Image

ഫാ ജോണ്‍സ്റ്റി തച്ചാറ പൗരോഹിത്യ രജത ജൂബിലി വര്‍ഷത്തിലേക്ക് ; ഇടവക അനുമോദിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 January, 2019
ഫാ ജോണ്‍സ്റ്റി തച്ചാറ പൗരോഹിത്യ രജത ജൂബിലി വര്‍ഷത്തിലേക്ക് ; ഇടവക അനുമോദിച്ചു
ടെക്സാസ് (കൊപ്പേല്‍ ) : പൗരോഹിത്യത്തിന്റെ രജത ജൂബിലിയിലേക്ക് പ്രവേശിച്ച  ഫാ ജോണ്‍സ്റ്റി തച്ചാറക്കു ഇടവകയുടെയും സിസിഡി മതാധ്യാപകരുടെയും അനുമോദനം. ഡിസംബര്‍ 29 ന് പൗരോഹിത്യ സേവന പാതയില്‍ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്കു കടന്ന ഫാ ജോണ്‍സ്റ്റി തച്ചാറയെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ മതാധ്യാപകരുടെ (സിസിഡി) കൂട്ടായ്മ പൂച്ചെണ്ട് നല്‍കി  അനുമോദിക്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും  ചെയ്തു.  ക്രിസ്മസ് തലേന്ന് നടന്ന ഫാമിലിഡേ  ആഘോഷത്തില്‍  ട്രസ്ടി ഫ്രാങ്കോ ഡേവിസ്,  ഫാ. ജോണ്‍സ്റ്റിക്കു  പൂച്ചെണ്ട് നല്‍കി ഇടവകയുടെ ആദരവറിയിച്ചു.

ചേര്‍ത്തല പട്ടണക്കാട്, കാവില്‍  ഇടവകയില്‍ തച്ചാറ കുടുംബത്തില്‍  തോമസ് - ത്രേസിയാമ്മ ദമ്പതികളുടെ  മകനായി ഫാ. ജോണ്‍സ്റ്റി   ജനിച്ചു. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി.
 1994 ഡിസംബര്‍ 29 നു  ബിഷപ്  മാര്‍. ജേക്കബ് മനത്തോടത്ത്  പിതാവില്‍ നിന്ന്  പൗരോഹിത്യം സ്വീകരിച്ചു.  

തുടര്‍ന്ന് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി സേവനമാരംഭിച്ചു.   ഞാറക്കല്‍ സെന്റ് മേരീസ്,  കലൂര്‍ സെന്റ് ആന്റണീസ്, കളമശ്ശേരി സെന്റ് ജോസഫ്,  ആലുവ തായിക്കാട്ടുക്കര സെന്റ് പീറ്റര്‍ ആന്റ് പോള്‍ തുടങ്ങിയ ദേവാലയങ്ങളിലായി 2009 വരെ കേരളത്തില്‍ സേവനമനുഷ്ടിച്ചു. 

മാസ് മീഡിയയില്‍ ബിരുദമുള്ള ഫാ. തച്ചാറ ഏഴ്  വര്‍ഷത്തോളം എറണാകുളം -അങ്കമാലി  രൂപതയുടെ 'പില്‍ഗ്രിംസ്' കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്‌റായി സേവനം ചെയ്തു. ഈ കാലയളവില്‍ രൂപതക്കുവേണ്ടി രചനയും, സംഗീതവും, സംവിധാനവും നല്‍കി ഒരുക്കിയ യേശുവിന്റെ കുരിശിന്റെ വഴിയുടെ ആവിഷ്‌കാരമായ 'കാല്‍വരിയാഗം'  പ്രസിദ്ധമാണ്.  മിശിഹായുടെ രക്ഷാകര ജീവിതത്തോട് ബന്ധിക്കുന്ന ജപമാലയിലെ ഇരുപതു രഹസ്യങ്ങളുടെ ആവിഷ്‌ക്കാരമായ 'മംഗള വാര്‍ത്ത',  നിരവധി ബൈബിള്‍ നാടകങ്ങള്‍ എന്നിവയായി ആയിരത്തില്‍ പരം സ്റ്റേജുകളില്‍ ഫാ.  ജോണ്‍സ്റ്റിയുടെ കലാസൃഷ്ടികള്‍ അരങ്ങേറിയിട്ടുണ്ട്. 

2009 ല്‍ മീഡിയ ആന്റ് മാസ്സ്  കമ്മ്യൂണിക്കേഷന്‍ ഉപരിപഠനത്തിനായി ഫാ. ജോണ്‍സ്റ്റി തച്ചാറ അമേരിക്കയിലെത്തി . രൂപതാ കേന്ദ്രത്തിലെ  ഏഴ് മാസത്തെ സേവനത്തിനു ശേഷം 2009 മുതല്‍ 2012 വരെ ഒഹായോ, കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനിലും, ക്‌ളീവ്‌ലാന്‍ഡ്  സേക്രട്ട് ഹാര്‍ട്ട് മിഷനിലും ഡയറക്ടറായി ചുമതല വഹിച്ചു. 2012 മുതല്‍ ടെക്സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍  വികാരിയായി സേവനമനുഷ്ഠിച്ചുവരുന്നു. 

ഇടവകയുടെ ഉന്നമനത്തിനായി  പാര്‍ക്കിങ് ലോട്ട്,  ദേവാലയ എക്‌സ്പാന്‍ഷന്‍ പ്രോജക്റ്റ്,  സെമിത്തേരി, ചാപ്പല്‍ തുടങ്ങി  ചെറുതും വലുതുമായ  നിരവധി പദ്ധതികള്‍  ഇടവാംഗങ്ങളുടെ പൂര്‍ണ്ണ  പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുവാനും   ഇദ്ദേഹത്തിനു സാധിച്ചു. 

ഫാ. തച്ചാറയുടെ മാസ് മീഡിയാ വൈദഗ്ധ്യം  ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള  സുവിശേഷവല്‍ക്കരണത്തിനു പുതിയ മാനം നല്‍കി.  ഇടവകയിലെ കലാപ്രതിഭകളെ  ഉപയോഗിച്ചു നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ ആത്മീയ നവീകരണത്തിനായി ഒരുക്കി. മാഗ്‌നിഫിക്കാത്ത് (കന്യാമറിയസ്തോത്രം),  ആഞ്ഞൂസ് ദേയ് (ദൈവത്തിനെ കുഞ്ഞാട്) , 'ചങ്ങലകളില്‍ നിന്നു ചിറകകുകളിലേക്ക്' തുടങ്ങിയവ ഇതില്‍ ചിലതുമാത്രം. ഇടവകയുടെയും പ്രത്യകിച്ചു യുവജനങ്ങളുടെ  ആത്മീയവളര്‍ച്ചയിലും  അതീവ ശ്രദ്ധലുവായിരിന്നു ഫാ. ജോണ്‍സ്റ്റി. 

പൗരോഹിത്യം ദൈവവിളിയാണ് . ദിവ്യബലിയില്‍ പങ്കാളികയാകുന്നതിനൊപ്പം ബലി സ്വജീവിതത്തിലും  ഏറ്റെടുക്കണം.  പൗരോഹിത്യം ഒരു നേട്ടമല്ല മറിച്ചു  ദൈവത്തിന്റെ കാരുണ്യമാണെന്നും, ദൈവജനത്തെ  വിശുദ്ധിയിലേക്ക്  അടുപ്പിക്കുന്ന സേവനമാണെന്നും  ഫാ. ജോണ്‍സ്റ്റി പറഞ്ഞു. ലളിതമായിരുന്നു സിസിഡി  ടീമംഗങ്ങള്‍ ഫാ ജോണ്‍സ്റ്റിക്കു ഒരുക്കിയ  അപ്രതീക്ഷിത അനുമോദനം. സിസിഡി ടീമിനെ പ്രതിനിധീകരിച്ചു ജോം  ജേക്കബ് (കോര്‍ഡിനേറ്റര്‍), പോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫാ ജോണ്‍സ്റ്റി തച്ചാറ പൗരോഹിത്യ രജത ജൂബിലി വര്‍ഷത്തിലേക്ക് ; ഇടവക അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക