനെ തിരുത്തി ദേവസ്വം മന്ത്രി അതിനെ കേരളം ദേവസ്വം ബോര്‍ഡിനെപ്പററി പറഞ്ഞതായി നിയമസഭയില്‍ അവതരിപ്പിച്ചു. അതിനെതിരെ മാനനഷ്ടത്തിനുള്ള കേസു കൊടുത്തിരിയ്ക്കുകയാണിപ്പോള്‍. ഇത്തരം കുപ്രസിദ്ധിയ്ക്കുള്ള സാഹചര്യങ്ങള്‍ ഇതാണ്.

ഇസ്ളാം മതവും, ക്രിസ്തുമതവും, ജൂതമതവും അവരുടെ തത്വങ്ങളും എല്ലാം ശരിയാണ് . ഈ വൈവിധ്യമാണ് ഭാരതത്തിന്റെ ഭംഗി. ക്രിസ്ത്യാനിയും, മുസ്ലീമും വേണ്ട എന്ന് ഞാന്‍ ഒരിയ്ക്കലും ഞാന്‍ പറയാറില്ല. പക്ഷെ അവര്‍ക്ക് എന്തെല്ലാം അവകാശങ്ങള്‍ ഉണ്ട് അത് ഹിന്ദുവിനും വേണം. അതുപോലെ അവരുടെ മതപ്രചാരണം നടത്തുന്നതിന് മറ്റൊന്ന് തെറ്റാണെന്നു പറയുക, മതം മാറ്റാന്‍ ശ്രമിയ്ക്കുക എന്നത് ഭാരതത്തിനു ചേരുന്നതല്ല. ഓരോ മതവും അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെ. ഒരിയ്ക്കലും ഒരു മതവും തെറ്റാണെന്നു ഞാന്‍ പറയാറില്ല

• സ്ത്രീ സമത്വത്തിനു വേണ്ടിയും ലിംഗവിവേചനത്തിനെതിരെയും സ്ത്രീകള്‍ നിര്‍ഭയം പ്രതികരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് എന്തുകൊണ്ടാണ് ടീച്ചര്‍ എതിരഭിപ്രായം പ്രകടിപ്പിയ്ക്കുന്നത്?

ഈ വിധി സര്‍ക്കാരിന്റെ ഒരു തന്ത്രമാണെന്നാണ് ഞാന്‍ പറയുക. കേരളത്തില്‍ ഉണ്ടായ പ്രളയം ഉണ്ടായതല്ല ഉണ്ടാക്കിയതാണ്. അതില്‍ നിന്നും ജന ശ്രദ്ധ തിരിയ്ക്കാന്‍ വേണ്ടിയാണ് ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചത്. അല്ലെങ്കില്‍ ഇത്രയും വലിയ ഒരു പ്രകൃതി ദുരന്തം സംഭവിച്ചതിനു ഗവണ്മെന്റ് പ്രോസിക്യൂട്ട് ചെയ്യപ്പെടും. അഞ്ഞുറില്‍പരം ആളുകള്‍ മുങ്ങി മരിച്ചിട്ടും, ഇത്രയും നാശനഷ്ടം സംഭവിച്ചിട്ടും ഇന്ന് കേരളം സംസാരിയ്ക്കുന്നത് ശബരിമല കോടതി വിധിയെപ്പറ്റിയാണ്. മാത്രമല്ല ശബരിമല ആചാരം സ്ത്രീ വിവേചനമില്ല. പത്തു വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കും, അമ്പതു വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും ഇവിടെ പ്രവേശനം ഉണ്ട്. പല സ്ഥലങ്ങളിലും അയ്യപ്പന്‍ വിവാഹിതനാണെന്ന സങ്കല്‍പ്പമാണ് . എന്നാല്‍ ഇവിടെ യോഗീഭാവമുള്ള അയ്യപ്പനാണെന്ന സങ്കല്‍പ്പമാണ്. അത് അവിടുത്തെ മൂര്‍ത്തിയുടെ പ്രത്യേകതയാണ്. അപ്പോള്‍ അത് ആചാര വൈവിധ്യമാണ്. ഇത്തരം വൈവിധ്യങ്ങള്‍ ഹിന്ദുമതത്തിന്റെ നിലനില്‍പ്പിന്റെ അടിത്തറയാണ്. അതെ കുറിച്ച് സുപ്രിം കോടതിയില്‍ വേണ്ടതുപോലെ അവതരിപ്പിയ്ക്കുന്നതില്‍ വീഴ്ച വന്നിരിയ്ക്കുന്നു. മറ്റൊരു ഉദാഹരണം, കേരളത്തില്‍ ഇപ്പോള്‍ ഇഷ്ടം പോലെ പലനില കെട്ടിടങ്ങള്‍ ഉണ്ട് എന്നിട്ടും പാലക്കാടുള്ള കല്‍പ്പാത്തി ഗ്രാമം അതുപോലെത്തന്നെ സംരക്ഷിച്ചിരിയ്ക്കുന്നു. അവരുടെ സ്വന്തം വീടാണെങ്കിലും അത് പൊളിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി അതിന്റെ മുഖച്ഛായ മാറ്റാന്‍ അനുവാദം നല്‍കാതെ പൈതൃക ഗ്രാമമായി ഗവണ്മെന്റ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മറ്റൊന്ന് പറയുകയാണെങ്കില്‍ വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവ അവിടെ പ്രവേശിച്ച് ദര്‍ശനം എടുക്കാന്‍ താല്പര്യമുള്ളവരും അവരെ അനുകൂലിയ്ക്കുന്നവരുമാണ് നടത്തിയത് അതുകൊണ്ടുതന്നെ അത് പൂര്‍ണ്ണ വിജയം കൈവരിച്ചു. എന്നാല്‍ ഇവിടെ കേസ് കൊടുത്ത അഞ്ചു പേര് ഹരിഹരപുത്രനാരെന്നുപോലും ഒരു പിടുത്തവുമില്ലാത്ത നോര്‍ത്ത് ഇന്ത്യയിലെ ആളുകളാണ് അവര്‍ ഇവിടുത്തെ ആചാരത്തെ സ്ത്രീ വിവേചനം എന്നാണു മനസ്സിലാക്കിയിരിയ്ക്കുന്നത്. ഇത് ഹിന്ദുത്വത്തെ നശിപ്പിയ്ക്കുക എന്ന ഒരേ ഒരു രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. ചിത്രരചനയിലൂടെയും സാഹിത്യത്തിലൂടെയും പലരീതിയില്‍ ഹിന്ദുത്വത്തെ നശിപ്പിയ്ക്കുവാനുള്ള ശ്രമം നടന്നു. ഇത്രാ രാഷ്ട്രീയത്തിന്റെ ഒരു അവസാനത്തെ കയ്യാണെന്നാണ് ഞാന്‍ പറയുക

• വനിതാ മതിലിനെക്കുറിച്ച് ടീച്ചറുടെ അഭിപ്രായം എന്താണ്? ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോ?

വനിതാ മതിലിന്റെ യഥാര്‍ത്ഥ ഉദ്ദേശം ജനങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഹിന്ദു ഐക്യവേദി അമ്മമാര്‍ക്കായി നാമജപം സംഘടിപ്പിച്ചിരുന്നു. ഇതിനു പ്രതീക്ഷിച്ചതിലും വിപുലമായ പ്രതികരണം അമ്മമാരില്‍ നിന്നും ലഭിച്ചു. ഇതൊരു വന്‍വിജയമായി. അതിനുള്ള ഒരു മറുമരുന്ന് എന്നതാണ് ഇതിനെ ഐക്യവേദി മനസ്സിലാക്കുന്നത്.

വനിതാ മതില്‍ വിജയിയ്ക്കും കാരണം അതൊരു ഭരണ സര്‍ക്കാര്‍ പരിപാടിയാണ്. എന്നാല്‍ അതില്‍ സി.പി എം വിജയിയ്ക്കില്ല. കാരണം സി പി എം പത്തോ പതിനഞ്ചോ വര്ഷങ്ങള്ക്കു മുന്‍പുതന്നെ മനുഷ്യ കോട്ട, ചങ്ങല, മതില്‍ എന്നിവ പണിതീര്‍ത്തിരുന്നു. അന്നവര്‍ക്ക് അതിനു മതിയാകുന്ന സംഘടന ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. തനിയെ ചെയ്യാനുള്ള ശക്തി അവര്‍ക്കില്ല. അതുകൊണ്ട് സാമുദായിക സംഘടനകളും, സര്‍ക്കാര്‍ മെഷിനറികളും അതിനായി അവര്‍ വിനിയോഗിയ്ക്കുന്നു. പ്രതിപക്ഷത്തില്‍ ഇരിയ്ക്കുമ്പോള്‍ തന്നെ സമരങ്ങള്‍ വിജയിപ്പിയ്ക്കാന്‍ അവര്‍ അശക്തരായിരുന്നു. വോട്ടു നേടി എന്നത് പല തന്ത്രങ്ങളിലൂടെയുമാണ്. സര്‍ക്കാര്‍ തലത്തില്‍ വനിതാ മതില്‍ വിജയിയ്ക്കും എന്ന് പറയാനുള്ള കാരണം ഭീഷണിയും, നിര്‍ബന്ധങ്ങളും ചെലുത്തപ്പെടുന്നതിനാലാണ്. അതിലുപരിയായി കേരളത്തില്‍ രാഷ്ട്രീയ പ്രബുദ്ധതയില്ല. അഭിപ്രായം പ്രകടിപ്പിയ്ക്കാനുള്ള അവകാശം ഇവിടെ ജനതയ്ക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു. കുടുംബശ്രീയാണെങ്കില്‍ വന്നുനിന്നു കൊള്ളണം, തൊഴിലുറപ്പുകാരാണെങ്കില്‍ പങ്കെടുത്തുകൊള്ളണം, വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നിര്ബന്ധമാണ്, പോസ്റ്റര്‍ എഴുതേണ്ടത് അദ്ധ്യാപകന്റെയും വിവിധ സ്ഥലങ്ങളില്‍ ഒട്ടിയ്ക്കുന്നത് പോലീസുകാരുടെയും ചുമതലയാണ് എന്നാണ് ഈ പരിപാടി നടപ്പിലാക്കുന്നതില്‍ കേരളത്തിലെ സ്ഥിതിവിശേഷം. ഉത്തരേന്ത്യയില്‍ നിലനിന്നിരുന്ന 'പശു ബെല്‍റ്റ്' എന്നതു പോലെയാണ്. പക്ഷെ ഉത്തരേന്ത്യക്കാര്‍ അതിനെ തിരിച്ചറിഞ്ഞു പക്ഷെ കേരളത്തില്‍ ഇതുവരെ തിരിച്ചറിവ് ഉണ്ടായിട്ടില്ല. ഇവിടെ രാഷ്ട്രീയ പ്രബുദ്ധത ഉണ്ട് വിപ്ലവ വീര്യമുണ്ട് എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. 'ഇല്ല' എന്ന് പറയാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ല.

• ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ല്‍്രൈകസ്തവ സഭകളെപ്പോലെ ഹൈന്ദവര്‍ മുന്നോട്ടു വരുന്നില്ല എന്നത് എന്തുകൊണ്ടാണ്?

ഈ ധാരണ തീര്‍ത്തും തെറ്റാണ്. ഹിന്ദുക്കള്‍ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ അത് പരസ്യപ്പെടുത്താറില്ല എന്ന് മാത്രം. എന്തിനധികം പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പോലും വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ കാലതാമസമെടുത്തപ്പോള്‍ 'സേവാഭാരതി' എന്ന ഹിന്ദു കൂട്ടായ്മ ഒരുപാട് വീടുകള്‍ നിര്‍മ്മിച്ച് കൊടുത്തു കഴിഞ്ഞു, ഭുമിയില്ലാത്തവര്‍ക്ക് ഭുമി നല്‍കി. അതുമാത്രമല്ല ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ബാലസദനങ്ങള്‍, വികലാംഗര്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ എന്നിവ ഉണ്ട്. ക്രൈസ്തവ സഭകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ പല രീതിയില്‍ പരസ്യപ്പെടുത്തുന്നു. അതിന്റെ പിന്നില്‍ ചില ഉദ്ദേശവുമുണ്ട്. ഹിന്ദു സംഘടനകള്‍ ഒരിയ്ക്കലും എടുത്തു പറയാറില്ല എന്നതാണ്. കൃഷ്ണന്‍ കുചേലനെ സഹായിച്ചത് കുചേലന്‍ പോലും അറിയാതെ ആയിരുന്നു. കാരണം അതില്‍ കൃഷ്ണന് ഒന്നും നേടാനില്ലായിരുന്നു. യൂറോപ്യന്‍സ് ഇന്ത്യയില്‍ വന്നത് മൂന്ന് സേനകളുമായല്ല കരസേനാ, വ്യോമസേനാ, നാവികസേനാ, മിഷനറി സേന കാണിയ്ക്കുന്നത് ഒരു ആക്രമണ മുഖമാണ്. ഹിന്ദുധര്‍മ്മത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇല്ല എന്ന് ഒരിയ്ക്കലും പറയാനാകില്ല. ഹിന്ദുത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പതിറ്റാണ്ടുകളായി തന്നെയുണ്ട ്എന്നതിനുദാഹരണമാണ് പന്തളം രാജാവിന് കാട്ടില്‍ നിന്നും കിട്ടിയ കുട്ടിയെ അയ്യപ്പനായി വളര്‍ത്തിയതും, അനാഥയായ സീതയെ ജനക രാജാവ് എടുത്തു വളര്‍ത്തിയതുമെല്ലാം.

• ജാതിവ്യവസ്ഥയാണ് ഹിന്ദുമതത്വത്തിന്റെ ശാപമെന്നു പറയുന്നതിനെക്കുറിച്ച് ടീച്ചറിന്റെ അഭിപ്രായമെന്താണ് ?

ജാതി വ്യവസ്ഥകള്‍ ഒരിയ്ക്കലും ശാപമല്ല. കാരണം ജൂതമതവും ക്രിസ്തുമതവും പോലുള്ള വിദേശ സെമിറ്റിക് മതങ്ങള്‍, സുല്‍ത്താന്മാര്‍ ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍, യൂറോപ്യന്‍ ശക്തികള്‍ തുടങ്ങിയവര്‍ ആക്രമിച്ച എല്ലാ രാജ്യങ്ങളും അവരുടേതാക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നാല്‍ അവര്‍ പരാജയപ്പെട്ടത് ഇന്ത്യയില്‍ മാത്രമാണ്. കാരണം ഇവിടുത്തെ ജാതിവ്യവസ്ഥകള്‍ അവരുടേതായ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു. ഇവിടെയുള്ള സമ്പത്തു മാത്രമേ അവര്‍ക്ക് ചോര്‍ത്താന്‍ കഴിഞ്ഞുള്ളു. ഓരോരുത്തരും അവരവരുടെ ജാതിവ്യവസ്ഥയില്‍ സംരക്ഷിയ്ക്കപ്പെട്ടു. ഒരുപക്ഷെ ഒരു ഏകശിലാ ഘടന ആയിരുന്നുവെങ്കില്‍ പെട്ടെന്ന് കീഴ്പ്പെടുത്താന്‍ കഴിഞ്ഞേനെ. പിന്നീട് എപ്പോഴോ ഈ ജാതിവ്യവസ്ഥകളില്‍ ഉച്ചനീചത്വ ബോധം വളര്‍ന്നു. ഇത് ഒരു പരിധിവരെ എല്ലാവരും ചെയ്തു. ഈ ഉച്ചനീചത്വവും നമ്പുതിരിമാരിലോ നായന്മാരിലോ അല്ല മറ്റു ജാതികളിലും ഉണ്ടായിരുന്നു. ബ്രാഹ്മണരില്‍, വൈദികനോളം വരില്ല ശാന്തിക്കാരന്‍. പട്ടികവര്‍ഗ്ഗത്തിലും പരസ്പരം തൊട്ടുകൂടാത്തവരുണ്ടായിരുന്നു. ഫോര്‍വേഡ് കാസ്റ് ആയാണ് അവരെ കണക്കാക്കുന്നത്. ഈ തെറ്റ് ഹൈന്ദവ സമുദായത്തിന് മുഴുവന്‍ സംഭവിച്ചു. ഇത് അറിവില്ലാഴ്മയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒരു പരിധിവരെ അത് ഇന്ന് തിരുത്താന്‍ കഴിഞ്ഞു. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി പറഞ്ഞു പരത്തുന്ന ഉച്ചനീചത്വങ്ങള്‍ ഉണ്ടെങ്കിലും ഇന്ന് മനുഷ്യ മനസ്സില്‍ അത്രകണ്ട് ഇല്ല. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന വൈരാഗ്യങ്ങള്‍ രാഷ്ട്രീയ വൈരാഗ്യങ്ങളാണ്. ജാതികള്‍ തമ്മില്‍ അത്തരത്തിലൊരു പകപോക്കലോ, വൈരാഗ്യമോ നിലനില്‍ക്കുന്നില്ല. മനുഷ്യര്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ രാഷ്ട്രീയം മതങ്ങള്‍ ആരോപിയ്ക്കപ്പെടുകയാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് സംവരണത്തിനുള്ള ചില അവകാശ വാദങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും അത് വളരെ ചെറിയ തോതില്‍ മാത്രം. .

• ഈ ജാതിവ്യവസ്ഥ ഹിന്ദുമതത്തിനാവശ്യമുണ്ടോ? ജാതിവ്യവസ്ഥയില്ലാത്ത ഒരു ഹൈന്ദവ സംഘടന സാധ്യമാണോ?

ജാതിയില്ലാത്ത ഒരു ഹിന്ദുവിനു നിലനില്‍പ്പില്ല പക്ഷെ ഈ ജാതിഭ്രാന്ത് അതിരു കടക്കാതിരുന്നാല്‍ മതി. ജാതി യാഥാര്‍ഥ്യമായിത്തന്നെ ഹിന്ദുമതത്തില്‍ നിലനില്‍ക്കട്ടെ. ഒരു പുന്തോട്ടത്തിനു മനോഹാരിത നല്‍കുന്നത് പല വര്‍ണ്ണ പൂക്കളാണ്. അതുപോലെയാണ് പല ജാതി പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹരമായ പുന്തോട്ടമാണ് ഹിന്ദുമതം. പക്ഷെ തോട്ടം എന്ന ഒരു കൂട്ടായ്മ ഉണ്ടായിരിയ്ക്കണം. അല്ലെങ്കില്‍ ഈ ജാതികളെ ശരീരത്തിലെ വിവിധ അവയവങ്ങളാണ് ഉപമിയ്ക്കാം. സെമിറ്റിക് മതങ്ങള്‍ ഒറ്റകെട്ടായി വളര്‍ന്നിടത്തും ഗോത്രവഴക്കുകള്‍ ഉണ്ട്. ഓരോ മതക്കാരും അവരുടെ വ്യക്തിത്വത്തില്‍ മുന്നോട്ടു പോകട്ടെ, ഓരോ ജാതിയും വിദ്യാഭ്യാസം, ഉന്നമനം എന്നിവ സ്വയം നേടിയെടുക്കട്ടെ. അങ്ങിനെ ഓരോ ജാതികളാലും ചെത്തിമിനുക്കപ്പെട്ട ഇഷ്ടികകള്‍ കൊണ്ടുള്ള ഒരു ശക്തമായ, ഉറപ്പുള്ള ഒരു മതില്‍ അല്ലെങ്കില്‍ ഒരു കോട്ടയാകട്ടെ ഹിന്ദുമതം. ഉച്ചനീചത്വം എന്ന ഒരു പ്രശനം മതത്തിന്റെ കൂട്ടായ്മയ്ക്ക് ഇളക്കം തട്ടുമോ എന്ന സംശയം വന്നു ചേര്‍ന്നപ്പോഴാണ് ഉച്ചനീചത്വം തുടച്ചുമാറ്റി, എല്ലാവരെയും തുല്യ പ്രധാനം നല്‍കി ഉയര്‍ന്നവര്‍ താഴ്ത്തുകയല്ല താഴ്ന്നവര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി ഹിന്ദു ഐക്യവേദി മുന്നോട്ടുവന്നത്. ഒരു തരത്തിലും, ക്ഷേത്രഭരണത്തിന്റെ കാര്യത്തിലായാലും, പൂജയുടെ കാര്യത്തിലായാലും, തന്ത്രത്തിന്റെ കാര്യത്തിലായാലും ആരെയും അകറ്റി നിര്‍ത്തില്ല എന്നതാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. അതിനായി 1976 ല്‍ പൂജ അല്ലെങ്കില്‍ ക്ഷേത്രകാര്യങ്ങള്‍ ജാതിയ്ക്കതീതമായി ചെയ്യാം എന്ന തീരുമാനം എല്ലാ തന്ത്രിമാരെയും വിളിച്ചിരുത്തി കൂടിയാലോചിച്ച് 'പാലിയം വിളംബരം' നടത്തി. ആര്‍ എസ എസിന്റെ നേതൃത്വത്തില്‍ ആലുവ തന്ത്രപീഠം സ്ഥാപിച്ചു ഇത് നമ്പുതിരിമാര്‍ക്ക് പൂജ പഠിയ്ക്കാനായല്ല അല്ലാത്തവര്‍ക്ക് പൂജാവിധികളില്‍ താല്പര്യമുണ്ടെങ്കില്‍ അവരെ പഠിപ്പിയ്ക്കാനായി. ഇങ്ങനെ പഠിച്ചവരെ ആര്‍ എസ് എസ്സിന്റെ കീഴിലുള്ള പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി നിയമിച്ചു. മറ്റു പൊതുക്ഷേത്രങ്ങളില്‍ നിയമനം നടത്താന്‍ ഗവണ്മെന്റിന്റെ വശത്തു നിന്നുമാണ് കാലതാമസം നേരിട്ടത്. താഴ കിടയിലുള്ളവരെ ഉയര്‍ത്തികൊണ്ടു വരിക, ജാതിവ്യവസ്ഥയിലെ ഉയര്‍ച്ച താഴ്ചകളെ പാടെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഹിന്ദു ഐക്യവേദി ഇതിലൂടെ നിര്‍വ്വഹിയ്ക്കുന്നു.

• എല്ലാ ജാതികളെയും ഒരു തട്ടില്‍ കൊണ്ടുവരിക എന്നതില്‍ ആദിവാസികളും ഉള്‍പ്പെടുന്നുണ്ടോ?

തീര്‍ച്ചയായും. ഹിന്ദുമതത്തിന്റെ അടിത്തറയാകുന്ന രാമായണവും മഹാഭാരതവും എല്ലാം നോക്കിയാല്‍ അറിയാം അതിലെല്ലാം കൂടുതലായി പ്രതിപാദിയ്ക്കുന്നത് കാടും അവിടെ താമസിച്ചിരുന്നവരുമാണ്

• ക്രിസ്ത്യന്‍ , മുസ്ളീം സമുദായത്തില്‍ മത ഗ്രന്ഥങ്ങളെ കുറിച്ചുള്ള പഠനം നിര്ബന്ധമാണ്. ഇത്തരം ഒരു പഠന രീതി ഹിന്ദുമതത്തിലും വേണോ ?

ഹിന്ദുമതത്തെക്കുറിച്ചും മതഗ്രന്ഥങ്ങളെ കുറിച്ചുമുള്ള അറിവ് ഗുണം ചെയ്യും പഠിച്ചില്ലെങ്കില്‍ ഒരു ഹിന്ദുവിന് ദോഷമുണ്ട് എന്ന ആശയം ഹിന്ദു ഐക്യവേദി പ്രചരിപ്പിയ്ക്കുന്നു. എന്നാല്‍ നിര്‍ബന്ധിത പഠനം ഹിന്ദുത്വമല്ല. മാത്രമല്ല പഠിപ്പിയ്ക്കല്‍ ഹിന്ദു ഐക്യവേദിയുടെ ചുമതലകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആര്‍ എസ എസ് പോലുള്ള സംഘടനകള്‍ ഇതിനായി പല പരിപാടികളും നടത്തുന്നുണ്ട്. മറ്റു മതങ്ങളെപ്പോലെ ഇതൊരു നിര്‍ബന്ധമല്ല. ബാലഗോകുലം, സംഘപരിവാര്‍, ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദുപരിഷത്ത് എന്നിവര്‍ ഈ രംഗത്തുണ്ട്. ഹിന്ദു ഐക്യവേദി അമ്മമാര്‍ക്കായി പല ക്ലാസ്സുകള്‍ സംഘടിപ്പിയ്ക്കുമ്പോള്‍ ഹിന്ദുവിനെ കുറിച്ച് അറിയാത്ത ഒരു ഹിന്ദുവിനുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ച് അമ്മമാരെ ബോധവല്‍ക്കരിയ്ക്കാറുണ്ട്. നിര്ബന്ധ പഠനം ഹിന്ദു മതത്തിനു ഒരിയ്ക്കലുംചേരുന്നതല്ല.

വളരെ ചുരുങ്ങിയ സമയത്തേയ്ക്കായി മുംബൈയില്‍ വന്നു നിരവധി പരിപാടികളില്‍ പങ്കെടുക്കുവാനും വേദികളില്‍ പ്രസഗം നടത്താനുമായി എത്തിയ ശ്രീമത ശശികല ടീച്ചര്‍ എനിയ്ക്കായി ഇത്രയും സമയം നല്‍കിയതിനു ടീച്ചറിനോടും , ടീച്ചറിനെ കാണുവാനും, സംസാരിയ്ക്കുവാനും അവസരം ഒരുക്കിത്തന്ന് എന്നെ പ്രോത്സാഹിപ്പിച്ച കല്യാണ്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാ ഭാരവാഹികളോടും എന്റെ നന്ദി അറിയിയ്ക്കുന്നു.
മതില്‍ വിജയിക്കും, സി.പി.എം. വിജയിക്കില്ല: ജാതി തുടരണം:  കെ.പി  ശശികലടീച്ചറുമായി ഒരു അഭിമുഖം (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക