Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-30 അവസാന ഭാഗം: ഏബ്രഹാം തെക്കേമുറി)

Published on 03 January, 2019
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-30 അവസാന ഭാഗം: ഏബ്രഹാം തെക്കേമുറി)
എയര്‍പോര്‍ട്ടിന്റെ പ്രധാനകവാടത്തിന്റെ മുമ്പിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിംഗ്‌ലോട്ടിലേയ്ക്ക് കയറി ബാബു കാര്‍ പാര്‍ക്ക് ചെയ്തു. കുട്ടികള്‍ ആഹ്‌ളാദത്തോട് വെളിയിലേക്കിറങ്ങി. അറേബ്യന്‍കടലിന്റെ അരികില്‍ തിരകളിലടിയുന്ന ഞണ്ടുകളെ പെറുക്കുന്ന മുക്കുവകുട്ടികളെ നോക്കി അവര്‍ നിന്നു. ഷെയ്ം. . .ഷെയ്ം.. കണ്ണില്‍ നോക്കിക്കൊണ്ട് മുന്നിലിരുന്നും നിന്നുമൊക്കെ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്ന മനുഷ്യര്‍. ആമസോണ്‍ വനങ്ങളിലെ ആദിവാസികളേപ്പോലെ നാണം മറയ്ക്കാതെ പ്രാകൃതരായി ഭിക്ഷാടനം നടത്തുന്നവര്‍. ഇവരൊക്കെയല്ലേ ഇരുപതാം നൂറ്റാണ്ടിലെ ഇന്നാടിന്റെ പ്രതീകങ്ങള്‍?
‘ഇറ്റ്‌സ് എ സാമ്പിള്‍ ഓഫ് പുവേര്‍ട്ടി’ കുട്ടികള്‍ക്ക് മോളി വിശദീകരിച്ചു കൊടുത്തു.
സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. എല്ലാവരുംകൂടി ലഞ്ച് കഴിക്കാന്‍ ഹോട്ടലിലേയ്ക്ക് കയറി. ആഹാരം കഴിക്കുന്നതിനിടയില്‍ ബാബുവിന്റെ കണ്ണുകള്‍ ഈറനണിയുന്നത് ടൈറ്റസ് കണ്ടു. ഒരു പക്‌ഷേ നാളെയുടെ പ്രാരാബ്ധങ്ങള്‍ ഓര്‍ത്തിട്ടാവാം. വേണ്ടാ! ഇനിയും താമസിപ്പിക്കണ്ടാ. താന്‍ അവനുവേണ്ടി ചെയ്തിരിക്കുന്നതൊക്കെ തുറന്നു പറയാം. അവനൊന്നു സന്തോഷിക്കട്ടെ.
ബാബുവാകട്ടെ, കഴിഞ്ഞ രാവില്‍ താനെടുത്ത തീരുമാനങ്ങള്‍ നിറവേറ്റപ്പെടാന്‍ അവശേഷിക്കുന്ന മണിക്കുറുകള്‍ തിട്ടപ്പെടുത്തുകയായിരുന്നു. വെളിച്ചത്തിന്റെ ഭയത്തില്‍ നിന്നും ഇരുട്ടിന്റെ സൈ്വരതയിലേയ്ക്ക് ഇനി നാല് മണിക്കൂര്‍ മാത്രം.
‘എടാ ബാബു, ഈ കവറിനുള്ളില്‍ എന്റെ എല്ലാ സമ്പാദ്യങ്ങളുടെയും രേഖകള്‍ ഉണ്ട്. എല്ലാം നിന്റേതെന്നുകരുതി കൈകാര്യം ചെയ്ത് നീ സുഖമായി ജീവിക്കണം. നീയൊരു കല്യാണം കഴിക്കണം. കഴിയുമെങ്കില്‍ ആ സരോജിനിക്ക് ഒരു ജീവിതം കൊടുക്കണം. ഈ സ്വത്തുക്കള്‍ക്ക് ജന്മംകൊണ്ട് അവകാശപ്പെട്ടവനാണു നീ. ആ സത്യം പണ്ടേ ഞാന്‍ മനസിലാക്കിയതാണ്. ഇപ്പോള്‍ മറ്റാരുമല്ല നിന്റെ അമ്മതന്നെ തങ്കച്ചേടത്തി തുറന്നു പറഞ്ഞു.’
‘അപ്പോള്‍ അച്ചായന്‍ ഇതെല്ലാം എനിക്ക് വെറുതെ തരുക?’
‘അതേ. ബാബു, തേടിയതൊന്നും അനുഭവിക്കാന്‍ യോഗമുണ്ടാകില്ല ഇനിയുള്ള കാലത്തിലെ മനുഷ്യനു്. ജീവിച്ചുവെന്ന ആത്മസംതൃപ്തിയും ഇന്ന് മനുഷ്യനു് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരിടത്ത് ജനിക്കുന്നു, മറ്റൊരിടത്ത് വളരുന്നു, വേറൊരിടത്ത് ഉപജീവനം തേടുന്നു. എന്നും അപരിചിതര്‍ അവനു ചുറ്റും. ഇതിനിടയില്‍ പരിചയം ബന്ധമാകുന്നു, അതു കുടുംബമാകുന്നു, കുടുംബജീവിതം മനുഷ്യനു ബന്ധനമാകുന്നു. ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുമ്പോള്‍ നിരാശ ജനിക്കുന്നു. അവിഹിതബന്ധങ്ങളിലൂടെ അതു വളരുന്നു. ഇതാകുന്നു നാളെയുടെ മനുഷ്യന്‍.’ ടൈറ്റസ് ബാബുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
യാതൊരു ഭാവവ്യത്യാസവും ആ മുഖത്ത് ദര്‍ശിക്കാനായില്ല. ഇത്രയും വലിയ സമ്പത്ത് ലഭിക്കുമ്പോള്‍ സന്തോഷത്തിന്റെ ഒരു പ്രസന്നഭാവം ഉണ്ടാകുമെന്നാണ് ടൈറ്റസ് കരുതിയതു്. ഒരു പക്‌ഷേ സന്തോഷത്തെ ഉള്ളിലടക്കിയതാകാം ഈ നിശബ്ദതയ്ക്കു കാരണം.
‘എന്താ ബാബു നീയൊന്നും പറയാത്തതു്?’
‘അപ്പോള്‍ അച്ചായന്‍ ഇനിയും വരില്ല?’ ആചോദ്യത്തില്‍ വളരെ അര്‍ത്ഥങ്ങള്‍ നിറഞ്ഞു നിന്നിരുന്നു.
‘വരുമെടാ. . . അത് ഏത് അവസ്ഥയിലെന്നു പറയാനാവില്ല. ഒരു പക്‌ഷേ എല്ലാം നഷ്ടപ്പെട്ടവനായി. . . ഒപ്പം ഒരു തീരാരോഗിയായി. . ചിലപ്പോള്‍ എല്ലാം ഉള്ള ഒരു പ്രതാപശാലിയായി. . അല്ലെങ്കില്‍ അന്യദേശത്ത് ആറടിമണ്ണില്‍ അവസാനിച്ചെന്നും വരും. എന്തിന് നീയിതൊക്കെ . . . .’
‘അപ്പോള്‍ അച്ചായന്‍ എന്നെയും പണത്തിനു വാങ്ങിക്കഴിഞ്ഞിരിക്കുന്നു’
‘അങ്ങനെയല്ല ബാബു, നിനക്കൊരു നന്മ മാത്രം ഞാന്‍ കാണുന്നു. പിന്നെയൊരു കാര്യം. പോകുന്നവഴി ആ സെലീനായെ വിളിച്ച് ഞാന്‍ മടങ്ങിപ്പോയകാര്യം പറയണം. വാ സമയമായി നമുക്കു പോകാം.’
എയര്‍പോര്‍ട്ടില്‍ എത്തി പെട്ടികളൊക്കെ കൃത്യസ്ഥാനത്ത് ഏല്പിച്ച് ‘ഗുഡ്‌ബൈ’ പറയുവാന്‍ ടൈറ്റസ് എത്തി.
‘ ഏതായാലും അച്ചായന്‍ മടങ്ങി വരേണ്ടി വരും ഇപ്പോള്‍ സന്തോഷത്തോട് പോകുക. ഗുഡ്‌ബൈ’.മുഖാമുഖം നോക്കാതെ ഷെയ്ക്ക് ഹാന്‍ഡ് കൊടുത്ത് ഇരുവരും പിരിഞ്ഞു. കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിനെ വലതുകൈയുടെ ചൂണ്ടുവിരല്‍കൊണ്ട് ഒപ്പിയെടുത്ത് ബാബു ദൂരത്തേയ്ക്ക് തെറിപ്പിച്ചു.
കാറില്‍ക്കയറി നേരെ അഴിമുഖത്തേക്കാണു് പോയത്. അലറിയടിക്കുന്ന തിരമാലകള്‍ എവിടെയും. ഈ തിരകളിലൊന്നിനോട് തന്റെ കഥ പറയണം. ആരും അറിയാത്ത കഥകള്‍ മനസില്‍ പേറുന്ന ആത്മാക്കളെ ഈ അലയാഴിക്കടിയില്‍ കണ്ടെത്താനാവും.
സൂര്യന്‍ പടിഞ്ഞാറേയ്ക്ക് ചാഞ്ഞിരുന്നു കാര്‍മേഘങ്ങള്‍കൊണ്ട് മുഖം മറച്ചിരുന്നു. ആനിഴലില്‍ ഇണകള്‍ കെട്ടിപ്പുണരുകയും, മോഷ്ടാക്കള്‍ മോഷ്ടിക്കയും ചെയ്തു. അപ്പോള്‍ ബാബു വാച്ചില്‍ നോക്കി. താന്‍ എഴുതിക്കുറിച്ച സമയമുഹൂര്‍ത്തം ഏതാണ്ട് എത്താറായിരിക്കുന്നു. തന്റെ യജമാനന്‍ മേഘപാളികളെ കീറിമുറിച്ചുകൊണ്ട് എവിടേയ്‌ക്കോ പറന്നകന്നിരിക്കുന്നു. അതിന്റെ ഓര്‍മ്മകള്‍ ഒരു കറുത്ത പൊട്ടുപോലെ മാത്രം. അപ്പോള്‍ ആഴിപ്പരപ്പിനു മുകളില്‍ ഒരു വെള്ളിടി വെട്ടി. കരിമേഘങ്ങള്‍ ഇരുളിന്റെ കൈകളില്‍ അവിടേയ്ക്കു് അടുത്തു വരുന്നു.
അങ്ങകലെനിന്നും ഒരു വലിയ തിരമാല ഉയര്‍ന്നുയര്‍ന്ന് തന്നെ നോക്കുന്നു. ‘വരിക മകനെ’ യെന്ന് അതു തന്നോട് പറയുംപോലെ! അസ്തമനം അടുക്കാറായി. അങ്ങകലെ കടലിനെ മുട്ടിയുരുമി നിന്ന് യാത്രപറഞ്ഞുകൊണ്ട് മെല്ലെ മെല്ലെ താഴോട്ട് ഇഴുകി ഇറങ്ങുന്ന അസ്തമയസൂര്യന്‍.
എവിടെനിന്നോ ഒരു ശീതക്കാറ്റ് ചീറിയടിച്ചു. ആ കാറ്റില്‍ കടല്‍ക്കിളികള്‍ ചിലച്ചു പറന്നു. അവയ്ക്കും ജീവിക്കാനുള്ള മോഹം. തീരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു. മണല്‍പ്പുറത്ത് ബാബു മലര്‍ന്നു കിടന്നു.
അല്പനേരത്തേക്ക് താന്‍ പിന്നിട്ട പുഴയിലൂടെ മാനസത്തോണി തിരിച്ചു വിട്ടു. എല്ലാ അന്ത്യയാത്രയുടെയും പിറകില്‍ അവസാനനോക്ക് എന്നൊരു കര്‍മ്മം ഉണ്ടല്ലോ. ആ കാഴ്ചയില്‍ പുതുമയൊന്നും തോന്നിയില്ല. എന്നിട്ടും സന്ദര്‍ഭങ്ങള്‍ കാട്ടി, സാഹചര്യങ്ങളൊരുക്കി തന്നെ മാടിവിളിക്കുന്ന മായാലോകം. കടലും, കാറ്റും, അതിലേ പറന്നുപോയ കാക്കയും പറഞ്ഞു. ‘നോക്ക് ഇക്കാണുന്ന പ്രപഞ്ചത്തില്‍ ജീവിക്കുന്നവരെയെല്ലാം. ആകാശം വിളിച്ചു പറഞ്ഞു. ‘നിങ്ങള്‍ പാര്‍ക്കുന്ന ഭൂമിക്കു ഗോളാകൃതിയല്ലേ? പിന്നെന്തിനു നിങ്ങള്‍ ജീവിതത്തിനു് ഒരാകൃതി മെനയണം?. മനുഷ്യാ, നീ വിഡ്ഢിയാകുന്നു. എന്തുകൊണ്ടെന്നാല്‍. . . . ?
‘നിനക്കുവേണ്ടി ദൈവം ഭൂമിയില്‍ ഒരുക്കിയിട്ടിരിക്കുന്ന പറുദീസകള്‍ നീ കണ്ടെത്തുന്നില്ല. മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ആ പറുദീസകളുടെ കവാടങ്ങള്‍ തുറന്നുചെല്ലാന്‍ നിന്നെക്കൊണ്ടാവുന്നില്ല. അവിടെ നിന്നെയും കാത്ത് വശ്യതയോട് നില്‍ക്കുന്ന മദാലസകളില്‍ നീ ആകൃഷ്ടനാകുന്നില്ല.’
മൂളിപ്പാട്ടുമായി അതിലേ കടന്നുപോയ കാറ്റ് പറഞ്ഞു. ‘ വിധിക്കപ്പെട്ടതെല്ലാം തേടിപ്പിടിച്ചാസ്വദിക്കാന്‍ കഴിയാതെ പോയ നിര്‍ഗുണന്‍. പണ്ടെങ്ങോ ആരോ പണിതിട്ട സന്മാര്‍ഗത്തിന്റെ ഇരുമ്പഴിക്കുള്ളില്‍ അകപ്പെട്ടു പോയ ഇരുകാലിമൃഗം.’ ആ കാറ്റില്‍ അത്തറിന്റെ ഗന്ധം നിറഞ്ഞുനിന്നിരുന്നു. ഗള്‍ഫ് പണത്തിന്റെ ഗന്ധം പേറുന്ന മദാലസകളുടെ രൂക്ഷഗന്ധം.
* * * * * * *
റാഹേലമ്മ ബാബുവിന്റെ മടങ്ങിവരവും കാത്ത് ജനാലയഴിയിലൂടെ നോക്കിനിന്നു. തനിക്കിനി ഏക അഭയസ്ഥാനം അവന്‍ മാത്രം. ഓര്‍മ്മകള്‍ ഒരു പുതുഅനുഭൂതിയിലേക്ക് എത്തപ്പെട്ടിരിക്കുന്നു. താന്‍ ഇന്ന് സ്വതന്ത്രയായിരിക്കുന്നു. ഇന്നലെകളെ ആകെ തുടച്ചുനീക്കിയിരിക്കുന്നു. തട്ടീം മുട്ടീം പോയ ഒരു കുടുംബജീവിതത്തിന്റെ ഓര്‍മ്മകളെയെല്ലാം സരോജിനിയുടെ സഹായത്താലെ എടുത്തുമാറ്റി. കിടപ്പറ വീണ്ടും നവീനമാക്കപ്പെട്ടു. മനസിന്റെ കവാടത്തില്‍ എന്തൊക്കെയോ മുട്ടിവിളികള്‍ അവശേഷിച്ചിരിക്കുന്നു. മനസ് ബാല്യംപോലെ തുള്ളിച്ചാടുന്നു. പണ്ടൊരിക്കല്‍ ഒരു രാവിലേക്കുമാത്രം താന്‍ കിടക്ക മാറ്റിവിരിച്ചതിന്റെ ഓര്‍മ്മകളില്‍ അവര്‍ ആകെ ഇളകിത്തുടങ്ങി. അന്നവന്‍ നന്നേ ചെറുപ്പം. ഇന്നവന്റെ മനസില്‍ ആരൊക്കെ, എന്തൊക്കെയെന്നു അറിയില്ല. വേണ്ട, അറിയണ്ടാ എങ്കിലും എന്റെ മറപറ്റിയല്ലേ ബാബുവിന് ഇനി കഴിയാനാകു. ഈ സമ്പന്നതയുടെ മടിത്തട്ടില്‍ അവനെ ഞാന്‍ താരാട്ട് പാടി ഉറക്കും.
മുകളില്‍ നിന്നൊരു പല്ലി ചിലച്ചു. സ്വാതന്ത്ര്യം ദുഷ്ടതയെക്ക് മറയെന്നോ? തറയില്‍ വീണ പല്ലി വാലുമുറിച്ചിട്ട് എവിടേയ്‌ക്കോ ഓടി മറഞ്ഞു. ‘സരോജിനി, അവന്‍ വന്നോ?’ റാഹേലമ്മ ചോദിച്ചു.
‘ഇല്ല, കൊച്ചമ്മേ, വരാറായി.’
കട്ടിക്കാലില്‍ പറ്റിപ്പിടിച്ചിരുന്ന ചിലന്തിവലകളെ കുറ്റിച്ചൂല്‍കൊണ്ട് തൂത്തു വൃത്തിയാക്കുകയായിരുന്നു സരോജിനി. ജനലഴികളിലും അവറ്റകള്‍ വല കെട്ടിയിരിക്കുന്നു. എല്ലാ മാറാലകളെയും വെടിപ്പാക്കി തന്റെ ലോകം ഒരു പുതിയ ആരംഭം കുറിക്കാന്‍ പോകുന്നു. ഇന്ന് താന്‍ എല്ലാറ്റില്‍ നിന്നും സ്വതന്ത്രയായിരിക്കുന്നു. ഇനിയുള്ള രാവുകള്‍. . . . ബാബുവേട്ടന്‍ തന്റേതുമാത്രമായി തിര്‍ന്നിരിക്കുന്നു. പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ ഓരോന്നായി ജ്വലിച്ചു. നിലംതൊടാമണ്ണുമായി മൂളിപ്പറന്നെത്തി തന്റെ തലയ്ക്കുമീതെ വട്ടമിട്ടു പറന്ന വേട്ടാവളിയനെ അവള്‍
കുറ്റിച്ചൂലിനടിച്ചു വീഴ്ത്തി. നീ മന്ത്രംചൊല്ലി മക്കളെ ജനിപ്പിക്കണ്ടായെന്ന് അട്ടഹസിച്ചു. എന്നിട്ടും തീര്‍ന്നില്ല. ഈ തറപോലും ഇന്ന് വൃത്തിയാക്കപ്പെടണം. ബക്കറ്റില്‍ സോപ്പുവെള്ളം നിറച്ച് ടൗവലുമായി അവള്‍ തറ തുടയ്ക്കാന്‍ തുടങ്ങി. രജനി കിടന്നതിന്റെ അശുദ്ധി അല്ല. ലിസിച്ചേച്ചിയുടെ അവിശുദ്ധബന്ധം തുടച്ചുനീക്കുകയായിരുന്നു. കറുത്ത പാടുകള്‍ ഓരോന്നോരോന്നായി മറയപ്പെടുന്നതവള്‍ കണ്ടു.
കുലീനത്വം വിളിച്ചറിയിക്കുന്ന ഗ്രെയിസ്‌വിളയുടെ പൂമുഖത്ത് ചാരുകസേരയില്‍ മുന്നോട്ടാഞ്ഞ് താടിക്ക് കൈയുംകൊടുത്ത് ലിസി ഇരുന്നു. ചിന്തകള്‍ ഓര്‍മ്മകളുടെ കൊടുംകാറ്റില്‍പ്പെട്ട് ഉലയുകയായിരുന്നു. രജനിയെന്ന വളര്‍ത്തുപുത്രി വിഷാദങ്ങളുടെ പര്യായംപോലെ തറയില്‍ ചമ്രം പടഞ്ഞ് ഇരുന്നിരുന്നു. ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുമ്പോളൊക്കെ ലിസിയുടെ സിരകളില്‍ രക്തയോട്ടം വര്‍ദ്ധിച്ചു. ഈ ഏകാന്തതയെ പുല്‍കാന്‍ ബാബു ഇനിയും വരും. വന്നേ മതിയാകു. ആ നാളില്‍ ഞാനെന്റെ കിടക്കയെ സകലവിധ സുഗന്ധവും കൊണ്ട് ലഹരി പിടിപ്പിക്കും. വന്നില്ലെങ്കില്‍. . . . . ഒരു പകലിന്റെ നിശബ്ദതയിങ്കല്‍ താന്‍ കാരണമില്ലാതെ ഈ ഭവനത്തോട് യാത്ര പറയും. മറ്റൊന്നിനുമല്ല. എന്റെ മമ്മിയെ പരിപാലിക്കാന്‍ വേണ്ടിമാത്രം. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സന്മാര്‍ഗികത താന്‍ കാഴ്ച വയ്ക്കും. അവിടെ ചോദ്യങ്ങള്‍ ജനിക്കുന്നില്ല. ഉത്തരങ്ങള്‍ മരിക്കുന്നുമില്ല.
നിഗൂഡതയില്‍ താരകങ്ങളെരിയവേ, സാഗരത്തിനഗാധതതയില്‍ സൂര്യനാഴ്ന്നിറങ്ങവേ ബാബു അവിടെനിന്നും എഴുന്നേറ്റു.
‘ശരിയല്ലേ?. സദാചാരത്തിന്റ കാലിത്തൊഴുത്തില്‍ കുരുങ്ങിക്കിടന്ന് ചുരുക്കംചിലരായി എന്തിനു വീര്‍പ്പ് മുട്ടണം. ബന്ധങ്ങളെയും ബന്ധനങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടുള്ള ഇന്നത്തെ ഈ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കില്‍ ചേര്‍ന്നങ്ങ് ഒഴുകിയാല്‍ പോരേ?. തെരുവുതെണ്ടിയും, കുലപാതകനും ,വ്യഭിചാരികളും അലങ്കരിക്കുന്ന അധികാരക്കസേര. കോഴവാങ്ങിക്കൊണ്ട് ആഭാസനേയും തെമ്മാടിയേയും സ്വര്‍രാജ്യത്തിനവകാശിയാക്കുന്ന ആത്മീയലോകം. പുരുഷന്റെ ഉത്തരവാദിത്വം ലഘൂകരിച്ച സ്ത്രീപുരുഷ സമത്വം. തിന്നുക, കുടിക്കുക, ആനന്ദിക്കുക. നാളെ മരിക്കുമല്ലോ!’ എന്തിനിങ്ങനെ ജീവിക്കണം.? ? ? ? ? മനസും മനസാക്ഷിയും തമ്മില്‍ ഏറ്റുമുട്ടി.
നാളെ മരിക്കുമെന്നറിഞ്ഞുകൊണ്ട് മരണത്തെ ഭയന്നുകൊണ്ട്, ജീവിച്ചിരിക്കുമ്പോള്‍ സര്‍വസ്വസ്ഥതകളെയും ഇല്ലാതാക്കുന്ന ജഡത്തിന്റെ മോഹങ്ങള്‍ക്കധീനരായി ചരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ, ഈ ’ജീവിതം മതി’ എന്ന് തീരുമാനിച്ചുറച്ച് അതിനുള്ള വഴി ഒരുക്കുന്നതു്.
എല്ലാം ഭംഗിയായി പര്യവസാനിക്കട്ടേ ദൈവമേയെന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയില്‍ പരിസരം മറന്നുപോയി. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങവേ, രണ്ട് മെല്ലിച്ച കരങ്ങള്‍ തനിക്കെതിരേ നീണ്ടു വരുന്നു. ‘രജനി’. വേണ്ട മകളെ. . . . നീ നിന്റെ മമ്മിയുടെ കരങ്ങളില്‍ സുരക്ഷിതയാണ്. ഈ വേലക്കാരനെ മറന്നേക്കാന്‍ മോടെ മമ്മിയോടു പറയുക. കണ്ണുകള്‍ ഇറുക്കിയടച്ചുകൊണ്ട് അയാള്‍ നേരെ നടന്നു.
ഇറുക്കിയടച്ച കണ്ണിന്റെ മുമ്പില്‍ വിവസ്ത്രയായ ഒരു സ്ത്രീ രൂപം. അരുത് ബാബു . . . അരുത്.
എന്നെ തടയരുത്. പ്രശസ്തനായ ഭര്‍ത്താവില്ലേ കൂട്ടിന്? ആ നടപ്പിന് വേഗത കൂടി. മണല്‍ത്തരികള്‍ കാലില്‍ത്തട്ടിച്ചിതറി. ഓടുകയായിരുന്നു. ഇരുളിന്റെ മറപറ്റി. ആ ഓട്ടത്തില്‍ ഒരു ദയനീയസ്വരം അയാളെ പിന്തുടര്‍ന്നു.
ബാവേട്ടാ. . . . . . . ബാവേട്ടാ. . . . . . . . . സരോജിനിയുടെ ശബ്ദം.
ആ സ്വരത്തെ കീഴ്‌പെടുത്താനായി അയാള്‍ കൈകള്‍കൊണ്ട് കാതുകള്‍ പൊത്തി. കുറിച്ചിട്ട സമയത്തു തന്നെ ഒറ്റക്കുതിപ്പിനയാള്‍ ലക്ഷ്യത്തിലെത്തി. നക്ഷത്രങ്ങള്‍ കണ്ണുകള്‍ ചിമ്മിയടച്ചു.
അയാളെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി നിന്ന തിരമാലയുടെ മാറിലേയ്ക്ക് അണഞ്ഞു. അയാളെ വാരിപ്പുണര്‍ന്നുകൊണ്ട് ആ തീരങ്ങളിലേയ്ക്ക് ഒരു മദാലസയെപ്പോലെ നൃത്തമാടി അടുക്കുകയായിരുന്നു അവള്‍.
കടല്‍ക്കിളികള്‍ അപ്പോഴും ചിലച്ചു പറന്നു. ബാബു കണ്ണു തുറന്നപ്പോള്‍ വിശാലമായ മണല്‍പ്പുറത്ത് അയാള്‍ തിരികെയെത്തിയിരിക്കുന്നു. ആര്‍ത്തിരമ്പുന്ന കടല്‍പോലും തന്നെ തീരങ്ങളിലെത്തിച്ചിരിക്കുന്നു. പ്രണയത്തിന്റെ കണ്ണീര്‍ത്തുള്ളികളെ പ്രകൃതിപോലും മാനിക്കുന്നു.
പിന്നെ അയാള്‍ നിന്നില്ല. ഓടുകയായിരുന്നു. എത്രയും വേഗം ലക്ഷ്യത്തിലെത്തുക. മനസ് മന്ത്രിച്ചു. താളപ്പിഴയുള്ള ജീവിതത്തിലേയ്ക്കുള്ള മടങ്ങിയോട്ടം താളാത്മകമായിരുന്നു. കാലും കരവും തളര്‍ന്നിട്ടും മനസ് മന്ത്രിച്ചു. ഓടുക. നിന്നെ കാത്തിരിക്കുന്ന മധുചഷകങ്ങളിലേക്ക് കൂനന്‍ എറുമ്പുകള്‍ എത്തും മുമ്പേ അവിടെ ചെന്നെത്തുക. പുത്തന്‍പ്രയാണത്തിന്റെ മാത്‌സര്യഭാവത്തോട് ബാബു ആ തളര്‍ച്ചയിലും കാലുകള്‍ വലിച്ചുവച്ച് നടന്നു. ഇരുളാണ് മുന്നില്‍. ഭയപ്പെട്ടില്ല. പ്രകാശത്തെ വലിച്ചെറിഞ്ഞ് ഇരുളിന്റെ മറപറ്റിയവനാണല്ലോ താന്‍. ആ ഇരുളും പറഞ്ഞു ‘മടങ്ങൂ വെളിച്ചത്തിലേക്ക്’. ഇനി താന്‍ എന്തിനു ഇരുളിനെ ഭയപ്പെടണം.? വെളിച്ചത്തിന്റെ ഒരു കണിക എങ്കിലും ഉള്ളില്‍ പേറി ഈ ജീവിതം കഴിക്കണം. ഹേ! മരണമേ നിന്റെ ജയമെവിടെ? അയാള്‍ നടന്നു. കൂരിരുള്‍ ഭൂമണ്ഡലത്തെ മൂടിയ വേളയില്‍ പ്രകാശം വിതറുന്ന മുഖവുമായി ബാബു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. തെരുവുകളെ പിന്നിട്ടുകൊണ്ട് ഇരുട്ടിന്റെ പാതയില്‍ പ്രകാശം വിതറിക്കൊണ്ട് ആ വാഹനം ലക്ഷ്യത്തിലേക്ക് കുതിച്ചു.

അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക