Image

യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ ചതിയെന്ന് പറയുന്നത് അപഹാസ്യമെന്ന് കാനം

Published on 02 January, 2019
യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ ചതിയെന്ന് പറയുന്നത് അപഹാസ്യമെന്ന് കാനം
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ യുവതികളെ കയറ്റിയ ശേഷം ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോടതി വിധി നടപ്പിലാക്കുന്നത് ചതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത് അദ്ദേഹത്തിന്റെ നിയമജ്ഞനത്തിലെ അല്‍പ്പത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്‌തത്. ഇതില്‍ ആചാരലംഘനമോ പരിഹാര ക്രിയകളോ ചെയ്യേണ്ടതില്ല.
ശബരിമലയിലെ നട അടച്ചവര്‍ ഉത്തരം പറയേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന വനിതാ മതിലും യുവതികളുടെ ദര്‍ശനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇപ്പോള്‍ സമയം തിരഞ്ഞെടുത്തത് യുവതികളാണ്. ഈ ചോദ്യം അവരോട് തന്നെ ചോദിക്കണം.

ശബരിമലയില്‍ യുവതികള്‍ക്ക് കയറാന്‍ സുരക്ഷ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. യുവതികളെ നേരത്തെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഏറെ പ്രതിഷേധമുണ്ടായി. അപ്പോള്‍ യുവതികളെ കയറ്റിക്കാണിക്കാനാണ് ചിലര്‍ വെല്ലുവിളിച്ചത്. എന്നാല്‍ ഇപ്പോള്‍ യുവതീ പ്രവേശനം സാധ്യമായപ്പോള്‍ ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്നും കാനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക